വേദപാരംഗതനായ സെന്റ് അഗസ്റ്റിനെ ഒരു പാഠം പഠിപ്പിച്ച ബാലന്
ജോര്‍ജ് .കെ. ജെ - ഓഗസ്റ്റ് 2020
വി. പൗലോസിനുശേഷം സഭ കണ്ട ഏറ്റവും വലിയ ചിന്തകനായിരുന്നു ഹിപ്പോയിലെ മെത്രാനായിരുന്ന സെന്റ് അഗസ്റ്റിന്. അദ്ദേഹത്തിന്റെ രചനകള്‍ കത്തോലിക്കസഭയുടെ അടിസ്ഥാനശിലകളെ കൂടുതല്‍ ദൃഡപ്പെടുത്തി. സഭാപിതാക്കډാരില്‍ അഗ്രഗണ്യനായ അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും പ്രബോധനങ്ങളും സഭയ്ക്ക് നല്കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്. ബിഷപ്, വിശുദ്ധന്, വേദപാരംഗതന്, എഴുത്തുകാരന് ഇതെല്ലാമായിരുന്നു അദ്ദേഹം. ദൈവമേ നീ ഞങ്ങളെ നിനക്കായ് സൃഷ്ടിച്ചു, അങ്ങയില്‍ വിലയം പ്രാപിക്കുന്നതുവരെ ഞങ്ങളുടെ വാക്കുകള്‍ അസ്വസ്ഥമായിരിക്കും എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ അദ്ദേഹത്തെപ്പോലെ തന്ന പ്രശസ്തമാണ്.
ഒന്നിനും തടുത്തുനിര്‍ത്താന്‍ കഴിയാത്ത ദൈവകൃപയുടെ തിരുശേഷിപ്പായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. പാപത്തിന്റെ വഴികളിലൂടെ ഒരു ധൂര്‍ത്തപുത്രനെപ്പോലെ അലഞ്ഞ്, ഒടുവില്‍ അമ്മയുടെ കണ്ണുനീരില്‍ അലിഞ്ഞ് വിശുദ്ധിയുടെ പാതയിലേക്ക് മടങ്ങിവന്ന വ്യക്തിയാണ് വി. അഗസ്റ്റിന്. കളങ്കപ്പെട്ട ഭൂതകാലത്തെ ദൈവകരുണയില്‍ കഴുകിയെടുത്ത് അദ്ദേഹം ക്രൈസ്തവസഭയ്ക്ക് നല്കിയ ശിഷ്ടകാലം ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. അദ്ദേഹത്തിന്റെ പുസ്തകങ്ങളും ചിന്തകളും ലേഖനങ്ങളും എല്ലാം സഭയുടെ അടിത്തറയെ ശക്തമാക്കി. 33-ാമത്തെ വയസിലാണ് അദ്ദേഹം സഭയിലെത്തിയത്. പിന്നീട് അദ്ദേഹത്തിന്റെ ചിന്തകള്‍ ദൈവത്തെക്കുറിച്ചുമാത്രമായിരുന്നു. ദൈവത്തെക്കുറിച്ചുള്ള ചിന്തകള്‍ അദ്ദേഹത്തിന്റെ തലയില്‍ തീ കോരിയിട്ടു.
പരിശുദ്ധ ത്രീത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനം അതുല്യമാണ്. പരിശുദ്ധ ത്രീത്വത്തെക്കുറിച്ച് എഴുതാന്‍ മാത്രം അദ്ദേഹം 30 വര്‍ഷമാണ് ചിലഴിച്ചത്. 415 ലെ ഒരു ദിവസം. ചിന്തകള്‍ക്ക് തീ പിടിച്ച ഒരു വൈകുന്നേരം അദ്ദേഹം പരിശുദ്ധ ത്രീത്വമെന്ന രഹസ്യത്തെക്കുറിച്ച് ചിന്തിച്ച് ഒരെത്തും പിടിയും കിട്ടാതെ കടല്‍ത്തീരത്തുകൂടെ നടക്കുകയായിരുന്നു. വളരെ നിരാശനായിരുന്നു അദ്ദേഹം. കാരണം പിന്‍ക്കാലത്ത് അദ്ദേഹത്തിന്റെ മഹത്തായ രചനകളിലൊന്നായി മാറിയ ഓണ്‍ ദ ട്രിനിറ്റി എന്ന പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. പരിശുദ്ധ ത്രീത്വത്തെക്കുറിച്ചുള്ള പുസ്തകം. ഒരു ചുക്കും പിടികിട്ടാതെ അദ്ദേഹം ആകുലനായി കടല്‍ത്തീരത്തുകൂടി നടക്കുകയായിരുന്നു.
പെട്ടെന്നാണ് അദ്ദേഹത്തിന്റെ കണ്ണില്‍ ഒരു കുട്ടിയുടെ ചിത്രം പതിഞ്ഞത്. തിരമാലകള്‍ വന്നുപോകുന്നതൊന്നും ശ്രദ്ധിക്കാതെ ഒരു കുട്ടി ഒരു ശംഖു കൊണ്ട് വെള്ളം കോരി കടല്‍ത്തീരത്തുള്ള ഒരു ചെറിയ കുഴിയിലേക്ക് ഒഴിച്ചുകൊണ്ടേയിരിക്കുന്നു. മറ്റൊന്നിനെക്കുറിച്ചും അവന് ചിന്തിക്കുന്നില്ല.
വളരെ സീരിയസായി തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ആ കുട്ടിയുടെ അടുത്തെത്തി സെന്റ് അഗസ്റ്റിന് വളരെ കൗതുകത്തോടെ ചോദിച്ചു. മകനെ നീ എന്താ ഈ ചെയ്യുന്നേ. ഒരു നിമിഷം ആ കുട്ടി കയ്യിലിരുന്ന ശംഖ് മുറുകെപ്പിടിച്ചുകൊണ്ട് പറഞ്ഞു. ഞാന്‍ ആ കടലിലെ വെള്ളം ഈ ചെറിയ കുഴിയിലൊഴിച്ചു കടല്‍ വറ്റിക്കുവാന്‍ നോക്കുകയാണ്.
സെന്റ് അഗസ്റ്റിന് ചിരിവന്നു. എങ്കിലും ആ കുട്ടിയുടെ നിഷ്കളങ്കതയും പ്രകാശനിര്‍ഭരമായ കണ്ണുകളും അദ്ദേഹത്തെ വളരെ ആകര്‍ഷിച്ചു. വി. അഗസ്റ്റിന് ആ കുഞ്ഞിന്റെ അരികില്‍ മുട്ടുകുത്തിനിന്ന് അവന് ചെയ്യുന്നത് വീക്ഷിച്ചുകൊണ്ടിരുന്നു. എന്നിട്ടും ആ കുട്ടിക്ക് ഒരു കുലുക്കവുമില്ല. അവന് തന്റെ പണി നിര്‍ബാധം തുടര്‍ന്നുകൊണ്ടിരുന്നു.
ഏതായാലും ആ കുഞ്ഞ് ചെയ്യുന്ന മടയത്തരം ഒന്നുകൂടി അവനെ ബേധ്യപ്പെടുത്താമെന്നു കരുതി അദ്ദേഹം അവനോട് വീണ്ടും സംസാരിക്കുവാന്‍ തീരുമാനിച്ചു. എന്റെ മകനെ, നിനക്ക് ഈ കടലിനെ ഒരിക്കലും ഇത്ര ചെറിയ ഒരു കുഴിയില്‍ ഒതുക്കുവാനാകില്ല എന്ന് അറിയില്ലേ.
ആ കുട്ടി പെട്ടെന്ന് മറുപടി പറഞ്ഞു. അതുപോലെ പരിശുദ്ധ ത്രിത്വത്തെ താങ്കള്‍ക്ക് പൂര്‍ണ്ണമായും മനസ്സിലാക്കുവാനും കഴിയില്ല. അത്രയും പറഞ്ഞശേഷം ആ കുട്ടി ഞൊടിയിടയില്‍ അപ്രത്യക്ഷനാവുകയും ചെയ്തു.
നൂറ്റാണ്ടുകളായി ചിന്തകരും ദൈവശാസ്ത്രജ്ഞരും ഈ സംഭവത്തെക്കുറിച്ച് വിശകലനം ചെയ്തുകൊണ്ടിരിക്കുന്നു. ആ കുട്ടി ഒരു മാലാഖയായിരുന്നോ. അതോ ഈശോ തന്നെയായിരുന്നോ. ഏതായാലും ആ കുട്ടിയുടെ വാക്കുകള്‍ എല്ലാവരും സ്വീകരിച്ചു-പരിശുദ്ധത്രീത്വത്തെ പൂര്‍ണ്ണമായും മനസ്സിലാക്കുവാന്‍ മനുഷ്യന് കഴിയില്ല-പിന്നെയന്തിന് വെറുതെ ആകുലപ്പെടണം.
പരിശുദ്ധ ത്രീത്വത്തെക്കുറിച്ചുള്ള ദെ ട്രിനിറ്റേറ്റ് എന്ന പുസ്തകം എഴുതാന്‍ വി. അഗസ്റ്റിന് 30 വര്‍ഷത്തോളം അദ്ധ്വാനിച്ചെങ്കിലും അത് പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. അതേ കടല്‍വെള്ളം കുഴിയിലൊഴിച്ചു വറ്റിക്കാന്‍ പരിശ്രമിച്ച ആ കുഞ്ഞിനെപ്പോലെ.
Send your feedback to : onlinekeralacatholic@gmail.com