ദൈവദാസിയായ മദര്‍ മേരി ഷന്താള്‍ - ധീരവനിതയായ ദിവ്യകാരുണ്യ ഭക്ത
സി. എല്‍സ പൈകട SABS - ജൂണ്‍ 2020
വിശുദ്ധ കുര്‍ബാനയുടെ ആരാധനാ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകന്‍ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിക്ക് ഒപ്പം നിന്ന് സന്യാസിനീ സമൂഹത്തിന്റെ രൂപഭാവങ്ങള്‍ മെനയാന്‍ അത്യദ്ധ്വാനം ചെയ്ത സഹസ്ഥപകയും പ്രഥമാംഗവുമാണ് ദൈവദാസി മദര്‍ മേരി ഫ്രംസിസ്ക ദ് ഷന്താള്‍ (1880-1972). ചങ്ങനാശേരി അതിരൂപതയിലെ ചമ്പക്കുളം കല്ലൂര്‍ക്കാട് ഇടവകയിലെ വല്ലയില്‍ കുടുംബത്തില്‍ ജനിച്ച് ഫിലോമിന, മദര്‍ ഷന്താളിലേക്കെത്തുമ്പോള് ദൈവകരങ്ങളില്‍ സ്വയം സമര്‍പ്പിച്ച ആത്മാവിലൂടെ പൂര്‍ത്തിയാകുന്ന ദൈവിക പദ്ധതികളും അവയോടുള്ള ആത്മാവിന്റെ വിശ്വസ്തതയുമാണ് അനാവൃതമാകുത്.
വളരെ ചെറുപ്പത്തില്‍ തന്നെ ജപമാലയും മറ്റു പ്രാര്‍ത്ഥനകളും മനപാഠമാക്കിയ ഫിലോമിനയുടെ ജീവിതത്തില്‍ ജപമാല ആയുധവും ആഭരണവുമായിരുന്നു. ദീനശുശ്രൂഷി എന്നറിയപ്പെട്ടിരുന്ന പിതാവില്‍ നിന്ന് അവശരെയും ആവശ്യത്തിലിരിക്കുവരെയും സഹായിക്കാനുള്ള താല്പര്യവും ഉത്സാഹവും അവള് കൈമുതലാക്കി. സന്യാസ ജീവിതത്തോടായിരുന്നു അവള്‍ക്കു ചെറുപ്പം മുതലേ താല്പര്യം. സന്യാസജീവിതം കാംക്ഷിച്ച അവള് മാതാപിതാക്കളെ അനുസരിച്ചു വിവാഹജീവിതത്തില്‍ പ്രവേശിച്ചു. മൂത്ത ആണ്‍കുട്ടി ചെറുപ്പത്തിലേ മരിച്ചു. രണ്ടാമത്തെ കുട്ടിയുടെ ജനനശേഷം ഏറെ താമസിയാതെ ഭര്‍ത്താവിനെയും ദൈവം തിരികെ വിളിച്ചു. തുടര്‍ന്നു കൈക്കുഞ്ഞായ മകളുമൊന്നിച്ചു സ്വന്തം ഭവനത്തില്‍ താമസിക്കവേ ഫിലോമിനയുടെ സമര്‍പ്പിത ജീവിത സ്വപ്നങ്ങള്ക്കുവീണ്ടും ചിറകുമുളച്ചു.
ഇതേ സമയത്താണ് ചമ്പക്കുളം കല്ലൂര്‍ക്കാട് ഇടവകയിലെ ഫാ. തോമസ് കുര്യാളശേരി റോമില്‍ വൈദികപഠനം പൂര്‍ത്തിയാക്കി അഭിഷിക്തനായി തിരിച്ചെത്തിയത്. വിശുദ്ധ കുര്‍ബാനയക്കു നിരന്തരം ആരാധനയര്‍പ്പിക്കുന്ന ഒരു സന്യാസിനി സമൂഹം കേരളക്കരയില്‍ ഉണ്ടാകണം എന്ന ആഗ്രഹം ഉള്ളില്‍പ്പേറിയാണ് ആ നവവൈദികന് സ്വന്തം ഇടവകയില്‍ എത്തുന്നത്. അച്ചന്റെ നിര്‍ദ്ദേശങ്ങളും എഴുതിക്കൊടുത്ത ദിനചര്യയും ധ്യാനാഭ്യാസനവും പാലിച്ചു കുറെക്കാലം വീട്ടില്‍ താമസിച്ചു ഫിലോമിന സന്യാസബാലപാഠങ്ങള് അഭ്യസിച്ചു. പിന്നീട് അച്ചന്റെ നിര്‍ദ്ദേശമനുസരിച്ച് ചങ്ങനാശേരി ക്ലാരമഠത്തിലും മുത്തോലി കര്‍മ്മലീത്ത മഠത്തിലും താമസിച്ചുകൊണ്ടു ഫിലോമിന സന്യാസപരിശീലനം നേടി. അതോടൊപ്പം വിദ്യാഭ്യാസവും. വര്‍ഷങ്ങളുടെ കാത്തിരിപ്പിനും തയാറെടുപ്പിനും പ്രാര്‍ത്ഥനയ്ക്കും ശേഷം മേരി ഫ്രംസസ്ക ദ് ഷന്താള്‍ എന്ന് പേരു സ്വീകരിച്ചുകൊണ്ട് 1908 ഡിസംബര്‍ 8 ന് ഫിലോമിന ശിരോവസ്ത്രം സ്വീകരിച്ചു. ഒപ്പം മറ്റ് അഞ്ചുപേരും. ഇതോടെ ആരാധനാ സന്യാസിനീസമൂഹം ഒരു യാഥാര്‍ത്ഥ്യമായി.
വിശുദ്ധ കുര്‍ബാനയ്ക്കു നിരന്തരം ആരാധനയര്‍പ്പിക്കുന്ന കന്യകാമഠങ്ങള്‍ കൂടുതല്‍ സ്ഥാപിതമാക്കുക എന്ന ദൗത്യം ദൈവം ഷന്താളമ്മയിലൂടെ പൂര്‍ത്തീകരിച്ചു. അമ്മയുടെ ദൈവാശ്രയത്തോടൊപ്പം കഠിനാദ്ധ്വാനവും നിശ്ചയദാര്‍ഢ്യവും ചേര്‍ന്നപ്പോള്‍ ചങ്ങനാശേരി പ്രദേശത്ത് ഏതാനും മഠങ്ങളും അവയോടു ചേര്‍ന്നു സ്കൂളുകളും ഉയര്‍ന്നു. സ്ത്രീവിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളെയും നാടിനെത്തന്നെയും വിമലീകരിക്കുവാന്‍ സാധിക്കുമെന്ന കുര്യാളശേരി പിതാവിന്റെ വിദ്യാഭ്യാസ ദര്‍ശനം യാഥാര്‍ത്ഥ്യമാക്കാന്‍ അമ്മ മുന്നിട്ടിറങ്ങി.
1927 നു ശേഷം ബാഹ്യപ്രവര്‍ത്തനങ്ങളില്‍ നിന്നു വിരമിച്ചു മൗനത്തിന്റെ വാല്മീകത്തിലേക്ക് അമ്മ പിന്‍വാങ്ങി. പിന്നീടുള്ള നാലര പതിറ്റാണ്ട് ആന്തരികവും ബാഹ്യവുമായ നിശബ്ദതയില്‍ ദിവ്യകാരുണ്യത്തോടുള്ള സഹവാസത്തില്‍ ചെലവഴിച്ചു.
ദൈവത്തെ സ്നേഹിച്ചും മനുഷ്യരെ ശുശ്രൂഷിച്ചും ജീവിതത്തിലൂടെ ആരാധന പൂര്‍ത്തീകരിച്ച ഷന്താളമ്മ അതിരമ്പുഴ മഠത്തിലായിരിക്കെ 1972 മേയ് 25 ന് നിത്യതയുടെ തീരത്തേയ്ക്കു യാത്രയായി. ഷന്താളമ്മയുടെ നാമകരണനടപടികളുടെ അതിരൂപതാതല ഉദ്ഘാടനം 2018 ഓഗസ്റ്റ് 4 ന് അതിരമ്പുഴയില്‍ നടന്നു.
Send your feedback to : onlinekeralacatholic@gmail.com