ഉദരത്തിലെ കുഞ്ഞിനുവേണ്ടി സ്വന്തം ജീവന് വെടിഞ്ഞ ഡോക്ടറും വിശുദ്ധയുമായ ജിയന്നായുടെ ഓര്‍മ്മകളുമായി മക്കള്‍
ജെയ്സണ്‍ പീറ്റര്‍ - ജൂണ്‍ 2020
സ്വന്തം ഉദരത്തില്‍ ഉരുവായ കുഞ്ഞിന്റെ ജീവന് സ്വന്തം ജീവനെക്കാള്‍ വിലയിട്ട പീഡിയാട്രീഷ്യനായിരുന്നു ഇറ്റലിയില്‍ ജീവിച്ചിരുന്ന ഡോ. ജിയന്ന ബാരേറ്റ മോള. ജീവന്റെ വില നന്നായി അറിയാമായിരുന്ന അവള് നാലാമത്തെ കുഞ്ഞിനെ ലോകത്തിന് നല്കി മരണത്തെ പുല്കി. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെ മക്കളെ കൊന്നുകളയുന്ന മരണസംസ്ക്കാരം അതിന്റെ എല്ലാ ഭീകരഭാവങ്ങളോടും കൂടി അഴിഞ്ഞാടിയിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു ആ അമ്മയുടെ ജീവത്യാഗം. സഭ അവളുടെ ത്യാഗത്തിന്റെ വില തിരിച്ചറിഞ്ഞു.
2004 ല്‍ വി. ജോണ്‍ പോള്‍ മാര്‍പാപ്പ അവളെ വിശുദ്ധയെന്ന് വിളിച്ചു. കുടുംബങ്ങളുടെയും ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെയും ഡോക്ടര്‍മാരുടെയും മദ്ധ്യസ്ഥയായി മാര്‍പാപ്പ അവളെ അള്ത്താരയിലേക്കുയര്ത്തിയപ്പോള് ആ ചടങ്ങിന് സാക്ഷ്യം വഹിക്കുവാന്‍ അവളുടെ ഭര്‍ത്താവും മൂന്ന് മക്കളുമുണ്ടായിരുന്നു. ഒരു പക്ഷേ സ്വന്തം ഭാര്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത ആദ്യത്തെ ഭര്‍ത്താവായിരുന്നു ജിയന്നയുടെ പ്രിയതമനായ പീറ്റര്‍. ജിയന്ന കൈയിലേല്പിച്ചുപോയ മക്കളെ പൊന്നുപോലെ നോക്കി വളര്‍ത്തിയ അദ്ദേഹം 2010 ല്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന് 98 വയസായിരുന്നു. ജീവിതത്തിലെ കഠിനമായ സഹനങ്ങളിലൊന്നും അദ്ദേഹം ദൈവത്തെ കുറ്റപ്പടുത്തിയില്ല. മക്കളെ അമ്മ എല്ലാം കേള്‍ക്കുന്നു എന്ന് മാത്രമായിരുന്നു അദ്ദേഹം അവരെ ഓര്‍മ്മിപ്പിച്ചിരുന്നത്. .
വി. ജിയന്ന മോളയ്ക്ക് നാല് മക്കളായിരുന്നു. ആദ്യത്തവന് പിയര്‍ ലൂയിജി. അവന് അഞ്ച് വയസുള്ളപ്പോഴായിരുന്നു അമ്മയുടെ മരണം. രണ്ടാമത്തവള്‍ മാരിയോള, മൂന്നാമത്തവള്‍ ലോറ, നാലാമത്തവള്‍ ജിയന്ന എമ്മാനുവേല. അവളെ ലോകത്തിന് സമ്മാനിച്ച് കൃത്യം ഏഴാമത്തെ ദിവസം അമ്മ സ്വര്‍ഗ്ഗത്തിലേക്ക് പറന്നുപോയി. അമ്മ മരിച്ചുകഴിഞ്ഞപ്പോള്‍ മൂത്ത രണ്ട് പേരെയും അടുത്തുള്ള ഹോസ്റ്റലിലാക്കി. ഇളയ രണ്ടുപേരെ വി. ജിയന്നയുടെ പിതാവും അദ്ദേഹത്തിന്റെ അമ്മയും നോക്കി സംരക്ഷിച്ചു. എന്നാല്‍ വി. ജിയന്നയുടെ വേര്‍പാടിനുശേഷം കൃത്യം രണ്ടുവര്‍ഷമായപ്പോള്‍ രണ്ടാമത്തെ മകള്‍ മാരിയോള കിഡ്നി രോഗബാധിതയായി പെട്ടെന്നു തന്നെ അമ്മയുടെ പക്കലേക്ക് പോയി. ഉദരഫലത്തെ ദൈവദാനമായി കണ്ട് സ്വന്തം ജീവന് നല്കിയ ജിയന്നയുടെ മക്കളായിരിക്കും ഒരു പക്ഷേ, ലോകത്തില്‍ സ്വന്തം അമ്മയുടെ മാദ്ധ്യസ്ഥ്യം തേടി പ്രാര്‍ത്ഥിക്കുവാന്‍ ഭാഗ്യം ലഭിച്ച മക്കള്‍.
ജിയന്നായുടെ നാലാമത്തെ മകള്‍ ജിയന്ന എമ്മാനുവേല അമ്മയുടെ പേര് സ്വീകരിച്ചുവെന്ന് മാത്രമല്ല അമ്മയെപ്പോലെ തന്നെ ഡോക്ടറായി, നല്ലൊരു കുടുംബിനിയായി. ഇപ്പോള്‍ അമ്മയുടെ പേരിലുളള ഫൗണ്ടേഷന്റെ മുഴുവന്‍ സമയപ്രവര്‍ത്തകയായി ലോകം മുഴുവന്‍ സ്ഞ്ചരിക്കുന്നു.
1954 ലാണ് ജിയന്നയും പീറ്ററും കണ്ടുമുട്ടിയത്. ജിയന്ന ഡോക്ടറും ഭര്‍ത്താവ് എഞ്ചിനിയറുമായിരുന്നു. രണ്ടുപേരും കാത്തലിക് ആക്ഷന്‍ എന്ന സംഘടനയിലെ അംഗങ്ങളും നല്ല വിശ്വാസികളുമായിരുന്നു. അവര്‍ പരസ്പരം ഇഷ്ടം പങ്കിട്ടു. ദൈവഹിതമനുസരിച്ച് വിവാഹതിരായി. വിവാഹിതരാകുമ്പോള്‍ ജിയന്നയ്ക്ക് 32 വയസും പീറ്ററിന് 42 വയസുമായിരുന്നു. 1956 ല്‍ പിയര്‍ ലുയീജി ജനിച്ചു. പിറ്റേവര്‍ഷം മരിയോളിനയും 1959 ല്‍ ലോറയും ജനിച്ചു. 1961 ല്‍ ജിയന്ന വീണ്ടും ഗര്‍ഭവതിയായി. രണ്ടുമാസം കഴിഞ്ഞപ്പോഴാണ് അവളുടെ ഗര്‍ഭപാത്രത്തില്‍ വലിയ മുഴ കണ്ടെത്തിയത്. കാന്‍സറായതിനാല്‍ അത് എത്രയും വേഗം എടുത്തുമാറ്റേണ്ടിയിരുന്നു. ഗര്‍ഭപാത്രം എടുത്തുമാറ്റിയാല്‍ കുഞ്ഞിന്റെ ജീവന് അപകടത്തിലാകും. രണ്ടാമത്തെ ഓപ്ഷന് സര്‍ജറിയായിരുന്നു. ഉദരത്തിലെ കുഞ്ഞിനെ അബോര്‍ട്ട് ചെയ്ത് അമ്മയുടെ ജീവന് രക്ഷിക്കുവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. പക്ഷേ, അവള് അത് അനുസരിച്ചില്ല. സ്വന്തം ജീവന് നഷ്ടമായാലും സ്വന്തം കുഞ്ഞിന്റെ ജീവന് രക്ഷിക്കണമെന്ന് കടുംപിടുത്തം പിടിച്ചു. തന്റെ പോക്ക് മരണത്തിലേക്കാണ് എന്ന് നന്നായി അറിയാമായിരുന്ന അവള് ഭര്‍ത്താവിനോട് ഒരിക്കല്‍ പറഞ്ഞു. എന്നെങ്കിലും നിങ്ങള്‍ക്ക് ഞാനോ കുഞ്ഞോ എന്നൊരു ചോദ്യം കേള്‍ക്കേണ്ടിവന്നാല്‍ കുഞ്ഞ് മതി എന്ന് തീരുമാനിക്കണം. ആ ഉറപ്പ് അവള് ഭര്‍ത്താവില്‍ നിന്നും നേരത്തെ തന്നെ നേടിയെടുത്തിരുന്നു.
നിര്‍ഭാഗ്യമെന്നു പറയട്ടെ, ആസ്പത്രിയിലെത്തി. സിസേറിയന് കഴിഞ്ഞപാടെ അവളുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായി. കുഞ്ഞിന് ജډം കൊടുത്ത് ഏഴാമത്തെ ദിവസം ജിയന്ന ജീവന് വെടിഞ്ഞു. മരിക്കുമ്പോള്‍ അവള്‍ക്ക് 39 വയസായിരുന്നു. മരണശേഷം കുഞ്ഞിനുവേണ്ടി ജീവന് ബലികഴിച്ച അമ്മയുടെ കഥ നാട്ടിലെങ്ങും പാട്ടായി. മിലാന് പ്രോവിന്‍സ് ഒരു ഡോക്ടറെന്ന നിലയിലുള്ള അവളുടെ പ്രതിബദ്ധതയ്ക്ക് മരണശേഷം നല്കുന്ന അവാര്‍ഡ് നല്കി അവളെ ആദരിച്ചു. ആ അവാര്‍ഡ് ദാന ചടങ്ങില്‍ കര്‍ദ്ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റയും പങ്കെടുത്തിരുന്നു. ജിയന്നയുടെ കഥ അദ്ദേഹത്തെ വല്ലാതെ സ്പര്‍ശിച്ചു. അദ്ദേഹം പിന്നീട് പോള്‍ ആറാമന്‍ മാര്‍പാപ്പയായി സ്ഥാനാരോഹണം ചെയ്തപ്പോള്‍ ജിയന്നയുടെ നാമകരണനടപടികള്‍ക്ക് തുടക്കം കറിച്ചു. 1994 ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ കാലത്ത് വാഴത്തപ്പെട്ടവളായി. 2004 ല്‍ വിശുദ്ധയുമായി. ജോണ്‍പോള്‍ രണ്ടമാന് മാര്‍പാപ്പ അല്ത്താരയിലേയ്ക്കുയര്ത്തിയ അവസാനത്തെ വിശുദ്ധയായിരുന്നു വി. ജിയന്ന.
വിശ്വാസമില്ലാത്തവരുടെ കണ്ണിലൂടെ നോക്കിയാല്‍ തികച്ചും ഭോഷത്തമെന്ന് തോന്നാമെങ്കിലും മനുഷ്യകുഞ്ഞിന് ഗര്‍ഭപാത്രം കൊലക്കളമായി മാറുന്ന ഈ കാലഘട്ടത്തില്‍ അവള് വിട്ടിട്ടുപോയ സന്ദേശം മഹനീയമായിരുന്നു.
അവള് ഒരു ഡോക്ടറായിരുന്നു. തന്റെ ജീവന് പണയം വെച്ചാണ് താന്‍ കളിക്കുന്നതെന്ന് അവള്‍ക്ക് നന്നായി അറിയാമായിരുന്നു. അമ്മ അവസനമായി ഹോസ്പിറ്റലിലേക്ക് പോകുന്നതിനുമുമ്പ് മൂന്നുമക്കളെയും ചുംബിച്ചു. കെട്ടിപ്പിടിച്ച് ഏറെനേരം നിന്നു. അത് തന്റെ അവസാനത്തെ ചുംബനമായിരുന്നുവെന്ന് അമ്മയ്ക്ക് നന്നായി അറിയമായിരുന്നു- മൂത്ത പുത്രനായ പിയര്‍ ലൂയിജി അനുസ്മരിക്കുന്നു.
ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ അബോര്ഷന് നടക്കുന്ന രാജ്യങ്ങളിലൊന്നായ അമേരിക്കയില്‍ തന്നെ അവളുടെ പേരില്‍ 3 ദേവാലയങ്ങളുണ്ട്. അമ്മയുടെ പേരിലുള്ള മൂന്നാമത്തെ ദേവാലയം ഉദ്ഘാടനം ചെയ്തത് ജിയന്ന എമ്മാനുവേല ആയിരുന്നു. അമ്മ എന്നെ അത്രമാത്രം സ്നേഹിച്ചിരുന്നില്ലെങ്കില്‍ ഇന്ന് ഞാനിവിടെ ഉണ്ടാകുമായിരുന്നില്ല അവള് അനുസ്മരിക്കുന്നു. എന്റെ അമ്മ സ്കീയിംഗും സംഗീതവും പെയിന്റിംഗും ഒക്കെ ഇഷ്ടപ്പെട്ടിരുന്ന ഒരു ആധുനിക വനിതയായിരുന്നു. കാറും മോട്ടോര്‍സൈക്കിളും ഒക്കെ അതിവേഗം ഓടിച്ചിരുന്ന, ജീവിതം അതിന്റെ പൂര്‍ണതയില്‍ ആസ്വദിച്ചിരുന്ന സന്തോഷവതിയായ പുണ്യവതിയായിരുന്നു എന്റെ അമ്മ-മകള്‍ ജിയന്ന എമ്മാനുവേല പറയുന്നു.
Send your feedback to : onlinekeralacatholic@gmail.com