ഉദരത്തിലെ കുഞ്ഞിനെ പ്രസവിച്ച് അവള് കാന്‍സറിനു കീഴടങ്ങി, സഭ അവളെ വിശുദ്ധയെന്ന് വിളിച്ചു... വി. ജിയന്നയുടെ ഓര്‍മ്മകളുമായി മകന്
ജെയ്സണ്‍ പീറ്റര്‍ - ഏപ്രില്‍ 2021
ഒരു വിശുദ്ധയുടെ മകനായിരിക്കുക എന്നത് ലോകത്തില്‍ വളരെ അപൂര്‍വ്വം പേര്‍ക്ക് മാത്രം ലഭിക്കുന്ന സൗഭാഗ്യമാണ്. അതിന് ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഉദരത്തിലെ കുഞ്ഞിനെ നശിപ്പിച്ച് സ്വന്തം ജീവന് രക്ഷിക്കാന്‍ വിസമ്മതിച്ച വി. ജിയന്നയുടെ മകന് പിയര്‍ ലൂയിജിയുടേത്. വി. ജിയന്ന നിത്യസമ്മാനത്തിനായി വിളിക്കപ്പെടുമ്പോള്‍ അവളുടെ മൂത്തമകനായ പിയര്‍ ലൂയിജി 5 വയസുകാരനായിരുന്നു.
2004 ലായിരുന്നു ജിയന്നായെ സഭ വിശുദ്ധയെന്ന് വിളിച്ചത്. കാരണം, ഡോക്ടറായിരുന്ന അവള് തന്റെ നാലാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കെ കാന്‍സര്‍ ബാധിതയായി. കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ അബോര്ഷന് നിര്‍ദ്ദേശിച്ചു. പക്ഷേ, തന്റെ ഉദരത്തില്‍ വളരുന്ന ജീവനെ നശിപ്പിച്ച് സ്വന്തം ജീവന് സംരക്ഷിക്കേണ്ടതില്ല എന്ന് അവള് തീരുമാനിച്ചു. തന്റെ നാലാമത്തെ കുഞ്ഞ് ജിയന്ന ഇമ്മാനുവേലയ്ക്ക് ജന്മം നല്കി ജിയന്ന ദൈവസിധിയിലേയ്ക്ക് പറന്നു. കാലം കുറെ കഴിഞ്ഞപ്പോള്‍ അവളുടെ ജീവിതം ലോകമെങ്ങും ചര്‍ച്ചാവിഷയമായി. അവളുടെ മദ്ധ്യസ്ഥതയില്‍ അത്ഭുതങ്ങളുടെ പ്രവാഹമായി. അങ്ങനെ സഭ പിറക്കപ്പെടാതെ പോകുന് കുഞ്ഞുങ്ങളുടെ മദ്ധ്യസ്ഥയായി അവളെ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു.
ആ വിശുദ്ധയുടെ മൂത്തമകനായ പിയര്‍ ലൂയിജി ഇപ്പോള്‍ മിലാനിലെ അറിയപ്പെടുന്ന ബിസ്നസ്സ് കസള്ട്ടന്റാണ്. ഒരു വിശുദ്ധയുടെ മകന് എന്നത് വലിയ ഭാഗ്യമാണെന്നും തന്റെ അമ്മയുടെ സ്വാധീനം ലോകമാസകലം അബോര്‍ഷനെതിരെ ഒരു മുന്നേറ്റത്തിന് പ്രേരകമാകുന്നുവെന്നും അദ്ദേഹം അനുസ്മരിക്കുന്നു. മകന്റെ ഓര്‍മ്മകളില്‍ വിശുദ്ധയായ അവന്റെ അമ്മ ഇന്നും സജീവമാണ്....അമ്മയെക്കുറിച്ചുള്ള മകന്റെ ഓര്‍മ്മകള്‍...
ഒരു വിശുദ്ധയെ നിലയില്‍ താങ്കളുടെ അമ്മ ഇപ്പോഴും ജീവിക്കുകയും മാദ്ധ്യസ്ഥ്യം വഴി അത്ഭുതം പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
അത് വലിയ ഒരു ആശ്വാസമല്ലേ.
തീര്‍ച്ചയായും അതെ. അത് വലിയ ഒരു ആശ്വാസമാണ്. മാത്രമല്ല, എന്റെ അമ്മയെക്കുറിച്ചുള്ള വിവരങ്ങള്‍ ലോകത്തില്‍ എത്ര പെട്ടെന്നാണ് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. വി. ജിയന്നയുടെ മദ്ധ്യസ്ഥതയില്‍ നടക്കുന്ന അത്ഭുതങ്ങളെക്കുറിച്ച് എന്തുമാത്രം സന്ദേശങ്ങളാണ് ലോകമെങ്ങുനിന്നും ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ഏതാനും വര്‍ഷം മുമ്പ് എനിക്ക് അമേരിക്കയില്‍ നിന്നും ഒരു ഇ-മെയില്‍ കിട്ടിയിരുന്നു. അവിടെ ഒരു സ്ത്രീ കുഞ്ഞുങ്ങളുണ്ടാകാതെ വന്നപ്പോള്‍ ജിയന്നയുടെ മദ്ധ്യസ്ഥ്യം തേടി. ഇപ്പോള്‍ അവള്‍ക്ക് രണ്ടുമക്കളുണ്ട്. ഞങ്ങളുടെ അമ്മ ഇപ്പോഴും നിറസാന്നിധ്യമായി ഞങ്ങളോടൊപ്പം ഉണ്ട് എന്നത് വളരെ സന്തോഷദായകമാണ്.
ജനോവയില്‍ പഴയതും പ്രശസ്തവുമായ ഒരു ദേവാലയമുണ്ട്. 15 വര്‍ഷം മുമ്പ് അവിടുത്തെ വൈദികന് അവിടെ എന്റെ അമ്മയുടെ ചിത്രം പ്രതിഷ്ഠിച്ചു. ഇപ്പോള്‍ ആ ദേവാലയത്തിനുചുറ്റും പിങ്ക് ബ്ലൂ കളറിലുള്ള റിബണുകള്‍ ധാരാളം കാണാം. കുഞ്ഞിനെ ലഭിക്കുമ്പോള്‍ വീടിനുചുറ്റും റിബണുകള്‍ കെട്ടുക ഇറ്റാലിയന്‍ പാരമ്പര്യമാണ്. എന്റെ അമ്മയുടെ മാദ്ധ്യസ്ഥതയില്‍ ലഭിച്ച അനേകം അത്ഭുതങ്ങളാണ് ആ റിബണുകള്‍ സൂചിപ്പിക്കുന്നത്.
അമ്മ മരിക്കുമ്പോള്‍ താങ്കള്‍ക്ക് 5 വയസ്സായിരുന്നുവല്ലോ. അമ്മയെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെയ്ക്കാമോ?
അമ്മ എന്നെ സ്കീയിംഗ് പഠിപ്പിച്ചിരുന്നതും ഡോക്ടറായിരുന്ന അമ്മയോടൊപ്പം പുറത്ത് പോയിരുന്നതും ഞാനോര്‍ക്കുന്നു. അമ്മ ജോലിയോടും കുടുംബത്തോടും ഒരുപോലെ അടുപ്പം കാണിച്ചിരുന്നു. 1950 കളില്‍ സാധാരണഗതിയില്‍ കുടുംബവും ജോലിയും സ്ത്രീകള്‍ക്ക് പറഞ്ഞിരുന്നില്ല.അതുപോലെ തന്നെ ഡോക്ടറായിരിക്കെ അമ്മ കാത്തലിക് ആക്ഷന്‍, വിന്‍സന്റ് ഡി പോള്‍ തുടങ്ങിയ ഒരുപാട് ഭക്തസംഘടനകളിലും അഗമായിരുന്നു. അതേ സമയം അവള് സ്കീയിംഗും സംഗീതവും ഏറെ ഇഷ്ടപ്പെട്ടിരുന്നു.
വളരെ ആക്ടീവ് ലൈഫ് ആയിരുന്നോ വിശുദ്ധ ജിയന്നയുടേത്?
വളരെ മോഡേണും അതെ സമയം ലളിതവുമായ ജീവിതമായിരുന്നു അമ്മയുടേത്. അമ്മയാണ് എനിക്ക് വിശ്വാസം നല്‍കിയത്. ദൈവപരിപാലനയിലുള്ള വിശ്വാസം, ഓരോരുത്തരുടെയും മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുവാനുള്ള പ്രതിബദ്ധത ഇവയെല്ലാം അമ്മയില്‍ നിന്നാണ് ഞാന്‍ പഠിച്ചത്. അതുതന്നെയാണ് പപ്പയും പഠിപ്പിച്ചത്. അമ്മ അവശേഷിപ്പിച്ച എഴുത്തുകുത്തുകളില്‍ നിന്നാണ് ഞാന്‍ അമ്മയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞത്. അമ്മയുടെ കാത്തലിക് ആക്ഷന്‍ സംഘടനെയക്കുറിച്ചുള്ള കുറെ രേഖകള്‍ വീട്ടില്‍ ഉണ്ടായിരുന്നു.
ജീവിതത്തിലും പ്രഫഷനിലും അമ്മ ഒരു പോലെ സന്തുഷ്ടയായിരുന്നു. ചെയ്യുന്ന കാര്യങ്ങള്‍ ആഴത്തില്‍ ചെയ്യുക എന്നതായിരുന്നു അമ്മയുടെ ശരി. അമ്മ വളരെ വലിയ ബുദ്ധിശാലിയായിരുന്നില്ല. സ്കൂളില്‍ ആവറേജ് ആയിരുന്നു.
ദൈവം ഓരോ ദിവസവും നമുക്ക് നല്കുന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് ഓരോ നിമിഷവും ജീവിക്കുക എന്നതാണ് സന്തോഷത്തിന്റെ രഹസ്യം. എല്ലാത്തിലും ദൈവപരിപാലനയുണ്ട്, അത് ഇപ്പോഴുമുണ്ട്, എന്നിങ്ങനെയുള്ള വി . ജിയന്നയുടെ വാക്കുകള്‍ പ്രസ്ക്തമാണല്ലോ... ജിയന്നയില് നിന്ന് നമുക്ക് പഠിക്കുവാനുള്ളത് എന്താണ്?
കത്തോലിക്കരെന്ന നിലയില്‍ നമ്മുടെ വിശ്വാസത്തോടും മൂല്യങ്ങളോടും നീതിപുലര്‍ത്തേണ്ടത് എങ്ങനെയെന്ന് നമുക്ക് മനസ്സിലാക്കാം. എന്റെ അമ്മ സ്വന്തം മാതാപിതാക്കളില്‍ നിന്നും വിശ്വാസം പകര്‍ന്നുകിട്ടിയ പശ്ചാത്തലത്തിലാണ് വളര്‍ന്നത്. നന്നായി ജീവിക്കേണ്ടത് എങ്ങനെയെന്ന് അമ്മയില്‍നിന്ന് ഞാന്‍ പഠിച്ചു.
രണ്ടാമത്തെ കാര്യം നമ്മുടെ വിളിയില്‍ ഉറച്ചുനില്ക്കുക എന്നതാണ്. ഒരിക്കല്‍ ആന്റിയോടൊപ്പം ബ്രസീലില്‍ പോയി ജോലിചെയ്യാമെന്ന് അവള് ചിന്തിച്ചിരുന്നു. പക്ഷേ, തന്റെ വിളി മാതൃത്വമാണ് എന്ന് അവള് തിരിച്ചറിഞ്ഞു. ജോലിയിലും മാതൃത്വത്തിലും അവള് ഉറച്ചുനിന്നു. കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതും വിശ്വാസത്തില്‍ വളര്‍ത്തുന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ് എന്ന് അവള് തിരിച്ചറിഞ്ഞിരുന്നു.
തീര്‍ച്ചയായും. അമ്മ എപ്പോഴും മാതൃകയായിരുന്നു. അവള്‍ക്ക് ഒരു വിശുദ്ധ കുടുംബം വേണമെന്നായിരുന്നു ആഗ്രഹം. അതിനുവേണ്ടി എന്തൊക്കെ വേണോ അതെല്ലാം അവള് ചെയ്തിരുന്നു.
ജിയന്ന ഇമ്മാനുവേലയെ പ്രസവിച്ച ശേഷമാണല്ലോ വി. ജിയന്ന നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്? ഏറ്റവും ഇളയവളായ ജിയന്ന ഇമ്മാനുവേലയെക്കുറിച്ച്?
ജിയന്ന ഒരു ഡോക്ടറാണ്. അമ്മയെപ്പോലും അവളും മെഡിസിന് പഠിച്ചു. ജെരിയാട്രിക് സ്പെഷ്യലിസ്റ്റ് ആണ് അവള്. പക്ഷേ, അമ്മ പീഡിയാട്രിക് ഡോക്ടര്‍ ആയിരുന്നു. ഇപ്പോള്‍ അവള് ഞങ്ങളുടെ പപ്പായെ പരിചരിക്കുകയാണ്. ആറുവര്‍ഷം വരെ പപ്പ വളരെ ആക്ടീവായിരുന്നു. ഇപ്പോള്‍ ഒരുപാട് ആരോഗ്യപ്രശ്നങ്ങളുണ്ട്. അതുകൊണ്ട് പപ്പയെ നോക്കാന്‍ ജിയന്ന ഹോസ്പിറ്റലിലെ ജോലി രാജിവെച്ചു. മാത്രമല്ല, അമ്മ സ്ഥാപിച്ച ഫൗണ്ടേഷനും അവള് നടത്തുന്നു. അത് ഞങ്ങളുടെ അമ്മയോടുള്ള സ്നേഹം പ്രകടിപ്പിക്കുവാനുള്ള ഉപവിപ്രവര്ത്തനങ്ങള്ക്കുള്ളതാണ്. പലരും അതിന് സഹായിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.ഇതുവരെ പപ്പയായിരുന്നു ഇതെല്ലാം ചെയ്തിരുന്നത്. ഇപ്പോള്‍ അത് ജിയന്നയുടെ ഉത്തരവാദിത്വമായി. കഴിഞ്ഞ 15 വര്‍ഷം പപ്പ അതില്‍ നിമഗ്നനായിരുന്നു. ജോലിയില്‍ നിന്ന് രാജിവെച്ച ശേഷം നാമകരണനടപടികള്‍ക്കായി അദ്ദേഹം സമയം ചിലവഴിച്ചു. സാധാരണ വിശുദ്ധര്‍ കൊവേന്തകളില്‍ നിന്നാണ് വരിക. അതിനുവേണ്ടി ജോലിചെയ്യാന്‍ വളരെയധികം ആളുകള്‍ ഉണ്ടാകും. വി. ജിയന്നയുടെ നാമകരണത്തിന് ഞങ്ങള്‍ക്ക് വളരെയധികം ജോലിചെയ്യേണ്ടിവന്നു.
പാശ്ചാത്യലോകത്തില്‍ അബോര്‍ഷനെക്കുറിച്ചുള്ള പുനര്‍ചിന്തയ്ക്ക് അമ്മയുടെ ജിവീതം സഹായകമായി. ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അബോര്‍ഷനെതിരെ അമ്മ പടപൊരുതുമായിരുാേ?
കാത്തലിക് ആക്ഷനിലെ അംഗം എന്ന നിലിയില്‍ അതിന് സാധ്യത ഉണ്ടായിരുന്നു. അമേരിക്കയില്‍ പോലും അബോര്ഷന് കുറയുന്നു. ഒബാമയും മാര്‍പാപ്പയും കണ്ടുമുട്ടിയപ്പോള്‍ അവര്‍ സമയം ചിലവഴിച്ചത് അബോര്‍ഷനെക്കുറിച്ച് ചിന്തിക്കാനായിരുന്നു. അമ്മ 1962 ലാണ് മരിച്ചത്. അമ്മ തന്നി
ട്ടുപോയ സന്ദേശം ഇപ്പോഴും വളരെ പ്രസക്തമാണ്.
ഒരു വിശുദ്ധയുടെ മകന് ആയിരിക്കുക എങ്ങനെയാണ്?
അത് അസാധാരണമായ അനുഭവമാണ്. സങ്കല്പിക്കുവാന് തന്നെ സാധിക്കുന്നില്ല. നാമകരണനടപടികള്‍ പലപ്പോഴും വേദനാജനകമായിരുന്നു. കാരണം മറക്കാന്‍ ശ്രമിക്കുന്ന വേദനാജനകമായ ഓര്‍മ്മകള്‍ വീണ്ടും വീണ്ടും അയവിറക്കേണ്ടിവന്നു. അഞ്ചാമത്തെ വയസ്സില്‍ ഒരു കുഞ്ഞിന് അമ്മയെ നഷ്ടപ്പെടുക എന്നത് തീവ്രമായ ഒരു വേദനയാണ്. പക്ഷേ, 1994 ല്‍ എന്റെ അമ്മ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തപ്പെട്ടപ്പോഴും ആ വേദന അപ്രത്യക്ഷമായി. ഇപ്പോള്‍ അമ്മയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വേദന സന്തോഷമായി മാറുന്നു. എന്റെ സഹോദരിമാര്‍ക്കും ഇതേ അനുഭവമായിരുന്നു.
സാധാരണജീവിതം നയിക്കുന്നവര്‍ക്ക് എങ്ങനെ വിശുദ്ധരാകമെന്നതാണ് അമ്മയുടെ ജീവിത സന്ദേശം. അമ്മയെ സാധാരണജീവിതത്തിലെ വിശുദ്ധ എന്നാണ് കര്‍ദ്ദിനാള്‍ കാര്‍ലോ മരിയ മാര്‍ട്ടിനി വിശേഷിപ്പിച്ചത്. അവള് കാണിച്ചുതന്നത് വിശുദ്ധര്‍ക്ക് സാധാരണജീവിതം നയിക്കാമെന്നാണ്. അമ്മ സാധാരണജീവിതത്തില്‍ അസാധാരണമായി ജീവിച്ചു. എന്റെ പപ്പയും അമ്മയും അഞ്ച് വര്‍ഷമേ ഒരുമിച്ച് ജീവിച്ചുള്ളു. പക്ഷേ സത്യത്തില്‍ ഇപ്പോഴും അവര്‍ ഒരുമിച്ചാണ്...
Send your feedback to : onlinekeralacatholic@gmail.com