വിശുദ്ധ മറിയം ത്രേസ്യ-കേരളസഭയുടെ പുണ്യം
ഷേര്‍ളി മാണി - ഒക്ടോബർ 2019
കേരളമണ്ണിനു ദൈവം വരദാനമായി തന്ന വലിയ വിശുദ്ധയാണ് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ. വിശുദ്ധ അമ്മത്രേസ്യയെപ്പോലെ ഒരു മിസ്റ്റിക്, വിശുദ്ധ ഫ്രന്‍സിസ് അസീസിയെപ്പോലെ ഒരു പഞ്ചക്ഷതധാരി; വിശുദ്ധ മദര്‍ തെരേസയെപ്പോലെ ഒരു ജീവകാരുണ്യ പ്രവര്‍ത്തക. വിശുദ്ധ കത്രീനയെപ്പോലെ സമൃദ്ധമായ ദിവ്യദര്ശനങ്ങളുടെയും മൗതികാനുഭവങ്ങളുടെയും വിളനിലമായിരുന്നു അവളുടെ ജീവിതം. 50 വര്‍ഷം മാത്രം നീണ്ടുനിന്ന ആ ജീവിതം ക്രൂശിത നാഥനോടുള്ള ആഴമായ സ്നേഹത്തില്‍ നിന്നു പൊട്ടിവിരിഞ്ഞതായിരുന്നു.
ചെറുപ്പം മുതലേ ദൈവത്തെ സ്നേഹിക്കുവാനുള്ള തീവ്രമായ ദാഹത്താല്‍ എന്റെ ആത്മാവ് ഏറെ ക്ലേശിച്ചിരുന്നുവെന്ന അവളുടെ ആത്മകഥയിലെ വാക്കുകള്‍ മാത്രം മതി മറിയം ത്രേസ്യ എന്ന വിശുദ്ധയുടെ ആത്മീയതയുടെ ആഴം അളക്കുവാന്‍. ദൈവഭക്തിയിലും പ്രാര്‍ത്ഥനയിലും ഉറച്ചുവളര്ന്ന അവളെ കൂട്ടുകാര്‍ മുത്തിയെന്ന് കളിയാക്കി വിളിക്കുവാന്‍ മാത്രം വിശുദ്ധയായിരുന്നു ആ കുരുന്ന്.
തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന മറിയം ത്രേസ്യ, ദൈവദാസി, ധന്യ, വാഴ്ത്തപ്പെട്ടവള്‍ എന്നീ പദവികള്‍ പിന്നിട്ട് വിശുദ്ധഗണത്തിലേയക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നു.
ത്രേസ്യ എന്ന ഗ്രാമീണ കന്യകയുടെ ആത്മനൈര്മല്യവും വിശുദ്ധിയും കണ്ട് ആകര്‍ഷിതനായ ദൈവം പലവട്ടം അവള്‍ക്കായി സ്വര്‍ഗം വിട്ട് മണ്ണിലിറങ്ങിവന്നു എന്ന് മറിയം ത്രേസ്യയുടെ ജീവചരിത്രം പഠിക്കുന്നവര്‍ക്ക് സുവ്യക്തമാണ്. മരണശേഷം ആ അമ്മയോടുള്ള പ്രാര്‍ത്ഥനകള്‍ക്ക് ദൈവം നല്കുന്ന മറുപടി എത്രയോ അത്ഭുതാവഹമെന്നു മറിയം ത്രേസ്യയുടെ കബറിടം സ്ഥിതിചെയ്യുന്ന കുഴിക്കാട്ടുശ്ശേരി ഭവനത്തില്‍ ചെന്നാലറിയാം. അവയില്‍ വളരെ പ്രധാനമേറിയ ഒന്ന്, അമ്മാടം പല്ലിശ്ശേരി മാത്യു എന്ന ബാലന്റെ ഇരുകാലുകളുടെയും പൂര്‍ണ സൗഖ്യമാണ്. മറിയം ത്രേസ്യയുടെ മാദ്ധ്യസ്ഥ്യം കരഞ്ഞപേക്ഷിച്ച കുടുംബത്തിന്റെ ദുഖത്തിനറുതിവരുത്തി, അമ്മ ഒരു രാത്രിയില്‍ അവന്റെ കാലുകള്‍ തഴുകി സുഖപ്പെടുത്തി. കാലിന്റെ അസ്ഥികള്‍ക്ക് ആറ് ഓര്‍ത്തോ സര്‍ജറി നടത്തിയാല്‍ പോലും ഇത്രയും സുഖമാകില്ല എന്നു ഡോക്ടര്‍മാര്‍ ഏകകണ്ഠമായി വിധിയെഴുതി. ദൈവത്തിന്റെ വഴികള്‍ എത്ര വിസ്മയാവഹം.വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിനുശേഷവും ധാരാളം അത്ഭുതങ്ങള്‍ നടുന്നു. നാമകരണത്തിനു മുന്നോടിയായി പ്രത്യേകം പഠനവിഷയമായതും മാര്‍പാപ്പ അംഗീകരിച്ചതുമായ അത്ഭുതം, തൃശൂര്‍ പെരിഞ്ചേരിയില്‍ ക്രിസ്റ്റഫര്‍ ജോഷി എന്ന ബാലന് അക്യൂട്ട് റെസ്പിറേറ്ററി ഫെയ്ലിയര്‍ എന്ന രോഗത്തില്‍ നിന്ന് ലഭിച്ച അത്ഭുതസൗഖ്യമാണ്.
വിശ്വാസം, ശരണം, ഉപവി എന്നീ ദൈവിക പുണ്യങ്ങളുടെ വീരോചിതമായ അനുഷ്ഠാനം ജീവിതത്തിലൂടനീളം വസ്തുനിഷ്ഠമായി തെളിയിക്കപ്പെടുക എന്നതാണ് ഒരു വ്യക്തിയെ വിശുദ്ധ പദവിയ്ക്കര്ഹമാക്കുന്ന ഏറ്റവും വലിയ മാനദണ്ഡം.
നമ്മുടെ സ്വന്തം മണ്ണില്‍ പിറന്നുവീണ്, സഹജീവികളുടെ നൊമ്പരവും കണ്ണീരും സ്വന്തമാക്കി, പ്രാര്‍ത്ഥനയാലും തപസാലും സ്ഫുടം ചെയ്യപ്പെട്ട ആത്മാവില്‍ ദൈവികത നിറച്ച്, കുടുംബങ്ങളില്‍ വെളിച്ചം വിതറിയ കുടുംബങ്ങളുടെ പ്രേഷിതയായിരുന്നു വി. മറിയം ത്രേസ്യ.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കുടുംബമെന്ന ഗാര്‍ഹികസഭയെ കെട്ടിപ്പടുക്കുവാന്‍ വി. മറിയം ത്രേസ്യ നടത്തിയ പോരാട്ടമാണ് ഇന്ന് തിരുസഭ ഏറ്റവും പ്രധാനപ്പെട്ട ശുശ്രൂഷയായി കാണുന്ന പ്രേഷിതത്വം. അനാഥരോടും ഒറ്റപ്പെടുന്ന രോഗികളോടും വൃദ്ധജനങ്ങളോടുമൊക്കെ വലിയ സ്നേഹമായിരുന്നു അവള്‍ക്ക്. ആരോരുമില്ലാത്തവരെ സഹായിച്ചാല്‍ ദൈവം നല്കുന്ന പ്രതിഫലം എണ്ണിത്തിട്ടപ്പെടുത്താനാവില്ല എന്നാണ് മറിയം ത്രേസ്യ പറഞ്ഞിരുന്നത്.
ക്രൂശിതന്റെ മണവാട്ടിയായിരുന്നു അവള്. യേശുവിന്റെ പീഢാസഹനങ്ങളുടെ കാഠിന്യം നേരില്‍ക്കണ്ട് മതി കര്‍ത്താവേ മതി ഈ കുരിശു ഞാന്‍ ചുമന്നുകൊള്ളാം എന്നു വളിച്ചുകരഞ്ഞ പുണ്യവതിയാണ് വി. മറിയം ത്രേസ്യ. തിരുകുടുംബ സന്യാസിനീ സഭ സ്ഥാപിക്കപ്പെട്ടതിനു പിറകേ പള്ളിക്കൂടങ്ങളും സ്ഥാപിക്കാന്‍ വി. മറിയം ത്രേസ്യ മുന്‍കൈയെടുത്തു.
1926 മേയ് 10 ന് തിരുകുടുംബ സന്യാസിനീ സഭയുടെ രണ്ടാമത്തെ മഠം തുമ്പൂരില്‍ മാര്‍ ഫ്രാന്‍സിസ് വാഴപ്പിള്ളി വെഞ്ചിരിക്കവേ, മദ്ബഹയില്‍ വെച്ച് മറിയം ത്രേസ്യയുടെ കാലില്‍ ഒരു ക്രാസി മറിഞ്ഞുവീണ് മുറിവുണ്ടായി. ആ മുറിവ് ആരോഗ്യനില വഷളാക്കി. 1926 ജൂണ്‍ 8 അവള് സ്വര്‍ഗ്ഗീയ സൂനമായി വിരിഞ്ഞു.
ജീവിച്ചിരിക്കുമ്പോള്‍ തന്നെ പുണ്യവതിയെന്ന് അറിയപ്പെട്ടിരുന്ന അവളെ ഇതാ കത്തോലിക്ക സഭ ഔദ്യോഗികമായ വിശുദ്ധപദവിയിലേക്ക് എടുത്തുയര്‍ത്തിയിരിക്കുന്നു.
Send your feedback to : onlinekeralacatholic@gmail.com