ഫ്രാന്‍സിസ് മാര്‍പാപ്പ പിതാവിന്റെ ഭവനത്തിലേക്ക മടങ്ങുമ്പോള്‍
ജോര്‍ജ് കൊമ്മറ്റം - ഏപ്രില്‍ 2025
ഭൂമിയെയും മനുഷ്യരെയും അത്രമേല്‍ സ്നേഹിച്ച ഒരു പാപ്പ. ഇടയന്മാര്ക്ക് ആടുകളുടെ മണം വേണമെന്ന് വാശിപിടിച്ച പോപ്പ്. കാരുണ്യത്തിന്റെ അപ്പസ്തോലന്. മതവെറി പൂണ്ടവരുടെ മുമ്പില്‍ മതം നോക്കാത്ത മനുഷ്യസ്നേഹി. ഏറ്റവും ചെറിയവരെയും നിന്ദിതരെയും പീഡിതരെയും സമൂഹം ഭ്രഷ്ട് കല്പിച്ചവരെയും ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച മാര്‍പാപ്പ. ലോകം ജാതിമത വര്ണഭേദങ്ങളില്ലാതെ അത്രമേല്‍ സ്നേഹിച്ച പിതാവ്. ലോകം നിറകണ്ണുകളോടെ അദ്ദേഹത്തിന് വിട ചൊല്ലുന്നു.
ആഗോള കത്തോലിക്കസഭയുടെ പരമാദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ (88) പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി. കത്തോലിക്ക സഭയുടെ 266-ാമത്തെ മാര്‍പാപ്പയും ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ച ആദ്യത്തെ മാര്പാപ്പയുമായുമാണ് അദ്ദേഹം. ഈശോസഭയില്‍ നിന്നും ലാറ്റിനമേരിക്കയില്‍ നിന്നുമുള്ള ആദ്യത്തെ മാര്‍പാപ്പയുമായിരുന്നു.
സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു. അതുകൊണ്ടുതന്നെ ഫരിസേയ വര്‍ഗ്ഗങ്ങളുടെ കല്ലേറുകളും അപമാനങ്ങളും അദ്ദേഹം ഏറെ സഹിക്കേണ്ടി വന്നു. പക്ഷേ, അദ്ദേഹം തന്റെ നിലപാടുകളില്‍ തെല്ലും വിട്ടുവീഴ്ച ചെയ്തില്ല. ഭീകരതയും അഭയാര്‍ത്ഥി പ്രശ്നവും മുതല്‍ ആഗോളതാപനം വരെയുള്ള കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ലോകം കാതോര്‍ത്തിരുന്നു. ലോകരാഷ്ട്രീയത്തില്‍ അദ്ദേഹം നിര്‍ണായകമായ ഇടപെടലുകള്‍ നടത്തി. ക്യൂബയും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധത്തിന് അയവുവരുത്തുന്നതില്‍ അദ്ദേഹം പങ്കുവഹിച്ചു. അഭയാര്‍ത്ഥികളോടു മുഖം തിരിക്കാനുള്ള യൂറോപ്പിന്റെ പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ചു.അഭയാര്‍ത്ഥികള്‍ക്കായി വാതില്‍ തുറന്നിടുവാന്‍ പറഞ്ഞ അദ്ദേഹത്തെ ഇന്നും പലരും വിമര്ശിച്ചുകൊണ്ടേയിരിക്കുന്നു. ബാലപീഡനത്തിനെതിരെ അതിശക്തമായ നിലപാടെടുത്തു. സഭാഭരണത്തില്‍ വനിതകള്‍ക്കു പ്രാതിനിധ്യം നല്‍കുന്നതിലും ഭിന്നലൈംഗികവിഭാഗങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നതിനും അദ്ദേഹം മുന്‍കൈയെടുത്തു.
ഇന്നേവരെ ഒരു മാര്‍പാപ്പയുടെ സ്വീകരിച്ചിട്ടില്ലാത്ത വഴികളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ജനകീയനാായ ആ പാപ്പ ഇനിയെന്നും ജനഹൃദയങ്ങളില്‍ നിറവോടെ നില്ക്കും. മനുഷ്യസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നീരുറവയായിരുന്നു അദ്ദേഹം. വളരെ ജനകീയനും സ്വീകാര്യനുമായിരുന്നു മാര്‍പാപ്പ. പ്രസംഗം കൊണ്ടുപോലും അദ്ദേഹം ആരെയും ഉപദ്രവിച്ചില്ല. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ലളിതവും ആര്‍ക്കും എളുപ്പത്തില്‍ ദഹിക്കുന്നതുമായിരുന്നു.
ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. മാര്‍പാപ്പയുടെ ഔദ്യോഗിക വസതി വത്തിക്കാനിലെ കൊട്ടാരമാണ്. എന്നാല്‍ അവിടെ താമസിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ഔദ്യോഗിക ഭാരവാഹിത്വം വഹിക്കുന്ന കര്‍ദ്ദിനാള്‍മാരും സഭാതലവന്മാരും താമിസിക്കുന്ന ഹോസ്റ്റലിലാണ് അദ്ദേഹവും താമസിച്ചിരുന്നത്. പൗരോഹിത്യം സ്വീകരിച്ച ശേഷവും പിനന്ീട് ബിഷപ്പായി ഉയര്‍ന്നപ്പോഴും മാര്‍പാപ്പ ആയപ്പോഴും അത്യാഡംബരങ്ങള്‍ ഉപേക്ഷിച്ച് സാധാരണക്കാരനായി ജീവിച്ച് കടന്നുപോയ വലിയ ഇടയനായിരുന്നു അദ്ദേഹം. ഇറ്റലിയില്‍ നിന്ന് സുരക്ഷിതമല്ലാത്ത ഒരു ബോട്ടില്‍ നാടുകടന്ന് അര്ജീന്റീനയിലെത്തി ജീവിതം കരുപ്പിടിച്ചവരുടെ ചെറുമകനായ പാപ്പ തന്റെ ജീവിതത്തിലൂടനീളം അഭയാര്‍ത്ഥികള്‍ക്കുവേണ്ടി നിലകൊണ്ടിരുന്നു, ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്നെങ്കിലും.
2025 ല്‍ പ്രസിദ്ധീകരിച്ച ഹോപ് എന്ന ആത്മകഥയിലും ആരുമില്ലാത്തവര്ക്കുവേണ്ടിയും മാറ്റിനിര്ത്തപ്പെട്ടവര്ക്കുവേണ്ടിയും വേദനിച്ചുകൊണ്ടിരുന്ന, അവരുടെ മുറിവുകള്‍ ഉണക്കലാണ് തന്റെ ദൗത്യമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന മാര്‍പാപ്പയെ നമുക്ക് കാണാം. കരുണയിലും കാരുണ്യത്തിലും മുക്കിയെടുത്തതായിരുന്നു അദ്ദേഹത്തിന്റെ പേപ്പസി. പരിസ്ഥിതിയും സാമൂഹികനീതയും ലോകസമാധാനവും ആത്മീയതയും അദ്ദേഹത്തിന് ഒരുപോലെയായിരുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനങ്ങളായ ലൗദോത്ത് സീ-യും ഫ്രാത്തെല്ലി തൂത്തിയും പുറത്തിറക്കി വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും ഇന്നും ലോകമെങ്ങും വീണ്ടും വീണ്ടും ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ബൈബിള്‍ വചസുകള്പോലെ പ്രചരിച്ചുകൊണ്ടേയിരിക്കുന്നു.
സഭയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ നമ്മുടെ ചിന്തകളെ മാറ്റിമറിക്കുന്നതായിരുന്നു. സഭയെന്നാല്‍ പുണ്യവാന്മാരുടെ പൂന്തോട്ടം എന്ന് വിളിച്ചവരോട് അദ്ദേഹം പറഞ്ഞു. സഭ ഒരു യുദ്ധാനന്തര ഹോസ്പിറ്റലാണ്, അവിടെ മുറിവരുടെ മുറിവുകള്‍ വെച്ചുകെട്ടുകയാണ് സഭയുടെ ദൗത്യം.
ജീവിതത്തില്‍ മാത്രമല്ല, മരണശേഷവും അദ്ദേഹം വ്യത്യസ്തനാണ്. സ്ന്റ്െ പീറ്റേര്‍സ് ബസിലിക്കയിലല്ല, റോമിലെ സാന്റ മരിയ മഗിയോര് ബസിലിക്കയില്‍ തന്നെ അടക്കം ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
കാരുണ്യത്തിന്റെ കാറ്റായി, സ്നേഹത്തിന്റെ അപ്പസ്തോലനായി കടന്നുപോയ മാര്‍പാപ്പയ്ക്ക് വിട.
Send your feedback to : onlinekeralacatholic@gmail.com