ഫ്രാന്‍സില്‍ പ്രത്യക്ഷപ്പെട്ട മാതാവിനോട് പേരു ചോദിച്ച ബെനഡിക്ട റെന്ക്യൂറല്
എബി വിനോദ് - ഒക്ടോബര്‍ 2020
ഫ്രാന്‍സിലെ മാതാവിന്റെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമാണ് ലാവൂസ്. 17-ാം നൂറ്റാണ്ടിലാണ് ഔര്‍ ലേഡി ഓഫ് ലാവൂസ് തീര്‍ത്ഥാടകരുടെ ശ്രദ്ധാകേന്ദ്രമായി മാറിയത്. ലാവൂസിലെ അനാഥയായ ബെനടിക്ട റെന്ക്യൂറല് എന്ന ഇടയ ബാലികയ്ക്ക് 1664-1718 വരെയുള്ള കാലയളവില്‍ പരിശുദ്ധ അമ്മ നല്കിയ വ്യക്തിപരമായ പ്രത്യക്ഷീകരണത്തിന് 2008 ലാണ് വത്തിക്കാന്‍ അംഗീകാരം നല്‍കിയത്. എന്നാല്‍ 17-ാം നൂറ്റാണ്ടുമുതല്‍ തന്നെ ലാവൂസിലെ പാപികളുടെ ആശ്രയമായ മാതാവ് ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെ ആകര്‍ഷിച്ചുതുടങ്ങിയിരുന്നു. യൂറോപ്പിലെ അധികം അറിയപ്പെടാത്തതും എന്നാല്‍ ഏറ്റവുമധികം ശക്തിയുള്ളതും അത്ഭുത രോഗശാന്തികള്‍ നടക്കുന്ന മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രമായി ഇന്ന് ലാവൂസ് മാറിക്കഴിഞ്ഞു. 1862- ലെ ലൂര്‍ദ്ദിലെ മാതാവിന്റെ പ്രത്യക്ഷീകരണത്തിനുശേഷം നടതും ഏറ്റവും അധികം ചര്ച്ചാവിഷയമായതുമായ പ്രത്യക്ഷീകരണമായിരുന്നു നിരക്ഷരയും നിഷ്കളങ്കയുമായ ബെനഡിക്ട റെന്ക്യൂറലിന് ലഭിച്ചത്.
ബെനഡിക്ട റെന്ക്യുറല് 1647 സെപ്റ്റംബറിലാണ് ഭൂജാതയായത്. 7 വയസ്സുള്ളപ്പോള്‍ അവള്‍ക്ക് പിതാവിനെ നഷ്ടമായി. അതോടെ പഠിക്കുവാന്‍ പോകാന്‍ കഴിയാതെ അവള് അടുത്തുള്ള ഒരു വീട്ടിലെ ആടിനെ മേയ്ക്കുന്ന ജോലി ഏറ്റെടുത്തു. കുടുംബത്തിന് അത്താണിയായി. എഴുത്തും വായനയും അവള്‍ക്ക് അറിയില്ലായിരുന്നു. ആകെയുള്ള അറിവ് ഇടവക ദേവാലയത്തില്‍ നിന്നും ഞായറാഴ്ച കേള്‍ക്കുന്ന വചനപ്രഘോഷണം ഒന്നുമാത്രമായിരുന്നു. ആടുകള്‍ മേയുമ്പോള്‍ അവള് കൊന്തമണികളില്‍ അഭയം തേടുമായിരുന്നു.
സുന്ദരി നീ ആരാണ്?
1664-ലെ ഒരു ദിവസം ബനഡിക്ട ആടുകളെ മേയാന്‍ വിട്ട് കൊന്ത ചൊല്ലുകയായിരുന്നു. അപ്പോഴാണ് അടുത്തുള്ള പാറയില്‍ സുന്ദരിയായ ഒരു യുവതി കൈയില്‍ കുഞ്ഞിനെയുമെടുത്ത് നില്ക്കുന്നതായി അവള് കണ്ടത്. നിഷ്കളങ്കയായ ആ പെണ്‍കുട്ടി ചോദിച്ചു. സുന്ദരി നീയാരാണ്? നീ അവിടെയെന്തെടുക്കുകയാണ്? എന്റെ കൈയില്‍ ബ്രഡുണ്ട്, വാ നമുക്കത് കഴിക്കാം. അത് മാതാവായിരുന്നു. ബെനഡിക്ടയുടെ നിഷ്കളങ്കമായ വാക്കുകള്‍ കേട്ട് മാതാവ് പുഞ്ചിരിച്ചു. ബനഡിക്ട വീണ്ടും ചോദിച്ചു. സുന്ദരിയായ സ്ത്രീയെ ആ കുഞ്ഞിനെ എനിക്കുതരുമോ, അവന് ഞങ്ങളെ സന്തോഷിപ്പിക്കും. ആ കുഞ്ഞിനെ തര്വോ? വീണ്ടും ബെനഡിക്ട കെഞ്ചി. പക്ഷേ ആ രൂപം വീണ്ടും പുഞ്ചിരിച്ചതല്ലാതെ ഒന്നും സംസാരിച്ചില്ല. ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ ആ രൂപം കുഞ്ഞിനെയും കൊണ്ട് അടുത്തുള്ള ഗുഹയിലേക്ക് മറഞ്ഞു. പിന്നീട് നാലുമാസത്തേയ്ക്ക് ബനഡിക്ടയ്ക്ക് മാതാവ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.
തന്റെ യജമാനത്തിയോട് ബനഡിക്ട ഈ സംഭവം പറഞ്ഞെങ്കിലും വിശ്വസിച്ചില്ല. ഒരു ദിവസം യജമാനത്തി അവളറിയാതെ ബെനഡിക്ടയെ പിന്തുടര്ന്നു. പതിവുപോലെ മാതാവ് ബെനഡിക്ടയ്ക്ക് പ്രത്യക്ഷപ്പെട്ടു. യജമാനത്തിക്ക് മാതാവിന്റെ രൂപം കാണാന്‍ കഴിഞ്ഞില്ലെങ്കിലും മാതാവ് ബെനഡിക്ടയോട് സംസാരിക്കുന്നത് അവള്‍ക്കും കേള്‍ക്കാന്‍ കഴിഞ്ഞു. യജമാനത്തിയുടെ ആത്മാവ് അപകടത്തിലാണ്. യജമാനത്തി മനസാക്ഷിയില് എന്തോ ഒളിപ്പിച്ചിരിക്കുന്നുവെന്നും അവളോട് പാപപരിഹാരം ചെയ്യുക എന്ന് ചെന്നുപറയുക - മാതാവ് ബെനഡിക്ടയോട് പറഞ്ഞു. മാതാവിന്റെ വാക്കുകള്‍ മറഞ്ഞിരുന്ന കേട്ട യജമാനത്തി തിരികെ വന്ന് കൂദാശകള്‍ സ്വീകരിച്ചു, ശിഷ്ടകാലം ഭക്തയായി ജീവിച്ചു.
ഒരു ദിവസം ബെനഡിക്ട ആ സ്ത്രീരൂപത്തോട് ചോദിച്ചു. എന്താ നിന്റെ പേര്? എന്റെ പേര് മേരി ആ രൂപം പ്രതിവചിച്ചു. 1664-1665 ശൈത്യകാലത്ത് ബനഡിക്ട പതിവായി ലാവൂസിലെത്തി. എല്ലാ ദിവസവും മാതാവിന്റെ ദര്‍ശനമുണ്ടായി. പാപികള്‍ക്കുവേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുവാന്‍ മാതാവ് നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. അവിടെ ഒരു ദേവാലയം പണിയണമെന്നും പാപികളുടെ മാനസാന്തരത്തിനും കുമ്പസാരത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനായി അവിടെ ഒരു വൈദികഭവനം വേണമെന്നും മാതാവ് ആവശ്യപ്പെട്ടു.
പരീക്ഷണങ്ങളുടെ തീച്ചൂളയില്‍
ബെനഡിക്ടയുടെ ദര്‍ശനങ്ങളെ ആരും വിശ്വസിച്ചില്ല. അവള് വെറും തട്ടിപ്പുകാരിയാണെന്നായിരുന്നു വൈദികരുടെ പക്ഷം. 15 വര്‍ഷത്തോളം അവള് വീട്ടുതടങ്കലിലായി. ദര്‍ശനം തട്ടിപ്പാണെന്നായിരുന്നു അവര്‍ കരുതിയത്. അവളുടെ വാക്കുകള്‍ വിശ്വസിച്ചില്ല. ഒടുവില്‍ ബെനഡിക്ടയുടെ തട്ടിപ്പുകള്‍ അവസാനിപ്പിക്കണമെന്ന ഉദ്ദേശത്തോടെ രൂപത വികാരി ജനറാള്‍ ഫാ. അന്റോണിയോ ലാംബര്‍ട്ട് അവിടെയെത്തി. ദര്‍ശനമല്ല അത് വെറും മായികക്കാഴ്ചകളാണെന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ബെനഡിക്ട നിരന്തരമായ ചോദ്യം ചെയ്യലിന് വിധേയായി പക്ഷേ അവള് ഒരിക്കലും സമചിത്തത വെടിഞ്ഞില്ല. ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്കി. ഞാനിവിടെ വന്നത് നിന്റെ തട്ടിപ്പുകള്‍ അവസാനിപ്പിക്കാനാണെന്നും ഇവിടുത്തെ ചാപ്പല്‍ അടച്ചുപൂട്ടാന്‍ പോകുകയാണെന്നും നീ വീട്ടിലേക്ക് മടങ്ങിപ്പോകണമെന്നും ഫാ. ലംബാര്‍ട്ട് അവളോട് പറഞ്ഞു.
ബെനഡിക്ട ഇതുകേട്ട് അദ്ദേഹത്തോട് പറഞ്ഞു. പിതാവേ അങ്ങ് വൈദികനായപ്പോള്‍ ലഭിച്ച ശക്തി ഉപയോഗിച്ച് ഓരോ ദിവസവും ബലിപീഠത്തിലേക്ക് ദൈവത്തെ വിളിച്ചുവരുത്താന്‍ അങ്ങേക്ക് സാധിക്കും, എന്നാല്‍ തന്റെ ഇഷ്ടപ്രകാരം ഇവിടെ പ്രവര്‍ത്തിക്കുന്ന മാതാവിനോട് അജ്ഞാപിക്കാന്‍ അങ്ങേക്ക് കഴിയില്ലല്ലോ. അവളുടെ മറുപടി കേട്ട് ഫാ. ലംബാര്‍ട്ട് പറഞ്ഞു. എങ്കില്‍ മാതാവിനോട് ഒരു അത്ഭുതം പ്രവര്‍ത്തിക്കുവാന്‍ നീ പ്രാര്‍ത്ഥിക്കുക.
ഫാ. ലംബാര്‍ട്ട് അന്നുതന്നെ മടങ്ങുവാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും വലിയ മഴ കാരണം രണ്ടുദിവസത്തേക്ക് അദ്ദേഹത്തിന് അവിടെത്തന്നെ തങ്ങേണ്ടിവന്നു. ആ സമയത്ത് ആ പ്രദേശത്തെ അറിയപ്പെടുന്ന കാതറിന് വിയാല്‍ എന്ന കൂനുള്ള ഒരു സ്ത്രീയെ അവിടെ ബന്ധുക്കള്‍ പ്രാര്‍ത്ഥിക്കാനായി കൊണ്ടുവന്നിരുന്നു. ആറു വര്‍ഷമായ ഞരമ്പുകളുടെ പ്രശ്നം കൊണ്ട് അവള്‍ക്ക് നേരെ നില്ക്കുവാന് കഴിയുമായിരുന്നില്ല. ഞരമ്പുകളുടെ തകരാറായതിനാല്‍ അത് ചികിത്സിച്ച് ഭേദമാക്കാനാകില്ല എന്ന് വൈദ്യډാര്‍ അവരോട് പറഞ്ഞിരുന്നു. ആ സമയത്ത് അമ്മയോടൊപ്പം അവിടെയെത്തിയ കാതറിന് നൊവേന ചൊല്ലിക്കൊണ്ടിരുന്നു. നൊവേനയുടെ അവസാനദിവസം രാത്രിയില്‍ കാതറിന് സൗഖ്യം പ്രാപിച്ചു. പിറ്റേന്ന് രാവിലെ ഫാ. ലംബാര്‍ട്ട് ബലിയര്പ്പിച്ചുകൊണ്ടിരിക്കവേ ഈ സ്ത്രീ ദേവലായത്തിലേക്ക് പരസഹായമില്ലാതെ നിവര്‍ന്നു നടന്നുവരുന്നതുകണ്ട വിശ്വാസികള്‍ അത്ഭുതം അത്ഭുതം എന്ന് ആര്‍ത്തുവിളിച്ചു. ഫാ. ലംബാര്ട്ടിന്റെ കണ്ണുകള്‍ നിറഞ്ഞുകവിഞ്ഞു. കുര്‍ബാന ചൊല്ലിത്തീര്‍ക്കുവാന്‍ അദ്ദേഹം പതിവിലും സമയമെടുത്തു. വൈകാതെ അദ്ദേഹം അവിടെ പരിശുദ്ധ അമ്മ ആവശ്യപ്പെട്ടതുപോലെ ഒരു ദേവലായം നിര്‍മ്മിക്കുവാന്‍ അനുവാദം നല്കി. 1665-ല്‍ രൂപത മാതാവിന്റെ പ്രത്യക്ഷീകരണത്തിന് അംഗീകാരം നല്കി. 2009 ല്‍ സഭ അവളെ വണങ്ങപ്പെട്ടവള് എന്ന് വിളിച്ചു.
മാതാവിന്റെ സന്ദേശം
പശ്ചാത്തപിക്കുക എന്നതായിരുന്നു മാതാവിന്റെ സന്ദേശത്തിന്റെ കാതല്‍. മറ്റുള്ളവര്‍ക്ക് ഉതപ്പുണ്ടാക്കുന്ന വിധത്തില്‍ ജീവിക്കുന്നവരയും അബോര്ഷന് നടത്തുന്നവരെയും വഴിതെറ്റി ജീവിക്കുന്ന പെണ്‍കുട്ടികളെയും ശാസിക്കുവാനും മാതാവ് അവളോട് പറഞ്ഞു. വൈദികരോടും സന്യസ്തരോടും തങ്ങളുടെ വ്രതങ്ങളോട് വിശ്വസ്തത പുലര്‍ത്തുവാന്‍ പരിശ്രിക്കണമെന്നു പറയുവാനും മാതാവ് ഓര്‍മ്മിപ്പിച്ചു. മാതാവിന്റെ സന്ദേശം സ്വീകരിച്ചുകൊണ്ട് പാപികളുടെ മനപരിവര്‍ത്തനത്തിനും അവരെ കുമ്പസാരത്തിനു കൊണ്ടുവരുന്നതിനുമായി ബനഡിക്ട തന്റെ ശിഷ്ടജീവിതം മാറ്റിവെച്ചു. അവള് ഡൊമിനിക്കന്‍ മൂന്നാം ഓര്‍ഡറില്‍ അംഗമായി സൈറ്റില്‍ത്തന്നെ കഴിഞ്ഞുകൂടി. തന്നെ കാണാനെത്തുന്നവര്‍ക്ക് മാനസാന്തരത്തിന് വഴിഒരുക്കി. കാണാനെത്തുന്നവരുടെ മനസ്സ് വായിച്ച് കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതിന് മാതാവ് അവളെ അനുഗ്രഹിച്ചു. അനേകരുടെ മാനസാന്തരത്തിന് അത് വഴിയൊരുക്കി.
ക്രിസ്തുവിന്റെ പീഡാസഹനങ്ങളില്‍
1669 നും 1679 നുമിടയില്‍ ബെനഡിക്ടയ്ക്ക് അഞ്ച് പ്രാവശ്യം പീഡിതനായ ക്രിസ്തുവിന്റെ ദര്‍ശനമുണ്ടായി. 1673 ജൂലൈയിലെ ഒരു വെള്ളിയാഴ്ച ദര്ശനമധ്യേ പീഡിതനായ ക്രിസ്തുരൂപം അവളോട് പറഞ്ഞു; മകളെ ഞാന്‍ എന്നെ നിനക്കു വെളിപ്പെടുത്തുന്നത് നിനക്ക് എന്റെ സഹനത്തില്‍ പങ്കുചേരാനാണ്. 19 വര്‍ഷത്തോളം ക്രിസ്തുവിന്റെ ക്രൂശിത സഹനത്തില്‍ അവള് പങ്കുകൊണ്ടു. എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം തുടങ്ങി ശനിയാഴ്ച രാവിലെ വരെ അവള് അപാരമായ വേദന അനുഭവിച്ചുകൊണ്ടിരുന്നു.
1718 ക്രിസ്തുമസ് ദിനത്തില്‍ ബെനഡിക്ട ദിവ്യകാരുണ്യം സ്വീകരിച്ചു. മൂന്നുദിവസം കഴിഞ്ഞ് കുമ്പസാരവും അന്തിലേപനവും സ്വീകരിച്ച ശേഷം അടുത്തുണ്ടായിരുന്നവരോട് ഗുഡ്ബൈ പറഞ്ഞു. പിന്നെ ക്രൂശിതരൂപത്തില്‍ മുത്തമിട്ടുകൊണ്ട് അവള് മറഞ്ഞു.
Send your feedback to : onlinekeralacatholic@gmail.com