മഹാവിശുദ്ധയായ മറിയം ത്രേസ്യ പിശാചുക്കളോട് ഏറ്റുമുട്ടിയിരുന്നോ?
ഫാ. സൈമണ്‍ വര്‍ഗീസ് - ജൂണ്‍ 2021
കോരിത്തരിപ്പോടെയും നെഞ്ചിടിപ്പോടെയും മാത്രമേ മഹാവിശുദ്ധയും മിസ്റ്റിക്കുമായിരുന്ന വി. മറിയം ത്രേസ്യയുടെ ജീവിതകഥ വായിച്ചു തീര്‍ക്കാനാകൂ. വായനകഴിയുമ്പോള്‍ ഒന്നുകില്‍ നിങ്ങള്‍ അവരെ പുച്ഛിക്കും അല്ലെങ്കില്‍ നിങ്ങളുടെ ജീവിതമാകെ മാറിമറിയും. കാരണം, കേരളം ഭാരതത്തിനും ലോകത്തിനും സമ്മാനിച്ച ഏറ്റവും ശ്രേഷ്ഠ മിസ്റ്റിക്കുകളില്‍ ഒരാളുടെ ആത്മീയ നിലവാരത്തിലേക്ക് എത്തിനോക്കാനാണ് അവളുടെ കഥ വായിക്കുന്നതിലൂടെ സത്യത്തില്‍, നാം ധൈര്യപ്പെടുന്നത്.
നമുക്ക് മനസ്സിലാകാത്ത കാര്യങ്ങള്‍ നിലനില്ക്കുന്നില്ല എന്നു വാദിക്കുന്നതിലും ബൗദ്ധിക സത്യസന്ധത പ്രകടമാകുന്നത് എനിക്കത് മനസ്സിലാക്കാനാകുന്നില്ല എന്ന് ഏറ്റുപറയുമ്പോഴാണല്ലേ?
യുദ്ധം പിശാചിനോടു നേരിട്ടു തന്നെ
വി. മറിയം ത്രേസ്യയെക്കുറിച്ച് അധികം കേള്‍ക്കാത്തതും കേട്ടാല്‍ ചങ്കിടിപ്പേറ്റുന്നതുമായ ചില കാര്യങ്ങള്‍...
വിശ്വസിച്ചാലും ഇല്ലെങ്കിലും, മാതാവിനോടും വിശുദ്ധരോടും മാത്രമല്ല നമ്മുടെ കര്‍ത്താവിനോടും നേരിട്ട് ആശയ വിനിമയം ചെയ്യാനുതകുമാറ് ആത്മീയദര്‍ശനങ്ങളുടെ അത്യുന്നതിലായിരുന്നു ഈ നിഷ്കളങ്ക കന്യക വിരാജിച്ചിരുന്നതെന്നതാണ് സത്യം.
അവളുടെ ആത്മീയ പിതാവ് തന്റെ ഡയറിക്കുറിപ്പില്‍ അവള് നേരിട്ട പൈശാചിക പരീക്ഷകളെക്കുറിച്ച് എഴുതിയിരിക്കുന്നത് ഓടിച്ചു വായിക്കുമ്പോള്‍ ഒരു യക്ഷിക്കഥ പോലെ തോന്നിപ്പോയെങ്കില്‍ അത്ഭുതമില്ല. നമ്മുടെ കര്ത്താവിനുണ്ടായതുപോലെയുള്ള പൈശാചിക പരീക്ഷണങ്ങള്‍ അവള്‍ക്കുമുണ്ടായി.
പിശാചിനെ നേരിട്ട് തിരിച്ചറിയാന്‍ മാത്രമുള്ള ആത്മീയ വളര്‍ച്ച നേടിയത് ഈ അവസരത്തില്‍ അവള്‍ക്ക് അവര്‍ണ്ണനീയമായ സഹനത്തിനാണ് കാരണമായത്.
സ്കീല്നൂറാ എന്ന പേരില്‍ അവളെ ശല്യപ്പെടുത്തിയ പിശാച് 6000 അനുയായികളോടൊപ്പമായിരുന്നു അവളോട് ഏറ്റുമുട്ടാന്‍ എത്തിയത്. സാക്ഷാല്‍ ലൂസിഫറും ഒപ്പം അറുന്നൂറും മൂവായിരവുമൊക്കെ അടങ്ങുന്ന സംഘവും (അവര്‍ തന്നെ വെളിപ്പെടുത്തിയത്) നേരിട്ടും അവളെ ആക്രമിച്ചു.
തിന്മയുടെ ആക്രമണങ്ങളെക്കുറിച്ച് അവളുടെ ആത്മീയ പിതാവ് ഇങ്ങനെ കുറിച്ചു: എട്ടു ദിവസമായിട്ട് രാവും പകലും പിശാചുക്കള്‍ കൂട്ടമായി വന്ന് എല്ലായ്പ്പോഴും തല്ലുകയും ഇടിക്കുകയും ചെയ്തുവരുന്നു. അങ്ങോട്ടും ഇങ്ങോട്ടും വലിച്ചെറിയുകയും ചെയ്യുന്നു. ഇതിന്റെ ഇടയ്ക്ക് ബോധക്ഷയമുണ്ടാകുന്നു. ചിലപ്പോള്‍ കൈയും കാലും കയറുകൊണ്ട് കെട്ടപ്പെടുന്നു. ഒരു ദിവസം 14 കയറുകള്‍ കൊണ്ടാണത്രെ സാത്താന് അവളെ ബന്ധിച്ചിട്ടത്...
ഹാന്നാന്‍ വെള്ളവുമായി എപ്പോള്‍ വേണമെങ്കിലും ഓടിയെത്തുന്ന ആത്മീയ പിതാവും അദ്ദേഹത്തിന്റെ അഭാവത്തില്‍ പരി. കന്യകാമറിയം നേരിട്ടും കാവല്‍ മാലാഖയും അവളുടെ പ്രിയ വിശുദ്ധ അമ്മത്രേസ്യായുമൊക്കെ സഹായത്തിനെത്തി ശക്തിപ്പെടുത്തുകയും സൗഖ്യമേകുകയും ചെയ്തു.
അവള്‍ക്ക് ശുദ്ധീകരണസ്ഥലത്തിന്റെയും തുടര്‍ന്ന് സ്വര്‍ഗ്ഗത്തിന്റെയും ദര്ശനമുണ്ടാകാന് തുടങ്ങി. തുടര്‍ന്ന് സംഭവിച്ചതിനെക്കുറിച്ച് അവരുടെ ആത്മീയ പിതാവ് തന്നെ കുറിച്ചത് വായിച്ചാലും. പിശാചുക്കള്‍ കോപവെറിപൂണ്ട് അവളുടെ കൊന്തപൊട്ടിച്ചു. തുടര്‍ന്നു സംഭവിച്ചതാണ് അതിലേറെ ഉദ്യോഗഭരിതം. മാതാവ് വന്ന് പൊട്ടിയ ഭാഗം രണ്ടും കൂട്ടിച്ചേര്‍ത്തു കൊടുത്തു... വിശ്വസിക്കാന്‍ പ്രയാസമാണല്ലേ. അതാണ് ഞാന്‍ ആദ്യമേ കുറിച്ചത് വിശ്വസിച്ചാല്‍ നിങ്ങളാകെ മാറിപ്പോകുമെന്ന്.
ഒരിക്കല്‍ മെത്രാന്, പിശാചിനെ മുടക്കുന്ന കല്പന ത്രേസ്യയുടെ മുറിയുടെ ചുമരിലൊട്ടിച്ചു. അതുമൂലം അവള് പലരുടെയും പരിഹാസത്തിന് പാത്രമായി. എന്നാല്‍, അവള് പ്രതികരിച്ചത് ഇങ്ങനെ: ആ എഴുത്തില്‍ ചുംബിച്ചിട്ട് അവള് പറഞ്ഞു: ഭാഗ്യപ്പെട്ട സമ്മാനം.
പിന്നീട് പിശാചുക്കളോട് നേരിട്ട് ഏറ്റുമുട്ടി അവയെ അവള് ഓടിച്ചിരുന്ന അനുഭവങ്ങള്‍ക്ക് ചരിത്രം സാക്ഷി. പിശാചുക്കള്‍ അവളെ മര്‍ദ്ദിച്ചിരുന്നു; കാഴ്ചശക്തി ക്ഷണികമായെങ്കിലും കളഞ്ഞിരുന്നു, ചോറില്‍ മണ്ണുവാരിയിട്ടു...
ബുദ്ധിജീവികള്‍ക്ക് ദഹനക്കേടുളവാക്കുന്ന ദര്‍ശനപുണ്യത്തിന്റെ നിറവാണ് ആ ജീവിതം മൊത്തം. മതിഭ്രമമാണോ എന്നുപോലും അധികരികള്‍ക്ക് സംശയം തോന്നിപ്പോകുമാറ് കര്ത്തൃസ്നേഹത്താല് എരിഞ്ഞ് വീരോചിതമായ ആത്മീയപോരാട്ടം നടത്തിയ കന്യാരത്നമാണവള്.
വീട്ടില്‍ കുഞ്ഞായിരിക്കെ അത്ഭുതങ്ങളുടെ ലോകത്തിലൂടെയാണ് പരി. അമ്മ അവളെ നയിച്ചത്. ഏതാണ്ട് നാലാം വയസില്‍ ജപമാല സ്ഫുടമായി അവള് ചൊല്ലി.
മാതാവ് പഠിപ്പിച്ചു തന്നതാണെന്ന് പറഞ്ഞപ്പോള്‍ അമ്മ താണ്ട ഞെട്ടലോടെ മകളെ നോക്കി. താണ്ടയമ്മ ഇനിയും ഞെട്ടലിന്റെ പല കാതങ്ങള്‍ താണ്ടാനിരിക്കുതേയുണ്ടായിരുന്നുള്ളു. ആത്മീയ പിതാവിനെ ലഭിക്കുന്നതുവരെ ആ അമ്മയുടെ മുമ്പില്‍ മാത്രമായിരുന്നു തനിക്കു പോലും മനസ്സിലാക്കാനാകാത്ത ആത്മീയപ്രതിഭാസങ്ങള് ആ ടീനേജര്‍ മറയില്ലാതെ കുടഞ്ഞിട്ടിരുന്നത്. അമ്പരപ്പിന്റെ വിറയല്‍ വിട്ടുമാറാതെയാണെങ്കിലും അമ്മയവളെ ഗാഢാശേഷത്തോടെ ചേര്‍ത്തുനിര്‍ത്തിയിരുന്നു.
പൊന്നോമനയോടൊത്ത് വെറും 16 വര്‍ഷങ്ങള്‍ മാത്രമാണ് താണ്ടയമ്മയ്ക്ക് ചെലവഴിക്കാനായത്. എന്നാലും ഒരു 100 വര്‍ഷത്തെ ആത്മീയാനുഭവങ്ങളാകണം അമ്മയും മോളും പരസ്പരം പങ്കുവെച്ചിട്ടും തീരാതെ അവശേഷിച്ചിരുന്നത്.
താന്തോന്നി ത്രേസ്യ
കല്യാണം വേണ്ടെന്നു പറഞ്ഞതിന്റെയും അന്ത:പ്രചോദനാനുസാരം ജീവിച്ചതിന്റെയും അവഹേളനങ്ങള്‍ ഉള്‍പ്പെടെയുള്ള പരിണിതഫലങ്ങളെ കര്‍ത്താവ് കനിഞ്ഞുപകര്ന്ന കരളുറപ്പോടെ ത്രേസ്യ നേരിട്ടുവെന്നതും കുറിക്കേണ്ടതുണ്ട്.
അപ്പനും ആങ്ങളയ്ക്കും അവളുടെ താന്തോന്നിത്തരം അതിരുകടക്കുന്നതായി തേന്നാിയിരുന്നു. അമ്മ വിടപറഞ്ഞതോടെ അവരുടെ ശകാരങ്ങളുടെയും താക്കീതുകളുടെയും ശിക്ഷകളുടെയും കാലത്തെ അവള്‍ക്ക് ഒറ്റയ്ക്ക് അതിജീവിക്കേണ്ടിവന്നു.
ത്രേസ്യ അടുക്കളയില്‍ ഒതുങ്ങിക്കൂടിയില്ല; മറിച്ച് തീവ്ര ഫെമിനിസ്റ്റുകളെപ്പോലും ലജ്ജിപ്പിക്കുന്ന തന്റേടത്തോടെ അവള് തന്റെ സുരക്ഷിതമേഖല വിട്ട് തെരുവോരങ്ങളിലെ കുടിലുകളിലെത്തി. അവള് മരണാസന്നരെ ശുശ്രൂഷിച്ചു. കുടിച്ച് തല്ലുകൂടുന്നവരുടെ നടുക്കു ചാടി. ഭാര്യ ഭര്ത്തൃപ്രശ്നപരിഹാര മാദ്ധ്യസ്ഥ്യത്തിന് പലരും അവളുടെ പക്കലെത്തി. അവളുടെ വാക്കുകള്‍ക്ക് നാട്ടില്‍ വിലയുണ്ടായി. നാട്ടുകാരുടെ വേദന ഏറ്റെടുത്ത് അവര്‍ക്കുവേണ്ടി അവള് പരിഹാരം ചെയ്യാന്‍ തുടങ്ങി.
ആത്മീയലോകം
ത്രേസ്യയ്ക്ക് മരിച്ചവരുടെ ദര്‍ശനം പോലും കിട്ടിത്തുടങ്ങി. തുടര്‍ങ്ങോട്ട് മാതാവും യൗസേപ്പിതാവും നേരിട്ട് അവളുടെ ഗുരുക്കന്മാരായി. കുരിശുചുമക്കുന്ന ഈശോയെ ദര്‍ശിച്ചു. വി. കുര്‍ബാന മധ്യേ ദിവ്യകാരുണ്യം സ്വീകരിക്കാനെത്തിയ ത്രേസ്യായ്ക്ക് സ്വര്‍ഗ്ഗത്തിന്റെ ആത്മീയദര്ശനമുണ്ടായപ്പോള് സാഷ്ടാംഗപ്രണാമം ചെയ്തു. പിന്നീടവള്‍ക്ക് കുര്‍ബാന കഴിഞ്ഞശേഷമാണ് എഴുനേൽക്കാനായത്.
പ്രകാശപ്രളയത്തില്പ്പെട്ടപ്പോള്
സൂര്യരശ്മിയേക്കാള്‍ ജ്യോതിസുള്ള പ്രകാശപ്രളയത്തില്‍ പെട്ടുപോയ ഒരു പാവം കന്യക കര്‍ത്താവിനെയും മാതാവിനെയും മാലാഖനിരയേയും നേരിട്ടു കാണുന്നു...
കുറേപ്പേര് അവളുടെ രണ്ടുവശത്തും അവള് നടുവിലും നില്‍ക്കുന്നതായും ഇവരൊക്കെയും സ്തുതിപ്പുകള്‍ പാടുന്നതായും മുട്ടുകുത്തി ആരാധിക്കുന്നതായും നേരിട്ട് അനുഭവിക്കുന്നു. സാഷ്ടാംഗം പ്രണമിക്കുകയല്ലാതെ പിന്നെന്തു ചെയ്യാനൊക്കും?
മറ്റൊരിക്കല്‍ ഒരു സായാഹ്ന സമൂഹപ്രാര്ത്ഥനാസമയത്ത് ത്രേസ്യ സമാധിയില്‍ ലയിച്ചുപോയി. ഒപ്പമുണ്ടായിരുന്നവര്‍ അവരുടെ ആത്മീയപിതാവായിരുന്ന ബഹു. ജോസഫ് വിതയത്തിലച്ചനെ വിവരമറിയിച്ചു. അച്ചനും സഹവൈദികര്‍ക്കും അനന്യസാധാരണമായ ആ ആത്മീയ അത്ഭുതത്തിന് നേരിട്ട് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം സിദ്ധിച്ചു.
ആനന്ദാനുഭൂതിയില് ലയിച്ച് കൈകള്‍ കൂപ്പി മുട്ടില്‍ നില്ക്കുന്ന ത്രേസ്യ. രാത്രി എട്ടുമണിവരെ നീണ്ട ആ ആത്മീയ അനുഭവസമയത്ത് പരി. അമ്മ അവളിലൂടെ സംസാരിച്ചു. ആത്മീയപിതാവിന് അവളിലൂടെ ആശിര്‍വാദം കിട്ടി. ഇവളെ മറിയം ത്രേസ്യ എന്നു വിളിക്കണം എന്ന നിര്‍ദ്ദേശം ആ ദര്ശനസമയത്താണ് കിട്ടിയത്. 1904 ഡിസംബര്‍ 8 വ്യാഴാഴ്ച.
ഹൃദയങ്ങളുടെ കൈമാറ്റം
ഒരു ഓഗസ്റ്റ് 15 ന് ദര്‍ശനത്തില്‍ ഈശോ തന്റെ ഹൃദയം അവള്ക്കുകൊടുത്തിട്ട് അവളുടെ ഹൃദയം തിരിച്ചെടുത്തു. അപ്പോള്‍, സത്യത്തില്‍ കേരളത്തിന് വി. കത്രീന, വി. മാര്‍ഗരറ്റ് മേരി അലകോക്ക്, വി. കാതറൈന് എന്നിവരുടെയുമൊക്കെ മിസ്റ്റിക് നിലവാരത്തിലെത്തി നില്ക്കുന്ന ആത്മീയ ഒരു ഗുരുനാഥയെ ലഭിക്കുകയായിരുന്നു.
അങ്ങനെയങ്ങനെ അവള് പഞ്ചക്ഷതധാരിയായി മാറി. ചിലപ്പോഴവള്‍ ആത്മീയ പാരവശ്യത്താല്‍ കുരിശാകൃതിയില്‍ കൈകള്‍ വിരിച്ച് നിലത്തുനിന്ന് പൊങ്ങികിടന്നിരുന്നു.
പീഡാനുഭവങ്ങള്‍ തുടങ്ങിയ നാളുകളില്‍ വെള്ളിയാഴ്ച സന്ധ്യകളിലെല്ലാം ത്രേസ്യായുടെ മുറിയില്‍ തിരുകുടംബം സന്നിഹിതമാവുക പതിവായിരുന്നു.
വെള്ളിയാഴ്ച ദര്‍ശനങ്ങള്‍
ഇരുപത്തെന്നാം വയസ്സില്‍ ത്രേസ്യായ്ക്ക് വെള്ളിയാഴ്ച ദര്‍ശനങ്ങള്‍ കിട്ടിത്തുടങ്ങി. അപ്പോള്‍ അവളുടെ കൈകാലുകള്‍ തണുത്തുമരവിച്ചിരുന്നു. പരി. അമ്മയും വിശുദ്ധരും അവളോട് നേരിട്ട് സംസാരിച്ചിരുന്നു.
അവളുടെ കൈകളിലും കാലുകളിലും ഉണ്ടായിരുന്ന നാണയവലിപ്പത്തിലുള്ള മുറിവുകളില്‍ നിന്ന് വെള്ളിയാഴ്ചകളിലും കര്‍ത്താവിന്റെ തിരുന്നാളുകളിലും രക്തം പ്രവഹിച്ചിരുന്നു. ആരും അത് അറിയുന്നത് അവള്‍ക്ക് ഇഷ്ടമല്ലായിരുന്നു.
വിയോഗത്തിന് 55 വര്‍ഷങ്ങള്‍ക്കുശേഷം 1981 ല്‍ ഈ പുണ്യകന്യകയുടെ ശവകുടീരം തുറന്നപ്പോള്‍ തലയില്‍ അണിയിച്ചിരുന്ന മുടിയില്‍ ഏതാനും മുല്ലമൊട്ടുകള്‍ വാടാതെ കാണപ്പെട്ടു.
Send your feedback to : onlinekeralacatholic@gmail.com