സുവിശേഷമെഴുതിയ വി. മര്‍ക്കോസ് ക്രിസ്തുവിന്റെ ശിഷ്യനായിരുന്നോ?
ജിയോ ജോര്‍ജ് - ഏപ്രില്‍ 2021
സുവിശേഷകാരനായ വി. മര്‍ക്കോസ് ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിലൊരാളായിരുന്നില്ല. സുവിശേഷങ്ങളിലൊന്ന് എഴുതിയത് വി. മര്‍ക്കോസ് ആണെങ്കിലും അദ്ദേഹത്തിന്റെ പേര് സുവിശേഷങ്ങളിലൊരിടത്തും കാണുന്നില്ല. എന്നാല്‍, പാരമ്പര്യവും അപ്പസ്തോലപ്രവര്‍ത്തനങ്ങളും അദ്ദേഹത്തെക്കുറിച്ച് സുവിശേഷകനായ വി. മര്‍ക്കോസിനെ കുറിച്ച് നമുക്ക് കൂടുതല്‍ വ്യക്തമാക്കിത്തരുന്നുണ്ട്. അദ്ദേഹത്തിന് യോഹന്നാന് എന്ന മറ്റൊരു പേരു കൂടിയുണ്ടായിരുന്നു.
സെന്റ് മേരി ഓഫ് ജെറുസലേം (അപ്പ.12:12) എന്ന വിശുദ്ധയുടെ മകനായിരുന്നു. അവളുടെ ഭവനത്തിലായിരുന്നു അപ്പസ്തോലന്മാരും ആദിമസഭാംഗങ്ങളും പതിവായി ഒത്തുകൂടിയിരുന്നത്. വി. യോഹന്നാനും ബന്ധുവായ വി. ബര്ണാബാസിനുമൊപ്പം വി. മര്‍ക്കോസും സുവിശേഷവത്ക്കരണയാത്രകള് നടത്തിയിരുന്നു. വി. പത്രോസിനൊപ്പവും അദ്ദേഹം യാത്രചെയ്തിരുന്നു. പത്രോസിന് അദ്ദേഹവുമായി വളരെ ദൃഡമായ ആത്മബന്ധമുണ്ടായിരുന്നു. അദ്ദേഹം വിശുദ്ധ പത്രോസിന്റെ സഹചാരിയും തര്‍ജ്ജമക്കാരനുമായി വര്ത്തിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. വിശുദ്ധ പത്രോസ് റോമില്‍ സുവിശേഷപ്രഘോഷണം നടത്തിയപ്പോള്‍ മര്‍ക്കോസ് അവിടെ സന്നിഹിതനായിരുന്നുവെന്നും വിശുദ്ധ പത്രോസിന്റെ സ്വാധീനത്തിലാണ് വിശുദ്ധന് തന്റെ ആദ്യത്തെ സുവിശേഷം രചിച്ചതെന്നും പറയപ്പെടുന്നു.
സുവിശേഷകാരനായ വി. ലൂക്കയെപ്പോലെ, മര്‍ക്കോസും ഈശോ തിരഞ്ഞെടുത്ത് ഒപ്പം കൊണ്ടുനടന്ന അപ്പസ്തോലന്മാരിലൊരാളായിരുന്നില്ല. എങ്കിലും മര്ക്കോസിന് യേശുവിനെ നേരിട്ട് അറിയാമായിരുന്നു.
ഈശോയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുമ്പോള്‍ അദ്ദേഹത്തെ ഒരു യുവാവ് അനുഗമിച്ചിരുന്നുവെന്ന് പറയുന്നു. അത് സുവിശേഷകാരനായ വി. മര്‍ക്കോസ് തന്നെക്കുറിച്ച് തന്നെ എഴുതിയതാണെന്നാണ് ഒരു പാരമ്പര്യം പറയുന്നത്. ഒരു യുവാവ് അവനെ അനുഗമിച്ചിരുന്നു.അവന് ഒരു പുതപ്പ് മാത്രമേ തന്റെ ശരീരത്തില്‍ ചുറ്റിയിരുുള്ളു. അവര്‍ അവനെ പിടിച്ചു. അവന് പുതപ്പ് ഉപേക്ഷിച്ച് നഗ്നനായി ഓടിപ്പോയി (മര്‍ക്കോ 14. 51-52).
അപ്പസ്തോലന്മാരോടൊപ്പം അദ്ദേഹം നിരന്തരം യാത്രചെയ്തിരുന്നു. മറ്റുള്ള ശിഷ്യന്മാരില് നിന്നും അനുഭവങ്ങള്‍ ശേഖരിച്ചാണ് അദ്ദേഹം സുവിശേഷം എഴുതിയത്. വി. മര്‍ക്കോസ് അലക്സാണ്ട്രിയയിലേക്ക് യാത്രചെയ്തു. സുവിശേഷപ്രഘോഷണവും പ്രബോധനവുമായി വര്‍ഷങ്ങളോളം അവിടെ കഴിഞ്ഞു. അലക്സാണ്ട്രിയായില്‍ വച്ചാണ് അദ്ദേഹം വധിക്കപ്പെട്ടത്. കഴുത്തില്‍ കയറുകെട്ടി തെരുവിലൂടെ മരണം വരെ വലിച്ചിഴച്ചു. അത്യന്തം വേദനാനിര്‍ഭരമായ രക്തസാക്ഷിത്വമായിരുന്നു അദ്ദേഹത്തിന് പ്രതിഫലമായി ലഭിച്ചത്.
ആത്മാക്കളുടെ രക്ഷയ്ക്കും സുവിശേഷപ്രഘോഷണത്തിനുമായി അദ്ദേഹം ജീവന് ഹോമിച്ചു. ജീവന് കൊടുത്തും സുവിശേഷം പ്രഘോഷിക്കുക എന്ന അദ്ദേഹത്തിന്റെ ആഗ്രഹം യഥാര്‍ത്ഥ ധീരതയുടെ ബഹിര്‍സ്ഫുരണമായിരുന്നു.
Send your feedback to : onlinekeralacatholic@gmail.com