വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ നൂറാം ജന്മദിനം: ഇതിഹാസമായി മാറിയ മാര്‍പാപ്പയുടെ ഓര്‍മ്മകള്‍
ബിഷപ് തോമസ് ചക്യത്ത് - മെയ് 2020
1920 മെയ് 18 ന് ജനിച്ച കാരള്‍ വോയ്റ്റീവയെ ദൈവം കൈപിടിച്ചു നടത്തിയ വഴികള്‍ അത്യപൂര്‍വ്വവും വിസ്മയകരവുമാണ്. 1978 ലാണ് 58-ാം വയസില്‍ പോളണ്ടുകാരനായ അദ്ദേഹം മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. 456 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇറ്റലിക്കാരനല്ലാത്ത ഒരാള്‍ പത്രോസിന്റെ പിന്‍ഗാമിയായത്. ഏറ്റവും കൂടുതല്‍ കാലം മാര്‍പാപ്പയായി ശുശ്രൂഷ ചെയ്തവരില്‍ മൂന്നാം സ്ഥാനക്കാരനാണ് ജോണ്‍ പോള്‍ രണ്ടാമന് (1978-2005). ഇരുപത്തിയാറര വര്‍ഷം അദ്ദേഹം സഭയെ നയിച്ചു. തീര്‍ത്ഥാടകനായ മാര്പാപ്പയെന്നും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു. ഇന്ത്യയുള്‍പ്പെടെ 104 വിദേശരാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു.
എട്ട് വയസ് പ്രായമുള്ളപ്പോള്‍ വോയ്റ്റീവയുടെ മാതാവും നാലു വര്‍ഷം കഴിഞ്ഞ് ഏകസഹോദരനും മരിച്ചു. 1941 ല്‍ പിതാവും അന്തരിച്ചു. ഒരു ദിവസം ജോലികഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ പിതാവ് മരിച്ചുകിടക്കുന്ന കാഴ്ച വോയ്റ്റീവയെ വല്ലാതെ തളര്‍ത്തി. ഒറ്റയ്ക്കായ അദ്ദേഹം അധികം താമസിയാതെ വൈദികനാകാന്‍ തീരുമാനിച്ചു.
1931 ല്‍ നാസി പട്ടാളം പോളണ്ട് ആക്രമിച്ച് കീഴ്പ്പെടുത്തിയതോടെ സാംസ്ക്കാരിക നേതാക്കളും കത്തോലിക്ക വൈദികരും അനേകായിരം യഹൂദരും ക്രൂരമായി കൊലചെയ്യപ്പെട്ട കാലം. ഔഷോവിറ്റ്സ് പട്ടാളക്യാമ്പ് വോയ്റ്റീവയുടെ ജന്മഗൃഹത്തിന് സമീപത്തായിരുന്നു. നിയമാനുസൃതമായി സെമിനാരി പരിശീലനത്തിനു സാധ്യതയില്ലാതിരുന്ന സാഹചര്യത്തില്‍ രഹസ്യമായി സെമിനാരി പരിശീലനം നേടുകയും 1946 ല്‍ 26-ാം വയസില്‍ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. 1945 ല്‍ യുദ്ധത്തില്‍ ജര്‍മ്മനി തോറ്റതോടെ പോളണ്ട് സോവിയറ്റ് യൂനിയന്റെ കീഴിലായി. മതപരമായ സ്വാതന്ത്ര്യങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതികള്‍ കൂച്ചുവിലങ്ങിട്ടു. യുവവൈദികനായ കരോള്‍ ജോസഫ് വോയ്റ്റീവ വളര്‍ന്ന സാഹചര്യങ്ങള്‍ അദ്ദേഹത്തെ ധീരമായ ചുവടുവെപ്പുകള്‍ക്ക് കരുത്തുള്ളവനാക്കി.
ദൈവം വോയ്റ്റീവയ്ക്ക് അപാരമായ ബുദ്ധിവൈഭവവും ഇച്ഛാശക്തിയും നല്കി അനുഗ്രഹിച്ചു. നാസിസത്തെയും കമ്മ്യൂണസത്തെയും വിമര്‍ശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ കവിതകളും നാടകങ്ങളും മറ്റും രഹസ്യമായി പ്രചരിപ്പിച്ചു. ദൈവശാസ്ത്രത്തില്‍ രണ്ടു ഡോക്ടറേറ്റുകള്‍ കരസ്ഥമാക്കിയ അദ്ദേഹം 38 -ാമത്തെ വയസ്സില്‍ ക്രക്കോവ് അതിരൂപതയുടെ സഹായമെത്രാനായും 1963-ല്‍ മെത്രപ്പോലീത്തയായും നിയമിതനായി. 1967 ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ അദ്ദേഹത്തിന് കര്‍ദ്ദിനാള്‍ പദവി നല്കി. വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്ന വാര്‍സോയിലെ മെത്രാപ്പോലീത്തയും പോളണ്ടിലെ പ്രൈമേറ്റുമായ കര്‍ദ്ദിനാള്‍ വിഷിന്സ്കിയുമായി സഹകരിച്ച് മതസ്വാതന്ത്ര്യം നേടാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധേയമായി.
ജനപ്രിയനായ മാര്‍പാപ്പ
58-ാമത്തെ വയസില്‍ കര്‍ദ്ദിനാള്‍ വോയ്റ്റീവ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്ത് നിന്ന് ഒരാള്‍ പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചില്ല. വളരെ വേഗത്തില്‍ അദ്ദേഹം ലോകശ്രദ്ധ പിടിച്ചുപറ്റി. പുതിയ മാര്‍പാപ്പയുടെ ഊര്‍ജസ്വലതയും ലളിതജീവിതവും ദരിദ്രരോടുള്ള പ്രതിബദ്ധതയും സ്വേച്ഛാധിപത്യ-നിരീശ്വര ഭരണകൂടങ്ങളോടുള്ള എതിര്‍പ്പും അദ്ദേഹത്തെ ഏറെ ജനപ്രിയനാക്കി. മാധ്യമങ്ങളില്‍ ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പ നിറഞ്ഞുനിന്നു. ടൈം വാരികയുടെ 14 ലക്കങ്ങളില്‍ അദ്ദേഹം മുഖചിത്രമായി. വത്തിക്കാന്‍ ചത്വരത്തില്‍ വെച്ച് മെഹമ്മദ് അലി അഗ്കായുടെ വെടിയേറ്റു മാര്‍പാപ്പ വീഴുന്ന ചിത്രവും, തന്നെ വെടിവെച്ച അലിയെ ജയിലില്‍ മാര്‍പാപ്പ സന്ദര്‍ശിക്കുന്ന ചിത്രവും അതിലുള്‍പ്പെടുന്നു.1994 ല്‍ ടൈം വാരികജോണ് പോള്‍ മാര്‍പാപ്പയെ മാന്‍ ഓഫ് ദ ഇയര്‍ തിരഞ്ഞെടുത്തു.
യുവാക്കളെ ആവേശം കൊള്ളിക്കാന്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയ്ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു.1984 ല്‍ വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി മാര്‍പാപ്പയുടെ ക്ഷണം സ്വീകരിച്ച് റോമില്‍ മൂന്നു ലക്ഷത്തോളം യുവാക്കളെത്തി. അടുത്ത വര്‍ഷവും ഓശാന ഞായറാഴ്ച അതാവര്ത്തിക്കപ്പെട്ടു. ആ അവസരത്തിലാണ് രണ്ടു വര്‍ഷം കൂടുമ്പോള്‍ വേള്‍ഡ് യൂത്ത് ഡേ ആഘോഷിക്കാന്‍ മാര്‍പാപ്പ തീരുമാനിച്ചത്. സമീപകാല സഭയില്‍ ലക്ഷക്കണക്കിനു യുവതീയുവാക്കള്‍ക്ക് ആവേശം പകരുന്ന വലിയൊരു മുന്നേറ്റമായി അത് മാറി.
മനസാക്ഷി സ്വാതന്ത്ര്യവും സാഹോദര്യവും സമാധാനവും നിറഞ്ഞുനില്ക്കുന്ന ഒരു ലോകം അദ്ദേഹം സ്വപ്നം കണ്ടു. ഇതിനു തടസമായിരുന്ന കമ്മ്യൂണിസവും വന്കിടരാജ്യങ്ങളില് നിലനിന്നിരുന്ന യുദ്ധഭീക്ഷണിയും ഇല്ലാതാക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധേയമായി. കാപ്പിറ്റലിസത്തെ വിമര്‍ശിക്കാനും അദ്ദേഹം മടിച്ചില്ല.
ദാരിദ്ര്യവും അനീതിയും ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയെ അസ്വസ്ഥമാക്കിയിരുന്ന വിഷയങ്ങളായിരുന്നു. 1980 ല്‍ ബ്രസീല്‍ സന്ദര്‍ശനത്തിനിടെ അപ്രതീക്ഷിതമായി കാര്‍ നിര്‍ത്തി മാര്‍പാപ്പ ഒരു ചെറ്റക്കുടിലില്‍ കയറി. അമ്മ മക്കള്ക്ക്ു ഭക്ഷണം വിളമ്പുന്ന സമയമായിരുന്നു അത്. ക്ഷീണിച്ച് എല്ലും തോലുമായ കുട്ടികളുടെ ദൃശ്യവും അവര്‍ കഴിക്കുന്ന ഭക്ഷണവും പാപ്പയെ വല്ലാതെ അസ്വസ്ഥനാക്കി. വികാരാധീനനായ പാപ്പ കൈലോസുകൊണ്ട് തന്റെ കണ്ണുനീര് തുടയ്ക്കുന്ന ചിത്രം ടൈം വാരികയില്‍ പ്രസിദ്ധീകരിച്ചു. ദാരിദ്ര്യത്തിന്റെ അതിദയനീയമായ കാഴ്ച ഉണ്ടാക്കിയ ഹൃദയവേദന സമ്പന്നരെയും സമ്പന്നരാജ്യങ്ങളെയും നിശിതമായി വിമര്ശിക്കുവാന് പാപ്പയെ പ്രേരിപ്പിച്ചിരുന്നു.
ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ ശവസംസ്ക്കാര കര്‍മ്മങ്ങളില്‍ സംബന്ധിച്ച ലക്ഷക്കണക്കിനു വിശ്വാസികള്‍ സുബിതോ സാന്തോ-അദ്ദേഹത്തെ ഉടനെ വിശുദ്ധനാക്കണമെന്ന് ആര്‍ത്തുവിളിച്ചിരുന്നു. മദര്‍ തെരേസയെപ്പോലെ ജീവിക്കുന്ന വിശുദ്ധനായിട്ടായിരുന്ന ലോകം അദ്ദേഹത്തെ കണ്ടിരുന്നത്. 2011 മെയില്‍ വാഴ്ത്തപ്പെട്ടവനായിട്ടും 2014 ഏപ്രില്‍ 27 ന് വിശുദ്ധനായും അദ്ദേഹം നാമകരണം ചെയ്യപ്പെട്ടു. വിശുദ്ധപദവിയോടൊപ്പം മഹാനായ പാപ്പ എന്ന വിശേഷണവും അദ്ദേഹത്തിന് ലോകം നല്കി.
Send your feedback to : onlinekeralacatholic@gmail.com