ന്യൂബയുടെ ഹൃദയം കവര്‍ന്ന ഡോക്ടര്‍
ജോര്‍ജ് .കെ. ജെ - ഒക്ടോബർ 2019
ന്യൂയോര്‍ക്കിലെ പ്രശസ്തനായ ഡോക്ടറായിരുന്നു ഡോ. ടോം കറ്റെന. തരക്കേടില്ലാത്ത വരുമാനവും നല്ല ചുറ്റുപാടും ഉണ്ടായിരുന്ന ഈ ഡോക്ടര്‍ക്ക് വട്ടാണോ എന്ന് പലരും ചോദിക്കുന്നു. കാരണം കത്തോലിക്ക വിശ്വാസത്തിന്റെ പേരില്‍ അമേരിക്കയില്‍ നിന്നും ആഫ്രിക്കയലെത്തി, കലാപം നിറഞ്ഞ സുഡാനിലെ ന്യൂബാ മൗണ്ടെയ്ന്സിലെ മദര്‍ ഓഫ് മേഴ്സി ഹോസ്പിറ്റലില്‍ രോഗികള്‍ക്കായി സ്വന്തം ജീവിതം മാറ്റിവെച്ചിരിക്കുകയാണ് ഡോ. ടോം. ദൈവപരിപാലനയിലാശ്രയിച്ചുകൊണ്ട് മാത്രമാണ് ഓരോ ദിവസവും അദ്ദേഹം രോഗികളെ പരിശോധിക്കുന്നത്. കാരണം അവിടം അത്ര സുരക്ഷിതമല്ല.
സുഡാനിലെ ഏറ്റവും വിദൂരവും ഒറ്റപ്പെട്ടതുമായ പ്രദേശത്താണ് ജോലി ചെയ്യുന്നതെങ്കിലും അദ്ദേഹം ലോകം മുഴുവന്‍ പ്രശസ്തനാണ്. യുദ്ധം ചോരപ്പുഴയൊക്കുന്ന ആ പ്രദേശത്ത് ആകെയുള്ള ഡോക്ടറാണ് അദ്ദേഹം. ന്യൂബാ മൗണ്ടെയ്ന്സില് മാത്രമായി 750000 അളുകളാണ് ഉള്ളത്. അവര്‍ക്കാകട്ടെ ഒരേയൊരു ഡോക്ടറും. ആഴ്ചയില്‍ 7 ദിവസവും ദിവസത്തില്‍ 24 മണിക്കൂറും വര്‍ഷത്തില്‍ 365 ദിവസവും അദ്ദേഹം സേവനനിരതനാണ്. ചില ദിവസം അദ്ദേഹത്തിന്റെ മുമ്പിലെത്തുന്നത് 400 രോഗികളായിരിക്കും. അദ്ദേഹം അവരെയെല്ലാം ക്ഷമയോടെ പരിശോധിക്കും ലഭ്യമായ മരുന്നുകള്‍ നല്‍കും. എല്ലാം ഒരേയൊരു കാര്യത്തെപ്രതി- ദൈവസ്നേഹത്തെപ്രതി.
2007ല്‍ അവിടെ യുദ്ധം ആരംഭിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന സഹായ സംഘങ്ങളെല്ലാം നാടുവിട്ടു. ജീവന് പേടിച്ച് കൂടെയുണ്ടായിരുന്നവരെല്ലാം മടങ്ങിയപ്പോഴും അദ്ദേഹം അവിടെത്തന്നെ തുടര്‍ന്നു. 2011 ല്‍ ആഭ്യന്തരയുദ്ധം തുടങ്ങിയതോടെ ഏതാണ്ട് 50000 ലധികം പേരെങ്കിലും വധിക്കപ്പെട്ടിട്ടുണ്ട്. സുഡാന്റെ ജനസംഖ്യയില്‍ നാലിലൊന്ന് പേരും വീടും കൂടും വിട്ട് ഓടേണ്ടിവന്നവരാണ്.
ഡോ. ടോമിന്റെ സേവനം ലോകത്തിന് വെളിച്ചമാണ്. യഥാര്‍ത്ഥ വിശ്വാസിയും ദൈവസ്നേഹിയും മനുഷ്യസ്നേഹിയുമാണ് അദ്ദേഹം. ക്രിസ്തുവിലുള്ള തന്റെ വിശ്വാസമാണ് തന്നെ ഈ എളിയവരിലൊരുവന് സേവനം നല്‍കുന്നതിന് സഹായിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
ഓരോ ദിവസവും തള്ളി നീക്കുന്നതിന് തനിക്ക് ദൈവത്തില്‍ വളരെയധികം ആശ്രയിക്കേണ്ടിവരുന്നു. എപ്പോഴും എന്റെ ധര്‍മ്മം വിശ്വാസത്തില്‍ നിലനില്ക്കുക എന്നതുമാത്രമാണ്.യുദ്ധം കീറിമുറിച്ച സുഡാനില്‍ നിലനിന്നുപോകുക എന്നതു തന്നെ വലിയ സഹനമാണ്. എങ്കിലും ദൈവത്തിലുള്ള വിശ്വാസത്തില്‍ നിന്നാണ് ശക്തിയും ധൈര്യവും കണ്ടെത്തുന്നത് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
കാര്യങ്ങളൊക്കെ സാധാരണ നിലയില്‍ പോകുമ്പാള്‍ ദൈവത്തിലാശ്രയിക്കുന്നതെന്തിന് എന്ന് പലരും ചിന്തിച്ചേക്കാം. എന്നാല്‍ അടുത്തനിമിഷം നിലനില്‍ക്കുന്നതിന് ദൈവത്തിന്റെ സഹായം കൂടിയേതീരു എന്നറിയുമ്പോഴാണ് നാം ദൈവത്തില്‍ എത്രമാത്രം ആശ്രയിക്കേണ്ടതുണ്ട് എന്ന് തിരിച്ചറിയുക. ക്രിസ്തുവിന്റെ മിഷനില്‍ പ്രവര്‍ത്തിക്കുന്നതിന് ആഫ്രിക്കയിലേക്ക് വരണമെന്നില്ല. ചെറിയവരിലൊരുവന് സഹായം ചെയ്യുമ്പോഴെല്ലാം നിങ്ങള്‍ ക്രിസ്തുവിനാണ് ചെയ്യുന്നത് ഡോ. ടോം പറയുന്നു.
അദ്ദേഹത്തിന്റെ ഹോസ്പിറ്റലില്‍ നിന്ന് 100 മീറ്റര്‍ അകലെ ദേവാലയമുണ്ട്. എല്ലാ ദിവസവും അദ്ദേഹം ദിവ്യബലിയില്‍ പങ്കുകൊള്ളും. അതില്ലാതെ തനിക്ക് ഇവിടെ നിന്നുപോകാനാകില്ലെന്നും കുര്‍ബാന മാത്രമല്ല വിശുദ്ധരുടെ പ്രചോദനവും തന്നെ ശക്തനാക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ആഫ്രിക്കന്‍ വിശുദ്ധരായ ജോസഫൈന് ബകിതയും ഡാനിയേലെ കോംമ്പാനിയും മാത്രമല്ല വി. ഫ്രാന്‍സിസ് അസീസിയും മദര്‍ തെരെസയും അദ്ദേഹത്തിന് റോള്‍ മോഡല്‍സാണ്. എല്ലാവരിലും വെച്ച് കുഷ്ഠരോഗിയെ കെട്ടിപ്പിടിച്ച വി. ഫ്രാന്‍സിസിനെയാണ് തനിക്കിഷ്ടമെന്നും, സഭ വിവാദങ്ങളുടെ നടുവിലായിരുന്നപ്പോള്‍ സഭയ്ക്കുള്ളില്‍ നിന്നുകൊണ്ട് ഒരു മാറ്റത്തിന് പരിശ്രമിച്ച ആളായിരുന്നു വി. ഫ്രാന്‍സിസ് അസീസി എന്നും അദ്ദേഹം പറയുന്നു.
മുമ്പെന്നത്തേതിനെക്കാളുമുപരി ഇന്ന് ആത്മായര്‍ സഭയുടെ സേവനങ്ങളില്‍ പങ്കുകാരാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ഉപവി പ്രവര്‍ത്തനങ്ങള്‍ വൈദികരുടെയും സിസ്റ്റര്‍മാരുടെയും മാത്രം കടമയല്ല, ആത്മായര്‍ക്കും അതിന് കടമയുണ്ട് എന്ന അദ്ദേഹം തന്റെ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു.
ഓരോ ദിവസവും മരണം മുന്നില്‍ കണ്ടുകൊണ്ടുള്ള ഡോ. ടോം കറ്റെനയുടെ സേവനം ലോകമനസാക്ഷിയെ ഉണര്‍ത്തിക്കഴിഞ്ഞു. അദ്ദേഹത്തെക്കുറിച്ചുള്ള ദ ഹാര്‍ട്ട് ഓഫ് ന്യൂബ എന്ന പേരില്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററി വൈറലായിക്കഴിഞ്ഞു. 2015 ല്‍ അദ്ദേഹത്തെ ടൈം മാഗസിന് ലോകത്തില്‍ ഏറ്റവും സ്വാധീനമുള്ള 100 ആളുകളിലൊരാളായി തിരഞ്ഞെടുത്തിരുന്നു. 2017 ല്‍ അദ്ദേഹത്തിന് മാനവരാശിയെ ഉണര്‍ത്തുന്നതിനുള്ള ഔറോറ പ്രൈസ് സമ്മാനിച്ചു.
Send your feedback to : onlinekeralacatholic@gmail.com