യൗസേപ്പിതാവിന്റെ ജീവിതത്തിലുണ്ടായ സപ്ത സന്തോഷങ്ങള്‍
ടെമിന് തോമസ് - ഫെബ്രുവരി 2021
ഉണ്ണിയേശുവിന്റെ അമ്മയായ പരിശുദ്ധ കന്യകാമാതാവിന്റെ ഏഴ് വ്യാകുലങ്ങളെക്കുറിച്ചും ഏഴ് സന്തോഷങ്ങളെക്കുറിച്ചും നാം ഏറെ കേട്ടിട്ടുണ്ടാകും. എന്നാല്‍, യൗസേപ്പിതാവിന്റെ ജീവിതത്തിലുമുണ്ടായിരുന്നു ഏഴ് വ്യാകുലങ്ങളും ഏഴ് സന്തോഷങ്ങളും. ഉണ്ണിയേശുവിനും മാതാവിനുമൊപ്പം നിശബ്ദനായി ജീവിച്ചു കടന്നുപോയ യൗസേപ്പിതാവിന്റെ ജീവിത്തിലുമുണ്ടായിരുന്ന ഒരു പാട് വ്യാകുലങ്ങളും സന്തോഷങ്ങളും.
യൗസേപ്പിതാവിന്റെ ജീവിതത്തിലെ സപ്ത വ്യാകുലങ്ങളെക്കുറിച്ചും സന്തോഷങ്ങളെക്കുറിച്ചും ധ്യാനിക്കുന്ന പരമ്പര്യത്തിന്റെ തുടക്കം കപ്പല്ച്ഛേദത്തില്പ്പെട്ട രണ്ട് ഫ്രാന്‍സിസ്കന്‍ വൈദികരുടെ അനുഭവങ്ങള്‍ ചേര്‍ത്ത് 19-ാം നൂറ്റാണ്ടിലെഴുതപ്പെട്ട അനല്‍സ് ഓഫ് സെന്റ് ജോസഫ് എന്ന പുസ്തകത്തില്‍ നിന്നാണ്. യൂറോപ്പിലെ ഫ്ളാന്േഡര്സിലൂടെ കടല്‍ യാത്രയിലായിരുന്ന രണ്ട് ഫ്രാന്‍സിസ്കന്‍ വൈദികര്‍ കൊടുങ്കാറ്റില്‍ പെട്ടു. അവര്‍ യാത്ര ചെയ്തിരുന്ന കപ്പല്‍ മുങ്ങി ഒപ്പം അതിലുണ്ടായിരുന്ന 300 യാത്രക്കാരും. എന്നാല്‍ ഫ്രാന്‍സിസ്കന്‍ വൈദികര്‍ മനോനില കൈവിടാതെ, കിട്ടിയ ഒരു പലകകഷണത്തില് പിടിച്ചുകിടന്നു. 3 രാവും 3 പകലും. ആ ദിവസങ്ങളില്‍ അവരുടെ ഒരേയൊരാശ്രയം വി. യൗസേപ്പിതാവായിരുന്നു. അവര്‍ നിരന്തരമായി യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥ്യം യാചിച്ചുകൊണ്ടിരുന്നു. ഒടുവില്‍ യൗസേപ്പിതാവ് പ്രത്യക്ഷപ്പെട്ട് അവരെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയും നډനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയും എല്ലാ ദിവസവും 7 പ്രവശ്യം വീതം തന്റെ 7 വ്യാകുലങ്ങളെയും 7 സന്തോഷങ്ങളെയും ഓര്‍ത്ത് ചൊല്ലണമെന്ന് അവരോട് നിര്‍ദ്ദേശിച്ചതിനുശേഷം അദ്ദേഹം അപ്രത്യക്ഷനായി.
ദ ഗ്ലോറീസ് ഓഫ് ദ കാത്തലിക് ചര്‍ച്ച് എന്ന 19-ാം നൂറ്റാണ്ടിലെഴുതപ്പെട്ട പുസ്തകത്തില്‍ പറയുന്നതനുസരിച്ച് ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള 7 സംഭവങ്ങളാണ് യൗസേപ്പിതാവിന്റെ സപ്ത സന്തോഷങ്ങളായി കണക്കാക്കപ്പെടുന്നത്.
1. കര്‍ത്താവിന്റെ ദൂതന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞ ആശ്വാസവചസ്സുകള്‍. ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കുവാന്‍ ശങ്കിക്കേണ്ട. അവള് ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ്. ആരുമറിയാതെ മാതാവിനെ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് വിഷ്ണനായിരുന്ന നീതിമാനായ യൗസേപ്പിനെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്.
2. ദൈവദൂതന്മാര് ദിവ്യശിശുവിനെ ആരാധിക്കുന്നു. ദാവീദിന്റെ നഗരത്തില്‍ ഒരു രക്ഷകന് ജനിച്ചിരിക്കുന്നു എന്ന സദ്വാര്ത്ത ദൈവദൂതന് ഇടയډാരെ അറിയിച്ചതും സ്വര്‍ഗ്ഗീയ സൈന്യവ്യൂഹം പ്രത്യക്ഷപ്പെട്ട് അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ ദൈവകൃപലഭിച്ചവര്ക്കു സമാധാനം എന്ന് ആലപിച്ചതും യൗസേപ്പിതാവിനെ ആനന്ദത്തിലാഴ്ത്തി.
3. യേശു എന്ന പേര് വിളിച്ചത്. യേശു ഉദരത്തില്‍ ഉരുവാകുന്നതിനുമുമ്പ് ദൂതന് നിര്‍ദ്ദേശിച്ചിരുന്ന യേശുവെന്ന നാമം തന്റെ ദീവ്യകുമാരന് പരിച്ഛേദന നാളില്‍ നല്‍കിയത് അദ്ദേഹത്തെ ഹര്‍ഷപുളകിതനാക്കി.
4. ജ്ഞാനികള്‍ ഉണ്ണിയേശുവിനെ വണങ്ങിയത്. പൗരസ്ത്യദേശത്തുനിന്നെത്തിയ ജ്ഞാനികള്‍ ഉണ്ണിയേശുവിനെ മറിയത്തോടുകൂടി കാണുകയും അവിടുത്തെ കുമ്പിട്ട് ആരാധിക്കുകയും പൊന്നും മീറയും കുന്തിരിക്കവും കാഴ്ചവെക്കുകയും ചെയ്തപ്പോള്‍ യൗസേപ്പിതാവിന്റെ ഹൃദയം ആനന്ദം കൊണ്ടുനിറഞ്ഞു.
5. ശിമയോന്റെ വചസ്സുകള്‍. ശുദ്ധീകരണദിനത്തില്‍ യേശു ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകുമെന്ന് അവരെ അനുഗ്രഹിച്ചുകൊണ്ട് മറിയത്തോട് ശിമയോന് നടത്തിയ പ്രവചനം യൗസേപ്പിതാവിനെ സന്തോഷിപ്പിച്ചു.
6. ഇസ്രായേല്‍ ദേശത്തേക്ക് മടങ്ങുവാനുള്ള നിര്‍ദ്ദേശം. എഴുന്നേറ്റ് ശിശുവിനെയും അമ്മയേയും കൂട്ടി ഇസ്രായേല്‍ ദേശത്തേക്കു മടങ്ങുക, ശിശുവിനെ വധിക്കാന്‍ ശ്രമിച്ചവര്‍ മരിച്ചുകഴിഞ്ഞു എന്ന കര്‍ത്താവിന്റെ ദൂതന്റെ വാക്കുകള്‍ യൗസേപ്പിതാവിന്റെ ഹൃദയത്തില്‍ സന്തോഷവും ആശ്വാസവും നിറച്ചു.
7. ജറുസലേം ദേവാലയത്തില്‍ വെച്ച് ഉണ്ണിയേശുവിനെ കാണാതായതിനുശേഷം മൂന്നാം നാള് ദേവാലയത്തില്‍ വെച്ച് വേദശാസ്ത്രികളുമായി തര്ക്കിച്ചിരിക്കയാല് അവിടുത്തെ കണ്ടെത്തുകയും ചെയ്ത സംഭവം യൗസേപ്പിതാവിനെ ആനന്ദഭരിതനാക്കി.
Send your feedback to : onlinekeralacatholic@gmail.com