ദൈവത്തിനുപോലും ക്ഷമിക്കാന്‍ ബുദ്ധിമുട്ടുള്ള പാപമുണ്ടോ - വിശുദ്ധ പാദ്രെ പിയോ പറയുന്നു
ബോബന് എബ്രാഹം - ഫെബ്രുവരി 2021
പഞ്ചക്ഷതധാരിയും ആത്മാക്കളെ വിവേചിച്ചറിയാന്‍ അപാരസിദ്ധിയുമുണ്ടായിരുന്ന വിശുദ്ധനാണ് പാദ്രെ പിയോ. ഒരിക്കല്‍ പാദ്രെ പിയോയോട് അദ്ദേഹത്തിന്റെ ശിഷ്യനായ അഡോള്‍ഫോ അഫെറ്റാറ്റോ ചോദിച്ചു: ദൈവം എല്ലാ പാപങ്ങളും പൊറുക്കുമോ?
അദ്ദേഹം പറഞ്ഞു: എന്റെ മകനെ, ദൈവം നല്ല പിതാവാണ്, അദ്ദേഹം എല്ലാവരോടും ക്ഷമിക്കുന്നു. എങ്കിലും അവിടുത്തേക്ക് ക്ഷമിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു പാപമുണ്ട്-മനുഷ്യന്റെ നന്ദികേട്. എന്നാലും ദൈവത്തിനറിയാം എങ്ങനയാണ് കാത്തിരിക്കേണ്ടതെന്ന്- അതായിരുന്നു വിശുദ്ധ പാദ്രെ പിയോയുടെ മറുപടി.
അവിടെനിന്നായിരുന്നു നഷ്ടപ്പെട്ടുപോയ ആടുകളെ തിരികെ ആലയിലേക്കു കൊണ്ടുവരിക എന്ന പാദ്രെ പിയോയുടെ മഹനീയമായ ദൗത്യത്തിന്റെ തുടക്കം.
വിശുദ്ധന്റെ ജീവിച്ചിരിക്കുന്ന ശിഷ്യന്മാരിലൊരാളായ അഡോള്‍ഫോ അടുത്തകാലത്ത് പ്രസിദ്ധീകരിച്ച പാദ്രെ പിയോ ആന്റ് ഐ എന്ന പുസ്തകത്തില്‍ മനുഷ്യന്റെ നന്ദികേടിനെക്കുറിച്ച് സൂചിപ്പിക്കുന്ന ഒരു സംഭവം കൂടി അനുസ്മരിക്കുന്നുണ്ട്.
ഒരു ദിവസം വളരെ പ്രശസ്തനായ ഒരു രാഷ്ട്രീയ നേതാവ് പാദ്രെ പിയോയെ കാണുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. പാദ്രെ പിയോയുടെ പക്കലേക്ക് അദ്ദേഹത്തെ അനുഗമിക്കുവാന്‍ അവസരം ലഭിച്ചത് ഗ്രന്ഥകാരനായ അഡോള്ഫോയ്ക്കായിരുന്നു. ദൈവത്തിനു നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ വന്നതിനാല്‍ പാദ്രെ പിയോയുടെ ഗൈഡന്‍സ് നേടുക എന്നതായിരുന്നു രാഷ്ട്രീയക്കാരന്റെ ഉദ്ദേശം.
അഡോള്‍ഫോ രാഷ്ട്രീയക്കാരനെയും കൂട്ടി പാദ്രെ പിയോ താമസിക്കുന്ന സാന്‍ ജിയോവാനി റൊണ്ടോന്ഡോ ആശ്രമത്തിലെത്തി പടവുകള്‍ കയറി അദ്ദേഹം താമസിക്കുന്ന മുറിയുടെ മുമ്പില്‍ കാത്തുനിന്നു.
അക്കാലത്ത് പാദ്രെ പിയോയുടെ പക്കല്‍ കുമ്പസാരിക്കാനായി നൂറുക്കണക്കിന് ആളുകളായിരുന്നു വന്നുകൊണ്ടിരുന്നത്. അവരെ കുമ്പസാരിപ്പിക്കാനായി പാദ്രെ പിയോ മുറിയില്‍ നിന്നും പുറത്തേക്ക് വന്നു. അഡോള്ഫോയെ കണ്ടപ്പോള്‍ അദ്ദേഹം ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ എന്ന് പറഞ്ഞു.
അതിനുശേഷം അഡോള്‍ഫോയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. ആരായാണ് ഇന്ന് നീ കൂട്ടിക്കൊണ്ടുവന്നിരിക്കുന്നത്. അച്ചോ, ഈ ജെന്റില്മാന് അച്ചന്റെ ആശീര്‍വാദം വാങ്ങാന്‍ വന്നതാണ് എന്ന് അഡോള്‍ഫോ പാദ്രെ പിയയോട് പറഞ്ഞു.
നല്ല ആളെയാണ് നീ കൊണ്ടുവന്നിരിക്കുന്നതെന്ന് പാദ്രെ പിയോ പ്രതിവചിച്ചു.
അതിനുശേഷം അദ്ദേഹം അഡോള്ഫോയോട് പറഞ്ഞു നീ രാഷ്ട്രീയക്കാരനോട് പറയുക: നീ മൂന്ന് പ്രവശ്യം വ്രതം ചെയ്തു. മൂന്നും നിറവേറ്റിയില്ല. ഇത് ദൈവം നല്കുന്ന അവസാനത്ത അവസരമാണ്. ദിവ്യകാരുണ്യത്തിനു മുമ്പില്പോയി അവന്റെ പാപങ്ങള്‍ക്ക് ക്ഷമ യാചിക്കുവാന്‍ പറയുക. രാഷ്ട്രീയക്കാരന്റെ മുഖത്ത് പോലും നോക്കാതെ പാദ്രെ പിയോ പടികളിറങ്ങിപ്പോയി.
അഡോള്‍ഫോ സ്തബന്ധനായി നിന്നുപോയി. കാരണം എന്നും അഡോള്‍ഫോ പാദ്രെ പിയോയുടെ പിതൃസ്നേഹം തുളുമ്പുന്ന മുഖമായിരുന്നു കണ്ടിരുന്നത്. അദ്ദേഹം രാഷ്ട്രീയക്കാരനോട് കാണിച്ച പരുഷമായ വശം ആദ്യമായിട്ടായിരുന്നു ശിഷ്യനായ അഡോള്‍ഫോ കാണുന്നത്. പിന്നീടാണ് അദ്ദേഹം തിരിച്ചറിഞ്ഞത് പാദ്രെ പിയോ ദൈവത്തിനെതിരെ പാപം ചെയ്യുകയും ക്രിസ്ത്യാനി എന്ന നിലയില്‍ സ്വന്തം ഉത്തരവാദിത്വം മറക്കുകയും ചെയ്യുന്ന ആത്മാക്കളോട് വളരെ കര്ക്കശക്കാരനായിരുന്നുവത്രെ. ദൈവത്തോട് നന്ദികേട് കാണിക്കുന്ന മനുഷ്യരോടു മുമ്പില്‍ നില്ക്കുമ്പോള് അദ്ദേഹത്തിന് വളരെയധികം സഹനത്തിലൂടെ കടന്നുപോകേണ്ടിയിരുന്നുവെന്നും അഡോള്‍ഫോ സാക്ഷ്യപ്പെടുത്തുന്നു.
സത്യത്തില്‍ രാഷ്ട്രീയക്കാരനും പാദ്രെ പിയോയ്ക്കും മാത്രമേ രാഷ്ട്രീയക്കാരന് എന്ത് നന്ദികേടാണ് കാണിച്ചതെന്ന് അറിയാമയിരുന്നുള്ളു. ആത്മാക്കളെ തിരിച്ചറിയുവാനുള്ള ദൈവികമായ വരം അദ്ദേഹത്തിന് ലഭിച്ചിരുന്നു.
പാദ്രെ പിയോയുടെ പെരുമാറ്റത്തില്‍ രാഷ്ട്രീയക്കാരന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതും അദ്ദേഹം പശ്ചാത്താപവിവശനാകുന്നതും അഡോള്‍ഫോ കണ്ടു. പിന്നീട് ആ രാഷ്ട്രീയക്കാരന്, മാനസാന്തരപ്പെട്ട് നല്ല ജീവിതം നയിച്ചു. അഹങ്കാരവും ധനമോഹവും നിറഞ്ഞ ആ രാഷ്ട്രീയക്കാരന്റെ ഹൃദയത്തിന്റെ പൂട്ട് പാദ്രെ പിയോയുടെ വാക്കുകളിലൂടെ ദൈവം പൊളിച്ചു. രാഷ്ട്രീയക്കാരന് പിന്നീട് നന്മപ്രവര്ത്തികളിലേക്ക് ജീവിതം വഴിതിരിച്ചുവിട്ടു.
Send your feedback to : onlinekeralacatholic@gmail.com