പോളണ്ടിലെ മുന്‍ പ്രധാനമന്ത്രിയുടെ പുത്രന് പുരോഹിതന്
ജെയ്സണ്‍ പീറ്റര്‍ - സെപ്തംബര്‍ 2020
ചോരവീണ മണ്ണില്‍ നിന്ന് സാധാരണ ഉയര്‍ന്നുവരിക ചെങ്കൊടിയാണ്. എന്നാല്‍ ഒരു കാലത്ത് കത്തോലിക്ക സഭയെ അടിച്ചമര്‍ത്തിയിരുന്ന കമ്മ്യൂണിസത്തിന്റെ നുകത്തില്‍ നിന്നും മോചിപ്പിക്കപ്പെട്ട രാജ്യമാണ് പോളണ്ട്. പോളണ്ടിനെക്കുറിച്ച് ഒരക്ഷരം പോലും പറയരുതെന്ന് പറഞ്ഞിരുന്നകാലത്താണ് കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തില്‍ നിന്നും വന്ന ആദ്യത്തെ മാര്‍പാപ്പ ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പ ലോകം കീഴടക്കിയത്. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയെ കത്തോലിക്ക സഭയക്ക് സമ്മാനിച്ച പോളണ്ടിലെ ഭരണപക്ഷമായ കണ്‍സേര്‍വേറ്റീവ് ലോ ആന്റ് ജസ്റ്റീസ് പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനും പോളണ്ടിനെ നയിച്ച ധീരയായ പ്രധാനമന്ത്രിയുമായ ബിയാറ്റ സിഡ്ലോയുടെ മൂത്ത പുത്രനാണ് ദൈവവിളി സ്വീകരിച്ച് വൈദികനായി മാറിയ തിമോത്തയൂസ് സിഡ്ലോ. യൂറോപ്പിലെ ഒരു പ്രധാനമന്ത്രിയുടെ മകന് വൈദികനാകുന്ന ചരിത്രനിമിഷമായിരുന്നു ആ പൗരോഹിത്യം.
രാഷ്ട്രീയത്തില്‍ മാറ്റുരച്ചിരുന്നുവെങ്കില് ഒരു പക്ഷേ അമ്മയെപ്പോലെ നല്ലൊരു നേതാവായി അദ്ദേഹം മാറിയേനെ. അതുമല്ലെങ്കില്‍ ഭരണസിരാകേന്ദ്രങ്ങളില്‍ സ്വാധീനവും ഉന്നതപദവികളിലെത്താനുള്ള കുറുക്കവഴികളും തെളിഞ്ഞുവന്നേനെ. എന്തിന് സൗഭാഗ്യപൂര്‍ണവും ആഡംബരപൂര്‍ണവുമായ ഒരു ജീവിതം സ്വന്തമാക്കാമായിരുന്നു. എന്നിട്ടും അതെല്ലാം ഉപേക്ഷിച്ച് തിമോത്തയൂസ് ക്രിസ്തുവിന്റെ പിന്നാലെ പോയി.
തിമോത്തയൂസ് വൈദികനായി അഭിക്ഷിക്തനായത് 2017 ലായിരുന്നു. ഫാ. തിമോത്തയൂസ് ആളൊരു പാവത്താനാണ്. മാധ്യമങ്ങളോട് അമ്മയെപ്പോലെ അത്രവലിയ കമ്പമൊന്നുമില്ല. തെക്കന്‍ പോളണ്ടിലെ സെന്റ് നിക്കോളാസ് കത്തീഡ്രലില്‍ വെച്ചാണ് അദ്ദേഹം ക്രക്കോവ് അതിരൂപതയക്കുവേണ്ടി വൈദികപട്ടം സ്വീകരിച്ചത്. ചടങ്ങില്‍ പോളണ്ടിലെ പ്രധാനമന്ത്രിയായ ബിയാറ്റയും ഭര്‍ത്താവ് എഡ്വേര്‍ഡും സന്നിഹിതരായിരുന്നു. സ്വന്തം പുത്രനായ നവവൈദികന്റെ മുമ്പില്‍ മുട്ടുകുത്തിനിന്ന് അനുഗ്രഹം സ്വീകരിക്കുന്ന പോളണ്ടിലെ പ്രധാനമന്ത്രിയുടെയും ഭര്‍ത്തവിന്റെയും ചിത്രം ലോകം കൗതുകത്തോടെയാണ് നോക്കിക്കണ്ടത്.
നവവൈദികന് മാമ്മോദീസ സ്വീകരിച്ച ക്രക്കോവിലെ ഔര്‍ ലേഡി ഓഫ് സ്റ്റോക്കോവ ദൈവാലയത്തില്‍ തന്നെയായിരുന്നു ആദ്യബലിയും. മാമ്മോദീസ സ്വീകരിച്ചതും പിന്നീട് അദ്ദേഹം അള്‍ത്താരബാലനായി സേവനമനുഷ്ഠിച്ചതുമെല്ലാം ഈ ദേവലായത്തില്‍ തന്നെയായിരുന്നു. 2011 ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ഉടനെയാണ് അദ്ദേഹം സെമിനാരിയില്‍ പ്രവേശിച്ചത്. ചെറുപ്പം മുതലെ തനിക്ക് സഭയുമായി നല്ല ബന്ധമായിരുന്നുവെന്നും അള്‍ത്താരബാലനില്‍ നിന്നും വൈദികനായുള്ള തന്റെ പരിവര്‍ത്തനം സ്വഭാവികമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
മാതാപിതാക്കള്‍ക്ക് താന്‍ സെമിനാരിയില്‍ പ്രവേശിക്കുന്നതില്‍ പൂര്‍ണ താല്പര്യമില്ലായിരുന്നു. എതിര്‍ത്തുവെങ്കിലും പിന്നീട് അവര്‍ തന്നെ ശരിക്കും പിന്തുണച്ചിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. നല്ലൊരു ഫിലോസഫറായി മാറേണ്ട തന്റെ മകന് സെമിനാരിയില്‍ പ്രവേശിക്കുവാനുള്ള തീരുമാനം അറിയിച്ചപ്പോള്‍ പൂര്‍ണ തൃപ്തിയില്ലായിരുന്നു. ആദ്യം ഗ്രജുവേഷന് പൂര്ത്തിയക്കിയതിന് ശേഷം സെമിനാരിയില്‍ പോകാമെന്നും തങ്ങള്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും കാരണം വൈദികജീവിതം അത്ര എളുപ്പമുള്ള ജീവിതമല്ലെന്ന് അറിയാമായിരുന്നതുകൊണ്ടാണ് അങ്ങനെ പറയേണ്ടിവന്നതെന്നും മാതാപിതാക്കള്‍ പ്രതികരിച്ചു.
തന്റെ മകന് തിരഞ്ഞെടുത്ത മനോഹരവും ഉത്തരവാദിത്വപൂര്‍ണവുമായ ജീവിതത്തെ പിന്തുണയ്ക്കുന്നവെന്നും ദൈവം ആണ് അവനെ തിരഞ്ഞെടുത്തതെന്നും ബിയാറ്റ പറയുന്നു. തന്റെ മകന് ദൈവത്തോട് അടുത്തപ്പോള്‍ തങ്ങളുടെ കുടുംബവും ദൈവത്തോട് കൂടുതല്‍ അടുത്തുവെന്നായിരുന്നു മകന്റെ പൗരോഹിത്യവേളയില് അമ്മ പറഞ്ഞത്.
ഞാന്‍ കഴിവുള്ള ഒരു വൈദികനാകുവാനോ, ഒരു തിډയും എനിക്ക് വന്ന് ഭവിക്കുവാതിരിക്കുവാനോ, എനിക്ക് നല്ലൊരു കരിയര്‍ ഉണ്ടാകുവാനോ അല്ല നിങ്ങള്‍ പ്രാര്‍ത്ഥിക്കേണ്ടത്, മറിച്ച് ഞാന്‍ ഏറ്റെടുത്തിയിരിക്കുന്ന വൈദികജീവിതം അതിന്റെ പുര്‍ണതയില്‍ ജീവിക്കുന്നതിനായിട്ടായിരിക്കണം പ്രാര്ത്ഥിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ അപേക്ഷ. സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് ദൈവം നമ്മെ സ്വതന്ത്രരാക്കിയിരിക്കുന്നത് എന്നതായിരുന്ന അദ്ദേഹം തന്റെ പൗരോഹിത്യ വേളയില്‍ മുദ്രവാക്യമായി തിരഞ്ഞെടുത്തതും.
Send your feedback to : onlinekeralacatholic@gmail.com