ദിവ്യകാരുണ്യവും കൂദാശകളും സ്വീകരിക്കാനാകാതെ വന്നപ്പോഴും വിശ്വാസം കാത്തുസൂക്ഷിച്ച വിശുദ്ധര്‍
ജോര്‍ജ് .കെ. ജെ - മാർച്ച് 2020
കോവിഡ് ഭീതിയില്‍ ലോകത്തിലെ പല ദേവാലയങ്ങളും അടഞ്ഞുകിടക്കുന്നു. വിശ്വാസികള്‍ ദിവ്യകാരുണ്യവും കൂദാശകളും സ്വീകരിക്കാനാകാതെ വിഷമിക്കുന്നു. ലോകം ഒരു മഹാമാരിക്കെതിരെ പോരാടുമ്പോള്‍ ക്രിസ്തുവിന്റെ ശരീരവും രക്തവും മുമ്പെന്നതിനേക്കാളും നമുക്കത്യാവശ്യമാണെന്നുപോലും പലരും ചിന്തിക്കുന്നു. പൊതു കുര്ബാനകളില്ലെങ്കിലും ആത്മീയമായി നമുക്ക് ക്രിസ്തുവിന്റെ ശരീരവും രക്തവും സ്വീകരിച്ചുകൊണ്ട് ആ കുറവ് പരിഹരിക്കാന്‍ കഴിയുമെന്ന് അനേകം വിശുദ്ധരുടെയും ക്രൈസ്തവ വിശ്വാസികളുടെയും ജീവിതം സാക്ഷ്യപ്പെടുത്തുന്നു. അനേക ലക്ഷം ക്രൈസ്തവരും വിശുദ്ധരും ദിവ്യകാരുണ്യവും കൂദാശകളും സ്വീകരിക്കാനാകാതെ, എങ്കിലും ദൈവത്തോട് ഐക്യപ്പെട്ട്, പുണ്യജീവിതം നയിച്ചുകൊണ്ട് അഗ്നിപരീക്ഷണങ്ങളെ അതിജീവിച്ചിട്ടുണ്ട്. ദിവ്യബലിയ്ക്കായി നാം ദാഹിക്കുന്ന ഈ നാളുകളില്‍ അവരുടെ ജീവിതത്തിലൂടെ ഒന്ന് കണ്ണോടിക്കുന്നത് നമ്മുടെ ആശങ്കളെ ഇല്ലാതാക്കും.
ജപ്പാനിലെ ക്രൈസ്തവര്‍ 250 വര്‍ഷത്തോളം വിശുദ്ധ കുര്‍ബാനയും കൂദാശകളും ഇല്ലാതെ ജീവിച്ചിരുന്നു എന്നത് ചരിത്രമാണ്. മക്കള്‍ക്ക് അവര്‍ രഹസ്യമായി മാമ്മോദീസ നല്കി, വിശ്വാസം ചെവിയിലോതിക്കൊടുത്തു. ബുദ്ധിസ്റ്റ് പ്രതിമകളോട് സാമ്യമുള്ള മാതാവിന്റെയും ഉണ്ണിയേശുവിന്റെയും രൂപങ്ങള്ക്കുമുമ്പില് അവര്‍ ആരുമറിയാതെ പ്രാര്‍ത്ഥിച്ചു. 1815 ല്‍ ജപ്പാന് ക്രൈസ്തവ മിഷനറിമാര്‍ക്ക് അവരുടെ രാജ്യത്തേക്ക് വീണ്ടും പ്രവേശനം അനുവദിച്ചപ്പോള്‍ 10,000 ലധികം രഹസ്യ ക്രൈസ്തവര്‍ അവര്‍ക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. പുതിയ തലമുറയിലുള്ളവരോട് മുതുമുത്തശ്ശന്മാരും മുത്തശ്ശിമാരും പരിശുദ്ധ കുര്‍ബാനയും കൂദാശകളും സ്വീകരിച്ച കഥകള്‍ പകര്‍ന്ന് അവര്‍ തലമുറകളുടെ വിശ്വാസം കെടാതെ കാത്തുസൂക്ഷിക്കുകയായിരുന്നു എന്നതാണ് ഏറ്റവും വലിയ അത്ഭുതം.
കൊറിയയിലെ 19-ാം നൂറ്റാണ്ടിലെ വിശുദ്ധരും സമാനമായ അവസ്ഥയിലൂടെ കടന്നുപോയവരാണ്. 1784 ല്‍ ആദ്യമായി കൊറിയയില്‍ സുവിശേഷം പ്രസംഗിച്ച ദൈവദാസനായ യി ബിയോകും സൂഹൃത്തുക്കള്‍ക്കും ശേഷം 1795 വരെ അവിടുത്തെ സഭയെ മുന്നോട്ടുകൊണ്ടുപോയത് ആത്മായര്‍ മാത്രമായിരുന്നു. 1795 ല്‍ വാഴ്ത്തപ്പെട്ട ജെയിംസ് ഷോ വെന്‍ മോ അവിടെ എത്തുമ്പോള്‍ അവിടെ 4000 ത്തോളം ക്രൈസ്തവരുണ്ടായിരുന്നു. അതില്‍ പലരും ഒരു വൈദികനെ കണ്ടിട്ടുപോലുമില്ലായിരുന്നു. രക്തസാക്ഷിയായി മാറുന്നതുവരെ ആറ് വര്‍ഷത്തോളം വെന്‍ മോ മാത്രമായിരുന്നു കൊറിയയിലെ ഒരേയൊരു വൈദികന്. പിന്നീടുള്ള 36 വര്‍ഷം അവിടെ ദിവ്യബലിയര്പ്പിക്കപ്പെട്ടില്ല. 1836 ല്‍ ഫ്രഞ്ച് വൈദികരെത്തിയപ്പോഴാണ് വീണ്ടും കൊറിയയില്‍ ദിവ്യബലിയര്പ്പിക്കപ്പെട്ടത്, ആ വൈദികരും രണ്ടുവര്‍ഷത്തിനുശേഷം കൊല്ലപ്പെട്ടു.
വി. ഐസക് ജോഗ്സ് (1607-1646) നോര്‍ത്ത് അമേരിക്കയിലേക്ക് യാത്രചെയ്തത് രക്തസാക്ഷിയാകുമെന്നും പീഡിപ്പിക്കപ്പെടുമെന്നും അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു. പക്ഷേ, അദ്ദേഹത്തെ ശത്രുക്കള്‍ പിടികൂടി കൈവിരലുകള്‍ തകര്‍ത്തുകളയുന്നതുവരെ, ഒരു വൈദികനെന്ന നിലയില്‍ തനിക്ക് ബലിയര്‍പ്പിക്കപ്പെടുവാന്‍ സാധിക്കാതെ വരുമെന്ന് അദ്ദേഹം ഒരിക്കല്‍പ്പോലും ചിന്തിച്ചിരുന്നില്ല. ബന്ദിയാക്കിയ ശേഷം അവര്‍ അദ്ദേഹത്തിന്റെ കൈവിരലുകള്‍ തകര്ക്കുകളഞ്ഞതിനാല് മൊഹാവ്ക് സംഘങ്ങളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് ഫ്രാന്സിലെത്തുന്നതുവരെയുള്ള 17 മാസത്തോളം ഒരിക്കല്‍പ്പോലും അദ്ദേഹത്തിന് ദിവ്യബലിയര്പ്പിക്കുവാനോ, കുമ്പസാരിക്കുവാനോ, കുര്‍ബാനയില്‍ പങ്കുകൊള്ളുവാനോ കഴിഞ്ഞിരുന്നില്ല. തന്തവിരലോ, ചൂണ്ടുവിരലോ ഇല്ലാതെ കുര്‍ബാന ചൊല്ലാന്‍ അന്നത്തെക്കാലത്ത് അനുവാദമില്ലായിരുന്നു. എന്നാല്‍, സഭ അദ്ദേഹത്തിന് പ്രത്യേക അനുവാദം കൊടുത്തു ദിവ്യബലിയര്പ്പിക്കുവാനും, സുഖംപ്രാപിച്ച ശേഷം അമേരിക്കയിലേക്ക് മടങ്ങിപ്പോകുവാനും. പക്ഷേ, അവിടെ തിരിച്ചെത്തി അധികം വൈകുന്നതിനുമുമ്പേ അദ്ദേഹം രക്തസാക്ഷിയായി. അത്ഭുതമെന്ന് പറയട്ടെ, ആ വിശുദ്ധനെ വധിച്ച വ്യക്തി ഒടുവില്‍ മാനസാന്തരപ്പെട്ട് ഐസ് ജോഗ്സ് എന്ന പേരില്‍ മാമ്മോദീസ സ്വീകരിച്ചു.
വാഴ്ത്തപ്പെട്ട വിക്ടോറി റോസോമനാരിവോ (1848-1894) മഡ്ഗാസ്ക്കറില് അന്യമതത്തില്‍നിന്നും വന്ന് ക്രിസ്തുമതം സ്വീകരിച്ച ഒരു കുലീന വനിതയായിരുന്നു. 1883 ല്‍ അവിടെ നിന്നും ഫ്രഞ്ചുകാരെ പുറത്താക്കി. അവിടെനിന്നും വൈദികരെ പുറത്താക്കിയപ്പോള്‍ വിക്ടോറിയുടെ കൈകളിലാണ് സഭയുടെ നേതൃത്വം ആ വൈദികര്‍ ഏല്പിച്ചുകൊടുത്തത്. വിക്ടോറിക്കൊപ്പം വാഴ്ത്തപ്പെട്ട റാഫേല്‍ റാഫ്രിംഗ എന്ന സന്യാസ സഹോദരനും ഉണ്ടായിരുന്നു. മൂന്ന് വര്‍ഷത്തേക്ക് വിക്ടോറിയും റാഫേലും മഡ്ഗാസ്ക്കറിലെ 21,000 ത്തോളം ക്രൈസ്തവരെ ഒരുമിച്ച് കൂട്ടുകയും ഞായറാഴ്ചതോറും സമൂഹപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തത്. കാരണം അവിടെ ബലിയര്‍പ്പിക്കുവാന്‍ ഒരു വൈദികന് പോലുമില്ലായിരുന്നു. നേരത്തെ അവിടെയുണ്ടായിരുന്ന മിഷനറി വൈദികര്‍ ബലിയര്‍പ്പിച്ചിരുന്നത് മനസ്സില്‍ ഓര്‍ക്കുകയും ലോകം മുഴുവന്‍ അര്‍പ്പിക്കപ്പെടുന്ന ബലിയില്‍ മനസ്സുകൊണ്ട് പങ്കുചേരുകയും ചെയ്തിരുന്നു എന്നാണ് വിക്ടോറി ദിവ്യബലിയില്ലാത്ത നാളുകളെക്കുറിച്ച് പിന്നീട് അനുസ്മരിച്ചത്. മൂന്ന് വര്‍ഷത്തിനുശേഷം മഡ്ഗാസ്ക്കറിലെ വിശ്വാസികള്‍ വൈദികരെ സ്വാഗതം ചെയ്തത് ദിവ്യകാരുണ്യത്തിനായുള്ള വലിയ ദാഹത്തോടെയായിരുന്നു.
വി. മാര്‍ക്ക് ജി ടിയാന് ക്സിയാംഗ് എന്ന വിശുദ്ധന് ചെറുപ്പത്തില്‍ കറുപ്പ് എന്ന മയക്കുമരുന്നിന് അടിമയായിരുന്നു. മയക്കുമരുന്നിന്റെ ഉപയോഗത്തില്‍ നിന്ന് മോചിതനായാലെ നിനക്ക് ദിവ്യകാരുണ്യം നല്‍കൂ എന്ന് അവിടുത്തെ വൈദികന് മാര്‍ക്ക് ടിയാനോട് പറഞ്ഞു. 30 വര്‍ഷത്തളം, മാര്‍ക്ക് അതിനായി പരിശ്രമിച്ചുകൊണ്ടേയിരുന്നു. കുദാശകൊളൊന്നുമില്ലാതെ തന്റെ വിശ്വാസം അദ്ദേഹം ആചരിച്ചുപോന്നു. വളരെയേറെ പരിശ്രമിച്ചെങ്കിലും മരണം വരെ അദ്ദേഹത്തിന് അതില്‍ നിന്ന് മോചനം നേടാനായില്ല. ഒടുവില്‍ അദ്ദേഹം വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിയായി. അദ്ദേഹത്തെ സഭ വിശുദ്ധനാക്കിയത് വിശ്വാസത്തിനുവേണ്ടി ജീവനര്പ്പിച്ചതുകൊണ്ടുമാത്രമായിരുന്നില്ല, കൂദാശകളൊന്നും കൂടാതെ, തന്റെ വിശ്വാസം കാത്തൂസൂക്ഷിക്കുവാനായി അദ്ദേഹം നടത്തിയ നിരന്തരമായ പരിശ്രമങ്ങളെ മാനിച്ചുകൊണ്ടുമായിരുന്നു.
വാഴ്ത്തപ്പെട്ട ലോറന്ഷിയ ഹെരാസിമിവ് ( 1911-1952) നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലും സോവിയറ്റ് ഗുലാഗുകളിലും ജീവന് ഹോമിക്കപ്പെട്ട അനേകം ക്രൈസ്തവരെപ്പോലെ ദിവ്യകാരുണ്യമോ കുമ്പസാരമോ സ്വീകരിക്കാന്‍ കഴിയാതെ മരണത്തിനു കീഴടങ്ങേണ്ടിവന്ന വിശുദ്ധാത്മാക്കളിലൊരാളാണ്. സഭാ വിശ്വാസങ്ങള്‍ നിരാകരിക്കാന്‍ തയാറാകാതെ വന്നതിനാല്‍, ലോറന്ഷ്യായെയും അറസ്റ്റ് ചെയ്ത് ഒളിമ്പ്യ ബിഡായോടൊപ്പം സൈബീരിയയിലെ നിര്‍ബന്ധിത ജോലി ക്യാമ്പിലേക്ക് അയയ്ക്കപ്പെട്ടു. സൈബീരിയായിലെ തടങ്കല്‍പാളയത്തില്‍ വച്ച് അവര്‍ അന്ത്യശ്വാസം വലിച്ചു. വാഴ്ത്തപ്പെട്ട ലോറന്‍ഷ്യ പീഡനമേറ്റു തളര്‍ന്ന് രണ്ടുവര്‍ഷത്തോളം ദിവ്യകാരുണ്യമൊന്നും സ്വീകരിക്കുവാന്‍ കഴിയാതെ കഴിഞ്ഞു. എങ്കിലും അവള് ആത്മീയമായി ഈശോയുമായി ഐക്യപ്പെട്ടിരുന്നു. ദിവ്യകാരുണ്യത്തിനായി തന്നെ തടിലാക്കിയവരോട് അവള് ഭ്രാന്തമായി ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഈശോയെ, നിന്നെ സ്വീകരിക്കാതെ എനിക്കു മരിക്കേണ്ട എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവള് മരണത്തെ നേരിട്ടത്.
Send your feedback to : onlinekeralacatholic@gmail.com