പാവങ്ങള്‍ക്കുവേണ്ടി ശബ്ദിച്ചതിന് ബലിമദ്ധ്യേ വെടിയേറ്റുവീണ ആര്‍ച്ചുബിഷപ് റൊമാരോ
ജോര്‍ജ് .കെ. ജെ - ഒക്ടോബര്‍ 2020
2007-ല്‍ ബ്രസീലിലെ അപാരസിഡയില് നടന്ന ലാറ്റിനമേരിക്കന്‍ ബിഷപ്പുമാരുടെ കോണ്ഫ്രന്സില് അന്നത്തെ കര്‍ദ്ദിനാള്‍ ജോര്‍ഗെ ബെര്‍ഗോഗ്ളിയോ ഒരു പ്രവചനം നടത്തി. ആര്‍ച്ചുബിഷപ് ഓസ്കാര്‍ റൊമേരോ വിശുദ്ധനും രക്തസാക്ഷിയുമാണ്. ഞാന്‍ മാര്‍പാപ്പയായാല്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കും. മാര്‍പാപ്പയുടെ പ്രവചനം സത്യമായി. അദ്ദേഹം മാര്‍പാപ്പയുമായി ആര്‍ച്ചുബിഷപ് വിശുദ്ധനുമായി. പാവപ്പെട്ടവന്റെ ശബ്ദമായി മാറിയ കത്തോലിക്കസഭയിലെ ആദരണിയനായ മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്നു രക്തസാക്ഷിയായ ആര്‍ച്ചുബിഷപ് റൊമാരോ. 1980 മാര്‍ച്ച് 24. ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ചുകൊണ്ട് നില്ക്കവേ കടന്നുവന്ന അക്രമി അദ്ദേഹത്തിന്റെ നെഞ്ചിലേക്കാണ് വെടിയുതിര്‍ത്തത്. കാസയിലെ ക്രിസ്തുവിന്റെ രക്തതുള്ളികള്ക്കൊപ്പം അദ്ദേഹത്തിന്റെ രക്തവും മാംസവും ചിതറിത്തെറിച്ചു. അദ്ദേഹം മരിച്ചിട്ട് അഞ്ച് പതിറ്റാണ്ടുകള്‍ കടന്നുപോയിട്ടും എല്‍ സല്വോദാറിലെ ഓരോ പുല്‍ക്കൊടിത്തുമ്പിലും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നിറയുന്നു. ചേരികളിലെ കൂരകളില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മചിത്രങ്ങള്‍ തുങ്ങുന്നു.
ജീവിച്ചിരിക്കുമ്പോള്‍ തന്നെ എല്സല്വോദാറിലെ പാവങ്ങള്‍ അദ്ദേഹത്തെ തങ്ങളുടെ മിശിഹായായി കണ്ടിരുന്നു. അവര്‍ അദ്ദേഹത്തെ വിശുദ്ധനെന്ന് വിളിച്ചിരുന്നു. സൗമ്യനും ശാന്തനുമായിരുന്ന ആ വൈദികന് പാവപ്പെട്ടവനു നേരെ കൈയുയര്ത്തിയവര്ക്കെതിരെ ശബ്ദിച്ചപ്പോള്‍ അദ്ദേഹത്തെ റിബലെന്ന് മുദ്രകുത്തി. എല്‍ സല്വോദാറിലെ മനസാക്ഷിയുടെ ശബ്ദമായിരുന്നു അദ്ദേഹം. ആഭ്യന്തരയുദ്ധം കലശലായ കാലത്ത് അള്‍ത്താരയില്‍ നിന്ന് അദ്ദേഹം ഗര്‍ജ്ജിച്ചു. നിങ്ങളെന്തിനാണ് പാവപ്പെട്ടവരായ നിങ്ങളുടെ സഹോദരന്മാരെ കൊന്നൊടുക്കുന്നത്. ദൈവനാമത്തില്‍ ഞാന്‍ കല്പിക്കുന്നു. ഇനി കൊല്ലരുത്. ആ സിംഹഗര്‍ജ്ജനമാണ് ആ നാട്ടിലെ തീവ്രവാദികളെ ചൊടിപ്പിച്ചതും അവര്‍ അദ്ദേഹത്തിനുനേരെ വെടിയുതിര്‍ക്കാന്‍ കാരണമായതും.
ളോഹ ബുള്ളറ്റ് പ്രൂഫല്ല
1917 ല്‍ 7 മക്കളുള്ള ഒരു കുടുംബത്തിലായിരുന്നു റൊമേരോയുടെ ജനനം. ചെറുപ്പത്തില്‍ തന്നെ വിശുദ്ധിയുടെ പരിമളം നിറഞ്ഞിരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ആത്മീയപാതയാണ് തന്റെ ജീവിതം എന്ന് മനസ്സിലാക്കിയ അദ്ദേഹം സെമിനാരിയില്‍ പ്രവേശിച്ചു. പിന്നീട് റോമിലേയ്ക്ക് പഠനത്തിനായി അയക്കപ്പെട്ടു. പഠനം പൂര്‍ത്തിയാക്കി 26-ാമത്തെ വയസ്സില്‍ അദ്ദേഹം എല്‍ സല്വോദാറില് തിരിച്ചെത്തി. പിന്നീട് രണ്ടുപതിറ്റാണ്ടോളം അജപാലനത്തിനായി ജീവിതം മാറ്റിവെച്ചു. 1970 സാല്വോദാറിലെ സഹായ മെത്രാനായി. 1974 ല്‍ സാന്റിയാഗോ ഡി മരിയയിലെ ബിഷപ്പായി. അവിടെ അദ്ദേഹത്തിന്റെ അജഗണങ്ങള്‍ ദരിദ്രരായ ഗ്രാമവാസികളായിരുന്നു.
തികച്ചും ഒരു യാഥാസ്ഥിതകനായിരുന്നു ആദ്യകാലങ്ങളില്‍ അദ്ദേഹം. കാപ്പിത്തോട്ടങ്ങളിലെ കൂലിത്തൊഴിലാളികളും കൃഷിയിടങ്ങളിലെ വേലക്കാരുമായുള്ള സഹവാസം അദ്ദേഹത്തിന്റെ രാഷ്ട്രീയവും ദൈവശാസ്ത്രപരവുമായ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. അവരുടെ ദാരിദ്ര്യം മാത്രമല്ല അദ്ദേഹത്തെ വേദനിപ്പിച്ചത്. ഭൂവുടമകള്‍ അവരെ എത്ര നിഷ്ഠൂരമായിട്ടാണ് ചൂഷണം ചെയ്യുന്നതെന്നും അദ്ദേഹം മനസ്സിലാക്കി. അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവരെ അവിടുത്തെ മിലിട്ടറി നിര്‍ദ്ദയം നിശബ്ദരാക്കി. അതെല്ലാം അദ്ദേഹത്തിന്റെ ഹൃദയം നുറുക്കി. ഗവണ്മെന്റിന്റെ സഹായത്തോടെ ഒരിക്കല്‍ കര്‍ഷകത്തൊഴിലാളികളെ അവര്‍ കൊന്നൊടുക്കിയപ്പോള്‍ ആര്‍ച്ചുബിഷപ് ഗര്‍ജ്ജിച്ചു. അതുകേട്ട നാഷണല്‍ ഗാര്‍ഡ് അംഗം അദ്ദേഹത്തോട് പറഞ്ഞു. ഓര്‍ക്കുക. നിന്റെ ളോഹ ബുള്ളറ്റ് പ്രൂഫല്ല....പക്ഷേ, ഭീക്ഷണികള്ക്കു നടുവില്‍ അദ്ദേഹം തളരാതെ വളര്‍ന്നു. അദ്ദേഹം ആരെയും ഭയപ്പെട്ടില്ല. എല്‍ സല്വോദാറിന്റെ മോചനത്തിനും ഉയര്‍ത്തെഴുന്നേല്‍പിനുമായി എന്റെ ജീവിതം ബലികഴിക്കാനും ഞാന്‍ തയാറാണെന്നായിരുന്നു ഭീഷണിക്കുള്ള അദ്ദേഹത്തിന്റെ മറുപടി.
1977 ല്‍ റൊമേരോ സന് സല്വോദാറിലെ ആര്‍ച്ചുബിഷപ്പായി ഉയര്‍ത്തപ്പെട്ടു. അദ്ദേഹത്തിന്റെ ബിഷപ് പദവി ഗവണ്മെന്റിനെ സുഖിപ്പിച്ചെങ്കിലും മാര്‍ക്സിസ്റ്റ് അനുഭാവികളായ വൈദികരെ ചൊടിപ്പിച്ചു. അവര്‍ അദ്ദേഹത്തെ സുഹൃത്തായി കണ്ടില്ല. രാജ്യത്തെ ദരിദ്രര്ക്കുനേരെയുളള അക്രമങ്ങള്‍ കൂടിക്കൂടിവന്നു. അവര്‍ക്കുവേണ്ടി ഉയരുന്ന ഒരേയൊരു ശബ്ദം സഭ മാത്രമായിരുന്നു. സൗമ്യനായ റൊമേരോ സടകുടഞ്ഞെണീറ്റു. കര്‍ഷകത്തൊഴിലാളികളെ കൊന്നൊടുക്കുന്നതിനെതിരെ അദ്ദേഹം ശബ്ദിച്ചു. വൈദികര്‍ അപ്രത്യക്ഷരാകുന്നതിനെതിരെ അദ്ദേഹം പ്രതികരിച്ചു. പാവപ്പെട്ട കര്‍ഷകര്‍ക്ക് കൂലിക്കുവേണ്ടി, സാമൂഹികനീതിക്കുവേണ്ടി അദ്ദേഹം മുറവിളി കൂട്ടി. കൊല്ലിനും കൊലയ്ക്കുമെതിരെ അദ്ദേഹം നിലകൊണ്ടു. അനീതിക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതിഷേധിച്ചു. റേഡിയോയിലും വചനവേദികളിലും അദ്ദേഹത്തിന്റെ സിംഹഗര്‍ജ്ജനം അലയടിച്ചു. അത് അധികാരികളുടെ ഉറക്കം കെടുത്തി. 1980 ല്‍ അദ്ദേഹം 62-ാമത്തെ വയസ്സില്‍ ദിവ്യബലിമധ്യേ അദ്ദേഹത്തെ അവര്‍ വെടിവെച്ചുകൊന്നു. വലതുപക്ഷത്തിന്റെ ഡെത്ത് സ്വാകാഡായിരുന്നു അദ്ദേഹത്തെ വെടിവെച്ചുകൊന്നത് എന്ന് പിന്നീടു തെളിഞ്ഞു. രാജ്യം അതുവരെ കാണാത്ത ജനസമുദ്രമായിരുന്നു അദ്ദേഹത്തിന് യാത്രാമൊഴി നേരാന്‍ ഒഴുകിയെത്തിയത് എന്നതു മാത്രം മതിയായിരുന്നു ആ ഹീറോയുടെ ജനപിന്തുണ മനസ്സിലാക്കുവാന്‍.
കത്തോലിക്ക സഭ പാവങ്ങള്‍ക്കൊപ്പം
അള്‍ത്താരയില്‍ വെടിയേററുവീണ അദ്ദേഹത്തെ വിശുദ്ധനെന്നുവിളിക്കാന് സഭ വളരെക്കാലം അറച്ചുനിന്നു. 3 വര്‍ഷങ്ങള്‍ക്കുശേഷം സാന്‍ സാല്വോദാര് സന്ദര്‍ശിച്ച ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ അദ്ദേഹത്തിന്റെ കബറിടത്തിലെത്തി മുട്ടുകുത്തി. ഓസ്കാര്‍ റൊമോരോയെ വിശുദ്ധനാക്കണമെന്ന് മുറവിളി ഉയര്‍ന്നെങ്കിലും വേറിട്ട അഭിപ്രായങ്ങളില്‍ അത് വീണ്ടും മുട്ടുകുത്തി വീണു. അദ്ദേഹത്തിന്റെ മരണം രാഷ്ട്രീയമാണോ, മതപരമായ കാരണങ്ങള്ക്കൊണ്ടാണോ എന്നൊക്കെയുളള ചര്‍ച്ചകളും കൂടാതെ, വിമോചന ദൈവശാസ്ത്രത്തിന്റെ വക്താവാണ് അദ്ദേഹമെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ നാമകരണനടപടികള്‍ക്കു വിലങ്ങുതടിയായി. അദ്ദേഹം ഒരു ലിബറേഷന്‍ തിയോളജിയനല്ലായിരുന്നെങ്കിലും ലിബറേഷന്‍ തിയോളജിയുടെ വക്താക്കളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം പലപ്പോഴും ചര്‍ച്ചചെയ്യപ്പെട്ടു. ആര്‍ച്ചുബിഷപ് ഓസ്കാര്‍ റൊമേരോ മുന്നേറിയത് കത്തോലിക്കസഭ പാവങ്ങള്‍ക്കൊപ്പം എന്ന ഒരേയൊരു ദൈവശാസ്ത്രത്തിനൊപ്പമായിരുന്നു. പാവപ്പെട്ടവരുടെ മുഖങ്ങളില്‍ ക്രിസ്തുവിനെ ദര്‍ശിക്കണമെന്ന് അദ്ദേഹം സഭയെയും വിശ്വാസികളെയും ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.
ഒരിക്കല്‍ അദ്ദേഹം എഴുതി- നമ്മള് ക്രിസ്തുവിനെ അന്വേഷിക്കേണ്ടത് പുല്‍ക്കൂട്ടിലെ മനോഹരമായ രൂപങ്ങളിലല്ല. നാം അവനെ അന്വേഷിക്കേണ്ടത് വിശന്നവയറുമായി രാത്രിയില്‍ ഭക്ഷണം കിട്ടാതെ ഉറങ്ങാന്‍ വിധിക്കപ്പെട്ട ദരിദ്രകുഞ്ഞുങ്ങളിലാണ്, തെരുവീഥികളില്‍, പത്രത്താളുകളില്‍ ചുരുണ്ടുകിടന്നുറങ്ങുന്ന ന്യൂസ്പേപ്പര്‍ ബോയ്സിനിടയിലാണ് നാം ഉണ്ണിയേശുവിനെ അന്വേഷിക്കേണ്ടത്.
ആര്‍ച്ച്ബിഷപ് റൊമേരോ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മുന്നോട്ടുവെച്ച ദരിദ്രരോടുള്ള സ്നേഹത്തിന്റെ മഹത്തായ സാക്ഷ്യമായിരുന്നു. സ്വന്തം ജീവന് നല്‍കിക്കൊണ്ടാണ് അദ്ദേഹം ആ സ്നേഹം പ്രകടിപ്പച്ചത്..അതുകൊണ്ട് യഥാര്‍ത്ഥത്തില്‍ അദ്ദേഹം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആദ്യത്തെ രക്തസാക്ഷിയായി എന്ന് പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫ് തലവന്‍ ആര്‍ച്ചുബിഷപ് വിന്‍സെന്‍സോ പകാലിയയുടെ വാക്കുകള്‍ സത്യമായിരുന്നു.
മൂന്നു പതിറ്റാണ്ടുകള്‍ക്കുശേഷം 2012 ലാണ് പോപ്പ് ബനഡിക്ട് പതിനാറാമന്‍ അദ്ദേഹത്തിന്റെ നാമകരണത്തിനുള്ള പാതതുറന്നത്. റൊമേരോ അത് അര്‍ഹിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ പദവി ഏറ്റെടുത്ത ഉടനെ 2013 മാര്‍ച്ചില്‍ തന്നെ അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ ത്വരിതഗതിയിലാക്കി.
4 മാര്‍പാപ്പമാരുടെ വിശുദ്ധന്
സാന്‍ സാല്വോദാറിലെ സഹായമെത്രാനും റൊമേരോയുടെ അടുത്തസുഹൃത്തുമായിരുന്ന കര്‍ദ്ദിനാല്‍ ജോസ് ഗ്രിഗോറിയോ റോസ ചാവേസ് പറഞ്ഞത്-റൊമേരോ നാലുമാര്പാപ്പമാരുടെയും വിശുദ്ധനാണ്. കാരണം പോപ്പ് പോള്‍ ആറാമന്‍, ജോണ്‍പോള്‍ രണ്ടാമന്, ബെനഡിക്ട് പതിനാറാമന്‍, ഫ്രാന്‍സിസ് മാര്‍പാപ്പ എന്നീ നാലുമാര്പാപ്പമാരുടെയും കാഴ്ചപ്പാടുകളും ദര്ശനുവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിരുന്നത്. മാത്രമല്ല, ഓരോ മാര്‍പാപ്പയ്ക്കും നാമകരണനടപടിയില് അവരുടേതായ പങ്ക് വഹിക്കാനും കഴിഞ്ഞിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാഴ്ചപ്പാടില്‍ ഒരു വൈദികന് എങ്ങനെയായിരിക്കണമെന്ന് സഭ ആഗ്രഹിക്കുന്നുവോ, ഏതുതരത്തിലുള്ള അജപാലകനായിരിക്കണമോ അതാണ് റൊമേരോ.
Send your feedback to : onlinekeralacatholic@gmail.com