ആഫ്രിക്കയിലെ പാവപ്പെട്ടവരെ സേവിക്കുവാന്‍ കൊതിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഇനി വാഴ്ത്തപ്പെട്ടവള്‍
ജെയ്സണ്‍ പീറ്റര്‍ - ഒക്ടോബര്‍ 2021
സാന്ദ്ര സബാറ്റിനി ഇനി വാഴ്ത്തപ്പെട്ടവള്‍. ന്യൂജെന്‍ വിശുദ്ധനായ കാര്‍ലോ അക്യൂട്ടിസിനെ പോലെ ആധുനിക വിശുദ്ധരുടെ ഗണത്തിലേക്ക് ഇതാ മറ്റൊരു പുണ്യസൂനം കൂടി. അതുല്യമായ മിഷണറി ചൈതന്യം നിറഞ്ഞവള്‍. പാവപ്പെട്ടവരോടും പതിതരോടും ഒടുങ്ങാത്ത സ്നേഹമുള്ളവള്‍. മെഡിസിന് പഠനം പൂര്‍ത്തിയാക്കി ആഫ്രിക്കയിലേക്ക് മിഷന് പ്രവര്‍ത്തനത്തിനായി പോകാനൊരുങ്ങിയവള്‍.. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങവേ, വാഹനാപകടത്തില്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടവള്‍....
ഇറ്റാലിയന്‍ പട്ടണമായ റിക്കിയോണില്‍ 1961 ഓഗസ്റ്റ് 19 നായിരുന്നു ആ പുണ്യസൂനം പിറവിയെടുത്തത്. കുട്ടിക്കാലം റിമിനിയിലെ മിസാനോ അഡ്രിയാറ്റിക്കോയിലായിരുന്നുവെങ്കിലും പിന്നീട് അമ്മാവനായ ഫാ. ജുസേപ്പോ ബോണിനി വികാരിയായിരുന്ന സാന്‍ ഗറിമലെമോയിലേക്ക് കുടുംബത്തോടൊപ്പം അവളും ചേക്കേറി.
അപാരമായ മരിയഭക്തി കുട്ടിക്കാലത്തെ അവളില്‍ മൊട്ടിട്ടിരുന്നു. ഉറങ്ങുമ്പോള്‍ പോലും ജപമാല കൈയില്‍ പിടിച്ചിരുന്നുവത്രെ. അതിരാവിലെ ഉണര്‍ന്ന് അവള് എന്നും ദേവാലയത്തിലെത്തും ദിവ്യകാരുണ്യബലിയില് പങ്കുചേരും. വെറും 14-ാമത്തെ വയസ്സില്‍ പാവപ്പെട്ടവരെ ശുശ്രൂഷിക്കാന്‍ ജോണ്‍ 23-ാം മാര്‍പാപ്പയുടെ നാമധേയത്തിലുള്ള പോപ്പ് ജോണ്‍പോള്‍ തകകക കമ്മ്യൂണിറ്റി അംഗമായി. അവിടെ വെച്ച് ഫാ. ഡോണ്‍ ഒറേസ്റ്റ ബെന്‍സിയെ പരിചയപ്പെട്ടത് അവളിലെ മിഷന് ചൈതന്യത്തെ ഊതിക്കത്തിച്ചു.
ഫാ. ബെന്‍സിയെ അവള് ആത്മീയ പിതാവായി സ്വീകരിച്ച അവള് ഉപവി പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി. വൈകല്യമുള്ളവരെ പരിചരിക്കുന്ന ഡോളോമൈറ്റ്സില്‍ ശുശ്രൂഷകള്‍ക്കായി നിയോഗിക്കപ്പെട്ടു. തന്റെ ജീവിതം പാവപ്പെട്ടവര്‍ക്കായി സമര്പ്പിക്കുവാനുള്ളതാണെന്ന ബോധ്യം അവളില്‍ ആഴപ്പെട്ടു.
സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ആഫ്രിക്കയിലേക്ക് മിഷണറിയായി പോകുവാന്‍ അവള് അതിയായി ആഗ്രഹിച്ചു. പക്ഷേ മെഡിസിന് പഠനം പൂര്‍ത്തിയാക്കുവാനായിരുന്നു ആത്മീയഗുരുക്കډാരുടെ നിര്‍ദ്ദേശം. 1980 ല്‍ അവള് ബൊലോഗ്ന സര്‍വകലാശാലയില്‍ മെഡിസിന് പഠനം ആരംഭിച്ചു. പഠനത്തോടൊപ്പം ഉപവിപ്രവര്‍ത്തനങ്ങളും അവള് തുടര്‍ന്നു. മയക്കുമരുന്നിന് അടിമകളായവരെ ചികിത്സിക്കുന്ന ഫാ. ബെന്‍സിയുടെ അഭയകേന്ദ്രത്തില്‍ അവള് സഹായിച്ചുകൊണ്ടിരുന്നു.
20-ാം വയസ്സില്‍ പരിചയപ്പെട്ട ഗിഡോ റോസി എന്ന യുവാവിനെ അവള് വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ആഫ്രിക്കയില്‍ മിഷന് പ്രവര്‍ത്തനം നടത്താനുള്ള ആഗ്രഹം അവള് തന്റെ ഭാവിവരനുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.
1984 ഏപ്രില്‍ 29 ന് പോപ്പ് ജോണ്‍ തകകക കമ്മ്യൂണിറ്റിയുടെ ഒരു മീറ്റിംഗില്‍ പങ്കെടുക്കുവാനായി പോകവേ, വാഹനത്തില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ചുകടക്കവേ എതിര്‍ദിശയില്‍ നിന്നു വന്ന വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മൂന്ന് ദിവസം കോമയില്‍ കിടന്ന ശേഷം 22 -ാമത്തെ വയസില്‍ അവള് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
പതിനൊന്നാം വയസുമുതല്‍ എഴുതിത്തുടങ്ങിയ അവളുടെ ഡയറിക്കുറിപ്പുകള്‍ ആത്മീയതയിലേക്ക് വെളിച്ചം വീശുന്നു. 2006 ല്‍ സബാറ്റിനിയുടെ നാമകരണനടപടികള്‍ക്ക് തുടക്കം കുറിച്ചു. 2018 ല്‍ ധന്യരുടെ നിരയിലേക്ക് ഉയര്‍ത്തപ്പെട്ടു.
ഇറ്റാലിയന്‍ സ്വദേശിയായ സ്റ്റെഫാനോ വിറ്റാലി ഗുരുതരമായ ട്യൂമര്‍ സുഖപ്പെട്ടത് സബാറ്റിനിയുടെ മദ്ധ്യസ്ഥയിലാണെന്ന് തെളിഞ്ഞതോടെയാണ് അവളെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് മാര്‍പാപ്പ ഉയര്‍ത്തിയത്.
Send your feedback to : onlinekeralacatholic@gmail.com