ഹൃദയത്തിലൂടെ കടന്നുപോകുന്ന വാള്
കെ.പി.അപ്പന് - സെപ്തംബര്‍ 2020
യാതന കന്യാമറിയത്തെ ഉപരോധിച്ചുവലയം ചെയ്തിരുന്നു. അനുഭവങ്ങളുടെ നുകത്തിനു കീഴില്‍ കഠിനമായി മര്ദ്ദിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ സ്ത്രീകളില്‍ മഹത്വമേറിയവളുമുള്പ്പെടുന്നു. പുതിയ നിയമത്തിലെ ധ്യാനപരമായ ആഖ്യാനങ്ങള്‍ ഇതാണ് നമുക്കു പറഞ്ഞു തരുന്നത്. ക്ഷമയുടെ ജീവിതമായിരുന്നു കന്യകയായ അമ്മയുടേത്. ഉഗ്രകോപങ്ങളും തീവ്രരോഷങ്ങളും ആ ജീവിതം ഒഴിവാക്കിയിരുന്നു. എന്നിട്ടും മറിയത്തിന്റെ ജീവിതത്തില്‍ വിലാപത്തിനുമേല് വിലാപമുണ്ടായി. അത്യുന്നതനെ നിഷേധിക്കാത്തവളാണ് ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെട്ടത്. അത് ദൈവപുത്രനായ സ്വന്തം മകനെ മുന്‍നിര്‍ത്തിയുള്ള പരീക്ഷണമായിരുന്നു.
പീഡാനുഭവങ്ങള്‍ക്കു സാക്ഷിയാകാന്‍ പോവുന്നതിന്റെ പോകുതിന്റെ സൂചന ജറുശലേം ദേവാലയത്തില്‍വച്ചാണ് കിട്ടിയത്. നീതിമാനും ഭക്തനുമായ ശിമെയോന് അവിടെ ഉണ്ടായിരുന്നു. ദൈവത്തില്‍ ആനന്ദിക്കുന്ന ശിമെയോന് ശിശുവായ യേശുവിനെ കൈയിലെടുത്തു ദൈവത്തെ വാഴ്ത്തി. എന്നിട്ട് മാതാവായ മറിയത്തോടു പറഞ്ഞു: "... നിന്റെ ഹൃദയത്തിലൂടെയും ഒരു വാള് തുളച്ചുകയറും..."സ്വന്തം പ്രാണനില്‍ക്കൂടി ഒരു വാള് കടന്നുപോകുന്ന അനുഭവം അപ്പോള്‍ തന്നെ കന്യാമറിയത്തിനു കിട്ടിയിരിക്കണം.
വാള് എന്ന വാക്ക് ഇവിടെ പ്രത്യേക അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരിക്കുകയാണ്. അത് ഇവിടെ കഠോര വേദനയുടെ ചലിക്കുന്ന പ്രതീകമാണ്. വേദപുസ്തക സംസ്കാരത്തില്‍ മറ്റു പല അര്ഥകല്പനകളിലും വാള് എന്ന പദം അതിന്റെ തേജസ്സു പ്രവഹിപ്പിച്ചിട്ടുണ്ട്. എല്ലാ വശത്തേക്കും തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിനെപ്പറ്റി ഉല്‍പ്പത്തിപ്പുസ്തകത്തില്‍ പറയുന്നു. ആ വാള് ദൈവത്തിന്റെ അധികാരത്തിന്റെ അടയാളമാണ്. "ഞാന്‍ എന്റെ വാള് ഊരും"എന്ന് പുറപ്പാട് പുസ്തകത്തില്‍ പറയുന്നു. അവിടെ വാള് ശത്രുവിന്റെ ഗര്‍വ്വു തകര്‍ക്കാനുള്ള പ്രത്യക്ഷതയാണ്. "കുറ്റവാളികളുടെമേല്‍ ദൈവത്തിന്റെ ക്രോധം നടപ്പാക്കാന്‍ വാള്‍വരും" (റോമ 13:4) എന്നു പറയുമ്പോള്‍ വാള് ദൈവത്തിന്റെ ശിക്ഷയുടെ അടയാളമായിമാറും. "നിന്റെ വാള് ദുഷ്ടരില്‍ നിന്ന് എന്നെ രക്ഷിക്കേണമേ" (സങ്കീ. 17:13) എന്നു പ്രാര്‍ഥിക്കുമ്പോള്‍ വാള് രക്ഷയുടെ ചിഹ്നമായിത്തീരുന്നു. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി പ്രവാചകന്റെ വിചാരബുദ്ധി തുടിക്കുന്ന അര്‍ഥവുമായി ശിമെയോന് പ്രയോഗിച്ച വാള് എന്ന പദം അവതരിപ്പിക്കുകയാണ്. ശിമെയോന്റെ വാക്കുകളില്‍ ഭാവിയുടെ അനേക ഭാരമുണ്ടായിരുന്നു. വാള് എന്ന പ്രയോഗത്തില്‍ ക്രൂരമായ സ്പന്ദനമാണ് ഉണ്ടായിരുന്നത്. എന്നാല്‍, അതില്‍ ദിവ്യഭാവതരംഗങ്ങള് അന്തര്‍ഭവിച്ചിരിക്കുന്നു. ക്രിസ്തു ഭാവിയില്‍ അനുഭവിക്കാന്‍ പോകുന്ന എല്ലാ പീഡാനുഭവങ്ങളെയും 'ഹൃദയത്തിലൂടെ കടന്നുപോകുന്ന വാള്' എന്ന കല്പന പ്രവചിക്കുന്നുണ്ടായിരുന്നു. പിത്തഗോറസ് പറഞ്ഞതാണു ശരി. "നാവുകൊണ്ടുള്ള മുറിവേല്പിക്കല് വാളുകൊണ്ടുള്ളതിനേക്കാള് കഠിനമാണ്."
നിന്റെ സ്വന്തം പ്രാണനില്‍ക്കൂടിയും ഒരു വാള് കടന്നുപോകും എന്ന പ്രവചനത്തിന്റെ ധ്വനി എന്തായിരുന്നു? പീഡാനുഭവങ്ങള്‍ക്ക് സാക്ഷിയാകാന്‍ പോകുന്നതിന്റെ സൂചനയായിരുന്നു അത്. കാല്‍വരിയിലെ കുരിശിന്റെ ചുവട്ടിലിരുന്ന് മറിയം അനുഭവിക്കാന്‍ പോകുന്ന കഠോര വേദനയുടെ സൂചനയായിരുന്നു അത്. ജീസസ്സിന്റെ കുരിശുമരണത്തെച്ചൊല്ലി ഉള്ളില്‍ ഒരുപാടു വിലപിച്ചവളായിരുന്നു മറിയം. ക്രിസ്തുവിനോടു ചിലര്‍ മണല്ക്കാടുകളിലെ ഒട്ടകപ്പക്ഷികളെപ്പോലെ ക്രൂരത കാട്ടിയതോര്ത്ത് മറിയം വേദനിച്ചിരുന്നു. ഈ സന്ദര്‍ഭങ്ങളിലെല്ലാം ഒരു വാള് മറിയത്തിന്റെ പ്രാണനിലൂടെ കടന്നുപോയിരുന്നു.
മകന്റെ രക്ഷയ്ക്കായി മറിയം പല പ്രാവശ്യം യാത്ര ചെയ്തു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ബത്ലഹേമിലേക്കുള്ള യാത്ര, പിന്നീട് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട മാലാഖയുടെ നിര്‍ദ്ദേശപ്രകാരം ഈജിപ്തിലേക്കു പോകുന്നു. ഹെറോദേസ് മരിച്ചപ്പോള്‍ ഇസ്രായേല്‍ ദേശത്തേക്കു മടങ്ങുന്നു. പിന്നീട് ഗലീല പ്രദേശത്തിലെ നസറേത്തില്‍ എത്തിച്ചേരുന്നു. ക്ലേശകരമായ ഈ യാത്രകള്‍ക്കിടയില്‍ ശിശുവായ യേശുവിന്റെ ജീവനെച്ചൊല്ലിയുള്ള ഉത്കണ്ഠകള്‍ വാളിന്റെ മൂര്‍ച്ചയായി മറിയത്തിന്റെ ഹൃദയത്തിലൂടെ കടന്നുപോയിരുന്നു.
ജറുശലേം ദേവാലയത്തില്‍ ഗുരുക്കന്മാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന ബാലനായ ക്രിസ്തുവിനെ കണ്ടെത്തുന്നതുവരെ മറിയത്തിന്റെ മനസ്സില്‍ മുറിവുകളുണ്ടായിരുന്നു. പെസഹാത്തിരുനാള്‍ കഴിഞ്ഞ് മാതാപിതാക്കള്‍ മടങ്ങിയപ്പോള്‍ ബാലനായ യേശു ജറുശലേമില്‍ തങ്ങി. യേശുവിനെ കാണാതായപ്പോള്‍ അവര്‍ ഉത്കണ്ഠയോടെ ജറുശലേമിലേക്ക് തിരിച്ചുപോയി. മൂന്നു ദിവസത്തിനുശേഷം ദേവാലയത്തില്‍ ഗുരുക്കന്മാരുടെ ഇടയിലിരുന്ന് അവരുടെ വാക്കുകള്‍ കേള്‍ക്കുകയും അവരോട് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന യേശുവിനെ മാതാപിതാക്കള്‍ കണ്ടെത്തി. തങ്കത്തിന്റെ തൂക്കത്തിനു തുല്യമായ വാക്കുകള്‍ മാത്രം പറഞ്ഞിരുന്ന മറിയം മകനോടു പറഞ്ഞു: "... നോക്കൂ, നിന്റെ പിതാവും ഞാനും നിന്നെ വേവലാതിയോടെ അന്വേഷിക്കുകയായിരുന്നു..." മറിയം വളരെ വിഷമിച്ചുകൊണ്ടു പറഞ്ഞ വാക്കുകളായിരുന്നു അവ. ആ സമയമെല്ലാം കന്യാമറിയത്തിന്റെ ഹൃദയത്തിലൂടെ വ്യസനത്തിന്റെ വാള് കടന്നുപോകുന്നുണ്ടായിരുന്നു.
ജീസസ്സിന്റെ പരസ്യജീവിതകാലത്ത് മറിയം ഒരുപാടു ദുഃഖം സഹിച്ചിരുന്നു. യേശുവിന് ചിത്തഭ്രമമാണെന്നു ചിലര്‍ പറഞ്ഞപ്പോള്‍ മറിയം ഉണ്ടായിരുന്നു (മര്‍ക്കോ. 3:21). ആ സംഭവം ഒരു വാളായിവന്ന് കന്യാമറിയത്തിന്റെ മനസ്സിനെ പിളര്‍ന്നിരുന്നു. ക്രിസ്തുവിനെതിരായ ദൂഷണങ്ങളും പരിഹാസപല്ലവികളും കേട്ട് മറിയത്തിന്റെ മനസ്സ് ചൂളപോലെ പൊള്ളിയിരുന്നു. ഇതിന്റെയെല്ലാം വികസിപ്പിച്ച രൂപകമായി വാള് എന്ന പ്രയോഗം വേദപുസ്തകസംസ്കാരത്തില് നിലനില്‍ക്കുകയാണ്.
"എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്താണ് എന്നെ കൈവിട്ടത്?" എന്ന ക്രിസ്തുവിന്റെ വിലാപം ഒരു വാള്‍മുന പോലെ മറിയത്തിന്റെ ബോധത്തിലൂടെ കടന്നുപോയിരുന്നു. ഈ സന്ദര്‍ഭത്തില്‍ വാളിനേക്കാള്‍ മൂര്‍ച്ചയുള്ള മരണത്തെ മറിയം അനുഭവിക്കുകയായിരുന്നു. ഇത് മനസ്സില്‍കണ്ടുകൊണ്ടാണ് പ്രസിദ്ധ ദൈവശാസ്ത്രജ്ഞനായ ബല്ഥാസര്, "... അവള് മകനോടൊപ്പം കഷ്ടതയനുഭവിച്ചു. അവന്റെ മരണം അവള് അനുഭവിച്ചു..." എന്ന് എഴുതിയത്.
വിശുദ്ധ മറിയം അനുഭവിച്ച കഠോരവേദനകള് പില്ക്കാലത്തു വെളിപാടുകളിലും ഭ്രമാത്മകമായ ആധ്യാത്മികഭാവനകളിലും ആവര്‍ത്തിക്കുന്നതുകാണാം. വെളിപാടുപുസ്തകത്തിലെ പന്ത്രണ്ടാം അധ്യായത്തില്‍ ഇങ്ങനെ കാണുന്നു: "... അപ്പോള്‍ സ്വര്‍ഗത്തില്‍ വലിയൊരു അടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയവളും ചന്ദ്രനെ പാദപീഠമാക്കിയവളുമായ സ്ത്രീ. അവളുടെ ശിരസ്സില്‍ പന്ത്രണ്ടു നക്ഷത്രങ്ങളുടെ ഒരു കിരീടം. അവള് ഗര്‍ഭിണിയായിരുന്നു. പ്രസവവേദനകൊണ്ട് അവള് കഠിനമായി വിലപിച്ചിരുന്നു... അവള് പ്രസവിച്ചു കഴിഞ്ഞാലുടന്‍ ശിശുവിനെ വിഴുങ്ങാന്‍ വ്യാളി കാത്തുനിന്നു..." ഇത് മേരി അനുഭവിച്ച കഠോരവേദനയുടെ ഭ്രമാത്മകദര്ശനമാണ്. ഇത് പില്ക്കാല വെളിപാടുകളിലൂടെയുള്ള ഒരു പൂര്വചിത്രത്തിന്റെ കടന്നുപോകലാണ്. മറിയത്തിനുള്ള മഹാസ്തുതിയാണ്.
ദേവാലയ വിശുദ്ധിയുള്ള വാക്കുകളില്‍ നിര്‍മ്മിക്കപ്പെട്ട പടിഞ്ഞാറും കിഴക്കുമുള്ള പവിത്ര വിലാപഗീതങ്ങളില്‍ മേരിയന്‍ പ്രമേയങ്ങള്‍ ധാരാളം കടന്നുവന്നിരുന്നു. "എന്റെ പ്രിയപുത്രന്, എവിടെയാണവന് പോയത്?" എന്നുതുടങ്ങുന്ന പഴയ വിശുദ്ധഗീതം ഈ വാള് മുനയുടെ വേദന ഉള്‍ക്കൊള്ളുന്നുണ്ട്. "... കുഞ്ഞേ, ദുഃഖം എന്നെ കീഴടക്കുന്നു. നീ കുരിശില്ക്കിടക്കുമ്പോള് വീട്ടില്‍ കഴിയാന്‍ എനിക്കാവില്ല. ഞാന്‍ വീട്ടിലും നീ കല്ലറയിലും. നിന്നെ ഒന്നു കാണാന്‍ കഴിഞ്ഞാല്‍ എന്റെ വേദനയെല്ലാം ശമിക്കും. അതുകേട്ടു ക്രിസ്തു പറഞ്ഞു, ദുഃഖത്തെ നീ മാറ്റിവയ്ക്കുക. അനുഗ്രഹിക്കപ്പെട്ടവള്ക്ക് ഈ വിലാപം ചേരുകയില്ല..." ക്രിസ്തുവിന്റെ വചനങ്ങള്‍ മറിയത്തിനുള്ള സാന്ത്വനം മാത്രമായിരുന്നില്ല. മനുഷ്യന്റെ ശിരസ്സിനു മുകളില്‍ തണലായിത്തീരുന്ന വാക്കുകളായിരുന്നു അവ.
സ്വീഡനിലെ ബിര്ഗിറ്റാ പുണ്യവാളന് ക്രിസ്തു-മറിയം സമാഗമം വെളിപാടായി കിട്ടിയിരുന്നു. ആ സ്വപ്നദര്‍ശനത്തില്‍ ക്രിസ്തു അമ്മയോടു പറഞ്ഞു: "... നീ ഉലയില്‍ ചുട്ടുപഴുപ്പിച്ചെടുത്ത സ്വര്‍ണ്ണം പോലെയാണ്. കാരണം നിരവധി കൊടിയ ദുരിതങ്ങളാല്‍ നീ പരീക്ഷിക്കപ്പെട്ടു. എന്റെ സഹനത്തിലൂടെ മറ്റാരെയുംകാള്‍ നീ പീഡാനുഭവങ്ങള്‍ക്കു വിധേയയായി." ഈ വിധം ജീസസ്സ് അനുഭവിച്ച കഠോരവേദനകള് അതുപോലെതന്നെ ഉള്‍ക്കൊണ്ടപ്പോള്‍ മറിയത്തിന്റെ ഹൃദയം അനേകം വാള്‍മുനകളെ സ്വീകരിക്കുകയായിരുന്നു.
ഒരുപക്ഷേ, കുരിശുമരണത്തിന്റെ പീഡാനുഭവസന്ദര്ഭത്തില് വിശുദ്ധയായ കന്യക കേട്ടിരിക്കാവുന്ന വാക്കുകള്‍ തന്നെയായിരിക്കണം ഇവയെല്ലാം. ഇത് വിശുദ്ധ മനസുകളുടെ താദാത്മ്യമാണ്. ചിലപ്പോള്‍ വിശുദ്ധമറിയത്തിന്റെ മനസ് അനുഗ്രഹിക്കപ്പെട്ട മനസുകളുമായി താദാത്മ്യത്തിലാകുന്നു. അവര്‍ വിശുദ്ധ മറിയമായി മാറുന്നു. ആവിലായിലെ സെയ്ന്റ് തെരീസയ്ക്കു കിട്ടിയദര്ശനത്തില് ഇതാണു കാണുന്നത്. അത് മേരിയുടെ കഠിന വേദനയെക്കുറിച്ചുള്ള ദര്‍ശനമായിരുന്നു. ക്രിസ്തുവിന്റെ മൃതശരീരം കൈകളില്ത്താങ്ങിയിരിക്കുന്ന വിശുദ്ധമറിയമായി സ്വപ്നദര്‍ശനത്തില്‍ സെയ്ന്റ് തെരീസ സ്വയം മാറുകയായിരുന്നു. "... മിശിഹ വിശുദ്ധ മറിയത്തിന്റെ കൈകളില്ക്കിടക്കുന്നതുപോലെ എന്റെ കൈകളില്‍കിടന്നു. എന്നിട്ടു പറഞ്ഞു, ഭയപ്പെടരുത് എന്റെ ആത്മാവ് പിതാവില്‍ ലയിക്കുകയാണ്. അത് ഈ കൊടിയ ദുരിതത്തിനപ്പുറമുള്ള കൃപാവരമാണ്..." ലോകത്തെ ശുദ്ധീകരിച്ചവന്റെ ഈ വിധമുള്ള വാക്കുകള്‍ ഒരുപക്ഷേ, കന്യാമറിയവും കേട്ടിരിക്കണം. മകനായ ക്രിസ്തുവില്‍ നിന്നു വിശുദ്ധ മാതാവ് പ്രത്യാശ സ്വീകരിച്ചിരുന്നു.
അവന്റെ കാരുണ്യം അനന്തമാണെന്നു മനസിലാക്കിയ മറിയം സ്വന്തം ദുഃഖത്തെ മുന്തിരിച്ചക്കിലെന്നവണ്ണം അരച്ചുകളഞ്ഞു. ഇത് മറിയത്തെ പ്രബുദ്ധയാക്കിയ അനുഭവങ്ങളായിരുന്നു. മറിയത്തിന്റെ സ്നേഹം ക്രിസ്തുവില്‍ നിന്നു മനുഷ്യരാശിയിലേക്കു വ്യാപിക്കുകയായിരുന്നു. അതിന് ലെബാനോന്‍ വീഞ്ഞിന്റെ സുഗന്ധമുണ്ടായിരുന്നു. മറ്റുള്ളവരുടെ അവിശ്വാസത്തെ ചികിത്സിച്ചുമാറ്റുന്ന സാന്നിധ്യമാണ് മറിയം. മറ്റുള്ളവരെ പാതാളത്തിന്റെ ശക്തിയില്‍ നിന്ന് അത് മോചിപ്പിക്കുന്നു. ഈ വിധമാണ് വിശുദ്ധ മറിയത്തിന്റെ സിംഹാസനം എല്ലാ തലമുറകളിലും സ്ഥിരമായത്. മേരിയുടെ കഠോരവേദനയില് നിന്നു ജനിച്ച വിശ്വാസം ആദ്യത്തെ ക്രിസ്ത്യാനിയുടെ ആത്മീയരൂപനിര്മ്മിതിയെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ മറിയത്തിന്റെ ഹൃദയത്തിലൂടെ കടന്നുപോയ വാളിന്റെ ആധ്യാത്മികമായ അര്‍ഥം തലമുറകളില്‍ പുനസ്ഥാപിക്കപ്പെടുന്നു. ഈ ആദ്ധ്യാത്മികമായ അര്‍ഥം തേടി ഞാന്‍ എത്തിയത് ദൈവത്തെ പ്രസവിച്ചവള്‍ എന്ന സങ്കല്പത്തിലായിരുന്നു.
Send your feedback to : onlinekeralacatholic@gmail.com