എന്തുകൊണ്ടാണ് എല്ലാ ദിവസവും ബൈബിള്‍ വായിക്കണമെന്ന് പറയുന്നത്?
ജിയോ ജോര്‍ജ് - ഏപ്രില്‍ 2025
ക്രൈസ്തവര്‍ക്കിടയില്‍ ബൈബിള്‍ വായിക്കുന്ന ശീലം കുറഞ്ഞുവരികയാണോ. മൊബൈല്‍ കൈയില്‍ ഒതുങ്ങിയതോടുകൂടി, വാട്ട്സാപ്പിലും റീല്‍സിലും ചുറ്റിത്തിരിഞ്ഞ് ക്ഷീണിച്ചുമയങ്ങുകയാണ് നമ്മിലധികമാളുകളും. ദൈവവചനം കൂടാതെ, ക്രിസ്തുവിനെക്കുറിച്ചോ അവിടുത്തെ ഈ ലോകത്തിലെ ദൗത്യത്തെക്കുറിച്ചോ നമുക്ക് മനസ്സിലാക്കാന്‍ കഴിയാതെപോകും എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നത്. എന്തൊക്കെയാണെങ്കിലും ദൈവവചനവായനയ്ക്ക് സമയം കണ്ടെത്താന്‍ കഴിയാതെ കുഴങ്ങുകയാണ് നാം. സത്യത്തില്‍ ദൈവവചനത്തിന്റെ ശക്തി മനസിലാക്കാന്‍ കഴിയാതെ കടന്നുപോകുന്ന യാത്രക്കാരാണോ നമ്മള്. എല്ലാ ദിവസവും ദൈവവചനം വായിക്കുന്നതുകൊണ്ടുള്ള 6 ഗുണങ്ങള്‍ ഇതാ...
1. ബൈബിളിലൂടെ ദൈവം നമ്മോട് സംസാരിക്കുന്നു
ക്രൈസ്തവരായ നാം വിശ്വസിക്കുന്നത് ബൈബിള്‍ ദൈവനിവേശിതമാണ് എന്നുതന്നെയാണ്. നമ്മുടെ ആത്മാവിന്റെ നിത്യരക്ഷയ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ദൈവം തന്നെ നമ്മുക്ക് വെളിപ്പെടുത്തിത്തരുന്നു ബൈബിളിലൂടെ. വചനത്തിലൂടെ ദൈവം തന്നെയാണ് നമ്മോട് സംസാരിക്കുന്നത്. ദിവസവും വചനം വായിക്കുന്നതിലൂടെ നമുക്ക് ദൈവത്തെ കൂടുതല്‍ അറിയുവാന്‍ കഴിയും.
2. ബൈബിള്‍ വായന നമ്മെ ശക്തിപ്പെടുത്തുന്നു
ബൈബിളില്‍ മുഴുവന്‍ നമുക്ക് പ്രതീക്ഷയും പ്രത്യാശയും പകരുന്ന വാക്കുകളാണുള്ളത്. ഉദാഹരണത്തി സങ്കീര്‍ത്തനങ്ങളില്‍ നാം ദൈവത്തിന്റെ സ്നേഹവും കാരുണ്യവും ദര്‍ശിക്കുന്നു. അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ പരിശുദ്ധാത്മാവിന്റെ സഭയിലെ പ്രവര്‍ത്തനങ്ങള്‍ നാം കാണുന്നു. അങ്ങനെ ബൈബിളിലെ ഓരോ പൂസ്തകവും നമ്മുടെ ആത്മീയജിവിതത്തെ പുഷ്ടിപ്പിടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
3. ബൈബിള്‍ വായന നമ്മെ നല്ല സുവിശേഷകരാക്കും
ബൈബിള്‍ വായന നമ്മുടെ വിശ്വാസത്തെ പക്വതയിലേക്ക് നയിക്കും. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ബൈബിളിലുണ്ട്. ബൈബിള്‍ കൃത്യമായി വായിച്ചുമനസിലാക്കുന്നതിലൂടെ നമുക്ക് നല്ല സുവിഷേഷപ്രവര്ത്തകരായി മാറാന്‍ കഴിയും.
4. ബൈബിള്‍ വായന ദൈവാഭിമുഖ്യത്തില്‍ ജീവിക്കുവാന്‍ സഹായിക്കും
എല്ലാ ദിവസവും ബൈബിള്‍ വായിക്കുന്നതിലൂടെ നമുക്ക് ദൈവത്തിന് ഏറ്റവും പ്രീതികരമായതില് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ജീവിതത്തില്‍ ഒട്ടും പ്രാധാന്യമില്ലാത്തവയെ ഒഴിവാക്കുവാനും സഹായിക്കുന്നു.
5. ബൈബിള്‍ വായന നമ്മെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്നു
ബൈബിള്‍ വായന നമ്മുടെ പ്രാര്‍ത്ഥനാജീവിതത്തെ മെച്ചപ്പെടുത്തും. ബൈബിള്‍ പ്രാര്‍ത്ഥനയുടെ കൂടാരമാണ്.വചനം ഉപയോഗിച്ച് പ്രാര്‍ത്ഥിക്കുന്നത് കൂടുതല്‍ ഫലദായകവും ശക്തിദായകവുമാണ്.
6. ബൈബിള്‍ വായനയിലൂടെ ദൈവത്തിന്റെ ശബ്ദം കേള്‍ക്കാന്‍ കഴിയും
ദൈവവചനത്തിലൂടെ ദൈവം നമ്മോട് സംസാരിച്ചുകൊണ്ടിരിക്കും. നാം ഭക്തിയോടും ശ്രദ്ധയോടും കൂടെ വചനം വായിച്ചു ധ്യാനിക്കുമ്പോള്‍ ദൈവത്തിന്റെ സ്വരം നമുക്ക് കേള്‍ക്കാന്‍ കഴിയും.
Send your feedback to : onlinekeralacatholic@gmail.com