സ്പെയിനിലെ ഔര്‍ ലേഡി ഓഫ് ദ പില്ലര്‍: ഇതായിരുന്നു ലോകത്തിലെ ആദ്യത്തെ മരിയന്‍ പ്രത്യക്ഷീകരണം?
ജെയ്സണ്‍ പീറ്റര്‍ - സെപ്തംബര്‍ 2021
സ്പെയിനിലെ ഔര്‍ ലേഡി ഓഫ് ദ പില്ലര്‍ എന്നറിയപ്പെടുന്ന മാതാവിന്റെ പ്രത്യക്ഷീകരണമാണ് ലോകത്തിലെ ആദ്യത്തെ മരിയന്‍ പ്രത്യക്ഷീകരണം. കന്യകാമറിയം ഈ ലോകത്തില്‍ ഉണ്ടായിരുന്ന കാലത്തു തന്നെയായിരുന്നു സ്പെയിനില്‍ പ്രത്യക്ഷപ്പെട്ടത് എന്നതാണ് മാതാവിന്റെ ആദ്യത്തെ പ്രത്യക്ഷീകരണത്തിന്റെ സവിശേഷത. ആ സമയത്ത് പരിശുദ്ധ മാതാവ് അപ്പസ്തോലനായ യോഹന്നാനൊപ്പം ജറുസലേമിലായിരുന്നതിനാല് മാതാവിന്റെ പ്രത്യക്ഷീകരണം ബൈലൊക്കേഷനായിരുന്നു. ബൈലൊക്കേഷനെന്നാല് ഒരു വ്യക്തിക്ക് ഒരേ സമയം രണ്ടുസ്ഥലങ്ങളില്‍ ആയിരിക്കുവാന്‍ കഴിയുന്ന അവസ്ഥയാണ്. വി. പള്ളോട്ടിയെപ്പോലെ ഉള്ള പല വിശുദ്ധന്മാരും അത്തരം കഴിവുകള്‍ ഉള്ളവരായിരുന്നു. മാതാവിന്റെ ഈ പ്രത്യക്ഷീകരണം മറ്റ് പ്രത്യക്ഷീകരണങ്ങള്‍ പോലെ തെളിയിക്കപ്പെട്ടതല്ല മറിച്ച് കത്തോലിക്കസഭയുടെ പാരമ്പര്യങ്ങളില്‍ പ്രതിപാദിക്കുന്നതാണ്.
പാരമ്പര്യമനുസരിച്ച്, വി. യോഹന്നാന്റെ സഹോദരനായ യാക്കോബ് സ്പെയിനില്‍ സുവിശേഷമറിയിക്കാനായി പോയി. വളരെയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ച് അദ്ദേഹവും അനുചരന്മാരും അവിടുത്തെ ജനതയോട് സുവിശേഷം പ്രസംഗിച്ചെങ്കിലും അതുകൊണ്ട് യാതൊരു മാറ്റവുമുണ്ടായില്ലെന്നു മാത്രമല്ല അവര്‍ക്ക് വളരെയധികം കഷ്ടപ്പാടുകള്‍ സഹിക്കേണ്ടിയും വന്നു. നിരാശനും ദുഖിതനുമായിത്തീര്ന്ന യാക്കോബ് ശ്ലീഹാ എബ്രോ നദീതീരത്ത് തളര്‍ന്നിരുന്നു. ആ സമയത്ത് പരിശുദ്ധ അമ്മ അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ടു, ആയിരക്കണക്കിന് മാലാഖമാരോടൊപ്പമായിരുന്നു അമ്മയുടെ പ്രത്യക്ഷീകരണം. ദര്‍ശനം നല്കിയ മാതാവ് അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
മാതാവ് ഉണ്ണിയേശുവിനെ കൈകളിലേന്തി ഒരു തൂണിനുമുകളില്‍ നില്ക്കുന്നതായിട്ടാണ് യാക്കോബ് ശ്ലീഹാ ദര്‍ശിച്ചത്. വി. ജെയിംസിനോടും അദ്ദേഹത്തിന്റെ അനുചരന്മാരോടും ആ സ്ഥലത്ത് ഒരു ദേവാലയം പണിയുവാന്‍ മാതാവ് ആവശ്യപ്പെട്ടു. ആ ദേവാലയം ആ നിമിഷം മുതല്‍ സമയത്തിന്റെ അവസാനം വരെ നിലനില്‍ക്കുമെന്നും തന്നിലഭയം തേടി മാദ്ധ്യസ്ഥ്യം യാചിക്കുന്നവര്ക്കായി ദൈവം അവിടെ ദൈവം അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കുമെന്നും മാതാവ് പറഞ്ഞു.
മാതാവിന് പ്രതിഷ്ഠിക്കപ്പെട്ട ലോകചരിത്രത്തിലെ ആദ്യത്തെ ദേവാലയമായ സരാഗോസയിലെ ഔര്‍ ലേഡി ഓഫ് ദ പില്ലര്‍ ചര്‍ച്ച് അനേകം യുദ്ധങ്ങളെയും അക്രമങ്ങളെയും അതിജീവിച്ച് ഇന്നും തല ഉയര്‍ത്തി നില്ക്കുന്നു.
സ്പാനിഷ് ആഭ്യന്തരയുദ്ധക്കാലത്ത് (1936-1939) കമ്മ്യൂണിസ്റ്റുകാര്‍ വിമാനത്തില്‍ നിന്ന് ഈ ദേവാലയത്തിന് മുകളിലേക്ക് മൂന്ന് ബോംബുകള്‍ വര്ഷിച്ചുവെങ്കിലും ബോംബ് ദേവാലയത്തിന്റെ മേല്‍ക്കൂരയില്‍ തട്ടി രണ്ടായി പിളര്ന്നുപോയിയെന്നല്ലാതെ പൊട്ടിത്തെറിച്ചില്ല. ആ ബോംബുകളില്‍ മൂന്നെണ്ണം ഇപ്പോഴും ബസിലിക്കയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പാരമ്പര്യമനുസരിച്ച് പരിശുദ്ധ മാതാവ് അപ്പസ്തോലനായ ജെയിംസിന് കൈമാറിയ മരം കൊണ്ടുള്ള തിരുസ്വരൂപം ഇപ്പോഴും മാതാവ് പ്രത്യക്ഷപ്പെട്ട ആ തൂണില്‍ സ്ഥാപിച്ചിരിക്കുന്നു. വളരെ ചെറുതാണ് ആ രൂപം. 15 ഇഞ്ച് ഉയരമുള്ള ആ രൂപം 5.9 അടി ഉയരമുള്ള ഒരു തൂണില്‍ ഇപ്പോഴും നിലകൊള്ളുന്നു. ദേവാലയം പല കാലങ്ങളിലായി നവീകരിക്കപ്പെട്ടിട്ടുണ്ട്. അവസാനത്തെ നവീകരണം നടന്നത് 17 ാം നൂറ്റാണ്ടിലായിരുന്നു. ഈ ദേവാലയമാണ് സ്പെയിനിലെ രണ്ടാമത്തെ ഏറ്റവും വലിയ ദേവാലയം.
ഔര്‍ ലേഡി ഓഫ് ദ പില്ലര്‍ സ്പെയിനിന്റെ സംരക്ഷകയാണ്. ഒക്ടോബര്‍ 12 നാണ് ഔര്‍ ലേഡി ഓഫ് ദ പില്ലര്‍ എന്നറിയപ്പെടുന്ന മാതാവിന്റെ തിരുന്നാള്‍ ദിനം.
Send your feedback to : onlinekeralacatholic@gmail.com