നീതിമാനായ യൗസേപ്പിതാവിന്റെ ജീവിതത്തിലുമുണ്ടായിരുന്നു ആരുമറിയാതെ പോയ ഏഴ് വ്യാകുലങ്ങള്‍
ടെമിന് തോമസ് - ഫെബ്രുവരി 2021
ഉണ്ണിയേശുവിന്റെ അമ്മയായ പരിശുദ്ധ കന്യകാമാതാവിന്റെ ഏഴ് വ്യാകുലങ്ങളെപ്പറ്റി നാം ധാരാളം കേള്‍ക്കുകയും ധ്യാനിക്കുകയും ചെയ്തിട്ടുണ്ടാകാം. എന്നാല്‍, യേശുവിന്റെ വളര്‍ത്തുപിതാവായ യൗസേപ്പിതാവിന്റെ ജീവിതത്തിലുമുണ്ടായിരുന്നു വ്യാകുലങ്ങളും സന്തോഷങ്ങളും. എന്നാല്‍ സുവിശേഷം യൗസേപ്പിതാവിനെ നീതമാന് എന്ന ഒറ്റവാക്കില്‍ പൂര്‍ണമായും വരച്ചുകാട്ടിയതിനാല്, ഒരു പിതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ ദുഖങ്ങളും സന്തോഷങ്ങളും നാം ശ്രദ്ധിച്ചതേയില്ല. ഏതായാലും യൗസേപ്പിതാവിന്റെ വര്‍ഷം നമുക്ക് സമ്മാനിക്കുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് എത്തിനോക്കുവാനുള്ള ഒരു സുവര്‍ണ്ണാവസരമാണ്.
ഈ പരമ്പര്യത്തിന്റെ തുടക്കം കൊടുങ്കാറ്റിലകപ്പെട്ട രണ്ട് ഫ്രാന്‍സിസ്കന്‍ വൈദികരുടെ അനുഭവങ്ങള്‍ ചേര്‍ത്ത് 19-ാം നൂറ്റാണ്ടിലെഴുതപ്പെട്ട അനല്‍സ് ഓഫ് സെന്റ് ജോസഫ് എന്ന പുസ്തകത്തില്‍ നിന്നാണ്. യൂറോപ്പിലെ ഫ്ളാന്േഡര്സിലൂടെ കടല്‍ യാത്രയിലായിരുന്ന രണ്ട് ഫ്രാന്‍സിസ്കന്‍ വൈദികര്‍ കൊടുങ്കാറ്റില്‍ പെട്ടു. അവര്‍ യാത്ര ചെയ്തിരുന്ന കപ്പല്‍ മുങ്ങി ഒപ്പം അതിലുണ്ടായിരുന്ന 300 യാത്രക്കാരും. എന്നാല്‍ ഫ്രാന്‍സിസ്കന്‍ വൈദികര്‍ മനോനില കൈവിടാതെ, കിട്ടിയ ഒരു പലകകഷണത്തില് പിടിച്ചുകിടന്നു. 3 രാവും 3 പകലും. ആ ദിവസങ്ങളില്‍ അവരുടെ ഒരേയൊരാശ്രയം വി. യൗസേപ്പിതാവായിരുന്നു. അവര്‍ നിരന്തരമായി യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥ്യം യാചിച്ചുകൊണ്ടിരുന്നു. ഒടുവില്‍ യൗസേപ്പിതാവ് പ്രത്യക്ഷപ്പെട്ട'് അവരെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയും നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയും എല്ലാ ദിവസവും 7 പ്രവശ്യം വീതം തന്റെ 7 വ്യാകുലങ്ങളെയും 7 സന്തോഷങ്ങളെയും ഓര്‍ത്ത് ചൊല്ലണമെന്ന് അവരോട് നിര്‍ദ്ദേശിച്ചതിനുശേഷം അദ്ദേഹം അപ്രത്യക്ഷനായി.
ദ ഗ്ലോറീസ് ഓഫ് ദ കാത്തലിക് ചര്‍ച്ച് എന്ന 19-ാം നൂറ്റാണ്ടിലെഴുതപ്പെട്ട പുസ്തകത്തില്‍ പറയുന്നതനുസരിച്ച് ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള 7 സംഭവങ്ങളാണ് യൗസേപ്പിതാവിന്റെ 7 വ്യാകുലങ്ങളായി കണക്കാക്കപ്പെടുന്നത്.
1. യൗസേപ്പിതാവിന്റെ സന്ദേഹം
പരിശുദ്ധ കന്യകാമറിയവും യൗസേപ്പിതാവും വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ ഒരുമിച്ച് സഹവസിക്കുന്നതിന് മുമ്പ് ഗര്‍ഭിണിയായി കാണപ്പെട്ടു. നിയമമനുസരിച്ച് അവളെ ഉപേക്ഷിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുന്നു.
2. ഉണ്ണിയേശുവിന്റ ദരിദ്ര ജനനം
സത്രത്തില്‍ മുറി ലഭിക്കാതെ അലഞ്ഞലഞ്ഞ്, ഒരു പുല്‍ത്തൊട്ടിലില്‍ പരിശുദ്ധ ദൈമാതാവ് ഉണ്ണിയേശുവിനെ ജന്മം കൊടുക്കുന്നു. യാതൊരു സൗകര്യവുമില്ലാത്ത പുല്ത്തൊട്ടിയില് ഉണ്ണിയേശുവിനെ കിടത്തേണ്ടിവന്നത് യൗസേപ്പിതാവിന്റെ മനസ്സിനെ ഏറെ വേദനിപ്പിച്ചു.
3. യേശുവിന്റെ പരിച്ഛേദനം
എട്ടാം ദിവസം നിയമനുസരിച്ച് നടന്ന യേശുവിന്റെ പരിച്ഛദനം. ഉണ്ണിയേശു ചിന്തിയ തിരുരക്തവും അനുഭവിക്കേണ്ടി വന്ന വേദനയും യൗസേപ്പിതാവന്റെ മനസ്സിലനെ പിടിച്ചുലച്ചു.
4. ശിമയോന്റെ പ്രവചനം
ശുദ്ധീകരണത്തിന്റെ ദിവസം ശിമയോന്റെ പ്രവചനം ഇങ്ങനെയായിരുന്നു-ഇവന് ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. മാതാവിന്റെ ഹൃദയത്തിലൂടെ ഒരു വാള് കടക്കും. ഈ വാക്കുകള്‍ യൗസേപ്പിതാവിന്റെ ഹൃദയത്തെ കീറിമുറിച്ചു.
5. ഈജിപ്തിലേക്കുള്ള പലായനം
ഉണ്ണിയേശുവിന്റെ ജീവനായി ദാഹിച്ച ഹേറോദോസില്‍ നിന്നും രക്ഷപ്പെടുവാനായി ഇരുളിനെയും തണുപ്പിനെയും വകവെയ്ക്കാതെ രായ്ക്കുരാമാനം നടത്തിയ ഈജിപ്തിലേക്കുള്ള പലായനം.
6. നസ്രത്തിലേക്കുള്ള മടക്കം
ഹേറോദോസിന്റെ കാലശേഷം അദ്ദേഹം ഈജിപ്തില്‍ നിന്നു മടങ്ങിയെത്തിയെങ്കിലും പിതാവിനെക്കാള്‍ ക്രൂരനായ മകന് അര്‍ക്കലാവോസാണ് യൂദയാ ഭരിക്കുതെന്ന് കേട്ട് വളരെയധികം ഭയചകിതനായി.
7. ഉണ്ണിയേശുവിനെ കാണാതായ സംഭവം
ജറുസലേം ദേവാലയത്തില്‍ വെച്ച് തന്റെ തിരുക്കുമാരനെ കാണാതായ സംഭവം യൗസേപ്പിതാവിനെ വല്ലാതെ വേദനിപ്പിച്ചു.
Send your feedback to : onlinekeralacatholic@gmail.com