ജയില്‍മുറി കോണ്വെന്റാക്കിയ മദര്‍ അന്റോണിയ
ഷേര്‍ളി മാണി - ഓഗസ്റ്റ് 2019
നീണ്ട 30 വര്‍ഷക്കാലം ജയിലിലായിരുന്നു പാവം. തടുവുപുള്ളികളുടേതുപോലെ ഇടുങ്ങിയ ഒരു മുറിയായിരുന്നു മഠം. ജയിലിലെത്തും മുമ്പ് മാറി മാറി രണ്ട് വിവാഹങ്ങള്‍. രണ്ടും വിവാഹമോചനത്തില്‍ കലാശിച്ചു. രണ്ടുവിവാഹത്തിലായി മുന്നും അഞ്ചും വീതം 8 മക്കള്‍. എട്ടുമക്കളെയും നന്നായി നോക്കി വളര്‍ത്തിയ അമ്മ. എന്നിട്ടും മേരി ക്ലാര്‍ക്ക് എന്ന സുന്ദരിയും സമ്പന്നയുമായ വനിത എങ്ങനെ സന്യാസിനിയായി എന്ന് ചോദിച്ചാല്‍ ദൈവകൃപ എന്നല്ലതെ അതിന് മറ്റൊരുത്തരം കാണില്ല. അതെ മദര്‍ അന്റോണിയ ബ്രെന്നറുടെ ജീവിതം വൈരുദ്ധ്യങ്ങളുടെ സമാഹാരമായിരുന്നു.
അമേരിക്കയിലെ ലോസാഞ്ചലസില്‍ 1926 ലായിരുന്നു ജനനം. ഗ്ലാമറിന്റെയും ഹോളിവുഡ് സിനിമകളെയും പ്രഭവകേന്ദ്രമായിരുന്ന ബിവേര്‍ലി ഹില്‍സില്‍ വളര്‍ന്നു. സൗന്ദര്യം മാത്രമല്ല സമ്പത്തും നിറഞ്ഞതായിരുന്നു അവളുടെ ജീവിതം. 18 വയസ്സുള്ളപ്പോള്‍ വിവാഹിതയായി. മൂന്ന് മക്കളെ സമ്മാനിച്ച ആദ്യത്തെ ദാമ്പത്യം അവസാനിച്ചത് വിവാഹമോചനത്തിലായിരുന്നു. വീണ്ടും ഒരു സിവില്‍ മാര്യേജ്. അത് 25 വര്‍ഷം നീണ്ടെങ്കിലും 5 മക്കളെയും സമ്മാനിച്ച് ഒടുവില്‍ വിവാഹമോചനത്തില്‍ തന്നെ ചെന്നെത്തി. അങ്ങനെ 8 മക്കളും മേരി ക്ലാര്‍ക്കും തനിച്ചായി.
മക്കളെയും നോക്കി വീട്ടിലിരുന്നു കളയാം എന്ന് മേരി ചിന്തിച്ചിരിക്കുമ്പോഴാണ് ദൈവം പണി തുടങ്ങിയത്. സതേണ്‍ കാലിഫോര്‍ണിയായിലും മെക്സിക്കോയിലും ചെറിയ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി അവള് പുറത്തിറങ്ങി. അവളുടെ സമര്‍പ്പണവും സേവനമനോഭാവവും തിരിച്ചറിഞ്ഞ മോണ്‍ അന്തോണി ബ്രൂവേര്‍സ് അവള്‍ക്ക് മെക്സിക്കോയിലെ കുപ്രസിദ്ധമായ ലാ മെസ സെക്യൂരിറ്റി പ്രിസണ്‍ പരിചയപ്പെടുത്തിക്കൊടുത്തു. കൊലപാതകികളും ഗാംഗ് ലീഡേര്‍സും ബലാത്സംഗവീരന്മാരും മാഫിയകളും നിറഞ്ഞതായിരുന്നു ആ ജയില്‍. അവിടെ 8000 ലധികം തടവുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന തടവറ.
മേരി ആ ജയില്‍ നിത്യേന സന്ദര്‍ശിച്ചുതുടങ്ങി. അവര്‍ക്ക് ആത്യാവശ്യമുള്ള വസ്തുക്കളും മരുന്നും പുതപ്പും ടോയ്ലറ്ററികളും കണ്ണടകളുമൊക്ക അവള് സംഘടിപ്പിച്ചുകൊടുത്തു. അവര്‍ക്കൊപ്പം പ്രാര്‍ത്ഥനയിലും കുര്‍ബാനയിലും പങ്കെടുത്തു. തടവുപുള്ളികള്‍ക്ക് സോഫ്റ്റ് ഡ്രിങ്ക്സ് വിറ്റ് നേടിയ വരുമാനം കെട്ടിവെക്കാന്‍ പണമില്ലാത്തുതുകൊണ്ട് ജാമ്യം കിട്ടാത്ത തടവുകാര്‍ക്ക് നല്കി അവരെ സഹായിച്ചു. ആരുമേറ്റുടുക്കാനില്ലാതെ മരിച്ചുപോകുന്ന തടവുകാരെ സംസ്ക്കരിച്ചു. അങ്ങനെ മേരി ജയിലിലെ മാലാഖയായി.
സന്യാസിനിയായാല് കുടുതല്‍ തീക്ഷണതോടെ സേവനം ചെയ്യാമല്ലോ എന്നായി പിന്നെ മേരിയുടെ ചിന്ത. പൂര്‍വ്വകാലം അത്ര നല്ലതല്ലാത്തതിനാല്‍ ഉള്ളില്‍ ഭയമായിരുന്നു. രണ്ട് വിവാഹമോചനവും മക്കളും ചോദ്യചിഹ്നമായി. എന്നാല്‍ അവളുടെ സമര്‍പ്പണവും ഉപവിപ്രവര്‍ത്തനങ്ങളും നേരിട്ടു മനസ്സിലാക്കിയ രണ്ട് ബിഷപ്പുമാര്‍ അവള്‍ക്ക് സന്യാസിനിയാകുന്നതിന് അനുവാദം നല്കി. അങ്ങനെ മേരി അന്റോണിയ എന്ന പേര് സ്വീകരിച്ച്, സ്വന്തമായി വ്രത വാഗ്ദാനം ചെയ്ത്, സ്വന്തം സഭാ വസ്ത്രവും തിരഞ്ഞൈടുത്ത് ഈശോയുടെ മണവാട്ടിയായി. അതോടെ സി. അന്റോണിയയുടെ ഉപവിപ്രവര്‍ത്തനങ്ങള്‍ സഭയുടെ മനിസ്ട്രിയായി മാറി. ജയിലില്‍ വനിതകളുടെ സെല്ലിനു സമീപം തടവുകാര്‍ക്ക് വിളമ്പുന്ന ഭക്ഷണം കഴിച്ച് സിസ്റ്റര്‍ അന്റോണിയ മഠത്തിനുപകരം ജയിലില്‍ തന്നെ കഴിഞ്ഞു. കൊലപാതികകളുടെയും കള്ളന്മാരുടെയും നടുവില്‍ അവള് ഒരു മാലാഖയെ പോലെ പറന്നു നടന്നു.
ഗാര്‍ഡുമാരും തടവുകാരും സി.അന്റോണിയ മാമ എന്ന് സ്നേഹത്തോടെ വിളിച്ചു. ഒരിക്കല്‍ ജയിലിലെ ഒരു കലാപത്തിനിടയില്‍ അക്രമികള്‍ക്കിടയിലേക്ക് മദര്‍ അന്റോണിയ പുഞ്ചിരിയോടെ നടന്നു ചെന്നു. മദറിനെ കണ്ടതോടെ അന്തേവാസികള്‍ ശാന്തരായി. കലാപം അവസാനിച്ചു. തടവുകാരെ വളരെ പരിമിതമായ സാഹചര്യങ്ങളില്‍ കൊണ്ടുവന്ന് താമസിപ്പിക്കുന്നത് തെറ്റാണെന്ന് മദര്‍ ജയിലധികൃതരെ ധരിപ്പിച്ചു.
ജയിലിലെ തടവുകാരില്‍ നിന്നും ഗാര്ഡുമാരില് നിന്നും മദറിന്റെ സേവനം അവരുടെ കുടുംബങ്ങളിലേക്കും നീണ്ടു. വൈകാതെ, യുഡിസ്റ്റ് സെര്‍വന്റ്സ് ഓഫ് ദ ഇലവന്‍ത് അവര്‍, എന്ന പേരില്‍ വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും വയോധികകള്ക്കുമായി ഒരു കോണ്‍ഗ്രിഗേഷനും സ്ഥാപിച്ചു.
2007 ല്‍ മദറിന്റെ നിസ്തുലമായ സേവനത്തെ മാനിച്ചുകൊണ്ട് ജയിലിന് പുറത്തുള്ള റോഡിന് മദര്‍ അന്റോണിയ എന്ന് പേരിട്ടു. പുലിറ്റ്സര്‍ അവാര്‍ഡ് ജേതാക്കളായ രണ്ടു ജേണലിസ്റ്റുകള്‍ മദറിനെക്കുറിച്ച് ദ പ്രിസണ്‍ ഏയ്ഞ്ചല്‍ എന്ന പേരില്‍ ഒരു പുസ്തകമെഴുതി. 2010 ല്‍ മദര്‍ അന്റോണിയയുടെ ജീവിതമാസ്പദമാക്കി ലാ മാമ: ആന്‍ അമേരിക്കന്‍ നണ്‍സ് ലൈഫ് ഇന്‍ മെക്സിക്കന്‍ പ്രിസണ്‍ എന്ന ഡോക്യുമെന്ററി പുറത്തിറക്കി. മെക്സിക്കന്‍ പ്രസിഡന്റ് വിന്‍സന്റ് ഫോക്സ്, റൊണാള്‍ഡ് റീഗന്, പോപ് ജോണ്‍പോള്‍ രണ്ടാമന്, മദര്‍ തെരേസ എന്നിവര്‍ മദറിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.
ജയിലില്‍ 30 വര്‍ഷം തടവുകാര്‍ക്കൊപ്പം കഴിഞ്ഞ മാലാഖ 2013 ഒക്ടോബര്‍ 17 ന് 86 ാമത്തെ വയസ്സില്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. അന്ന് തിജുവാനയിലെ ആര്‍ച്ചുബിഷപ് റാഫേല്‍ റോമോ പറഞ്ഞത് മദര്‍ വിശുദ്ധയായിരുന്നുവെന്നും മദറിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നുമായിരുന്നു.
Send your feedback to : onlinekeralacatholic@gmail.com