എന്റെ സന്തോഷം പ്രാര്‍ത്ഥനയും ചോക്ലേറ്റും: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയായ സിസ്റ്റര്‍ ആന്‍ഡ്രെ
ജെയ്സണ്‍ പീറ്റര്‍ - ഫെബ്രുവരി 2021
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയാണ് സി. ആന്‍ഡ്രെ. എന്റെ ജീവിതത്തിലെ സന്തോഷം പ്രാര്‍ത്ഥന മാത്രമാണെന്ന് 117 കാരിയായ സി. ആന്‍ഡ്രെ പറയുന്നു. സി. ആന്‍ഡ്രെ ചില്ലറക്കാരിയല്ല. കാരണം ജനുവരി മാസത്തിലാണ് ആന്‍ഡ്രെ കോവിഡിനെ തോല്പിച്ചത്. കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും ഭയങ്കര ക്ഷീണമായിരുന്നു കോവിഡ് മൂലം ഉണ്ടായത്. അതിനെയെല്ലാം തോല്പിച്ച് ഫ്രാന്‍സിലെ ടൗലോണിലെ സെന്റ് കാതറിന് ലബോറെ റിട്ടയര്‍മെന്റ് ഹോമിലാണ് സി. ആന്‍ഡ്രെ സഹസന്യാസിമാര്ക്കൊപ്പം താമസം. രോഗം ബോധിച്ചപ്പോഴും മറ്റുള്ളരുടെ ആരോഗ്യനിലയെക്കുറിച്ചായിരുന്നു സിസ്റ്റര്‍ ആന്‍ഡ്രേയുടെ ആകുലതയെന്ന് സെന്ററിന്റെ വക്താവായ ഡേവിഡ് താവല്ലേ പറയുന്നു. കാഴ്ച തീരെയില്ല. വീല്‍ ചെയറിലാണ് കറക്കം. എങ്കിലും ചുറ്റുപാടും നടക്കുന്നതിനെക്കുറിച്ച് സിസ്റ്ററമ്മ നല്ലവണ്ണം ബോധവതിയാണ് താനും.
കോവിഡിനെ പേടിച്ചിരുന്നോ എന്ന് ചോദിച്ചപ്പോള്‍ താന്‍ ഭയപ്പെട്ടതേയില്ലെന്നും മരിക്കാന്‍ തനിക്ക് പേടിയില്ല എന്നുമായിരുന്നു മറുപടി. നിങ്ങളോടുകൂടെയായിരിക്കുവാന് സന്തോഷമുണ്ട്, അതേ സമയം തന്റെ മരിച്ചുപോയ പ്രിയപ്പെട്ടവര്‍ക്കൊപ്പം ചേരാന്‍ ആഗ്രഹമുണ്ടെന്നുമായിരുന്നു ഫ്രഞ്ച് ടിവിക്ക് നല്കിയ അഭിമുഖത്തില്‍ സിസ്റ്റര്‍ പറഞ്ഞത്.
എന്താണ് സിസ്റ്ററുടെ ആരോഗ്യത്തിന്റെ രഹസ്യം എന്ന് 2019 ല്‍ മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ രഹസ്യമൊന്നുമില്ല എന്നായിരുന്നു മറുപടി. തന്റെ ജീവിതത്തില്‍ ഒരുപാട് ദുരന്തങ്ങളുണ്ടായിരുന്നു. 1914-18 ലെ യുദ്ധത്തില്‍ ഞാന്‍ ഒരു കുട്ടിയായിരുന്നു. മറ്റുള്ള എല്ലാ കുഞ്ഞുങ്ങളെയും പോലെ തനിക്കും ഒരുപാട് സഹനങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. അത് അത്ര രസകരമായ അനുഭവമായിരുന്നില്ല. എന്റെ ആയുസിന്റെ രഹസ്യം ദൈവത്തിനുമാത്രമേ അറിയൂ എന്നും സിസ്റ്റര്‍ വെളിപ്പെടുത്തിയിരുന്നു.
എന്തായാലും തന്റെ ജീവിതത്തിലെ സന്തോഷത്തിന്റെ രഹസ്യം പ്രാര്‍ത്ഥനയും ഓരോ ദിവസവും കഴിക്കുന്ന ഹോട്ട് ചോക്കലേറ്റുമാണ്. ഓരോ ദിവസവും പ്രാര്‍ത്ഥിക്കുവാന്‍ കഴിയുന്നുവെന്നതാണ് ഏറെ സന്തോഷമുള്ള കാര്യമെന്ന് സിസ്റ്റര്‍ പറഞ്ഞതായി കേപ് എന്ന് സ്പാനിഷ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.
19-ാമത്തെ വയസിലാണ് സിസ്റ്റര്‍ ആന്‍ഡ്രേ കത്തോലിക്ക സഭയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം 40-ാമത്തെ വയസ്സിലാണ് പാരീസിലെ ചാരിറ്റി ഓഫ് ഡോട്ടേഴ്സ് അംഗമായത്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും പ്രായമുള്ള മുത്തശ്ശിയാണെങ്കിലും ഭയങ്കര ഹ്യൂമര്‍ സെന്സുള്ള വ്യക്തിയാണ് സിസ്റ്റര്‍ ആന്‍ഡ്രെ.
നല്ലവനായ ദൈവം ഇനിയും തന്നെ കാത്തിരുത്തി മുഷിപ്പിക്കാന്‍ തക്കവണ്ണം സ്ളോ ആകാതിരിക്കട്ടെ എന്നാണ് സിസ്റ്റര്‍ ആന്‍ഡ്രെയുടെ പ്രാര്‍ത്ഥന.
Send your feedback to : onlinekeralacatholic@gmail.com