നിത്യപ്രചോദകനായ പാദുവായിലെ വിശുദ്ധ അന്തോണീസ്
സൈമണ്‍ വര്‍ഗീസ് - ജൂണ്‍ 2020
അന്തോണീസ് പുണ്യാളന്. തിരുസഭയിലെ ഏറ്റവും പ്രസിദ്ധരായ വിശുദ്ധരിലൊരാള്. പോര്‍ച്ചുഗലിലെ ലിസ്ബണ്‍ പട്ടണത്തില്‍ സമ്പന്നതയുടെ മടിത്തട്ടില്‍ 1195 ആഗസ്റ്റ് 15 ന് ജനിച്ചു. പിതാവ് ഡോ മാര്‍ട്ടീനോ ലിസ്ബണ്‍ നഗരത്തിന്റെ ഗവര്‍ണ്ണറും മജിസ്ട്രേട്ടും പോര്‍ച്ചുഗീസ് രാജാവിന്റെ ഉപദേഷ്ടാവ്. മാതാവ് ഡോണ തെരേസ രാജകുടുംബാംഗമായിരുന്നു. പിതാവിന്റെ സകല സമ്പത്തിന്റെയും പദവിയുടെയും ഏക പിന്തുടര്‍ച്ചാവകാശിയും അവരുടെ ഏകമകനായിരുന്നു ഫെര്‍ണാണ്ടോ, പിന്നീട് ലോകമറിയുന്ന വിശുദ്ധനായിത്തീര്‍ന്ന വി. അന്തോണീസ്. ഫെര്‍ണാണ്ടോ കുടുംബത്തിന്റെ പ്രൗഢിക്കും പദവിക്കും യോജ്യമായിത്തന്നെ വളര്‍ന്നു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവുപുലര്‍ത്തിയ അവന് വാള്പ്പയറ്റിലും കുതിരസവാരിയിലും അഗ്രഗണ്യനായിരുന്നു. മാത്രമല്ല ലത്തീന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍ തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യവും നേടിയ ഫെര്‍ണാണ്ടോ ഭാവിയില്‍ ഒന്നാന്തരമൊരു ഭരണകര്ത്താവാകും എന്ന് എല്ലാവരും കരുതി. ഒരു ദേശത്തിന്റെ മുഴുവന്‍ സ്വപ്നവും അവനിലായിരുന്നു.
എന്നാല്‍ ഈ ചെറുപ്പക്കാരന് ഈ ലോകത്തില്‍ എണ്ണപ്പെട്ട കുറച്ചുപേര്‍ക്കുമാത്രം സ്വപ്നം കാണാനാവുന്ന സുഖസൗകര്യങ്ങളും സ്ഥാനമാനങ്ങളും തൃണംപോലെ ത്യജിക്കാനങ്ങു തീരുമാനിച്ചു. തനിക്കൊരു സന്യാസവൈദികനാകണമെന്നു പറഞ്ഞതോടെ വീട്ടില്‍ വലിയ പൊട്ടിത്തെറിയായി. അവന് വിട്ടൊഴിഞ്ഞത് തന്റെ അതിവിശാലമായ കൊട്ടാരമായിരുന്നു; നൂറുക്കണക്കിന് പരിചാരകരെയായിരുന്നു. ആയിരക്കണക്കിനേക്കര്‍ കൃഷിസ്ഥലങ്ങളായിരുന്നു. ഏകപുത്രനുവേണ്ടി സമ്പാദിച്ചു കൂട്ടിയ അപ്പന്റെ ചങ്കുപൊട്ടിത്തെറിക്കാതിരിക്കുമോ?
യൗവ്വനത്തിലേക്ക് കാലൂന്നിയ ഫെര്‍ണാണ്ടോയെ ഒരു വഴിത്തിരിവിലേക്ക് നയിച്ചത് അഗസ്റ്റീനിയന്‍ വൈദികനായിരുന്ന ഫാ. ജോസഫാണ്. അദ്ദേഹവുമായുണ്ടായിരുന്ന അടുപ്പം തന്റെ ജീവിതലക്ഷ്യങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുവാന്‍ ഫെര്‍ണാണ്ടോയെ പ്രേരിപ്പിച്ചു. അങ്ങനെയാണ് നമ്മുടെ കര്‍ത്താവിന്റെ ജീവിതം അയാളെ ഹരം പിടിപ്പിച്ചത്.
അതീവസുന്ദരിയായ രാജപുത്രിയുമായുള്ള വിവാഹാലോചനയും നിരസിച്ച് അദ്ദേഹം അഗസ്റ്റീനിയന്‍ സന്യാസഭവനത്തില്‍ വൈദികവിദ്യാര്‍ത്ഥിയായി മാറി. പരിശീലനകാലത്തും തന്റെ ബന്ധുജനങ്ങളില് നിന്നുള്ള സമ്മര്‍ദ്ദം തുടര്ന്നുവെന്നതിനാല് ലിസ്ബണിലെ സെന്റ് വിന്‍സന്റ് സന്യാസഭവനത്തില്‍ നിന്നും ഏറെ ദുരെയുള്ള കോയിമ്പ്രയിലെ മറ്റൊരു ഭവനത്തിലേക്ക് മാറി പഠനം തുടരുവാന്‍ അവന് തീരുമാനമെടുത്തു. അനന്യസാധാരണമായ ബുദ്ധിസമാര്ത്ഥ്യമുണ്ടായിരുന്ന അവനെ ദൈവശാസ്ത്രം പഠിപ്പിക്കുവാന്‍ അധികാരികള്‍ പറഞ്ഞുവിട്ടു.
പൗരോഹിത്യം സ്വീകരിച്ച പ്രഭുകുമാരന്
1219 ല്‍ ഫെര്‍ണാണ്ടോ പൗരോഹിത്യം സ്വീകരിച്ചു. പ്രൗഡമായ അള്‍ത്താരയില്‍ വച്ച്, ദിവ്യകാരുണ്യനാഥനെ കരങ്ങളില്‍ വഹിച്ച ഫെര്‍ണാണ്ടോയുടെ ഹൃദയം ആനന്ദാതിരേകത്താല്‍ പുളകിതമായി. അദ്ദേഹത്തിന്റെ ഹൃദയം മന്ത്രിച്ചു: ദിവ്യ ഈശോയെ അങ്ങയെ കരങ്ങളില്‍ സംവഹിക്കുന്നതിനായി എന്റെ ഹൃദയം കൊതിക്കുകയായിരുന്നു. ഈ അവസരത്തിനായി അങ്ങേയ്ക്ക് നന്ദി. ആ മഹനീയ വേളയില്‍, തന്റെ കരങ്ങളില്‍ ഇരിക്കുന്ന തിരുവേസ്തി ഉണ്ണീശോയായി മാറിയതായി അദ്ദേഹത്തിന് അനുഭവപ്പൈട്ടു. പരിശുദ്ധ അമ്മയുടെ കരങ്ങളില്‍ എന്നതുപോലെ സുസ്മേരവദനനും ശാന്തനും വിനീതനുമായി ഉണ്ണീശോ തന്റെ കരങ്ങളില്‍.. ഫാദര്‍ ഫെര്‍ണാണ്ടോയുടെ മിഴികളില്‍ നിന്നും കണ്ണുനീര് ഒഴുകി...
സുവിഷേ പ്രഘോഷണത്തിനായുള്ള അദമ്യമായ ആഗ്രഹം, രക്തസാക്ഷിത്വം വരിക്കാനുളള ശക്തമായ ഉള്‍പ്രേരണ.. ഒരു നിമിഷംപോലും പാഴാക്കാതെ ക്രിസ്തുവിനുവേണ്ടി ലോകത്തില്‍ ആഞ്ഞുവീശുവാന്‍ ഹൃദയം വെമ്പിയ ഒരു യുവപുരോഹിതനായിരുന്നു അന്തോണീസ്.
ഫാ. ഫെര്‍ണാണ്ടോയുടെ സമകാലികനായ മറ്റൊരു വ്യക്തിയായിരുന്നു ഫ്രാന്‍സിസ് അസീസ്സി. മാടമ്പിസ്ഥാനവും പിതൃസ്വത്തും തൃണവത്ഗണിച്ചവന്. പിതാവ് നല്കിയ ഉടുപ്പ് പോലും തിരികെ നല്കിയവന്. ന്ഗനപാദന്.. അന്നന്നത്തെ അപ്പത്തിനായി ഭിക്ഷയെടുത്തവന്‍. കുഷ്ഠരോഗിയെ ആലിംഗനം ചെയ്തവന്. നാശോډുഖമായ ദേവാലയങ്ങള്‍ പുനരുദ്ധരിക്കാന്‍ പൊരിവെയിലത്ത് അദ്ധ്വാനിച്ചവന്‍. പാടാനും പ്രസംഗിക്കാനുമുള്ള കഴിവുകള്‍ സുവിശേഷപ്രഘോഷണത്തിനായി വിനിയോഗിച്ചവന്‍. പാറക്കെട്ടിസും മരച്ചുവട്ടിലും അന്തിയുറങ്ങിയവന്.. സ്വന്തമായി യാതൊന്നും സമ്പാദിക്കാത്തവന്‍. ഈ ഫ്രാന്‍സിസ് ഫെര്‍ണാണ്ടോയെ വല്ലാതെ വശീകരിച്ചുകളഞ്ഞു. തുടര്‍ന്നാണ് ഫാ. ഫെര്‍ണാണ്ടോ, ഫാ. അന്തോണി എന്ന ഫ്രാന്‍സിസ്കന്‍ സന്യാസിയായി മാറിയത്. പിന്നീട് പേരുമാറ്റം ജീവിതം മൊത്തം മാറിയതിന്റെ പ്രതീകമായിരുന്നെന്ന് അദ്ദേഹം ജീവിതം കൊണ്ട് തെളിയിച്ചു.
വിശുദ്ധന്റെ സ്വന്തം അപേക്ഷപ്രകാരം സഭാ മേലധികാരികള്‍ അദ്ദേഹത്തെ പ്രേഷിതപ്രവര്‍ത്തനത്തിനായി മൊറോക്കോയിലേക്കയച്ചു. പക്ഷേ, രോഗബാധിതനായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് തിരിച്ചുവരേണ്ടിവന്നു. മടക്കയാത്രയില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന പായ്ക്കപ്പല്‍ നിശ്ചിതമാര്‍ഗ്ഗത്തില്‍ നിന്നും മാറി ഇറ്റലിയിലെ സിസിലിയില്‍ എത്തി. ഇങ്ങനെയാണ് വിശുദ്ധ അന്തോണീസ് സിസിലിയില്‍ പ്രവേശിച്ചത്.
ജനങ്ങളെ വളരെയേറെ ആകര്‍ഷിച്ചിരുന്ന ഒരു സുവിശേഷ പ്രഘോഷകനായിരുന്നു പാദുവയിലെ വി. അന്തോണിസ്. അദ്ദേഹം ഒരു നഗരത്തിലെത്തിയാല്‍ ആളുകള്‍ തങ്ങളുടെ കടകള്‍ അടയ്ക്കുമായിരുന്നത്രെ. വിശുദ്ധന്റെ പ്രഭാഷണം കേള്‍ക്കുവാന്‍ ജനങ്ങല്‍ രാത്രി മുഴുവന്‍ ദേവാലയത്തില്‍ തങ്ങുമായിരുന്നു. ജനങ്ങളുടെ മനസ്സില്‍ അത്രമാത്രം സ്വാധീനമുള്ള ഒരു പ്രഘോഷകനായിരുന്നു അദ്ദേഹം. ഇടിമുഴക്കം പോലെ ശബ്ദമുള്ളവന്‍ എന്നാണ് അന്തോണി എന്ന വാക്കിന്റെ അര്‍ത്ഥം. പില്ക്കാലത്ത് അത് സാര്‍ത്ഥകമായി മാറി.
പണ്ഡിതന് പ്രഭാഷകനായതെങ്ങനെ
ആകസ്മികമായിട്ടാണ് വി. അന്തോണീസ് ഒരു സുവിശേഷ പ്രസംഗകനമായി മാറിയത്. ഒരിക്കല്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കേണ്ട വ്യക്തി എത്താത്തതിനാല്‍ വിശുദ്ധന്റെ മേലധികാരികള്‍ അദ്ദേഹത്തോട് പ്രസംഗപീഠത്തില്‍ കയറി പ്രസംഗിക്കുവാന്‍ ആവശ്യപ്പെട്ടു. അന്തോണീസിന് അന്ന് 25 വയസ് മാത്രം. അന്തോണീസിന്റെ പ്രസംഗവും പാണ്ഡിത്യവും എല്ലാവരെയും ആകര്‍ഷിച്ചു. ഒടുവില്‍ അപ്രതീക്ഷിതമായ ആ സാഹചര്യത്തിലൂടെ ഫോര്‍ലി കത്തീഡ്രലില്‍ ദൈവം നല്കിയ അവസരത്തിലൂടെ അന്തോണിസിനെ പുറംലോകം തിരിച്ചറിഞ്ഞു. സ്വന്തം നിയോഗം അദ്ദേഹവും.
ഫോര്‍ലി കത്തീഡ്രലിലെ സംഭവത്തിനുശേഷം അന്തോണിയച്ചന്റെ ജീവിതം സ്വപ്നസദൃശ്യമായാണ് മുന്നേറിയത്. സാക്ഷാല്‍ ഫ്രാന്‍സിസ് അസീസി തന്നെയാണ് അദ്ദേഹത്തിന്റെ പ്രഭ തിരിച്ചറിഞ്ഞ് ഇറ്റലിയില്‍ മുഴുവന്‍ വചനപ്രഘോഷം നടത്താന്‍ അദ്ദേഹത്തെ ഏല്പിച്ചത്. അങ്ങനെ അദ്ദേഹം ആ നാടിന്റെ ശബ്ദമായി മാറി. പാഷാണ്ഡതകളുടെയും തെറ്റിദ്ധാരണകളുടെയും മദ്ധ്യേ, സഭയിലൂടെ ക്രിസ്തുവിന് നല്‍കാനുള്ള സന്ദേശം ആ നാവില്‍നിന്നും ജനം സന്തോഷത്തോടെ ശ്രവിച്ചു. പലപ്പോഴും മതവിരുദ്ധര്ക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു. അതിനാല്‍ മതവിരുദ്ധരുടെ ചുറ്റിക എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു.
പാദുവാനഗരത്തിന്റെ നാമത്തോടു ചേര്‍ന്നാണ് അന്തോണീസ് അറിയപ്പെടുന്നത്. 1230 കാലത്താണ് അദ്ദേഹം അവിടെയെത്തുന്നത്. ധാരാളം അത്ഭുതങ്ങള്‍ അവിടെ പ്രവര്‍ത്തിക്കുക മാത്രമല്ല ദരിദ്രരെ ചൂഷണം ചെയ്യുന്നവരെ കുറ്റപ്പെടുത്തുകയും സാമ്പത്തികമായ അനീതി നടത്തുന്നവരെ വിമര്‍ശിക്കുകയും ചെയ്തു. പാവങ്ങളുടെ പടയാളി എന്നാണ് അദ്ദേഹം അവിടെ അറിയപ്പെട്ടിരുന്നത്.
സുവിശേഷം കേള്‍ക്കാനെത്തിയ മത്സ്യങ്ങള്‍
പക്ഷിമൃഗാദികള്‍ക്കും സസ്യജാലങ്ങള്‍ക്കും പോലും മനുഷ്യന്റെ സാമിപ്യം അങ്ങേയറ്റം ഇഷ്ടമാണ് എന്നാണ് ആത്മീയ ജീവിതാനുഭവം. നമ്മുടെ ഉദ്ദേശശുദ്ധി വിശുദ്ധമായിരിക്കണം. അതാണ് പ്രശ്നം. മത്സ്യങ്ങളും മൃഗങ്ങളും പോലും അന്തോണീസിനെ ശ്രവിച്ച അത്ഭുതകരമായ അനുഭവങ്ങള്‍ അനവധി. അതില്‍ പ്രസിദ്ധമായ ഒരു സംഭവം ഇതാണ്. ഒരു ദിവസം ശ്രോതാക്കളായാരെയും കാണാതായപ്പോള്‍ അന്തോണീസച്ചന്‍ കടലിലേക്ക് തിരിഞ്ഞു പ്രസംഗിച്ചു. ജലപ്രളയത്തില്‍ സമസ്തജീവജാലങ്ങളും നശിച്ചപ്പോള്‍ മത്സ്യങ്ങളെ ദൈവം സംരക്ഷിച്ചതും മത്സ്യങ്ങള്‍ ദൈവേഷ്ടം നിറവേറ്റാന്‍ പങ്കുവഹിച്ചിട്ടുള്ളതും അദ്ദേഹം അനുസ്മരിച്ചു. കടലിലെ മത്സ്യങ്ങളെല്ലാം പ്രസംഗം കേള്‍ക്കാന്‍ നിരനിരയായി കടന്നുവന്നു.
ഏകാന്ത പ്രാര്‍ത്ഥനയുടെ വര്‍ഷങ്ങള്‍
റൊമാനോ പ്രോവിന്സില് ഫോര്‍ലിനഗരത്തെ വലയം ചെയ്തുനില്ക്കുന്ന ആല്‍പൈന്‍ മലനിരകള്‍ക്കിടയിലെ മോണ്ടോ പൗളോ താഴ്വരയിലെ സന്യാസഭവനം അന്തോണീസച്ചന്റെ ജീവിതമാകെയങ്ങുമാറ്റിക്കളഞ്ഞു. സുവിശേഷപ്രഘോഷണമെന്ന അഭിലാഷം പ്രാര്‍ത്ഥനാപൂര്‍വ്വം ഹൃദയത്തില്‍ സൂക്ഷിച്ച് ഏകാന്തധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കുമായി അദ്ദേഹം ഏറെ സമയം ചിലവഴിച്ചു. ഓരോ പ്രഭാതത്തിലും ദിവ്യബലിക്ക് ശേഷം ആല്‍പൈന്‍ മലകളിലെ ഗുഹകളിലൊന്നില്‍ അദ്ദേഹം ഏകാന്തധ്യാനത്തിന് പതിവായി എത്തിച്ചേര്‍ന്നിരുന്നു. ആ കാലഘട്ടം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ പരിശുദ്ധാത്മാവ് ഏറെ ആത്മീയ ദര്‍ശനങ്ങളും ബോധ്യങ്ങളും നിറച്ചു. ആത്മാവില്‍ ദൈവസ്നേഹാഗ്നി കത്തിയെരിഞ്ഞു. ലഭിച്ച അവബോധങ്ങളുടെ വെളിച്ചത്തില്‍, അദ്ദേഹത്തിന്റെ ജീവിതശൈലിയില്‍ ഏറെ മാറ്റങ്ങള്‍ സംഭവിച്ചു. കൂടുതല്‍ ലാളിത്യമുള്ളവനായി, വിനയാന്വിതനായി, സേവനതല്പരനായി അദ്ദേഹം മാറി. അതെ ദൈവം ആഗ്രഹിച്ച ജ്ഞാനപൂര്ണതയിലേക്കും ശൂന്യവത്ക്കരണത്തിലേക്കും ആ പ്രഭുകുമാരന് വളരുകയായിരുന്നു.
അത്ഭുതങ്ങളുടെ ലോകം
ഒരിക്കല്‍ അദ്ദേഹം ഫ്രാന്‍സിലായിരിക്കുമ്പോള്‍ ബോവില എന്ന ഒരു യഹൂദന് വിശുദ്ധകൂര്ബാനയുടെ ദൈവികത അവിശ്വാസികള്ക്കുമുന്നില് വെളിപ്പെടുത്തുവാന്‍ അന്തോണീസച്ചനെ പരസ്യമായി വെല്ലുവിളിച്ചു; തിരുവോസ്തി വെറും അപ്പക്കഷ്ണമാണ്, ദൈവമൊന്നുമല്ല എന്നാണ് അദ്ദേഹം വെല്ലുവിളിച്ചത്. വിശുദ്ധ കുര്‍ബാനയെ ഇകഴ്ത്തിപ്പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കുമോ. ബോവില പറഞ്ഞു ഞാന്‍ എന്റെ കഴുതയെ ചന്തസ്ഥലത്ത് കെട്ടിയിടാം; മൂന്ന് ദിവസം അതിന് തീറ്റ കൊടുക്കുകയില്ല. മൂന്നാമത്തെ ദിവസം കുറെ ഓട്സ് വെച്ചുകൊടുക്കാം. തത്സമയത്ത് താങ്കള്‍ തിരുവോസ്തി കാണിക്കണം. കഴുത ഓട്സ് ഉപേക്ഷിച്ചു തിരുവോസ്തിയെ വണങ്ങുകയാണെങ്കില്‍ ഞാന്‍ വിശ്വസിക്കാം. അന്തോണീസച്ചന്‍ വെല്ലുവിളി സ്വീകരിച്ചു. മൂന്നാം ദിവസം അദ്ദേഹം ഓട്സുമായി വന്നു. അന്തോണീസച്ചന്‍ വിശുദ്ധകുര്ബാനയുമായെത്തി. ദിവ്യകാരുണ്യവുമേന്തി നില്ക്കുന്ന അന്തോണീസച്ചന്റെ മുമ്പില്‍, ഭക്ഷണത്തെ അവഗണിച്ച് മുട്ടുമടക്കി, ദൈവത്തെ ആരാധിച്ച ആ കഴുത അനേകവിശ്വാസികളുടെ കണ്ണുതുറക്കാന്‍ കാരണമായി.
അഴുകാത്ത നാവ്
നിരവധി സ്വര്‍ഗ്ഗീയ രഹസ്യങ്ങള്‍ ലോകത്തിനു പകര്‍ന്നുകൊടുക്കുവാന്‍ നിയോഗിക്കപ്പെട്ട അദ്ദേഹത്തിന്റെ നാവ് അഴുകുവാന്‍ ദൈവം അനുവദിച്ചില്ല. മരണത്തിന് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം മാറ്റി സ്ഥാപിക്കുന്നതിനായി കബറിടം തുറന്നപ്പോള്‍, അസ്ഥിപോലും ദ്രവിച്ചിരുന്നെങ്കിലും നാവുമാത്രം ജീവനുള്ള മനുഷ്യന്റേതുപോലെ അവശേഷിച്ചിരുന്നതായി കാണപ്പെട്ടു. വി. ബൊനവെഞ്ചര്‍ ആദരവോടെ അത് എടുത്തിട്ട് പറഞ്ഞു. ഭാഗ്യപ്പെട്ടവനെ നീ എന്തുമാത്രം ദൈവസ്തുതികള്‍ പാടി. വിശുദ്ധന്റെ നാവ് ഇന്നും പ്രത്യേകമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ജീവിതകാലമത്രയും ദൈവസ്തുതി പാടി ഒരാത്മാവിന് ദൈവം നല്കിയ ഒരപൂര്വ്വസമ്മാനം.
സഭയുടെ ഉന്നതശീര്ഷകരൊത്ത്
തുടര്ന്നുുള്ള നാളുകളില്‍ രോഗബാധിതനായി അവശനിലയിലായിരുന്ന അസീസിയിലെ ഫ്രാന്‍സിസുമായും തുടര്‍ന്ന് മാര്‍പാപ്പയുമായും ഏറെ കര്ദ്ദിനാള്മാരുമായുമെല്ലാം അടുപ്പം പുലര്‍ത്തുവാനും ഫ്രാന്‍സിസ്കന്‍ സന്യാസസമൂഹത്തിനായി നിയമാവലി തയാറാക്കുവാനുമെല്ലാം അന്തോണിസച്ചന് കഴിഞ്ഞു. സാധാരണക്കാരായ ജനസഹസ്രങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുവാനും ഏറെപ്പേരെ മാനസാന്തരത്തിലേക്ക് നയിക്കുവാനും അദ്ദേഹത്തിനായി. ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ തന്നെ അത്ഭുതപ്രവര്‍ത്തകനായും അദ്ദേഹം അറിയപ്പെട്ടു. ദൈവാത്മാവിന്റെ ശക്തമായ ഇടപെടലുകള്‍ അദ്ദേഹത്തിലൂടെ സംഭവിച്ചുകൊണ്ടിരുന്നു. ദൈവവചനത്തെ നീതികരിക്കുവാനും സ്ഥിരീകരിക്കുവാനും ശ്രോതാക്കള്‍ക്കിടയില്‍ വിശ്വാസത്തിന്റെയും മാനസാന്തരത്തിന്റെയും ഫലങ്ങള്‍ ഉളവാക്കുവാനും ദൈവകരം അന്തോണീസച്ചനീലൂടെ പ്രവര്‍ത്തിച്ചപ്പോള്‍ അത്ഭുതങ്ങളുണ്ടായി.
താക്കോല്‍ദ്വാരത്തിലൂടെ കണ്ടത്
ഒരിക്കല്‍ അന്തോണീസച്ചന്‍ ഒരു വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. കുടുംബനാഥന് താക്കോല്‍ദ്വാരത്തിലൂടെ അദ്ദേഹത്തിന്റെ റൂമിനുള്ളിലേക്കു ഒന്ന് എത്തിനോക്കി. ദൈവമാതാവ് ഉണ്ണീശോയെ അദ്ദേഹത്തിന്റെ കരങ്ങളില്‍ ഏല്‍പ്പിക്കുന്ന അത്ഭുതാവഹമായ കാഴ്ചയാണ് കുടുംബനാഥന് കണ്ടത്. വിശുദ്ധ അന്തോണീസച്ചന്റെ കൈയില്‍ ഉണ്ണീശോ ഇരിക്കുന്ന ചിത്രത്തിനുപിന്നിലെ സംഭവമിതാണ്.
താനെ മുഴങ്ങിയ പള്ളിമണികള്‍
അന്ത്യനിദ്ര പ്രാപിക്കുമ്പോള്‍ വിശുദ്ധന് 36 വയസുമാത്രം പ്രായം. പാദുവാ നഗരം മുഴുവനും വിശുദ്ധന്റെ അന്ത്യത്തില്‍ ദുഖമാചരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ അദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. വി. അന്തോണീന്റെ നാമകരണം റോമില്‍ നടക്കുമ്പോള്‍ ലിസ്ബണിലെ മണികള്‍ താഴെ മുഴങ്ങിയത് അത്ഭുതമായി. 1946 ല്‍ പീയൂസ് പന്ത്രണ്ടാമന് മാര്‍പാപ്പ അദ്ദേഹത്തെ സഭയുടെ വേദപാരംഗതനായി അംഗീകരിച്ചു.
Send your feedback to : onlinekeralacatholic@gmail.com