സാന്താക്ലോസ് എന്ന ക്രിസ്തുമസ് അപ്പൂപ്പന്റെ കഥ
ഡോ. ഡെയ്സണ്‍ പാണേങ്ങാടന് - ഡിസംബര്‍ 2020
ക്രിസ്തുമസ് അപ്പൂപ്പനെ കാത്തിരിക്കാത്ത കുട്ടികളുണ്ടാവില്ല. കുട്ടികള്‍ മത്രമല്ല മുതിര്‍ന്നവര്‍ക്കുപോലും അത്രമേല്‍ ഇഷ്ടമാണ് സാന്താക്ലോസ് അപ്പൂപ്പനെ. ക്രിസ്തുമസ് രാവുകളില്‍ സമ്മാനപ്പൊതികളുമായി വരുന്ന സാന്താക്ലോസിന്റെ ചരിത്രവും അദ്ദേഹത്തെപ്പോലെ രസകരം തന്നെയാണ്.
മൂന്നാം നൂറ്റാണ്ടില്‍ ഒരു സമ്പന്ന ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച വിശുദ്ധ നിക്കോളാസിന്റെ ചരിത്രം പിന്നീട് സാന്താക്ലോസിന്റേതാവുകയായിരുന്നു. മാരകമായ പ്ലേഗ് ബാധയെത്തുടര്‍ന്ന് മാതാപിതാക്കളെ ചെറുപ്രായത്തില്‍ നിക്കോളാസിനു നഷ്ടപ്പെട്ടു. വലിയ കുടുംബസ്വത്തുണ്ടായിരുന്ന നിക്കോളാസ് ക്രിസ്തുവിനോടും പാവപ്പെട്ടവരോടുമുള്ള സ്നേഹവും സഹാനുഭൂതിയും മൂലം തന്റെ സമ്പത്ത് സാധുക്കള്‍ക്ക് ദാനം ചെയ്യാന്‍ ആഗ്രഹിച്ചു. അതുവഴി വലിയൊരു വിഭാഗം ആളുകളുടെ കണ്ണിലുണ്ണിയായി നിക്കോളാസ് മാറി. അടിമവ്യാപാരത്തിന്റെ ഇരുണ്ട കാഘഘട്ടത്തില്‍ അടിമകളായി വില്ക്കപ്പെടാന് പോകുന്ന കുട്ടികളെ വീണ്ടെടുത്ത് പുനരധിവാസമെന്ന സങ്കല്‍പ്പത്തെ മൂന്നാം നൂറ്റാണ്ടില്‍ തന്നെ ലോകത്തിനു പരിചയപ്പെടുത്തി.
സര്വ്വസമ്പത്തും ഉപേക്ഷിച്ച നിക്കോളാസ് പിന്നീട് ദൈവവിളി സ്വകരിച്ചു വൈദികനും മെത്രാനുമായി. തന്റെ ആത്മീയ ശുശ്രൂഷ മേഖലയില്‍ കഠിനാദ്ധ്വാനം ചെയ്ത അദ്ദേഹം ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ പീഡനകാലത്ത്, നാടുകടത്തപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. പിന്നീട് ജയില്‍ മോചിതനായ നിക്കോളാസ്, എ.ഡി. 343 ഡിസംബര്‍ 6ന് മീറായില്വച്ച് മരിച്ചു. അദ്ദേഹത്തിന്റെ ദാനശീലത്തെപ്പറ്റി ധാരാളം കഥകള്‍ പരക്കുകയും യൂറോപ്പിലെ അത്ഭുതപ്രവര്‍ത്തകരായ വിശുദ്ധരുടെ ഗണത്തിലേക്ക് ആളുകള്‍ നിക്കോളാസിനെ പ്രതിഷ്ഠിക്കുകയും ചെയ്തു.
ധാരാളം യാത്ര ചെയ്ത ഒരാളായിരുന്നുവത്രെ വിശുദ്ധ നിക്കോളാസ്. കടല്‍യാത്രക്കാരുടെ സംരക്ഷകന്‍ എന്ന വിശേഷണം ജീവിതകാലയളവില്‍ തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. അക്കാലത്ത് പുതുതായി കണ്ടുപിടിക്കപ്പെടുന്ന രാജ്യത്തെത്തിച്ചേരുമ്പോള് ആദിമ യൂറോപ്യډാര്‍ തങ്ങളുടെ യാത്രാ മദ്ധ്യസ്ഥനായി നിക്കോളാസിന്റെ രൂപവും കൂടെ എടുത്തിരുന്നു.
പിന്നീട് നീണ്ട വെള്ളത്താടിയുള്ള ഒരാളെ ചുവന്ന വസ്ത്രമണിയിച്ചു മെത്രാനായി വേഷം കെട്ടിച്ച്, കുതിരപ്പുറത്തുകയറ്റി തെരുവീഥികളിലൂടെ ഘോഷയാത്ര നടത്തുന്ന ആഘോഷം വടക്കന്‍ യൂറോപ്പുകാര്‍, പ്രത്യേകിച്ച് ഡച്ചുകാര്‍ തുടങ്ങി. അടിമകളായി വില്ക്കപ്പെടുവാന്പോകുന്ന കുട്ടികളെ സമ്മാനങ്ങള്‍ നല്കി വീണ്ടെടുത്ത നിക്കോളാസിന്റെ പ്രവര്‍ത്തനങ്ങളുടെ ഓര്‍മ്മയ്ക്കായി, കുട്ടികളുടെ സല്‍ക്കാരങ്ങളും ആഘോഷങ്ങളും അക്കാലത്ത് പതിവായിരുന്നു.
പുരാവസ്തു ഗവേക്ഷകനായിരുന്ന ജോണ്‍ പിന്റാര്‍ഡ് ആണ് വിശുദ്ധ നിക്കോളാസിനെ ലോകമെങ്ങും പ്രചരിപ്പിച്ചത്.
കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്കുവാനായി പുകക്കുഴലിലൂടെ ഊര്‍ന്നിറങ്ങി വരുന്നവനായി നിക്കോളാസിനെ ആദ്യമായി ചിത്രീകരിക്കുന്നത് ഡച്ച് ന്യൂ ആംസ്റ്റര്‍ഡാം എന്ന പുസ്തകത്തിലാണ്. 1810 ഡിസംബര്‍ 6 ലെ നിക്കോളാസ് തിരുന്നാള്‍ ന്യൂയോര്‍ക്ക് ചരിത്രസംഘം ആദ്യമായി ആഘോഷിച്ചപ്പോള്‍ നിക്കോളാസിന്റെ ഒരു ചിത്രം വരയ്ക്കാന്‍ പിന്റാര്‍ഡ്, അലക്സാണ്ടര്‍ ആന്ഡേഴ്സണ് എന്ന ചിത്രകാരനോട് ആവശ്യപ്പെടുകയും ഇന്ന് നാം കാണുന്ന സാന്താക്ലോസിനോട് സമാനമായി വെളുത്ത താടിയും ചുവന്ന തൊപ്പിയുമുള്ള വസ്ത്രധാരണരീതി സ്വീകാര്യതയുള്ളതാകുകയും ചെയ്തു.
11 വര്‍ഷങ്ങള്‍ക്കുശേഷം വില്യം ബ. ഗില്ലി, സാന്താക്ലോസ് ദ ഫ്രണ്ട് എന്ന പേരില്‍ മറ്റൊരു പുസ്തകം പുറത്തിറക്കി. വേഗമുള്ള കലമാന്‍ വലിക്കുന്ന ഹിമവണ്ടിയില്‍ സമ്മാനങ്ങളുമായി വിശുദ്ധന് വടക്കുഭാഗത്തുനിന്നു വരുന്നതായിട്ടാണ് ഈ പുസ്തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. 1920 ആയപ്പോഴേക്കും പേരുകേട്ട ചിത്രകാരډാരായ എന്‍.സി. വയത്തും, ജെ.സി. ലിയന്‍ഡെക്കറും ചുവപ്പുവേഷധാരിയായ, വെളുത്ത താടിക്കാരനായ മനുഷ്യന്റെ ജീവന് തുടിക്കുന്ന ചിത്രങ്ങള്‍ ഉണ്ടാക്കി. അങ്ങനെ കാലാന്തരത്തില്‍ ഇന്നും നാം കാണുന്ന സാന്താക്ലോസ് അപ്പൂപ്പനിലെത്തി.
കുട്ടികളോടുള്ള സ്നേഹത്തിലും അഗതികളോടും അനാഥരോടുമുള്ള സഹാനുഭൂതിയിലും സമ്മാനപ്പൊതികള്കൊണ്ട് വേറിട്ട ചരിത്രം സൃഷ്ടിച്ച സാന്താക്ലോസ് ഇല്ലാതെ നമുക്കെന്ത് ക്രിസ്തുമസ് ആഘോഷം.
Send your feedback to : onlinekeralacatholic@gmail.com