ഇന്ത്യയിലേക്കുള്ള യാത്രയില്‍ പാക്കിസ്ഥാനിലിറങ്ങേണ്ടി വന്നു; പിന്നെ പാക്കിസ്ഥാന്റെ മദര്‍ തെരേസയായി
ജിയോ ജോര്‍ജ് - മാർച്ച് 2020
പാക്കിസ്ഥാന്റെ മദര്‍ തെരേസയായിരുന്നു ഡോ. സിസ്റ്റര്‍ റൂത്ത് പ്ഫൂ. പാക്കിസ്ഥാനില്‍ കുഷ്ഠരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുവേണ്ടി ജീവിതം മുഴുവനായി അര്‍പ്പിച്ച ജര്‍മ്മന്‍ കന്യാസ്ത്രിയായിരുന്ന സി. റൂത്ത് 2018 ല്‍ സ്വര്ഗ്ഗരാജ്യത്തിലേക്ക മടങ്ങുമ്പോള്‍ 87 വയസ്സായിരുന്നു. മേരി അഡലെയ്ഡ് ലെപ്രസി ഹോസ്പിറ്റലിന്റെ സ്ഥാപകയായിരുന്ന സി. റൂത്ത് തന്റെ ജീവിതത്തിന്റെ അവസാനനാളുകള്‍ കഴിച്ചുകൂട്ടിയതും അവിടെത്തന്നെയായിരുന്നു.
1960 ല്‍ പാക്കിസ്ഥാനിലെ കറാച്ചിയിലെത്തിയ ജര്‍മ്മന്‍കാരിയായ കന്യാസ്ത്രീ തന്റെ കര്‍മ്മമണ്ഡലമാണ് അതെന്ന് തിരിച്ചറിഞ്ഞ് അരനൂറ്റാണ്ടിലേറെക്കാലം സമൂഹത്തിലെ ഏറ്റവും അശരണരും ആശയറ്റവരുമായ കുഷ്ഠരോഗികള്‍ക്കായി തന്റെ ജീവിതം മാറ്റിവെക്കുകയായിരുന്നു.
ജര്‍മ്മനിയിലെ ലെയ്പ്സിഗ് എന്ന സ്ഥാലത്ത് 1029 ലായിരുന്നു സി. റൂത്തിന്റെ ജനനം. രണ്ടാം ലോകമഹായുദ്ധക്കാലത്ത് അവളുടെ ശൈശവകാലം ചിലവഴിച്ച് വീട് ബോംബിംഗില്‍ നശിപ്പിക്കപ്പെട്ടിരുന്നു. യുദ്ധത്തിനുശേഷം അവളുടെ കുടുംബം കിഴക്കന്‍ ജര്‍മ്മനിയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തില്‍ നിന്ന് രക്ഷപ്പെട്ട് വെസ്റ്റ് ജര്‍മ്മനിയിലേയ്ക്ക് കുടിയേറി. അവിടെ വെച്ച് മെഡിസിന് പഠിച്ചു. പഠനശെഷം ഡോട്ടേര്‍സ് ഓഫ് ദ ഹാര്‍ട്ട് ഓഫ് മേരി എന്ന സന്യാസസഭയില്‍ ചേര്‍ന്നു. തുടര്‍ന്ന് സി.റൂത്ത് ഇന്ത്യന്‍ മിഷനില്‍ പ്രവര്‍ത്തിക്കുന്നതിനായി 1968 ല്‍ അയക്കപ്പെട്ടു. യാത്രമധ്യെ വിസ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ദൈവനിയോഗം പോലെ, സി.റൂത്തിന് കറാച്ചിയില്‍ ഇറങ്ങേണ്ടിവന്നു. അവിടെ വെച്ച് തെരുവുകളിലലയുന്ന കുഷ്ഠരോഗികളെ നേരില്‍കണ്ട സി. റൂത്ത് ഇതുതന്നെയാണ് തനിക്ക് പ്രവര്‍ത്തിക്കുവാനായി ദൈവം നിശ്ചയിച്ച തട്ടകം എന്ന് തിരിച്ചറിയുകയായിരുന്നു.
1961 ല്‍ അതിനുവേണ്ടി ഇന്ത്യയില്‍ വന്ന് കുഷ്ഠരോഗ ചികിത്സയെക്കുറിച്ചും പരിചരണത്തെക്കുറിച്ചും കൂടുതല്‍ പഠിച്ച് പാക്കിസ്ഥാനിലേക്കു തന്നെ മടങ്ങി. അവിടെ ചെന്ന് മേരി അഡലെയ്ഡ് ലെപ്രസി കണ്ട്രോള് പ്രാഗ്രാമിന് തുടക്കം കുറിച്ചു. ലെപ്രസി സെന്റര്‍ സ്ഥാപിച്ചു. സി. റൂത്ത് സ്ഥാപിച്ച മേരി അഡലെയ്ഡ് ലെപ്രസി സെന്ററിന് പില്ക്കാലത്ത് പാക്കിസ്ഥാനില്‍ 157 ബ്രാഞ്ചുകളുമുണ്ടായിരുന്നു.
സിസ്റ്ററിന്റെ മുമ്പില്‍ ആദ്യമെത്തിയത് യുവാവായ പത്താന് വംശജനായിരുന്നു. കുഷ്ഠരോഗിയായ ആ മനുഷ്യന് കൈകളിലും കാലുകളിലും ഇഴഞ്ഞാണ് തന്റെ ഡിസ്പെന്സറിയിലെത്തിയതെന്ന് സിസ്റ്റര്‍ ഒരിക്കല്‍ അനുസ്മരിച്ചു. നായ്ക്കളെപ്പോലെ സമൂഹം വലിച്ചെറിഞ്ഞ, പുഴുക്കളരിച്ച ശരീരവുമായ ജീവിച്ചിരുന്ന, സമൂഹം ഭ്രഷ്ട് കല്പിച്ചിരുന്ന ആ യുവാവിനെപ്പോലെ അനേകായിരങ്ങള്‍ക്ക് ജീവന്റെ മഹത്വം തിരികെകൊടുത്തത് സി. റൂത്തായിരുന്നു.
തങ്ങള്‍ക്കും രോഗം വരുമെന്ന ഭയംകൊണ്ട് തൊഴുത്തുകളിലും ഗുഹകളിലും മാതാപിതാക്കള്‍ ഉപേക്ഷിച്ചിരുന്ന കുഷ്ഠരോഗബാധിതരായ അനേകം കുഞ്ഞുങ്ങളെ കണ്ടെത്തി സിസ്റ്റര്‍ രക്ഷപ്പെടുത്തിയിരുന്നു. കൂടാതെ, കുഷ്ഠരോഗചികിത്സ നല്‍കുന്നതിന് അനേകം ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനും സി, റൂത്ത് ശ്രദ്ധിച്ചിരുന്നു. 1996 ല്‍ ലോകാരോഗ്യസംഘടന പാക്കിസ്ഥാനെ കുഷ്ഠരോഗ നിയന്ത്രിത രാജ്യാമയി പ്രഖ്യാപിച്ചപ്പോള്‍ അത് സി. റൂത്തിനുള്ള അംഗീകാരമായിട്ടായിരുന്നു ലോകം കണ്ടത്. 1980 കളില്‍ 19,398 കുഷ്ഠരോഗികളുണ്ടായിരുന്ന പാക്കിസ്ഥാനില്‍ 2017 ലെ കണക്കനുസരിച്ച് കുഷ്ഠരോഗികളുടെ എണ്ണം 531 ആണെന്ന് കറാച്ചി ഡോണ്‍ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സി. റൂത്തിന്റെ നിതാന്തമായ പരിശ്രമം ഒന്നു കൊണ്ടുമാത്രമാണ് പാക്കിസ്ഥാന് ലെപ്രസിയെ തോല്പിക്കാന് കഴിഞ്ഞതെന്ന് കറാച്ചിയിലെ ജര്‍മ്മന്‍ കോണ്‍സുലേറ്റ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സൗഖ്യപ്പെടുത്തിയ രോഗികളെപ്പോലെതന്നെ സി. റൂത്തിനെ തേടിയെത്തിയ അംഗീകാരങ്ങളും അസംഖ്യമായിരുന്നു. നിസ്തുലമായ സേവനത്തിനുള്ള അംഗീകാരമായി പാക്കിസ്താനിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഹിലാല്‍ ഇ പാക്കിസ്ഥാന് 1989 ല്‍ സിസ്റ്റര്‍ റൂത്തിന് സമ്മാനിച്ചിരുന്നു. 1988 ല്‍ പാക്കിസഥാന് പൗരത്വം നല്കി. 2002 ലായിരുന്നു ഏഷ്യന്‍ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന മാഗ്സസെ അവാര്‍ഡ് സിസ്റ്റര്‍ റൂത്തിന് സമ്മാനിച്ചത്.
കുഷ്ഠരോഗികളോടൊപ്പമുള്ള സഹവാസം മാത്രമായിരുന്നില്ല തന്റെ അനുഭവങ്ങള്‍ ചേര്‍ത്തുവെച്ച് പുസ്തകങ്ങള്‍ രചിക്കുന്നതിലും സി. സമയം കണ്ടെത്തിയിരുന്നു. ടു ലൈറ്റ് എ കാന്‍ഡില്‍ എന്ന പുസ്തകം പല ഭാഷകളിലും പ്രസിദ്ധീകരിച്ചിരുന്നു. ദ ലാസ്റ്റ് വേഡ് ഈസ് ലൗവ്: അഡ്വഞ്ചര്‍, മെഡിസിന്, വാര് ആന്റ് ഗോഡ് എന്നീ പുസ്തകങ്ങളും സി. റൂത്തിന്റെ മാനവസേവനത്തിന്റെ തിരുശേഷിപ്പുകളാണ്.
സി. റൂത്ത് ജര്‍മ്മനിയിലാണ് ജനിച്ചതെങ്കിലും അവരുടെ ഹൃദയം പാക്കിസ്ഥാനിലായിരുന്നുവെന്ന പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഷാഹിദ് അബാസിയുടെ വാക്കുകളും പാക്കിസ്ഥാനില്‍ കുഷ്ഠരോഗം ഇല്ലായ്മ ചെയ്യുന്നതിന് സി. റൂത്ത് നല്കിയ സംഭാവനകളെ ഒരിക്കലും മറക്കാനാവില്ലെന്ന പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് മാമ്നൂണ് ഹുസൈന്റെ വാക്കുകളും മതി ആ പുണ്യചരിതയുടെ ഓര്‍മ്മകള്‍ അനശ്വരമാക്കുവാന്‍.
Send your feedback to : onlinekeralacatholic@gmail.com