സ്റ്റാര്‍ വാര്‍സിലെ സൂപ്പര്‍ സ്റ്റാറിനെ കത്തോലിക്ക വിശ്വാസത്തിലേക്ക് നയിച്ച സംഭവം
ജോര്‍ജ് .കെ. ജെ - സെപ്തംബര്‍ 2020
ഇംഗ്ലണ്ടിലെ ഇരുപതാം നൂറ്റാണ്ടിലെ പ്രതിഭാശാലിയും അനുഗ്രഹീതനുമായ അഭിനേതാവായിരുന്നു സ്റ്റാര്‍ വാര്‍സിലെ റിയല്‍ ഹീറോ എന്ന് വിശേഷിപ്പിക്കപ്പെട്ട ഒബി വാന്‍ കെനോബിയായി വേഷമിട്ട സര് അലക് ഗിന്നസ്. അഭിനയ മികവുകൊണ്ട് ഇംഗ്ലീഷ് സിനിമകളില്‍ നിറഞ്ഞുനിന്ന അദ്ദേഹം വാരിക്കൂട്ടിയ അവാര്‍ഡുകള്‍ക്ക് കണക്കില്ല. പ്രശസ്തിയുടെ കൊടുമുടി കയറി അദ്ദേഹം മണ്‍മറഞ്ഞുപോയെങ്കിലും അദ്ദേഹത്തെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ഒരു രഹസ്യമുണ്ട്. തന്റെ 42 ാമത്തെ വയസ്സില്‍ അദ്ദേഹം കത്തോലിക്ക വിശ്വാസം സ്വീകരിച്ചുവെന്ന രഹസ്യം. ആംഗ്ലിക്കന്‍ സഭാംഗമായിരുന്ന അദ്ദേഹത്തെ കത്തോലിക്ക വിശ്വാസത്തിലേക്ക് നയിച്ച സംഭവം അവിശ്വസനീയവും രസകരവുമാണ്.
ലണ്ടനില്‍ 1914 ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ശിഥിലമായ ഒരു കുടുംബത്തിലായിരുന്നു പിറവി. തന്റെ അച്ഛനാരാണ് എന്നുപോലും അദ്ദേഹത്തിനറിയില്ലായിരുന്നു, കൊടിയ ദാരിദ്രമായിരുന്നു കൂടപ്പിറപ്പ്. അമ്മ വേറെ വിവാഹം കഴിച്ചതോടെ ഗിന്നസിന്റെ കാര്യം കൂടുതല്‍ കഷ്ടമായി. കര്‍ക്കശനും പരുക്കനുമായി വളര്‍ന്ന ഗിന്നസിന്റെ ജീവിതം പിന്നീട് ഹോസ്റ്റലിലായി. 16 മത്തെ വയസില്‍ ആഗ്ലിക്കന്‍ വിശ്വാസം സ്വീകരിച്ചുവെങ്കിലും മതമെന്താണ് എന്നുപോലും അദ്ദേഹത്തിനറിയില്ലായിരുന്നു. അന്നത്തെ ഇംഗ്ലണ്ടിലെ ഒരു ശരാശരി ചെറുപ്പക്കാരനെപ്പോലെ അദ്ദേഹം ഏതാനും വര്‍ഷം മാര്ക്സിസിസം, നിരീശ്വരവാദം, ബുദ്ധിസം തുടങ്ങിയ പല പ്രത്യയശാസ്ത്രങ്ങളിലും വിശ്വാസങ്ങളിലും അഭിരമിച്ചു.
ഒരിക്കല്‍ ഹാംലറ്റ് എന്ന നാടകം റിഹേഴ്സല്‍ നടത്തുമ്പോള്‍ ഒരു ആംഗ്ലിക്കന്‍ വൈദികന് അദ്ദേഹത്തെ എങ്ങനെയാണ് ആശീര്‍വാദം നല്‍കേണ്ടത് എന്ന് ക്ഷമയോടെ പഠിപ്പിച്ചു. അത് അദ്ദേഹത്തിന് ആംഗ്ലിക്കന്‍ സഭയിലുള്ള വിശ്വാസം ഊതിക്കത്തിച്ചു. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ആംഗ്ലിക്കന്‍ സഭാവിശ്വാസത്തില്‍ അദ്ദേഹം കൂടുതല്‍ ആകൃഷ്ടനായി.
എങ്കിലും കത്തോലിക്ക സഭയിലേയ്ക്ക് അദ്ദേഹത്തെ അടുപ്പിച്ച അത്ഭുതം അരങ്ങേറിയത് 1954 ല്‍ അദ്ദേഹത്തിന് 40 വയസ്സുള്ളപ്പോഴായിരുന്നു. ഫ്രാന്‍സില്‍ വെച്ച് ഫാദര്‍ ബ്രൗണ്‍ എന്ന സിനിമയില്‍ അഭിനയിക്കുകയായിരുന്നു അദ്ദേഹം. ജി.കെ ചെസ്റ്റര്‍ട്ടന്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ള ഒരു വൈദികന്റെ കഥയായിരുന്നു അത്. ഒരു ദിവസം അഭിനയം കഴിഞ്ഞ് അദ്ദേഹം ഫ്രാന്‍സിലെ തെരുവീഥികളിലൂടെ അതേ വൈദികവേഷത്തില്‍ വെറുതെ നടക്കാനിറങ്ങി. തെരുവിലൂടെ വൈദികവേഷത്തില്‍ നടക്കുകയായിരുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ ഒരു കുട്ടി അദ്ദേഹം ഒരു യഥാര്‍ത്ഥ വൈദികനാണ് എന്ന് തെറ്റിദ്ധരിച്ച്, അദ്ദേഹത്തോടൊപ്പം യാതൊരു സങ്കോചവുമില്ലാതെ നടന്നുതുടങ്ങി. ഒരു പരിചയവുമില്ലാത്ത ഒരു വൈദികവേഷധാരിയോട് ആ കുഞ്ഞ് എത്ര സ്വാതന്ത്ര്യത്തോടും സ്നേഹത്തോടും കൂടെയാണ് ഇടപെട്ടത് എന്ന സത്യം അദ്ദേഹത്തെ ഇരുത്തിചിന്തിപ്പിച്ചു. ഒരു കത്തോലിക്ക വൈദികന്റെ തിരുവസ്ത്രം പോലും ഒരു കുഞ്ഞിനെ എത്രമാത്രം സ്വാധീനിക്കുന്നുവെന്നും അവരില്‍ എന്തുമാത്രം വിശ്വാസവും സ്നേഹവും ഉളവാക്കുന്നുവെന്നും മനസ്സിലാക്കിയ അദ്ദേഹം കത്തോലിക്കസഭയെക്കുറിച്ച് ചിന്തിക്കുവാന്‍ തുടങ്ങി.
യാതൊരു പരിചയവുമില്ലാത്ത ഒരു വൈദികനെ ഒരു കുഞ്ഞിനുപോലും അടുത്തുചെല്ലുവാന്‍ പ്രേരിപ്പിക്കുന്നത് എന്താണ് എന്നായിരുന്നു തന്റെ ചിന്തയെന്നും ആ സംഭവം കത്തോലിക്കസഭയെക്കുറിച്ചുള്ള തന്റെ എല്ലാ മുന്‍വിധികളെയും മാറ്റിയെഴുതാന്‍ സഹായിച്ചുവെന്നും അദ്ദേഹം പിന്നീട് വെളിപ്പെടുത്തി.
വൈകാതെ, അദ്ദേഹത്തിന്റെ മകനായ മാത്യൂവിന് പോളിയോ പിടിപെട്ടു. അവന്റെ അരയ്ക്കുതാഴെ തളര്‍ന്നു. അവന് മരണം കാത്തുകിടന്നു. ഗിന്നസ് വളരെയധികം വിഷമത്തിലായി. അഭിനയം കഴിഞ്ഞ് മടങ്ങുമ്പോള്‍ അദ്ദേഹം കത്തോലിക്ക ദേവാലയം സന്ദര്‍ശനം പതിവാക്കി. ഒരു ദിവസം അദ്ദേഹം ദൈവത്തോട് എന്റെ മകനെ സുഖപ്പെടുത്തുകയാണെങ്കില്‍ അവന് ഇഷ്ടമാണെങ്കില്‍ കത്തോലിക്കവിശ്വാസം സ്വീകരിക്കുവാന്‍ അവനെ ഞാന്‍ അനുവദിക്കാം എന്ന് വാഗ്ദാനം ചെയ്തു. ദൈവം ഗിന്നസിന്റെ വാഗ്ദാനം കേട്ടു. മകനെ സൗഖ്യപ്പെടുത്തി. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അത്ഭുതകരമായി മാത്യു കിടക്കയില്‍ നിന്നും എണീറ്റു നടന്നു. ഗിന്നസും ഭാര്യയും ചേര്‍ന്ന് അവനെ ഒരു ജെസ്യൂട്ട് സ്കൂളില്‍ ചേര്‍ത്തു. അവന് അവിടെ വെച്ച് കത്തോലിക്ക വിശ്വാസിയായി മാറി. വൈകാതെ, ഗിന്നസും കത്തോലിക്കസഭയില്‍ ചേക്കേറി.. ശ്രീലങ്കയില്‍ വെച്ച് ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കെ, അദ്ദേഹത്തെ തേടിയെത്തിയത് തന്റെ ഭാര്യയും കത്തോലിക്ക വിശ്വാസം സ്വീകരിച്ചുവെന്ന സന്തോഷവാര്‍ത്തയായിരുന്നു. 2000 ല്‍ ഈ ലോകത്തില്‍ നിന്ന് വിടവാങ്ങുന്നതുവരെ ആ സൂപ്പര്‍ സ്റ്റാര്‍ ഒരു ഉത്തമകത്തോലിക്കനായി ജീവിക്കുകയും ചെയ്തു.
Send your feedback to : onlinekeralacatholic@gmail.com