ഫ്രാന്‍സിലെ ലൂയിസ് ഒമ്പതാമന്‍ രാജാവിന് അമ്മ നല്കിയ ഏറ്റവും വിലയേറിയ ഉപദേശം
മിഥുന് പൗലോസ് - ഓഗസ്റ്റ് 2020
എന്റെ പ്രിയപ്പെട്ട മകനെ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു, ഒരമ്മയ്ക്ക് സ്നേഹിക്കുവാന്‍ കഴിയുന്നിടത്തോളം. പക്ഷേ, നീ ഒരു മാരകപാപം ചെയ്യുന്നതിനെക്കാള്‍, എന്റെ കാല്ചുവട്ടില് നീ മരിച്ചുകിടക്കുന്നതു കാണാനാണെനിക്കിഷ്ടം. ഇത് ഫ്രാന്‍സിലെ രാജാവായിരുന്ന വി. ലൂയിസ് ഒമ്പതാമന്‍ രാജാവിന്റെ അമ്മ ബ്ലാന്‍ചെ റാണിയുടെ വാക്കുകളാണ്. ലോകം മുഴുവന്‍ വെട്ടിപ്പിടിക്കുവാന്‍ പറഞ്ഞുകൊടുക്കേണ്ട അമ്മ വളര്‍ന്നുവരുന്ന മകനോട് പറഞ്ഞ വാക്കുകള്‍.
ഫ്രാന്‍സിലെ രാജാവായിരുന്നു വി. ലൂയീസ് ഒമ്പതാമന്‍. ലൂയിസ് എട്ടാമന് രാജാവിന്റെയും ബ്ലാന്‍ചെ ഓഫ് കാസ്റ്റിലെ റാണിയുടെയും മകനായിരുന്നു അദ്ദേഹം. 1214 ഓഗസ്റ്റ് 25 നായിരുന്നു ജനനം. ഏഴ് വയസുള്ളപ്പോള്‍ പിതാവ് മരിച്ചു. മകന് പ്രായപൂര്‍ത്തിയാകുന്നതുവരെ രാജ്ഞി ബ്ലാന്ചെയായിരുന്നു റീജന്റായി രാജ്യഭരണം നടത്തിയിരുന്നത്. 12-ാമത്തെ വയസില്‍ ലൂയിസ് ഒമ്പതാമന്‍ രാജാവ് സ്ഥാനാരോഹണം ചെയ്തു. മകനെ രാജഭരണം ഏല്പിക്കുവാന് തക്കവിധം വളര്‍ത്തിക്കൊണ്ടുവന്നത് അദ്ദേഹത്തിന്റെ അമ്മ തന്നെയായിരുന്നു. അസാധാരണ ഭരണപാടവവും ജീവിതവിശുദ്ധിയും ഒത്തിണങ്ങിയ വ്യക്തിയായിരുന്നു അദ്ദേഹം. മതപരമായ കാര്യങ്ങളിലെ അദ്ദേഹത്തിന്റെ രൂപീകരണത്തില്‍ അമ്മ വഹിച്ച പങ്ക് ചില്ലറയായിരുന്നില്ല. എല്ലാദിവസവും രാജാവ് ദിവ്യബലിയില്‍ പങ്കുകൊള്ളുകയും മുട്ടിലിഴഞ്ഞുചെന്നാണ് അദ്ദേഹം ദിവ്യകാരുണ്യം സ്വീകരിച്ചിരുന്നതുപോലും.
അമ്മയുടെ വാക്കുകള്‍ വെറുതെയായില്ല. ഇന്ന് കത്തോലിക്കസഭ അദ്ദേഹത്തെ വിശുദ്ധനായി വണങ്ങുന്നു.
രാജ്യങ്ങള്‍ കീഴടക്കി മുന്നേറാനല്ല. സ്വര്‍ഗ്ഗ രാജ്യം കീഴടക്കുവാനായിരുന്നു അമ്മയുടെ ഉപദേശം. ഇതുപോലൊരു റാണി ലോകത്തൊരിടത്തും കാണില്ല. മറ്റെല്ലാത്തിനെയുംകാള് പ്രധാനമായത് ആത്മാവിന്റെ രക്ഷയാണെന്ന ക്രിസ്തീയ വിശ്വാസത്തിന്റെ ആഴമാണ് രാജ്ഞിയുടെ വാക്കുകളില്‍ നിറഞ്ഞുനില്ക്കുന്നത്.
പഠനവും ജോലികളും പദവികളും തേടി മക്കളെ തള്ളിത്തള്ളിവിടുകയും ലോകം കീഴടക്കി ആത്മാവ് നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ഇന്നത്തെ സംസ്ക്കാരത്തില്‍ രാജ്ഞിയുടെ വാക്കുകള്‍ ക്രൈസ്തവരായ നമ്മെ വല്ലാതെ അലോസരപ്പെടുത്തിയേക്കാം.
മക്കളുടെ ആരോഗ്യത്തിനും പഠനത്തിനുമായി ലക്ഷങ്ങള്‍ നാം ചിലവഴിച്ചേക്കാം. അതൊന്നും മോശവുമല്ല. വേണ്ടതുതന്നെയാണ്. പക്ഷേ, അതിനു സമാനമായ പരിഗണന നാം അവരുടെ ആത്മീയമായ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും നല്കുന്നുണ്ടോ എന്ന ചോദ്യമാണ് മാതാപിതാക്കളെ അസ്വസ്ഥരാക്കേണ്ടത്. നമ്മുടെയും മക്കളുടെയും മനസ്സുകളെ മലിനമാക്കുന്ന കാര്യങ്ങള്‍ ഉപേക്ഷിക്കുവാന്‍ നാം സന്നദ്ധരാണോ. നമ്മുടെ താല്പര്യങ്ങള്ക്കും സന്തോഷത്തിനും ഉപരിയായി മക്കളുടെ മനസമാധാനത്തിന് മുന്‍ഗണന നല്കാന് നാം തയാറാണോ. അവരുടെ സ്വഭാവരൂപീകരണത്തിനും പുണ്യാഭ്യാസത്തിനും നാം എന്തെങ്കിലും പ്രാധാന്യം കൊടുക്കാറുണ്ടോ... നമ്മോടു തന്നെ നമുക്ക് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കാം.
രാജ്യം മുഴുവന്‍ കൈയിലിരുന്നിട്ടും ലോകം വെട്ടിപ്പിടിക്കുവാന്‍ വാള് കൊടുക്കാതെ മകനോട് പാപം ചെയ്യരുതെന്ന് പറഞ്ഞുകൊടുത്ത ഫ്രാന്‍സിലെ റാണിയായ ബ്ലാന്ചെയുടെ വാക്കുകള്‍ വീണ്ടും വീണ്ടും നമ്മുടെ കാതുകളില്‍ മുഴങ്ങുന്നത്.
Send your feedback to : onlinekeralacatholic@gmail.com