മിസ്റ്റിക്കും ദൈവദാസനുമായി മാറിയ യാചകബാലന്
ജോര്‍ജ് .കെ. ജെ - ജുണ് 2019
തെരുവിലെ അനാഥബാല്യങ്ങള്‍ തെരുവിലൊടുങ്ങുകയാണ് പതിവ്. തെരുവിലെ യാചകരായ കുഞ്ഞുങ്ങള്‍ക്ക് ആത്മാവോ, പ്രാര്‍ത്ഥനയോ, ദൈവമോ ഇല്ലെന്നാണ് പൊതുവേയുള്ള ധാരണ. വിശുദ്ധി നല്ല കുടുംബങ്ങളില്‍ പിറന്നവര്‍ക്കും ആവൃതിക്കള്ക്കുളളിലുള്ളവര്ക്കുമെന്നാണ് പലരും കരുതുന്നു. എന്നാല്‍ അത് വെറും തെറ്റിദ്ധാരണയാണെന്നും ദൈവത്തിന്റെ വഴികള്‍ എത്ര വിചിത്രമാണെന്നും മനസ്സിലാക്കണമെങ്കില്‍ റാമിസ് എന്ന ബാലനെക്കുറിച്ചറിയണം. നമ്മുടെ ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഫിലിപ്പീനോയിലെ യാചകബാലനായിരുന്ന ഡാര്വിന് റാമോസിന്റെ ജീവിതം ദൈവത്തിന്റെ അനന്തമായ കാരുണ്യത്തിന്റെ കഥയാണ്. യാചകബാലനായിരുന്ന അവന് ദൈവത്തിന്റെ പക്കലേക്ക് തിരികെവിളിക്കപ്പെടുമ്പോള് ഒരു മിസ്റ്റിക്കായിരുന്നുവെന്നും അറിയുമ്പോഴാണ് ദൈവകൃപയുടെ ആഴം നാം മനസ്സിലാക്കുക.
ചേരിയിലെ ദുരിതബാല്യം
ഫിലിപ്പീന്‍സിലെ മാനിലയിലെ പസെയ് സിറ്റിയിലെ ഒരു ചേരിയിലായിരുന്നു അവന്റെ ജനനം. 1994 ഡിസംബര്‍ 17 ന് പിറന്നുവീണ അവനെ മാതാപിതാക്കള്‍ ഡാര്വിന് റാമോസ് എന്ന് വിളിച്ചു. വളരെ ദരിദ്രമായ കുടുംബമായിരന്നു അവന്റേത്. അമ്മ അലക്കുകാരിയായിരുന്നു. പിതാവാകട്ടെ തികഞ്ഞ മദ്യപാനിയും നിരുത്തരവാദിത്വത്തിന്റെ ഹെഡ് ഓഫീസുമായിരുന്നു. റാമോസിന് ഒരു സഹോദരിയും ഉണ്ടായിരുന്നു. അവരെ സ്കൂളില്‍ അയക്കുന്നതിനോട് മദ്യപാനിയായ പിതാവിന് താല്പര്യമില്ലായിരുന്നു. അതുകൊണ്ട് അവരെ ചേരിയിലെ തെരുവില്‍ ആക്രിസാധനങ്ങള്‍ വില്ക്കുവാനേല്പിച്ച് പിതാവ് മദ്യപാനം തുടര്‍ന്നു. 5 വയസായപ്പോഴെ അവന് നന്നായി നടക്കുവാന്‍ കഴിയുന്നില്ലെന്നും മകന് മുടന്തുണ്ടെന്നും അമ്മയ്ക്ക് മനസ്സിലായി. ഓരോ വയസ്സുകൂടുമ്പോഴും അവന്റെ കാലിന്റെ ശേഷിക്കുറവ് കൂടിക്കൂടി വന്നു. അവന് തനിയെ എണീറ്റുനില്ക്കാന് വയ്യാത്ത അവസ്ഥായിലേക്ക് ഏഴു വയസായപ്പോഴേക്കും അവന് വഴുതിവീണു. ഏതായാലും കുടിയനും മുടിയനുമായ പിതാവിന് അവന്റെ രോഗം വളരെ നല്ലൊരു വരുമാനമാര്‍ഗ്ഗമായി തോന്നി. അദ്ദേഹം ആ കുഞ്ഞിനെ അടുത്തുളള റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുപോയി ഭിക്ഷയാചിക്കാന്‍ ഇരുത്തി. അവനെ അറിയാവുന്നവരെല്ലാം അവന് നാണയത്തുട്ടുകള്‍ എറിഞ്ഞിട്ടുകൊടുത്തു. ഓരോ ദിവസവും അവന് വീട്ടിലേക്കുള്ള ചിലവിനുളളതും പിതാവിന് മദ്യപിക്കാനുമുള്ള പണം കിട്ടിക്കൊണ്ടിരുന്നു. പിതാവ് പണം അടിച്ചുമാറ്റിയിരുന്നുവെങ്കിലും അമ്മയ്ക്കും പെങ്ങള്‍ക്കും ഭക്ഷണത്തിനുള്ള വക കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നതിനാല്‍ ഡാര്വിന് വളരെ സന്തുഷ്ടനായിരുന്നു.
ജീവിതം മാറിമറിയുമ്പോള്‍
2006 വരെ അവന്റെ ജീവിതം ഭിക്ഷബാലന്റേതായിരുന്നു. കാലുകള്‍ക്ക് ബലമില്ലാതിരുന്നതിനാല്‍ ഈ ഭിക്ഷക്കാരനായ ഈ ബാലന് കൈകള്‍ നിലത്തുകുത്തിയായിരുന്ന സഞ്ചരിച്ചിരുന്നത്. ഒരു ദിവസം തെരുവിലെ കുട്ടികളെ പഠിപ്പിക്കുവാനായി അതുവഴി വന്ന ഒരു സംഘം നല്ല മനുഷ്യര്‍ അവനെ കണ്ടെത്തി. അവര്‍ തെരുവുകളിലെ അനാഥകുഞ്ഞുങ്ങളെയും വികലാംഗരെയും സഹായിക്കുക എന്നലക്ഷ്യത്തോടെ വന്നതായിരുന്നു. അവനെ കണ്ടെത്തിയശേഷം അവര്‍ ഇടയ്ക്കിടെ അവനെ സന്ദര്‍ശിച്ചുകൊണ്ടിരുന്നു. അവസാനം അവന് അവരോടൊപ്പം വികലാംഗരായ കുട്ടികളെ സംരക്ഷിക്കുന്നതിനായി സ്ഥാപിക്കപ്പെട്ടിട്ടുള്ള ഔര്‍ ലേഡി ഓഫ് ഗുഡലുപെ ഭവനിലേക്ക് പോകാമെന്ന് സമ്മതിച്ചു. അത് അവന്റെ
ജീവിതത്തെ മാറ്റിമറിച്ചു. അവിടെ വെച്ച് അവന് വേണ്ട ചികിത്സകള്‍ ലഭിച്ചെങ്കിലും അവന്റെ സ്ഥിതിയില്‍ മാറ്റമൊന്നുമുണ്ടായില്ല. എങ്കിലും റെയില്‍വേ സ്റ്റേഷനിലെ ചെളിക്കുണ്ടില്‍ നിന്നും തന്നെ സംരക്ഷിക്കുന്ന കരങ്ങളിലെത്തിച്ചേര്ന്നതില് അവന് സന്തോഷിച്ചു. അവിടെ വെച്ച് ഈശോയുമായി അവന് പെട്ടെന്ന് സ്നേഹത്തിലായി. ക്രിസ്തുമതവിശ്വാസിയായി മാറി.
ഈശോയുടെ കൂട്ടുകാരന്
2006 ഡിസംബര്‍ 23 ന് മാമ്മോദീസയും ഒരു വര്‍ഷത്തിനുശേഷം അവന് ആദ്യകുര്‍ബാനയും സ്ഥൈര്യലേപനവും സ്വീകരിച്ചു. അവന്റെ ആത്മാവ് പുഷ്ടിപ്പെട്ടുകൊണ്ടിരുന്നെങ്കിലും ശരീരം കൂടുതല്‍ ദുര്ബലമായിക്കൊണ്ടിരുന്നു. അതിനേക്കാള്‍ അതിശയം അവനും രക്ഷകനും കര്‍ത്താവുമായ ഈശോയുമായുള്ള ബന്ധം കൂടുതല്‍ കൂടുതല്‍ ദൃഡമായിക്കൊണ്ടിരുന്നുവെന്നതാണ്.
ഓരോ ദിവസവും അവന് ഈശോയുമായി കൂടുതല്‍ അടുത്തു. അതോടെ തന്റെ സഹനങ്ങളും വേദനകളുമെല്ലാം അവന് ഈശോയ്ക്ക് കാഴ്ചയായി സമര്‍പ്പിച്ചു തുടങ്ങി. അവന് ഒരിക്കല്‍പോലും തന്റെ രോഗത്തെക്കുറിച്ച് ആവലാതി പറഞ്ഞില്ല. അതിനെ അവന് ഈശോയ്ക്കുള്ള തന്റെ മിഷന് എന്നാണ് വിളിച്ചിരുന്നതുപോലും.
അവനെക്കുറിച്ച് അറിഞ്ഞവരെല്ലാം അവനെ അധികമായി സ്നേഹിച്ചു തുടങ്ങി. ഏത്ര വേദനയാണെങ്കിലും അവന് ചുണ്ടില്‍ ഒരു പുഞ്ചിരി എപ്പോഴും കാത്തുവെച്ചിരുന്നു. അവന്റെ പുഞ്ചിരി അവനെ കാണാനെത്തിയവരെയും സന്തോഷിപ്പിച്ചു. എന്നാല്‍ അവന് ശ്വാസസംബന്ധമായ രോഗം കൂടിവന്നു, പലപ്പോഴും ഹോസ്പിറ്റലിലായി താമസം. അവിടെ വെച്ച് അവന് ഒരു വൈദികനോട് പറഞ്ഞു ഫാദറിനറിയാമോ, ഈശോ എന്നെ അവസാനം വരെ ചേര്‍ത്തുപിടിക്കുകയാണെന്ന്.
റാമോസിന്റെ വിശുദ്ധവാരം
2012 സെപ്റ്റംബര്‍ 6ന് അവന് ശ്വാസം കിട്ടാതെയായി. അതോടെ അവനെ കൃത്രിമശ്വാസം നല്‍കിത്തുടങ്ങി. അതിനുശേഷം അവന് പേപ്പറിലെഴുതിയാണ് കാര്യങ്ങള്‍ അറിയിച്ചത്. സെപ്റ്റംബര്‍ 20 ന് താന്‍ പിശാചുമായി ആത്മീയ യുദ്ധത്തിലാണെന്ന് അവന് എഴുതിക്കാണിച്ചു. പിറ്റേന്ന് വെള്ളിയാഴ്ചയായിരുന്നു. അന്ന് അവന് നോട്ട്ബുക്കില്‍ രണ്ട് വാക്കുകളാണ് എഴുതിയത്. വലിയ നന്ദി. ഞാന്‍ വളരെ സന്തോഷവാനാണ്. അവന് അന്ത്യകൂദാശകള്‍ നല്കി. ശനിയാഴ്ച അവന് നിശബ്ദനായി ഉറങ്ങി.. സെപ്റ്റംബര്‍ 23 ന് ഞായറാഴ്ച അവന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. അത് അവന്റെ ജീവിതത്തിലെ വിശുദ്ധവാരത്തിലെ ഈസ്റ്റര്‍ സണ്‍ഡേ ആയിരുന്നു.
റാമോസ് നിത്യസമ്മാനത്തിനായി കൈനീട്ടുമ്പോള്‍ അവന് 17 വയസ്സായിരുന്നു. 2018 സെപ്റ്റംബര്‍ 7 ന് അവനെ ദൈവദാസന് എന്ന് വിളിച്ചു. ഇനി അവനെ വിശുദ്ധപദവിയിലേക്കുയര്‍ത്താന്‍ ലോകം യാചിച്ചുകൊണ്ടേയിരിക്കും.
Send your feedback to : onlinekeralacatholic@gmail.com