റഷ്യക്കാരുടെ പ്രിയപ്പെട്ട കസാനിലെ മാതാവിന്റെ അത്ഭുതകരമായ യാത്രകള്‍
ജോര്‍ജ് .കെ. ജെ - സെപ്തംബര്‍ 2020
റഷ്യന്‍ ജനതയുടെ ആത്മാവില്‍ നിറഞ്ഞുനില്ക്കുന്ന മാതാവാണ് ഔര്‍ ലേഡി ഓഫ് കസാന്‍. അത്ഭുതകരമായ വിധത്തില്‍ കസാനില്‍ കണ്ടെത്തിയ മാതാവിന്റെ തിരുസ്വരൂപമാണ് പിന്നീട് കാസാനിലെ മാതാവ് എന്ന പേരില്‍ പ്രചുരപ്രചാരം നേടിയത്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ ഏറ്റവും പ്രധാനപ്പെട്ടതും അത്ഭുതകരമായതുമായ മാതാവിന്റെ രൂപമാണ് കസാനിലെ മാതാവിന്റേത്. അതിന് ഫാത്തിമയിലെ മാതാവുമായും കത്തോലിക്കസഭയുമായും അഭേദ്യമായ ബന്ധമാണുള്ളത്. പെണ്‍കുട്ടികള്‍ വിവാഹം കഴിഞ്ഞ് ഭര്‍ത്തൃഗൃഹത്തിലേക്ക് പോകുമ്പോള്‍ അമ്മമാര്‍ അവരുടെ കൈവശം നല്‍കിയിരുന്ന ചിത്രം കാസാനിലെ മാതാവിന്റേതായിരുന്നു. റഷ്യയ്ക്ക് മാതാവിനോടും മാതാവിന് റഷ്യയോടും ഉള്ള ബന്ധവും സ്നേഹവും വാക്കുകള്‍ക്കതീതമാണ്.
റഷ്യയുടെ ചരിത്രത്തിലേയ്ക്കൊന്നെത്തി നോക്കിയാല്‍ മതി മാതാവിന് റഷ്യയിലുള്ള സ്വാധീനം നമുക്ക് വ്യക്തമായി മനസ്സിലാക്കുവാന്‍ കഴിയും. മാതാവിന്റെ സ്വാധീനം അവരുടെ സംസ്ക്കാരത്തിലും കലയിലും വാസ്തുവിദ്യയിലുമെല്ലാം ഇഴുകിച്ചേര്ന്നിരിക്കുന്നുവെന്നതാണ് സത്യം. റഷ്യയില്‍ മാതാവിന്റെ വിവിധതരത്തിലുള്ള ചിത്രങ്ങള്‍ പ്രചാരത്തിലുണ്ടെങ്കിലും അത്ഭുതകരമായ സ്വരൂപങ്ങളായി കണക്കാക്കപ്പെടുന്നത് വ്ളാഡിമീര്‍, കസാന്‍, സ്മോളന്‍സ്ക്, സ്റ്റോക്കോവ എന്നിവിടങ്ങളിലെ സ്വരൂപങ്ങളാണ്.
റഷ്യന്‍ സാമ്രജ്യത്തെ തകര്‍ത്ത് സോവിയറ്റ് യൂനിയന്‍ നിലവില്‍ വന്ന 1917 ലെ വിപ്ലത്തിനുമുമ്പ് റഷ്യ അറിയപ്പെട്ടിരുന്നത് ഹൗസ് ഓഫ് മേരി അഥവാ മേരിയുടെ വീട് എന്നായിരുന്നു. കാരണം, മറ്റ് ഏതൊരു രാജ്യത്തും ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ മാതാവിന്റെ പേരിലുള്ള ദേവാലയങ്ങളും തീര്ത്ഥടനകേന്ദ്രങ്ങളും റഷ്യയില്‍ ഉണ്ടായിരുന്നുവത്രെ. കസാനിലെ മാതാവിന്റെ ചരിത്രം റഷ്യയും മാതാവും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം വ്യക്തമാക്കിത്തരുന്നതാണ്.
റഷ്യ നിരീശ്വരത്വത്തിന്റെ ഇരുളില്‍ മുങ്ങവേ, പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ മാതാവ് മൂന്ന് ഇടയകുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു. റഷ്യയുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുക. അത്ഭുതമെന്ന് പറയട്ടെ ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം റഷ്യക്കാര്‍ക്ക് ഏറ്റവും പ്രിയങ്കരമായിരുന്ന ഔര്‍ ലേഡി ഓഫ് കസാന്‍ എന്ന മാതാവിന്റെ ചിത്രം മാതാവിന്റെ ദര്ശനമേറ്റുവാങ്ങിയ ഫാത്തിമയില്‍ പ്രതിഷ്ഠിക്കപ്പെട്ടു. റഷ്യയുടെ സംരക്ഷണം എന്നായിരുന്നു ആ ചിത്രം അറിയപ്പെട്ടിരുന്നത്. അവിടെ വെച്ചായിരുന്നു മാതാവ് ഇടയക്കുട്ടികളോട് പറഞ്ഞത്, പരിശുദ്ധപിതാവ് റഷ്യയെ എനിക്ക് സമര്‍പ്പിക്കും, റഷ്യ മാനസാന്തരപ്പെടും ലോകത്തിന് സമാധാനത്തിന്റെ ഒരു കാലഘട്ടം സമ്മാനിക്കപ്പെടും എന്ന്. സോവ്യറ്റ് റഷ്യയില്‍ നിന്നും ഫാത്തിമയിലേയ്ക്കും ഫാത്തിമയില്‍ നിന്നും റഷ്യയിലേയ്ക്കും തിരികെയെത്തിയ കസാനിലെ മാതാവിന്റെ തിരുസ്വരൂപത്തിന്റെ യാത്രകള്‍ അതിശയിപ്പിക്കുന്നതുതന്നെ. കസാനിലെ മാതാവിന്റെ നൂറ്റാണ്ടുകള്‍ നീളുന്ന യാത്രകളുടെ ചരിത്രം ഒരേ സമയം അത്ഭുതകരവും അവിശ്വനീയവുമാണ്.
കാസാനിലെ മാതാവിന്റെ സ്വരൂപത്തിന്റെ ചരിത്രം തുടങ്ങുന്നത് 1569 ലാണ്. മോസ്ക്കോയില്‍ നിന്നും 400 മൈല്‍ കിഴക്കുള്ള കസാന്‍ എന്ന സ്ഥലത്തുനിന്നായിരുന്നു ഈ സ്വരൂപം കണ്ടെത്തിയത്. ആ സമയത്ത് ആ പ്രദേശം വോള്‍ഗ ടാറ്റാര്സും റഷ്യന്‍ സര്ഡവുമായി നിരന്തരസംഘര്ഷത്തിലായിരുന്നു. അതിനെത്തുടര്‍ന്ന് ആ നഗരം കത്തിച്ചാമ്പലാവുകയും ചെയ്തിരുന്നു.
അക്കാലത്ത് കസാനിലെ മട്രോണ എന്ന പത്തുവയസുകാരിയ്ക്ക് രാത്രിയില്‍ മാതാവ് പ്രത്യക്ഷപ്പെട്ടു പറഞ്ഞു. കസാനിലെ തകര്‍ക്കപ്പെട്ട ദൈവാലയത്തിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നീ എന്റെ സ്വരൂപം കാണും എന്ന്. പക്ഷേ, പെണ്‍കുട്ടി ഇക്കാര്യം അവളുടെ അമ്മയെ അറിയിച്ചു. എന്നാല്‍ അവളുടെ അമ്മ അവളെ പുറത്തുപോകാന്‍ അനുവദിച്ചില്ല, കാരണം സംഘര്‍ഷം നടക്കുന്നതിനാല്‍ അത് അപകടകരമായിരുന്നു. വീണ്ടും രണ്ടുപ്രാവശ്യം കൂടി മാതാവ് ആ കുട്ടിക്ക് സ്വപനത്തില്‍ ദര്‍ശനം നല്കി അതേ കാര്യം തന്നെ ആവര്‍ത്തിച്ചു. ഇനിയും അവള് പോയില്ലെങ്കില്‍ തനിക്ക് അത് വിഷമമാകുമെന്നും പരിശുദ്ധ അമ്മ അറിയിച്ചു. മകളുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് അവളുടെ അമ്മ അടുത്ത പ്രഭാതത്തില്‍ മകളോടൊപ്പം പരിശുദ്ധ അമ്മ പറഞ്ഞ സ്ഥലത്തെത്തി. അഗ്നിക്കിരയായ ദേവാലയം നിന്നിരുന്ന സ്ഥലമായിരുന്നു അത്. ചാരകുമ്പാരത്തില് നിന്നും സ്വര്‍ണനിറമുള്ള വെളിച്ചം പ്രവഹിക്കുന്നത് അവര്‍ കണ്ടു. ചാരം നീക്കിയപ്പോള്‍ ഈശോയെ കൈയിലേന്തിയ മാതാവിന്റെ ഒരു ചിത്രം അവര്‍ക്ക് ലഭിച്ചു. അത് കൈയില്‍ പിടിച്ചുനില്ക്കവേ, അവിടെയെത്തിയ ഒരു അന്ധന് പെട്ടെന്ന് കാഴ്ച ലഭിച്ചു. മാതാവിന്റെ അത്ഭുതം നാട്ടിലെങ്ങും പാട്ടായി. വാര്‍ത്ത സര് ചക്രവര്‍ത്തിയുടെ കാതിലുമെത്തി. ആ രൂപംഎത്രയും വേഗം മോസ്ക്കോയിലെത്തിക്കുവാന് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ നുറ്റാണ്ടുകളോളം അത്ഭുതകരമായ മാതാവിന്റെ സ്വരൂപം മോസ്ക്കോയിലെ കത്തീഡ്രലില്‍ സ്ഥിരപ്രതിഷ്ഠിതമായി. അത് റഷ്യയുട സംരക്ഷണം എന്ന് അറിയപ്പെട്ടു.
യുദ്ധത്തിനു പുറപ്പെടും മുമ്പ് ആ രൂപം പട്ടാളക്കാര്ക്കുമുമ്പില് ഉയര്‍ത്തിപ്പിടിച്ച് റഷ്യയുടെ സംരക്ഷണത്തിനായി പ്രാര്‍ത്ഥിക്കുക പതിവായിരുന്നു. അതുകൊണ്ടാവാം, യുദ്ധത്തില്‍ വലിയ നഷ്ടങ്ങള്‍ നേരിട്ടെങ്കിലും റഷ്യയെ ആര്‍ക്കും കീഴടക്കാന്‍ കഴിയാതിരുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു.
എന്നാല്‍, 1918 ബോള്‍ഷെവിക്സ് അധികാരത്തിലെത്തിയപ്പോള്‍ കാസാനിലെ മാതാവിന്റെ രൂപം വാര്‍സോയിലെ ഒരു വ്യാപാരിക്ക് വിറ്റു. ഒടുവില്‍ അത് കറങ്ങിത്തിരിഞ്ഞ് ഇംഗ്ലണ്ടിലെ ഒരു പ്രഭുവിന്റെ കൈവശമെത്തി. അദ്ദേഹം ആ രൂപം തന്റെ വീട്ടിലെ ഭിത്തിയില്‍ തൂക്കിയിട്ടു.
1950 ല്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് ബിഷപ് യാദൃശ്ചികമായി ആ വീട് സന്ദര്ശിക്കാനിടയാവുകയും ആ രൂപം തിരിച്ചറിയുകയും ചെയ്തു. താങ്കള്‍ റഷ്യയുടെ സംരക്ഷണമാണ് കൈവശം വെച്ചിരിക്കുന്നതെന്ന് വീട്ടുടമസ്ഥനെ അറിയിക്കുകയും ചെയ്തു.
1860 ല്‍ അദ്ദേഹത്തിന്റെ മരണശേഷം ഫാത്തിമായിലെ ബ്ലൂ ആര്‍മി എന്നറിയപ്പെടുന്ന സംഘടന ആ രൂപം വിലയ്ക്കുവാങ്ങി ഫാത്തിമയിലേക്ക് കൊണ്ടുപോയി. 1970 ല്‍ ഫാത്തിമായില്‍ ആ രൂപം പ്രതിഷ്ഠിക്കുന്നതിനുവേണ്ടി ഒരു ചാപ്പല്‍ പണിതു. അങ്ങനെ കസാനിലെ മാതാവിന്റെ ചിത്രം 1917 ല്‍ ഇടയകുട്ടികളോട് മാതാവ് റഷ്യയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ട അതേ സ്ഥലത്ത് എത്തിച്ചേര്‍ന്നു.
1978 ല്‍ വി. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ ഈ സ്വരൂപം റഷ്യയ്ക്ക് തിരികെ നല്‍കണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ കമ്മ്യൂണിസ്റ്റ് നുകത്തിനുകീഴിലായതിനാല് അത് സാധ്യമല്ലായിരുന്നു. 1991 ല്‍ ഇരുമ്പമറ തകര്‍ന്നപ്പോള്‍ മാര്‍പാപ്പ പോര്‍ച്ചുഗലിലെ വത്തിക്കാന്‍ അംബാസഡറെ വിളിച്ചുവരുത്തി കസാനിലെ സ്വരൂപം വത്തിക്കാനിലേയ്ക്ക് കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. മാര്‍പാപ്പ റഷ്യ സന്ദര്‍ശിക്കുമ്പോള്‍ തിരികെ കൊടുക്കാമെന്നായിരുന്നു ഉദ്ദേശം.
എന്നാല്‍, റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ നേതാക്കള്‍ക്ക് അത് മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അത് തിരികെ കൊണ്ടുവരുന്നതില്‍ താല്പര്യമില്ലായിരുന്നു. കാരണം കത്തോലിക്കസഭയുടെ മഹത്തായ തിരിച്ചുവരവായി അത് വ്യാഖ്യാനിച്ചേക്കാം എന്നവര്‍ ഭയപ്പെട്ടു.
ഏതായാലും 2004 ല്‍ ക്രൈസ്തവ ഐക്യത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘം തലവന്‍ കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പര്‍ മോസ്കോ സന്ദര്‍ശിക്കുകയും തിരുസ്വരൂപം ഓര്‍ത്തഡോസ്ക് പാത്രീയാര്‍ക്കീസ് അലക്സി രണ്ടാമന്റെ കൈകളില്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു.
ഇന്നും കാസാനിലെ മാതാവിന്റെ കൃപ കമ്മ്യൂണിസ്റ്റ് നുകത്തിന്റെ കീഴില്‍ നിന്നും രക്ഷപ്പെട്ട ഒരു ജനതയുടെ വെളിച്ചവും അനുഗ്രഹവുമായി നിലകൊള്ളുന്നു.
Send your feedback to : onlinekeralacatholic@gmail.com