തീവ്രവാദിയുടെ കുഞ്ഞിനെ സ്വന്തം കുഞ്ഞായി സ്വീകരിച്ച റെബേക്കാ ബ്രിട്രൂസ് കത്തോലിക്ക സഭയിലെ ജീവിക്കുന്ന രക്തസാക്ഷി
ബോബന് എബ്രാഹം - സെപ്തംബര്‍ 2020
ക്രൈസ്തവ വിശ്വാസം സ്ഫുടം ചെയ്തെടുക്കുന്നത് സഹനത്തിന്റെ തീച്ചൂളകളിലാണ്. പലരും ക്രിസ്തുവിലുള്ള വിശ്വാസം മുറുകെപ്പിടിച്ച് മരണത്തെ പുല്കും. ചിലരൊക്കെ കാരിരുമ്പിന്റെ കരുത്തുള്ള വിശ്വാസത്തിന്റെയും ഭൂമിയോളം താഴ്ന്ന ക്ഷമയുടെയും അനുഭവങ്ങള്‍ പകര്ന്നുനല്കുവാന് ദൈവം കാത്തുവെക്കും. അങ്ങനെ ജീവിക്കുന്ന രക്തസാക്ഷികളായി അവര്‍ ലോകത്തെ മാനസാന്തരപ്പെടുത്തും. നൈജീരിയിയില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുകയും സ്വന്തം പുത്രനെ കണ്മുമ്പില് ഇസ്ലാമതം സ്വീകരിക്കുവാനായി പ്രേരിപ്പിച്ചുകൊണ്ട് പുഴയിലെറിഞ്ഞുകൊല്ലുകയും ചെയ്തിട്ടും ഭീകരരുടെ ബലാത്സംഗത്തിന്റെ വിത്തുകള്‍ സ്വന്തം ഉദരത്തില്‍ വളരുന്നതുകണ്ടിട്ടും ആ കുഞ്ഞിന് ജന്മം നല്കി ഒടുവില്‍ രക്ഷപ്പെട്ടപ്പോള്‍ സ്വന്തമായി സ്വീകരിക്കുകയും ചെയ്ത അസാധാരണ വനിതയാണ് റെബേക്കാ ബിട്രൂസ്.
ബോക്കോ ഹറാം എന്ന കൊടുംഭീകരരുടെ തടവില്‍ രണ്ടുവര്‍ഷം പീഡനങ്ങളുടെ തീച്ചൂളയില്‍ വെന്തുരുകിയിട്ടും സ്വന്തം വിശ്വാസം ത്യജിക്കാന്‍ വിസമ്മതിച്ച റെബേക്കാ കുരിശിന്റെ വഴിയിലെ വിശ്വാസസാക്ഷ്യമാണ്. ലോകം മുഴുവന്‍ സമാധാനം സ്ഥാപിക്കണമെന്നും പീഡിതക്രൈസ്തവരെ സംരക്ഷിക്കണമെന്നും നിലവിളികളുയരുമ്പോഴും വിശ്വാസത്തിന്റെയും അവിശ്വസനീയമായ ക്ഷമയുടെയും സ്നേഹത്തിന്റെയും ജീവിക്കുന്ന രക്തസാക്ഷിയണ്.
ആഫ്രിക്കയിലെ നൈജീരിയയില്‍ ഇത്തരത്തിലുള്ള വിശ്വാസസാക്ഷ്യങ്ങള്‍ നിരവധിയാണ്. ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ ചുട്ടുകരിക്കപ്പെട്ടവരും കഴുത്തറക്കപ്പെട്ടവരും ബലാത്സംഗം ചെയ്യപ്പെട്ടവരും പതിനായിരക്കണക്കിനാണ്. ദരിദ്ര രാഷ്ട്രങ്ങളിലെ ജനങ്ങളായതുകൊണ്ടാകാം ലോകം ഇവരുടെ ഗദ്ഗദങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ ഇപ്പോഴും അറച്ചുനില്‍ക്കുന്നത്. നൈജീരിയയിലെ ചാഡ്, നൈജര്‍, കാമറൂണ്‍ എന്നീ സ്ഥലങ്ങളില്‍ ബോക്കോ ഹറാം എന്ന ഭീകരസംഘടന ഇപ്പോഴും ഭീകരത വിതയക്കുന്നു. ആയുധധാരികളായി ഗ്രാമങ്ങളിലെത്തുന്ന അവര്‍ സ്കൂളുകളും പള്ളികളും തകര്‍ക്കും ക്രൈസ്തവരെ തുടച്ചുനീക്കും. ചെറിയ കുട്ടികളെപ്പോലും പിടിച്ചുകെട്ടി ചാവേറുകളാക്കി പൊട്ടിത്തെറിപ്പിക്കും.
നൈജീരിയയിലെ ബോക്കോ ഹറാം എന്ന ഭീകരസംഘടന 2002 മുതല്‍ കൊന്നൊടുക്കിയ ക്രൈസ്തവരുടെ സംഖ്യ അസംഖ്യമാണ്. 2015 മുതല്‍ ബോക്കോ ഹറാം ഇറാക്കിലും സിറിയയിലും മൃഗീയതയുടെ പര്യായമായി മാറിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭാഗമാണ്. നൈജീരിയയിലെ ചാഡ്, നൈജര്‍, കാമറൂണ്‍ എന്നിവിടങ്ങള്‍ ബോക്കോ ഹറാമിന്റെ ശക്തികേന്ദ്രങ്ങളായിരന്നു. 2014 ലാണ് ബോക്കോ ഹറാം തീവ്രവാദികള്‍ റെബേക്കയുടെ ഗ്രാമം വളഞ്ഞത്. അവിടെ അവളുടെ ഭര്‍ത്താവും അഞ്ചുവയസ്സുകരാനായ സക്കറിയായും മൂന്നുവയസ്സുകാരനായ ജോഷ്വായും സന്തോഷത്തോടെ കഴിയുന്ന കുടില്‍ അടിച്ചുതകര്‍ത്ത് അവര്‍ അവളേയും മക്കളെയും പിടിച്ചുകൊണ്ടുപൊയി. കൊടുംവനത്തിലെത്തിച്ച് ഭീകരരുടെ ക്യാമ്പില്‍ പാര്‍പ്പിച്ചു.
മതപരിവര്‍ത്തനത്തിനായുള്ള ഭീകരവാദികളുടെ ഭീഷണിയെ വകവെക്കാത്തിതിന് ആദ്യം അവര്‍ അവളുടെ ഉദരത്തിലുണ്ടായിരുന്ന കുഞ്ഞിന്റെ ജീവന് എടുത്തു. വീണ്ടും താന്‍ ജീവനുതുല്യം സ്നേഹിച്ച തന്റെ മൂന്നുവയസ്സുകാരനായ ജോഷ്വായെ അവളുടെ കണ്മുമ്പില് വെച്ച് നദിയിലെക്ക് വലിച്ചെറിഞ്ഞു കൊന്നപ്പോഴും അവളുടെ കത്തോലിക്കവിശ്വാസം തെല്ലും ഇളകിയില്ല. അവിടം കൊണ്ടും തീര്‍ന്നില്ല, കാമവെറിയന്മാരായ ഭീകരര്‍ അവളെ നിരന്തരം റേപ് ചെയ്തു. ഭീഷണിപ്പെടുത്തി ഭീകരന് ലൈംഗീക അടിമായിയ വിവാഹം കഴിച്ചുകൊടുത്തു. തീക്ഷണമതിയായ കത്തോലിക്കവിശലാസിയായിരുന്നു റെബേക്കാ. മതം മാറാന്‍ വിസമ്മതിച്ച അവള്‍ക്ക് പിന്നീട് അവര്‍ പറയുന്നതുപോലെ അഭിനയിക്കേണ്ടി വന്നു. തോക്കുചൂണ്ടി അവരുടെ പ്രാര്‍ത്ഥനകള്‍ ചെല്ലാന്‍ അവളെ നിര്‍ബന്ധിച്ചപ്പോള്‍ അവള് മനസ്സില്‍ ജപമാല ചൊല്ലി. ഈ ഭീകരരുടെ കരങ്ങളില്‍ നിന്ന് തങ്ങളെ രക്ഷിക്കണമെയെന്ന് അവള് നിരന്തരം പ്രാര്‍ത്ഥിച്ചു.
ഇതിനിടയില്‍ നിരന്തരമായ ലൈംഗീക പീഡനങങളുടെ ഫലമായി അവള് ഗര്‍ഭിണിയായി. ഒരു ഡിസംബര്‍ 25 ന് അവള് ഒരു കുഞ്ഞിന് ജന്മം നല്കി. അവനെ അവള് സ്വന്തം കുഞ്ഞിനെപ്പോലെ സ്നേഹിച്ചു. രണ്ടുവര്‍ഷം തടവില്‍ കഴിഞ്ഞ അവള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞത് നൈജീരിയന്‍ പട്ടാളം ഭീകരരെ തുരത്താന്‍ എത്തിയപ്പോഴാണ്. ഭീകരര്‍ ഓടിപ്പോയി. തടവുപുള്ളികള്‍ വനത്തിലേയ്ക്ക് രക്ഷപ്പെട്ടു. അവള് തന്റെ മൂത്തമകനെയും ആറുമാസം പ്രായമുളള കുഞ്ഞിനെയും എടുത്ത് കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ട അവള് ആറു മാസം പ്രായമുള്ള കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു. അതിനെ ഉപേക്ഷിച്ച് അല്പം നടന്നപ്പോള്‍ അവളുടെ മൂത്തപുത്രന് സക്കറിയ ചോദിച്ചു. നമുക്ക് അവനെകൂടെ കൂട്ടിക്കൂടെ. അവള് തിരിച്ചുനടന്ന് ആ കുഞ്ഞിനെക്കൂടി എടുത്തു കാട്ടിലൂടെ നടന്നു. ഒരു മാസത്തോളം വനത്തില്‍ അലഞ്ഞുനടന്നു. ഒടുവില്‍ പട്ടാളക്കരുടെ കണ്ണില്‍പ്പെട്ടു. അവള് ബോക്കോ ഹറാമിന്റെ ചാവേറാണ് എന്ന് അവര്‍ തെറ്റിദ്ധരിച്ചു. താന്‍ തീവ്രവാദികളുടെ കൈയില്‍ നിന്നും രക്ഷപ്പെട്ടുവരികയാണെന്ന് പറഞ്ഞു. അവര്‍ അവളോട് ക്രിസ്ത്യന്‍ പ്രാര്‍ത്ഥന ചൊല്ലുവാന്‍ ആവശ്യപ്പെട്ടു. നന്മനിറഞ്ഞ മറിയം ചൊല്ലി കുരിശുവരച്ചപ്പോള് അവര്‍ക്ക് ബോധ്യമായി. പട്ടാളക്കാര്‍ അവരെ രക്ഷിച്ച് ആസ്പത്രിയിലെത്തിച്ചു. ഏതാനും നാളുകള്‍ക്ക് ശേഷം മെദഗുരിയിലെ സ്വന്തം ഭവനത്തിലെത്തിയപ്പോള്‍ അത്ഭുതമെന്ന് പറയട്ടെ കൊല്ലപ്പെട്ടുവെന്ന് കരുതിയ ഭര്ത്താവാതാ ജീവനോടെ മുമ്പില്‍.
വീണ്ടും ഭര്‍ത്താവിന്റെ സ്നേഹത്തണലിലെത്തിയെങ്കിലും തന്റെ കൊടിയ പീഡനങ്ങളുടെ നീറുന്ന ഓര്‍മ്മയായി ഭീകരന്റെ കുഞ്ഞ് മാറില്‍ തുങ്ങിക്കിടക്കുന്നു. അവനെ കാണുമ്പോള്‍ അവളുടെ മനസ്സ് വീണ്ടും കലുഷിതമാകും. പക്ഷേ അതിന് ഒരു അറുതിവരുത്തിയത് ബിഷപ് മദോഗുഡിയിലെ ബിഷ്പ് ദാഷെ ദെയോം ആയിരുന്നു. അദ്ദേഹം അവളോട് പറഞ്ഞു ആ കുഞ്ഞിനെ നീ സ്വീകരിക്കുക, അവനെ സ്നേഹിക്കുക. ഒരിക്കല്‍ അവന് നിനക്ക് ഉപകാരമുള്ളവനായി മാറും. കുരിശില്‍ കിടന്നുകൊണ്ട് തന്നെ പീഡിപ്പിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഈശോയുടെ ചിത്രം റെബേക്കായുടെ മനസ്സിലേയ്ക്ക് ഓടിയെത്തി. അതോടെ അവളുടെ പ്രതികാരചിന്തികളെല്ലാം മാറി. അവള് സ്വന്തം കുഞ്ഞായി അവനെ സ്വീകരിച്ചു. അവനെ അവള് മാമ്മോദീസ മുക്കി. ക്രിസ്റ്റഫര്‍ എന്ന് വിളിച്ചു. അതോടെ ദൈവത്തെ പ്രതി തന്നെ തട്ടിക്കൊണ്ടുപോയി നിരന്തരം പീഡിപ്പിച്ചവരോടുള്ള പക മാറി. വീണ്ടും ജീവിതത്തില്‍ ദൈവത്തിന്റെ സ്നേഹം പെയ്തിറങ്ങി.
2018 ഫെബ്രുവരിമാസത്തില്‍ എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടന ലോകമെങ്ങും വര്‍ദ്ധിച്ചുവരുന്ന ക്രൈസ്തവപീഡനത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായി വത്തിക്കാനിലെ കൊളോസിയത്തില്‍ ഒരു സമ്മേളനം സംഘടിപ്പിച്ചു. അന്ന് അവിടെ ക്ഷണിക്കപ്പെട്ടവരില്‍ ജീവിക്കുന്ന രക്തസാക്ഷിയെന്ന് മാര്‍പാപ്പ വിശേഷിപ്പിച്ച റെബേക്കയും ഉണ്ടായിരുന്നു. അവളുടെ കഥകേട്ട് ആദിമക്രൈസ്തവരുടെ രക്തം വീണു ചുവന്ന വത്തിക്കാനിലെ കൊളോസിയം വീണ്ടും പുളകിതമായി.
Send your feedback to : onlinekeralacatholic@gmail.com