അയര്‍ലന്‍ഡിലെ നോക്കില്‍ മാതാവിന്റെ പ്രത്യക്ഷീകരണം: ഒരു ഗ്രാമത്തിന്റെ ചരിത്രം മാറ്റിയെഴുതിയ നിശബ്ദ ദര്‍ശനം.
ബോബന് എബ്രാഹം - മാര്‍ച്ച് 2021
പരിശുദ്ധ കന്യകാമറിയം നല്കിയ അസംഖ്യം ദര്‍ശനങ്ങളില്‍ അടുത്തകാലത്ത് ഏറ്റവും ശ്രദ്ധനേടിയ പ്രത്യക്ഷീകരണമാണ് വടക്കുകിഴക്കന്‍ അയര്‍ലന്‍ഡിലെ മയോ കൗണ്ടിയിലെ നോക്ക് പാരീഷില്‍ നടന്നത്. മാതാവ് മാത്രമല്ല, വി. യൗസേപ്പിതാവും വി. യോഹന്നാനും ഒപ്പം ഉണ്ടായിരുന്നുവെന്നതാണ് ആ ദര്‍ശനത്തിന്റെ മറ്റൊരു സവിശേഷത. ഇപ്പോള്‍ അറിയപ്പെടുന്ന തീര്‍ത്ഥാടനകേന്ദ്രമായ ഷ്രൈന് ഓഫ് ഔര്‍ ലേഡി ഓഫ് നോക്ക് അന്തര്‍ദ്ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തി.
1879 ഓഗസ്റ്റ് 21. മയോ കൗണ്ടിയിലെ നോക്ക് പാരിഷ് ചര്‍ച്ചിലെ ഹൗസ്കീപ്പറായിരുന്ന മേരി മഗ്ലോഗ്ലിന് അടുക്കളയിലെ പണികളൊക്കെ തീര്‍ത്ത് മടങ്ങാനൊരുങ്ങുകയായിരുന്നു. അടുക്കളയിലെ ജനലിലൂടെ പുറത്തേക്ക് ഒന്ന് നോക്കിയപ്പോള്‍ പുറത്ത് കോരിച്ചൊരിയുന്ന മഴ. പെട്ടെന്ന് മഴത്തുള്ളികള്‍ക്കിടയിലൂടെ പള്ളിമതിലിനടുത്ത് വല്ലാത്ത പ്രകാശം. ഒന്നുകൂടി നോക്കി. കോരിച്ചൊരിയുന്ന മഴയിലും ആ വെളിച്ചം നല്ലവണ്ണം വ്യക്തമായിരുന്നു. അത്ഭുതമെന്നു പറയട്ടെ മതിലിനുമുന്നിലായി ആ വെളിച്ചത്തില്‍ മൂന്ന് രൂപങ്ങള്‍ അവള് ദര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം കാറ്റിലും മഴയിലും നശിച്ച രൂപങ്ങള്‍ മാറ്റിവെക്കാനായി പുതിയ രൂപങ്ങള്‍ ആരെങ്കിലും കൊണ്ടുവന്ന് വെച്ചതായിരിക്കുമെന്നാണ് മേരി ആദ്യം വിചാരിച്ചത്. പക്ഷേ, എന്തോ മേരിയ്ക്ക് ആകെ ഭയമായി. മേരി അടുത്തുള്ള തന്റെ സുഹൃത്ത് മാര്‍ഗരറ്റ് ബൈറന്റെ വീട്ടിലേക്ക് തിടുക്കത്തില്‍ പോയി കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു.
മേരി അര മണിക്കൂറോളം തന്റെ സുഹൃത്തിന്റെ വീട്ടില്‍ കാത്തുനിന്നു. ഒടുവില്‍ മടങ്ങിപ്പോകുവാന്‍ തീരുമാനിച്ചു. ഏതായാലും കഥ കേട്ടപ്പോള്‍ മാര്‍ഗരറ്റിന്റെ സഹോദരിയായ മേരി ബൈറന് അവളോടൊപ്പം വരാന്‍ തയാറായി. ദേവാലയത്തിനടുത്തെത്തിയപ്പോള്‍, അവര്‍ക്ക് രണ്ടുപേര്‍ക്കും അത്ഭുതകരമായ ആ ദൃശ്യം കൂടുതല്‍ വ്യക്തമായി. പരിശുദ്ധ മറിയവും സെന്റ് ജോസഫും സെന്റ് ജോണിന്റെയും രൂപമാണ് തങ്ങള്‍ കാണുന്നതെന്ന് അവര്‍ക്ക് മനസ്സിലായി. സെന്റ് ജോണിന്റെ ഇടതുവശത്തായി ഒരു അള്‍ത്താരയും അള്‍ത്താരയില്‍ ഒരു കുഞ്ഞാടും അവര്‍ കണ്ടു. അള്‍ത്താരയ്ക്ക് പുറകിലായി ഒരു കുരിശും അള്‍ത്താരയുടെ ഇരുവശങ്ങളിലുമായി ആരാധിക്കുന്ന മാലാഖമാരും ഉണ്ടായിരുന്നു. മാര്‍ഗരറ്റിന്റെ സഹോദരിയായ മേരി അതുകണ്ടപാടെ തന്റെ കുടുംബത്തിലുള്ളവരെക്കൂടി വിവരമറിയിക്കുവാനായി ഓടിപ്പോയി. അവരെക്കൂടി കൂട്ടിവന്നു.
സംഭവം കേട്ടറിഞ്ഞ് പെട്ടെന്നുതന്നെ 15 പേര് സ്ഥലത്തെത്തി. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചുകൊണ്ട് അവര്‍ ആ മാസ്മരികമായ ദര്ശനത്തിനുമുമ്പില് മുട്ടുകുത്തി കൊന്ത ചൊല്ലുവാന്‍ തുടങ്ങി. 6 വയസ്സുള്ള കുട്ടി മുതല്‍ 75 വയസ്സ് വരെയുള്ളവരായിരുണ്ടായിരുന്നു ആ 15 പേരില്‍. മഴയില്‍ കുതിര്‍ന്നെങ്കിലും അവര്‍ കണ്ടുകൊണ്ടിരുന്ന ദൃശ്യത്തിന് യാതൊരുവിധ വെളിച്ചക്കുറവുമുണ്ടായിരുന്നില്ല. പരിശുദ്ധ അമ്മ സ്വര്‍ഗ്ഗത്തിലേക്ക് നോക്കിനില്ക്കുകയായിരുന്നു. തലയില്‍ സ്വര്ണ്ണക്കിരീടവുമുണ്ടായിരുന്നു.
ലാസലറ്റിലെയും ലൂര്ദ്ദിലേയും ഫാത്തിമയിലെയും മാതാവിന്റെ പ്രത്യക്ഷീകരണത്തിനുവിപരീതമായി നോക്കിലെ മാതാവിന്റെ പ്രത്യക്ഷീകരണത്തില്‍ മാതാവ് ഒരക്ഷരം പോലും ഉരിയാടിയിരുന്നില്ല.
തൊട്ടടുത്ത ദിവസം ഇടവകയിലെ ആളുകള്‍ വൈദികനോട് വിവരം പറഞ്ഞു. അദ്ദേഹം തുവാമിലെ ബിഷപ്പിനെ വിവരമറിയിച്ചു. ബിഷപ് അത്ഭുതം ദര്‍ശിച്ചവരെ ഇന്റര്‍വ്യൂ ചെയ്യുവാന്‍ കമ്മീഷനെ നിയമിച്ചു. പക്ഷേ കമ്മീഷന് അവര്‍ വിവരിച്ചതൊന്നും വിശ്വസിച്ചില്ല. പരിസരത്തുള്ള പ്രൊട്ടസ്റ്റന്റ്കാരന്‍ കോണ്‍സ്റ്റബിള്‍ കത്തോലിക്കരെ കളിപ്പിക്കാന്‍ ചെയ്ത തട്ടിപ്പാണെന്നായിരുന്നു അവരുടെ ആദ്യത്തെ നിഗമനം.
പക്ഷേ, ആളുകള്‍ക്ക് മാതാവിന്റെ ദര്‍ശനത്തില്‍ യാതൊരു സംശയവുമില്ലായിരുന്നു. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും നോക്കിലേക്ക് തീര്‍ത്ഥാടകര്‍ ഒഴുകിയെത്തിത്തുടങ്ങി. രണ്ടുവര്‍ഷത്തിനുശേഷം ടൊറാന്റോയിലെ ആര്‍ച്ചുബിഷപ് ജോണ്‍ ജോസഫ് ലിന്‍ച് തന്നെ അവിടം സന്ദര്‍ശിക്കുകയും നോക്കിലെ മാതാവ് തന്നെ സൗഖ്യപ്പെടുത്തി എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ആ അത്ഭുതം ദര്‍ശിച്ചവരില്‍ മേരി ബൈറന് വിവാഹം കഴിച്ച് ആറ് മക്കളുമായി നോക്കില്‍ തന്നെ താമസിച്ചു. 1936 ല്‍ മേരിയുടെ 86 ാമത്തെ വയസില്‍ വീണ്ടും ഇന്റര്‍വ്യൂ നടത്തിയപ്പോഴും മേരി 1879 ല്‍ പറഞ്ഞതില്‍ നിന്നും ഒരു വള്ളിപുള്ളിപോലും മാറിയിരുന്നില്ല.
മാതാവിന്റെയും യൗസേപ്പിതാവിന്റെയും സെന്റ് ജോണിന്റെയും ദര്‍ശനം ശാന്തമായിരുന്ന ആ ഗ്രാമത്തിന്റെ ചരിത്രം മാറ്റിയെഴുതി. 1976 ല്‍ ഔര്‍ ലേഡി ക്വീന്‍ ഓഫ് അയര്‍ലന്‍ഡ് എന്ന പേരില്‍ അവിടെ വലിയൊരു ദേവാലയം പണികഴിപ്പിച്ചു. ലക്ഷക്കണക്കിനാളുകളാണ് മാതാവിന്റെ ദര്‍ശനവും അത്ഭുതസൗഖ്യവും തേടി വര്‍ഷംതോറും ആ തീര്ത്ഥാനടകേന്ദ്രത്തിലെത്തുന്നത്.
പിന്നീട് അയര്‍ലന്‍ഡിലെ സഭ ഏര്‍പ്പെടുത്തിയ അന്വേഷണം പൂര്‍ത്തിയാക്കി ഈ ദര്‍ശനം വിശ്വാസയോഗ്യമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ 1979 ല്‍ അവിടം സന്ദര്‍ശിച്ചിരുന്നു. 1993 ല്‍ മദര്‍ തെരേസയും സന്ദര്‍ശിച്ച് മനുഷ്യജീവന്റെ മാഹാത്മ്യത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. 2018ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വേള്‍ഡ് ഫാമിലി മീറ്റില്‍ സംബന്ധിക്കാനെത്തിയപ്പോള്‍ ഈ ദേവാലയം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
2021 ലെ സെന്റ് ജോസഫിന്റെ തിരുന്നാളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഈ തീര്‍ത്ഥാടനകേന്ദ്രത്തെ ഇന്റര്‍നാഷണല്‍ മരിയന്‍ ആന്റ് യൂക്കരിസ്റ്റിക് ഷ്രൈന് ആയി ഉയര്‍ത്തി.
Send your feedback to : onlinekeralacatholic@gmail.com