ക്രിസ്തുവിന്റെ തോളിലെ തിരുമുറിവ്: വി. പാദ്രെ പിയോയ്ക്ക് ലഭിച്ച ക്രിസ്തുവിന്റെ ആറാം തിരുമുറിവ്
ജെയ്സണ്‍ പീറ്റര്‍ - മാര്‍ച്ച് 2021
ക്രിസ്തുവിന്റെ പഞ്ചക്ഷതങ്ങളെക്കുറിച്ചും പഞ്ചക്ഷതധാരികളായ വിശുദ്ധരെക്കുറിച്ചും നാം കേട്ടിട്ടുണ്ട്. എന്നാല്‍ ക്രിസ്തുവിന്റെ രേഖപ്പെടുത്താത്ത ആറാം തിരുമുറിവിനെക്കുറിച്ച് അധികമാരും കേട്ടിട്ടില്ല. അറിയപ്പെടാതെ പോയ ആ തിരുമുറിവിനെക്കുറിച്ചുള്ള ഭക്തി ഇന്നും അറിയപ്പെടാതെ പോകുന്നു. ക്രിസ്തുവിന്റെ തോളിലെ തിരുമുറിവാണ് ആ ആറാമത്തെ ക്ഷതം. ആധുനിക മിസ്റ്റിക്കുകളായ വി. പാദ്രെ പിയോയും വി. ബെര്‍ണാര്‍ഡ് ഓഫ് ക്ലെയര്വോക്സും പഞ്ചക്ഷതങ്ങള്ക്കുപുറമെ ക്രിസ്തുവിന്റെ ആറാം തിരുമുറിവിനോടും അപാരമായ ഭക്തിയുള്ളവരായിരുന്നു.
വി. ബര്‍ണാര്‍ഡ് ഓഫ് ക്ലെയര്വോക്സ്
ഫ്രഞ്ച് സന്യാസിയും മിസ്റ്റിക്കുമായിരുന്ന വി. ബര്‍ണാര്‍ഡ് ഓഫ് ക്ലെയര്വോക്സാണ് 12-ാം നൂറ്റാണ്ടില്‍ സിസ്റ്റേഴ്സിയന്‍ സഭാനവീകരണത്തിന് വഴിതെളിച്ചത്. അനല്‍സ് ഓഫ് ക്ലെയര്വോക്സ് എന്ന പുസ്തകത്തില്‍ വിശുദ്ധനും ഈശോയുമായുള്ള ഒരു സംഭാഷണം ചേര്‍ത്തിട്ടുണ്ട്. അദ്ദേഹം ഒരിക്കല്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ഈശോയോട് ചോദിച്ചു.. അങ്ങയുടെ ആരും അറിയാത്ത ഏറ്റവും വലിയ സഹനം എന്തായിരുന്നു.
ഈശോ അദ്ദേഹത്തോട് പറഞ്ഞു- കുരിശുവഹിച്ചതുകൊണ്ട് എന്റെ തോളിലുണ്ടായ മുറിവാണ് മറ്റുള്ള എല്ലാ മുറിവുകളേയുംകാള് വേദനാജനകമായിരുന്നുത്. അത് ആരും രേഖപ്പെടുത്തിയിട്ടില്ല. ആ മുറിവിനെ വണങ്ങുക. പ്രത്യേക ഭക്തിയിലൂടെ ആ മുറിവിനെ വണങ്ങിയാല്‍ അതിന്റെ പുണ്യത്താലും യോഗ്യതയാലും നീ ചോദിക്കുന്നതെന്തും ഞാന്‍ നല്‍കും. ആ മുറിവിനെ വണങ്ങുന്നവരുടെ ലഘുപാപങ്ങളെല്ലാം ഞാന്‍ ക്ഷമിക്കുകയും മാരകപാപങ്ങള്‍ മറക്കുകയും ചെയ്യും.
വി. ബര്‍ണാര്‍ഡ് ഓഫ് ക്ലെയര്വോക്സ് ഈശോയില്‍ നിന്ന് ഈ സന്ദേശം ലഭിച്ച ശേഷം ആ തിരുമുറിവിനോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിന് പരിശ്രമിക്കുകയും ഒരു പ്രാര്‍ത്ഥന രചിക്കുകയും ചെയ്തിരുന്നു.
വി. പാദ്രെ പിയോ
കപ്പൂച്ചിന്‍ സന്യാസിയും വൈദികനും മിസ്റ്റിക്കുമായിരുന്നു വി. പാദ്രെ പിയോ. പുണ്യചരിതനും പ്രശസ്ത കുമ്പസാരക്കാരനുമായിരുന്ന അദ്ദേഹം 50 വര്‍ഷത്തോളം പഞ്ചക്ഷതങ്ങള്‍ ശരീരത്തില്‍ വഹിച്ചിരുന്നു.
ഇറ്റാലിയന്‍ ഭാഷയില്‍ സ്റ്റെഫാനോ കാംമ്പനെല്ല എഴുതിയ ദ പോപ് ആന്റ് ദ പ്രീസ്റ്റ് എന്ന പുസ്തകത്തില്‍ പാദ്രെ പിയോയും പിന്നീട് ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട കരോള്‍ വോയ്റ്റീവയും തമ്മില്‍ നടന്ന ഒരു സംഭാഷണം രേഖപ്പെടുത്തിയിട്ടുണ്ട്.
കരോള്‍ വോയ്റ്റീവ പാദ്രെ പിയേയോട് ചോദിച്ചു. താങ്കളെ ഏറ്റവും അധികം വേദനിപ്പിക്കുന്നത് ഏത് തിരുമുറിവാണ്. വോയ്റ്റീവ പ്രതീക്ഷിച്ചത് തന്റെ നെഞ്ചിലെ മുറിവ് എന്നായിരിക്കും പാദ്രെ പിയോ ഉത്തരം നല്‍കുക എന്നായിരുന്നു. പക്ഷേ, ആരും കാണാത്തതും ഒരിക്കലും ഭേദമാകാത്തതും ചികിത്സിക്കാത്തതുമായ ഏന്റെ തോളിലെ മുറിവ് എന്നായിരുന്നു പാദ്രെ പിയോയുടെ മറുപടി.
പാദ്രെ പിയോയുടെ മരണത്തിന് ശേഷം 40 വര്‍ഷം കഴിഞ്ഞ് ഫ്രങ്ക് റെഗാ പാദ്രെ പിയോയെക്കുറിച്ച് എഴുതിയ പുസ്തകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.
ഉള്ളിലെ കുപ്പായം മാറ്റുമ്പോഴാണ് തനിക്ക് ഏറ്റവും വലിയ വേദന അനുഭവപ്പെടുക എന്ന് ഒരിക്കല്‍ ബ്രദര്‍ മോഡസ്റ്റീനോ ഫുസിയോട് പാദ്രെ പിയോ പറഞ്ഞിരുന്നു. ബ്രദര്‍ മോഡസ്റ്റീനോയും വോയ്റ്റീവയെപ്പോലെ പാദ്രെ പിയോ പറയുന്നത് തന്റെ നെഞ്ചിലെ മുറിവിനെക്കുറിച്ചായിരിക്കും എന്ന് കരുതി. എന്നാല്‍ 1971 ഫെബ്രുവരി 4ന് ബ്രദര്‍ മോഡസ്റ്റീനോയോട് പാദ്രെ പിയോയുടെ മുറിയിലെ വസ്തുക്കളുടെ കണക്കെടുക്കുവാന്‍ ആവശ്യപ്പെട്ടു. അന്ന് ബ്രദര്‍ പാദ്രെ പിയോയുടെ അടിക്കുപ്പായത്തില്‍ വലതുവശത്തെ തോളിലായി വട്ടത്തില്‍ രക്തപ്പാടുകള്‍ കണ്ടു.
അന്ന് വൈകുന്നേരം, ബ്ര. മോഡേസ്റ്റീനോ പ്രാര്‍ത്ഥനാസമയത്ത് വലതുതോളിലെ രക്തപ്പാടുകള്‍ എന്താണെന്ന് വെളിപ്പെടുത്തിത്തരണമെന്നും അദ്ദേഹം ഈശോയുടെ തോളിലെ തിരുമുറിവ് സ്വന്തം ശരീരത്തിലും വഹിച്ചിരുന്നുവെങ്കില്‍ അതിന് ഒരു അടയാളം തരണമെന്നും പാദ്രെ പിയോയോട് പ്രാര്‍ത്ഥിച്ചു. അതിനുശേഷം അദ്ദേഹം ഉറങ്ങാന്‍ പോയി. രാത്രി 1 മണിക്ക് ഉണര്‍ന്നു. വലതു തോളില്‍ അസഹ്യമായ, തോളിലെ എല്ല് കത്തികൊണ്ട് കീറുന്നതുപോലെയുള്ള വേദന അനുഭവപ്പെട്ടു. ആ വേദന കൊണ്ട് താന്‍ മരിച്ചുപോകുമെന്ന് ബ്രദറിന് തോന്നി, പക്ഷേ വേദന ഏതാനും സമയം കൊണ്ട് ഇല്ലാതായി. അതിനുശേഷം റൂമില്‍ പൂക്കളുടെ സുഗന്ധം കൊണ്ട് നിറഞ്ഞു. പാദ്രെ പിയോയുടെ ആത്മീയ സാന്നിധ്യത്തിന്റെ സുഗന്ധം ആയിരുന്നു അത്. ഇതായിരുന്നു ഞാന്‍ അനുഭവിച്ചിരുന്നതെന്ന ഒരശരീരിയും ബ്രദര്‍ കേട്ടു. അദ്ദേഹത്തിന് എല്ലാം ബോധ്യമായി.
Send your feedback to : onlinekeralacatholic@gmail.com