ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി ഒരു മ്യൂസിയമോ?
സി. അര്‍പ്പണ - നവംബര്‍ 2023
വത്തിക്കാനില്‍ നിന്നും പത്ത് മിനിട്ട് ദൂരെ ടൈബര്‍ നദിയുടെ തീരത്താണ് സേക്രട്ട് ഹാര്‍ട്ട് ദേവാലയം സ്ഥിതിചെയ്യുന്നത്. ആ ദേവലായം ലോകപ്രശസ്തമാണ്. വിശ്വസികളെയും അവിശ്വാസികളെയും ഒരുപോലെ അതിശയപ്പെടുത്തുന്ന ലോകത്തിലെ ഒരേയൊരു ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മ്യൂസിയം ആ ദേവാലയത്തിലാണ്. അധികം വലിപ്പമൊന്നുമില്ലെങ്കിലും തികച്ചും അനന്യമാണ് അവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്ന വസ്തുക്കള്‍. സ്വര്‍ഗ്ഗവും നരകവും ഉണ്ടോ എന്നുപോലും സംശയിക്കുന്നവര്‍ വര്‍ദ്ധിച്ചുവരുന്ന ഇന്നത്തെ കാലത്ത് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മ്യൂസിയം എന്ന് പറയുമ്പോള്‍ പലരുടെയും നെറ്റി ചുളിഞ്ഞേക്കാം. എന്നാല്‍ സംഭവം സത്യമാണ്. ഇവിടെ പ്രദര്ശിപ്പിച്ചിരിക്കുന്നവയെല്ലാം തന്നെ ശുദ്ധീകരണസ്ഥലത്തില്‍ നിന്നും ഭൂമിയിലുള്ളവര്‍ക്ക് പ്രത്യക്ഷപ്പെട്ട ആത്മാക്കളുടെ കഥപറയുന്നു. അതിനുള്ള തെളിവുകളും അവിടെയുണ്ട്.
ഇത് ഒരു സാധാരണ മ്യൂസിയമല്ല. ഈ മ്യൂസിയത്തിലുള്ളത് വളരെ വിലപിടിപ്പുള്ള ചിത്രങ്ങളല്ല. മറിച്ച് ശുദ്ധീകരണസ്ഥലമുണ്ട് എന്ന് തെളിയിക്കാനുതകുന്ന വ്യക്തമായ ഭൗതികമായ തെളിവുകളാണ് ഈ മ്യൂസിയത്തിലുള്ളത്. അതായത് ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ കൈയടയാളങ്ങള്‍.
എങ്ങനെയാണ് അവിടെ ഒരു ദേവാലയവും മ്യുസിയവും ഉണ്ടായതെന്ന കഥ തുടങ്ങുന്നത് 1897 ലാണ്. അവിടെ നേരത്തെയുണ്ടായിരുന്നത് വളരെ ചെറിയ ഒരു ചാപ്പലായിരുന്നു. ഒരിക്കല്‍ ആ ചാപ്പലിലുണ്ടായിരുന്ന മാതാവിന്റെ പെയിന്റിംഗിന് മെഴുകുതിരികളില്‍ നിന്നും തീപടര്‍ന്നു. ഒരു വിധത്തില്‍ തീയണച്ചു. പുകമറയെല്ലാം മാറിയപ്പോള്‍ അവിടെ അവശേഷിച്ച ചാപ്പലിന്റെ ഭിത്തിയില്‍ ഒരു ദുഖിതനായ, സഹനങ്ങളിലൂടെ കടന്നുപോകുന്ന ഒരു മനുഷ്യന്റേതെന്നു തോന്നിപ്പിക്കുന്ന ഒരു മുഖം പ്രത്യക്ഷപ്പെട്ടു. അത് അടുത്തകാലത്ത് മരിച്ച് പോയതും ശുദ്ധീകരണസ്ഥലത്ത് കഴിയുന്ന ഒരു വ്യക്തിയുടേതുമാണെന്നും ചാപ്പലിന്റെ മേല്‍നോട്ടമുണ്ടായിരുന്ന ഫാ. വിക്ടര്‍ ജൂയറ്റിന് മനസ്സിലായി. അദ്ദേഹമാകട്ടെ, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോട് പ്രത്യേക ഭക്തിയുള്ള ഒരു ഫ്രഞ്ച് മിഷണറി വൈദികനായിരുന്നു. അവിടെ ഒരു പുതിയ ദേവാലയവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി ഒരു മ്യൂസിയവും പണിയണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. യൂറോപ്പിലുടനീളം സഞ്ചരിച്ച് അദ്ദേഹം അതിനുള്ള ഫണ്ടും ശേഖരിച്ചു. അതോടൊപ്പം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് പ്രത്യക്ഷപ്പെട്ട് പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിച്ചതിന്റെ തെളിവുകളടങ്ങുന്ന വസ്തുക്കളും അദ്ദേഹം ശേഖരിച്ചു.
ശുദ്ധീകരണസ്ഥലം ഉണ്ട് എന്നും നമ്മില്‍ നിന്നും വേര്‍പെട്ടുപോയവര്‍ക്ക് നമ്മുടെ പ്രാര്‍ത്ഥന അത്യാവശ്യമാണെന്നും തെളിയിക്കുവാനായി സ്ഥാപിച്ചിരിക്കുന്ന ഈ മ്യൂസിയത്തില്‍ ഉള്ളത് പ്രാര്‍ത്ഥനയാചിച്ച് ഭുമിയില്‍ പ്രത്യക്ഷപ്പെട്ട ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ അവശേഷിപ്പിച്ചുപോയ കൈ അടയാളങ്ങളാണ്. തീ കൊണ്ടു കോറിയിട്ടതുപോലെയുള്ള അടയാളങ്ങളാണ് നാം എല്ലാ വസ്തുക്കളിലും കാണുക.
മേശയില്‍ കോറിയിട്ട സന്യാസിയുടെ കൈ അടയാളം
1731 ലെ സകലവിശുദ്ധരുടെയും തിരുന്നാള്‍ ദിനത്തില്‍ ദൈവദാസിയായ മദര്‍ ഇസബെല്ല ഫൊര്നാരിയ്ക്ക് അവിടുത്തെ ആശ്രമത്തിലെ മുന്‍ സുപ്പീരിയറായിരുന്ന ഫാ. പാന്സാനി പ്രത്യക്കപ്പെട്ടു. നേരത്തെ മരിച്ചുപോയ ഫാ. പന്സാനി മദറിന് പ്രത്യക്ഷപ്പെട്ട താന്‍ ശുദ്ധീകരണസ്ഥലത്താണെന്നും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അറിയിച്ചു.
ശുദ്ധീകരണസ്ഥലത്ത് ആണെന്നറിയിച്ച ഫാ. പാന്സാനി അവിടെയുണ്ടായിരുന്ന മേശയിലും മദറിന്റെ സന്യാസവസ്ത്രത്തിന്റെ കൈകളിലും സ്പര്‍ശിച്ചു. തീ കൊണ്ട് കോറിയിട്ടതുപോലെ ആ മേശയിലും വസ്ത്രത്തിലും കൈയുടെ അടയാളം പതിഞ്ഞു. മദറിന്റെ സന്യാസവസ്ത്രവും മേശയും അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
നൈറ്റ് ഷര്‍ട്ടില്‍ പതിഞ്ഞ അമ്മയുടെ കൈ
1789 ലാണ് സംഭവം. ജോസഫ് ലെലെക്സ് എന്ന വ്യക്തി 11 ദിവസത്തോളം രാത്രിയില്‍ അസാധാരണമായ എന്തോ ശബ്ദം കേട്ടു. 12-ാമത്തെ ദിവസം അദ്ദേഹത്തിന്റെ അമ്മ അവന് പ്രത്യക്ഷപ്പെട്ടു പറഞ്ഞു. താന്‍ ശുദ്ധീകരണസ്ഥലത്താണെന്നും അവന്റെ മരിച്ചുപോയ ജോസഫ് എന്ന പിതാവിനും വേണ്ടി കുര്‍ബാന ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥിച്ചു. മകനോട് നല്ല ജീവിതത്തില്‍ മാറ്റംവരുത്തുവാനും സഭയ്ക്ക് ഗുണകരമായി ജീവിക്കുവാനും അപേക്ഷിച്ചു. അതിനുശേഷം ആ ആത്മാവ് അവന്റെ നിശാവസ്ത്രത്തില്‍ സ്പര്‍ശിച്ചു, അതില്‍ അവളുടെ കൈയുടെ അടയാളം പതിഞ്ഞു. ലെലക്സ് എന്ന വ്യക്തി പിന്നീട് മാനസാന്തരപ്പെട്ട് ഭക്തരായ ആത്മായര്ക്കുവേണ്ടി ഒരു സഭ തന്നെ സ്ഥാപിച്ചു.
ഭര്‍ത്താവിന്റെ തൊപ്പിയില്‍ പതിഞ്ഞ ഭാര്യയുടെ കൈ
1815 ല്‍ ഫ്രാന്‍സിലെ ഡുസെയില് ലൂയിസ ലെ സ്നേച്ചാല് എന്ന സ്ത്രീക്ക് മരിച്ചതിന് രണ്ടുവര്‍ഷത്തിനുശേഷം ഭര്‍ത്താവ് ലൂയിജിക്ക് പ്രത്യക്ഷപ്പെട്ട് തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.ഇതൊരു സ്വപ്നമല്ലെന്ന് ഭര്‍ത്താവിന് വെളിപ്പെടുത്തിക്കൊടുക്കുവാന്‍ അവള് ഭര്‍ത്താവിന്റെ നൈറ്റ് ക്യാപില്‍ തന്റെ തീകൊണ്ടു പൊള്ളിച്ചതുപോലെയുള്ള അഞ്ച് കൈവിരലുകളും പതിച്ചു. ഏതായാലും ആ ക്യാപിലെ വിരലടയാളം ആ ദമ്പതികളുടെ മകള്‍ക്ക് പ്രചോദനമായി. അവള് ശുദ്ധീകരണസ്ഥലത്ത് കഴിയുന്ന തന്റെ അമ്മയ്ക്കുവേണ്ടി കുര്‍ബാന ചൊല്ലി പ്രാര്‍ത്ഥിച്ചു.
മൂന്ന് വിരല്‍പ്പാട് പതിഞ്ഞ പ്രാര്‍ത്ഥനാ പുസ്തകം
ഇറ്റലിയിലെ മരിയ സഗാന്റി എന്ന സ്ത്രിയുടെ പ്രാര്ത്ഥനാപുസതകമാണ് ഇവിടുത്തെ മറ്റൊരു ശ്രദ്ധാകേന്ദ്രം. മരിയ പറയുന്നതനുസരിച്ച് തന്റെ സുഹൃത്തായിരുന്ന പാല്‍മിറ റസ്റ്റേലിയുടെ ആത്മാവിന്റെ സ്പര്‍ശനം തനിക്ക് മനസിലായി എന്നാണ്. അവിടുത്തെ ഇടവക വികാരിയുടെ സഹോദരിയായിരുന്നു പാല്‍മിറ. 1870 ഡിസംബര്‍ 28 നായിരുന്നു അവള് മരിച്ചത്. 1871 മാര്‍ച്ച് 5 നാണ് അവള് മരിയയ്ക്ക് പ്രത്യക്ഷപ്പെട്ടത്. അതിന്റെ തെളിവെന്നോണം അവളുടെ പ്രാര്‍ത്ഥനാപുസ്തകത്തില്‍ തീകൊണ്ട് കോറിയിട്ടതുപോലെയുള്ള മൂന്ന് വിരലുകള്‍ പതിപ്പിച്ചിരുന്നു.
കൈ അടയാളം പതിഞ്ഞ തലയിണ
ഇറ്റാലിയിലെ ഒരു കന്യാസ്ത്രിയായിരുന്ന സി. മരിയ ഓഫ് സെന്റ് ലൂയിജി ഗൊണ്‍സാഗ ക്ഷയരോഗം ബാധിച്ചപ്പോള്‍ വിഷാദരോഗത്തിന് അടിമയായി തന്റെ ജീവിതം അവസാനിച്ചിരുന്നെങ്കില്‍ എന്ന് പ്രാര്‍ത്ഥിച്ചു. 1894 ജൂണ്‍ 5 ന് അവള് മരിച്ചു. അതേ ദിവസം വൈകുന്നേരം തന്നെ അവള് സഹസന്യാസിനിയായിരുന്ന മാര്‍ഗരീത്തയ്ക്ക് പ്രത്യക്ഷപ്പെട്ടു. തിടുക്കത്തിലായിരുന്ന അവള് താന്‍ ദൈവത്തിന്റെ പദ്ധതിയില്‍ ഇടപെട്ടതുകൊണ്ടുള്ള ശിക്ഷയായി ശുദ്ധീകരണസ്ഥലത്താണെന്ന് അറിയിച്ചു. തന്റെ ആത്മാവിനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥിക്കുകയും അവിടെയുണ്ടായിരുന്ന സിസ്റ്റര്‍ മര്‍ഗരീത്തയുടെ തലയിണയില്‍ തന്റെ കൈ അടയാളം പതിപ്പിക്കുകയും ചെയ്തു.
ഇതുപോലെയുള്ള കൈ അടയാളങ്ങള്‍ പതിഞ്ഞ വസ്തുക്കളാണ് ശുദ്ധീകരണസ്ഥല മ്യൂസിയത്തിലെ പ്രദര്ശനവസ്തുക്കള്. നമ്മുടെ പ്രാര്‍ത്ഥനകൊണ്ട് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് മോചനം ലഭിക്കും എന്നതിന്റെ തെളിവാണ് ഇതെല്ലാം. ശുദ്ധീകരണസ്ഥലത്ത് നിന്ന് ആരും നരകത്തിലേക്ക് പോകുന്നില്ല. എങ്കിലും ശുദ്ധീകരണസ്ഥലത്തെ അവരുടെ ശിക്ഷയുടെ കാലാവധി കുറയ്ക്കുവാന്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് കഴിയും.
ഇവിടെയുള്ള എല്ലാ പ്രദര്ശനവസ്തുകളിലും പതിഞ്ഞിരിക്കുന്ന കൈ അടയാളങ്ങള്‍ തീ കൊണ്ട് കോറിയിട്ടതുപോലെയാണ് ഉള്ളത്. അതിനുകാരണമായി പറയുന്നത് അവയെല്ലാം തന്നെ ശുദ്ധീകരണസ്ഥലത്തിലെ തീയെ സൂചിപ്പിക്കുന്നു.
Send your feedback to : onlinekeralacatholic@gmail.com