വി. മരിയ ഫൗസ്റ്റീന എങ്ങനെയാണ് ദൈവകാരുണ്യത്തിന്റെ അപ്പസ്തോല ആയത്?
ജോര്‍ജ് .കെ. ജെ - ഏപ്രില്‍ 2020
വി. മരിയ ഫൗസ്റ്റീന എന്ന ദൈവ കാരുണ്യത്തിന്റെ അപ്പസ്തോലയെക്കുറിച്ച് ഇന്ന് കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. പോളണ്ടില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭ കാലഘട്ടത്തില്‍ വെറും 33 വര്‍ഷം മാത്രം ജീവിച്ചുകടന്നുപോയ സിസ്റ്റര്‍ ഫൗസ്റ്റീനയുടെ ജീവിതം ദൈവ കാരുണയുടെ സുവിശേഷമായി മാറിയെന്നതു തന്നെ ദൈവ കരുണയുടെ അനന്തമായ ദൈവ കരുണയുടെ തെളിവാണ്. എന്നാല്‍, ജീവിതകാലത്ത് അവളെ അധികം ആരും അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം. അവളുടെ മരണശേഷം കണ്ടെടുത്ത ഡയറിക്കുറിപ്പുകള്‍ വെറും മാനസികവിഭ്രാന്തികളായി പലരും കരുതി. കാതലായ വിദ്യാഭ്യാസമോ ആഴമായ പാണ്ഡിത്യമോ അവള്‍ക്കുണ്ടായിരുന്നില്ല. പക്ഷേ, ഈശോ തന്റെ കരുണയുടെ സന്ദേശം ലോകം മുഴുവനും എത്തിക്കുവാന്‍ വലിയ വിദ്യാഭ്യാസമോ, പ്രഗത്ഭ്യമോ ഒന്നുമില്ലാത്ത ആ കൊച്ചു കന്യാസ്ത്രിയെയാണ് തിരഞ്ഞെടുത്തത് എന്നതാണ് നമ്മെ ഏറ്റവും അതിശയിപ്പിക്കുന്ന കാര്യം.
കോണ്‍വെന്റില്‍ പണി തോട്ടത്തിലും അടുക്കളയിലുമായിരുന്നുവെങ്കിലും അവള്‍ക്ക് ദൈവത്തില്‍ നിന്നും കിട്ടിയിരുന്നത് അസാധാരണമായ സന്ദേശങ്ങളായിരുന്നു. വി. ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകള്‍ ഒരു ജേണല്‍ പോലെ എഴുതിയതാണ്. അത് അവളുടെ ജീവിതത്തിലെ അവസാനത്തെ നാല് വര്‍ഷത്തെ അവള് ഈശോയുമായി നടത്തിയ സംഭാഷണശകലങ്ങളാണ്. ദൈവവുമായുള്ള ഐക്യത്തിന്റെ ഒന്നത്യവും അവളുടെ ആത്മീയ ജീവത്തിന്റെ ആഴവും വെളിവാക്കുന്നതാണ് ഇതിലോ ഓരോ വരികളും. ധ്യാനവരം, ദൈവകരുണയുടെ മിസ്റ്ററി മനസിലാക്കുവാനുള്ള കഴിവുകള്‍, ദര്‍ശനങ്ങള്‍, വെളിപാടുകള്‍, വെളിപ്പെടാത്ത പഞ്ചക്ഷതങ്ങള്‍, പ്രവചനവരം, ആത്മാക്കളെ വിവേചിച്ചറിയുവാനുള്ള കഴിവ് എന്നിവയെല്ലാം നല്കി ഈശോ അവളെ അനുഗ്രഹിച്ചിരുന്നു. ഈശോ അവളോട് പറഞ്ഞു ഞാന്‍ പറയുന്നതെല്ലാം എഴുതി സൂക്ഷിക്കുക. അങ്ങനെ ഈശോയുമായുള്ള സംഭാഷണങ്ങളുടെ ഡയറിക്കുറിപ്പുകളാണ് പിന്നീട് ലോകമെങ്ങും ദൈവ കരുണയുടെ സുവിശേഷമായി മാറിയ ഡയറി ഓഫ് സെയിന്റ് മരിയ ഫൗസ്റ്റീന കോവല്‍സ്ക എന്ന പുസ്തകം.
ആദ്യമൊന്നും അവളുടെ ഡയറിക്കുറിപ്പുകളുടെ ആഴം ആര്‍ക്കും മനസ്സിലായില്ല. ആരും അത് മനസ്സിലാക്കിയില്ല എന്നതാകും ശരി. കൂടെയുള്ളവര്‍ പോലും അവളെ പുച്ഛിച്ചു. എന്തിന് ആദ്യകാലങ്ങളില്‍ സഭ പോലും അവളോട് കരുണ കാട്ടിയില്ല. ആ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വിലക്കുകള്പോലും ഏര്‍പ്പെടുത്തിയിരുന്നു. 1965 ല്‍ ക്രക്കോവിലെ ആര്‍ച്ചുബിഷപ് കരോള്‍ വോയ്റ്റീവ, പിന്നീട് മാര്‍പാപ്പയായി മാറിയ വി. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ- സി.മരിയ ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകളുടെ വ്യക്തമായ ട്രാന്സലേഷനല്ല വത്തിക്കാന്‍ ലഭിച്ചതെന്ന് മനസിലാക്കി അതിനെക്കുറിച്ച് പഠിച്ച് വിമര്‍ശനാത്മകമായ വിശകലനം തയാറാക്കുവാന്‍ പ്രശ്സത ദൈവശാസ്ത്രജ്ഞനായിരുന്ന ഫാ. ഇ്ഗനാസി റൂയിക്കിയോട് ആവശ്യപ്പെട്ടത്. വിദ്യാഭ്യാസമില്ലാത്ത ഒരു കന്യാസ്ത്രിയുടെ വിഭ്രാന്തിയെക്കുറിച്ച് പഠിച്ച് സമയം കളയാന്‍ തനിക്ക് കഴിയില്ല എന്ന് ആര്‍ച്ചുബിഷപ്പിനെ അറിയിക്കാം എന്നോര്‍ത്ത് വെറുതെ ഒന്ന് ആ പുസ്തകം മറിച്ചുനോക്കിയ അദ്ദേഹം പിന്നീട് ആ പുസ്തകം താഴെ വെച്ചില്ല, എന്നുമാത്രമല്ല ദൈവകരുണയുടെ സന്ദേശത്തിന്റെ പ്രചാരകനായി മാറുകയും ചെയ്തു. അതിനുശേഷം ആര്‍ച്ചുബിഷപ് വോയ്റ്റീവ ബിഷപ് ജൂലിയന്‍ ഗ്രോബ്ളിക്കിയെ സി. ഫൗസ്റ്റീനയുടെ ജീവിതത്തെക്കുറിച്ച് പഠിക്കാന്‍ ഏര്‍പ്പാടു ചെയ്യുകയും. വൈകാതെ, സഭ അവളെ ദൈവദാസിയെന്നു വിളിക്കുകയും ചെയ്തു. 2000 മാണ്ടില്‍ വി. ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പ തന്നെയാണ് അവളെ വിശുദ്ധയായി വാഴിച്ചത്. മാത്രമല്ല, നമ്മുടെ കാലഘട്ടത്തിലെ ദൈവകരുണയുടെ ഏറ്റവും വലിയ അപ്പസ്തോല എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. മാത്രമല്ല ഈസ്റ്റര്‍ കഴിഞ്ഞ് വരുന്ന ഞായര്‍ ദൈവ കാരുണ്യത്തിന്റെ ഞായര്‍ ആയി പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് ദൈവ കരുണ്യഭക്തി ലോകം മുഴുവന്‍ കാട്ടുതീ പോലെ ആളിപ്പടരുകയും ചെയതു.
ദുരിതനിഴലുകളിലെ ബാല്യം
ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികള്ക്കൊണ്ട് ശിഥിലമായി പോയതായിരുന്നു അവളുടെ ബാല്യം. പോളണ്ടിലെ ഒരു കൊച്ചുഗ്രമമായ ഗ്ലോഗോവിയെക്കില് ഒരു പാവപ്പെട്ട കര്‍ഷകകുടുംബത്തില്‍ 1905 ഓഗസ്റ്റ് 25 നായിരുന്നു അവളുടെ ജനനം. പിതാവ് സ്റ്റനിസ്ലാവൂസിനും മാതാവ് മരിയന്നായ്ക്കും പത്തുമക്കളായിരുന്നു. മാതാപിതാക്കള്‍ മാമ്മോദീസ നാളില്‍ അവള്‍ക്ക് നല്കിയ പേരായിരുന്നു ഹെലെന കോവല്‍സ്ക. പോളണ്ട് റഷ്യയുടെ അധിനിവേശം മൂലം സ്കൂളുകള്‍ അടച്ചുപീട്ടിയിുരുന്നതിനാല് കേവലം മൂന്ന് ഗ്രേഡുകള്‍ മാത്രമേ അവള്‍ക്ക് സ്കൂളില്‍ പോകുവാന്‍ കഴിഞ്ഞിരുന്നുള്ളു. അതിനുശേഷം സഹോദരങ്ങളെ നോക്കുവാനും കാലികളെ മേയ്ക്കുവാനുമുള്ള ഉത്തരവാദിത്വം മാതാപിതാക്കള്‍ അവളെ ഏല്പിച്ചു. അവളാകട്ടെ ദൈവസ്തുതികള്‍ പാടി കാലികളെ മേയ്ച്ചുനടന്നിരുന്നു. ചെറുപ്പത്തിലെ അവള് ദൈവോന്മുഖയായിരുന്നു. അഞ്ചാമത്തെ വയസില്‍ പരിശുദ്ധ അമ്മയുടെ കൈപിടിച്ചുകൊണ്ട് ഒരു ഗാര്‍ഡനിലൂടെ നടക്കുന്ന ദര്‍ശനം തനിക്കുലഭിച്ചിരുന്നുവെന്ന് അവള് പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യകുര്‍ബാനയും കുമ്പസാരവും കഴിഞ്ഞതോടെ അവള് പ്രാര്‍ത്ഥനയ്ക്ക് കൂടുതലായി സമയം ചിലവഴിക്കാന്‍ തുടങ്ങി. അതാകട്ടെ അവരുടെ ദരിദ്രരായ മാതാപിതാക്കളെ വല്ലാതെ അലസോരപ്പെടുത്തി.എല്ലാ ആഴ്ചയും കുമ്പസാരിക്കുകയും മാതാപിതാക്കളോട് അവരുടെ കൈമുത്തിക്കൊണ്ട് നിരന്തരം മാപ്പു ചോദിക്കുകയും ചെയ്യുക അവളുടെ ശീലമായിരുന്നു. മൂന്ന് വര്‍ഷം മാത്രമേ അവളുടെ സ്കൂള്‍ ജീവിതം നീണ്ടുനിന്നൊള്ളു. സ്കൂള്‍ പഠനം കഴിഞ്ഞ്, മഠത്തില്‍ പോകണമെന്ന് വാശിപിടിച്ചുവെങ്കിലും മാതാപിതാക്കള്‍ എതിര്‍ത്തു. 16 -ാമത്തെ വയസില്‍ ഹെലന് വീട്ടില്‍ നിന്നും മാറി വിവിധ സ്ഥലങ്ങളില്‍ ഹൗസ് കീപ്പറായി ജോലി ചെയ്ത് വരുമാനം കണ്ടെത്തി. എങ്കിലും അവളുടെ ആത്മാവില്‍ ദൈവസ്നേഹത്തിന്റെ നാളം ആളിക്കത്തിക്കൊണ്ടിരുന്നു.
ക്രിസ്തുവിന്റെ മണവാട്ടി
1925 ല്‍ തന്റെ 20 മാത്തെ വയസ്സില്‍ പീഡിതനായ ക്രിസ്തുവിന്റെ ദര്‍ശനം ലഭിച്ച അവള് വീടുവിട്ടിറങ്ങി. ദീര്‍ഘദൂരം യാത്രചെയ്ത് യേശു പറഞ്ഞതുപോലെ കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ഔര്‍ ലേഡി ഓഫ് മേഴ്സി എന്ന സഭയില്‍ പ്രവേശിച്ചു. സി. മരിയ ഫൗസ്റ്റീന ഓഫ് ദ മോസ്റ്റ് ബ്ലെസഡ് സാക്രമെന്റ് എന്ന പേര് സ്വീകരിച്ച ഹെലെന 13 വര്‍ഷം ആ സന്യാസസഭാംഗമായി ജീവിച്ചു. അവരുടെ സഭയിലെ വിവിധ മഠങ്ങളില്‍ മാറിമാറി താമസിച്ചു. പൂന്തോട്ടങ്ങളിലും അടുക്കളയിലുമായിരുന്നു അവളുടെ ജോലികളധികവും. കൂടെയുണ്ടായിരുന്ന അധികമാര്‍ക്കും അവളുടെ മിസ്റ്റിക്കല്‍ അനുഭവങ്ങളെക്കുറിച്ച് മനസിലാക്കുവാന്‍ കഴിഞ്ഞിരുന്നില്ല. അവളെ ഏല്പിച്ചിരുന്ന ജോലികളെല്ലാം വളരെ തീക്ഷണതയോടും ആത്മാര്‍ത്ഥതയോടുംകൂടി അവള് ചെയ്തുപോന്നു. വളരെ സ്നേഹത്തോടെയും സന്തോഷത്തോടെയുമായിരുന്നു അവള് മറ്റുള്ളവരോട് പെരുമാറിയിരുന്നത്. പുറമെ അവളുടെ ജീവിതം വളരെ അപ്രസക്തവും അനാകര്‍ഷകവും ആവര്ത്തനവിരസവുമായി തോന്നിയേക്കമായിരുന്നുവെങ്കിലും അവള് ദൈവവുമായി അസാധാരണമായ വിധത്തില്‍ ഐക്യത്തിലായിരുന്നു.
ദൈവ കാരുണ്യത്തെക്കുറിച്ചുമാത്രമായിരുന്നു അവളുടെ ചിന്തകള്‍. അത് പിതാവായ ദൈവത്തില്‍ ഒരു കുഞ്ഞിനെപ്പോലെ ആശ്രയിക്കുന്നതിന് അവളെ ശക്തിപ്പെടുത്തി.
മരിയ ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പിലെ 1242 ാം വാചകം തന്നെ ഇങ്ങനെയാണ്. എന്റെ പ്രിയ ഈശോയെ, ഓരോ വിശുദ്ധരും അങ്ങയുടെ ഓരോരോ പുണ്യങ്ങളാണ് പ്രതിഫലിപ്പിക്കുന്നത്. അങ്ങയുടെ കരുണാര്‍ദ്രമായ- ദൈവകരുണ നിറയുന്ന ഹൃദയം പ്രതിഫലിപ്പിക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ദൈവകരുണ മഹത്വപ്പെടുത്തുവാന്‍ ഞാനാഗ്രഹിക്കുന്നു. അങ്ങയുടെ കരുണ, എന്റെ ഈശോയ എന്റെ ഹൃദയത്തിലും ആത്മാവിലും മുദ്രിതമാക്കണമേ... ഈശോ അവളോട് പറഞ്ഞു: എന്റെ ജനങ്ങള്‍ക്കിടയിലേക്ക് മിന്നല്പിണറുകളേന്തിയ പ്രവാചകന്മാരെ ഞാന്‍ അയച്ചു. ഇന്ന് എന്റെ കരുണയുമായി നിന്നെ ഞാന്‍ ലോകം മുഴുവനിലുമുള്ള മനുഷ്യരുടെ പക്കലേക്ക് അയക്കുന്നു. എന്നെ വേദനിപ്പിക്കുന്ന മനുഷ്യവംശത്തെ ശിക്ഷിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ എന്റെ കരുണാര്‍ദ്രമായ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് അവരെ സൗഖ്യപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. (ഡയറി 1588). ഈശോ സി. മരിയ ഫൗസ്റ്റീനയെ തന്റെ കരുണയുടെ അപ്പസ്തോലയും സെക്രട്ടറിയുമായി തിരഞ്ഞെടുത്തു. അത് അവിടുത്തെ ദൈവകരുണയുടെ മഹത്വം ലോകത്തെ അറിയിക്കുന്നതിനുവേണ്ടിയായിരുന്നു.
അവളുടെ ഇഹലോക ജീവിതം വെറും 33 വര്‍ഷമായിരുന്നു. അതില്‍ 13 വര്‍ഷം മാത്രമായിരുന്നു സന്യാസജീവിതം. അതിലെ അവസാനത്തെ നാലുവര്‍ഷം ഈശോയുമായി നടത്തിയ സംഭാഷണങ്ങളാണ് അവളുടെ ഡയറിക്കുറിപ്പുകള്‍. ക്ഷയരോഗവും മറ്റ് കഠിനമായ സഹനങ്ങളും അവളുടെ ജീവിതത്തിന്റെ നീളം കുറച്ചു. എല്ലാ സഹനങ്ങളും അവള് പാപികളുടെ മാനസാന്തരത്തനായി കാഴ്ചവെച്ചു. കഠിനമായ രോഗാവസ്ഥയില്‍ പലപ്പോഴും പിശാചിന്റെ പരീക്ഷണങ്ങളിലൂടെ, ആത്മാവിന്റെ ഇരുണ്ട രാത്രികളിലൂടെ അവള്‍ക്കു കടന്നുപോകേണ്ടിവന്നു. സഹനങ്ങളും ത്യാഗങ്ങളും കൊണ്ട് നിറഞ്ഞ ആ ജീവിതത്തിന് 1938 ഒക്ടോബര്‍ 5 ന് തിരശ്ശീല വീണു. ക്രാക്കോവിലെ സാങ്ചറി ഓഫ് ദ ഡിവൈന്‍ മേഴ്സിയില്‍ അവളുടെ ഭൗതികാവശിഷ്ടങ്ങള്‍ ഇന്നും അനേകരെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു, അവളുടെ സന്ദേശങ്ങള്പോലെ.
നീണ്ട നാല്പതുവര്ഷത്തോളം സി. ഫൗസ്റ്റീനയുടെ സന്ദേശങ്ങള്‍ വേണ്ടത്ര ശ്രദ്ധ കിട്ടാതെ ചാരം മൂടിക്കിടന്നു. പിന്നീട് ദൈവകരുണ ഭക്തി ആഞ്ഞുവീശിയതോടെ അവള് ദൈവദാസിയായി. വാഴ്ത്തപ്പെട്ടവളായി. വിശുദ്ധയായി. ദൈവകരുണയുടെ അപ്പസ്തോലയായി. എന്തിന് അവളെ വേദപാരംഗതയായി പ്രഖ്യാപിക്കണമെന്നുപോലും ആവശ്യമുയര്‍ന്നു. ഇന്ന് ദൈവ കാരുണ്യം എന്ന വാക്കിനൊപ്പം നാം കൂട്ടി വായിക്കുന്നത് വി. ഫൗസ്റ്റീന എന്ന പേരാണ്.
Send your feedback to : onlinekeralacatholic@gmail.com