നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ദേവാലയം പണിതതിനു പിന്നില്‍ വാതില്‍ കാവല്‍ക്കാരനായ ബ്രദര്‍ ആന്ട്രെയാണെന്ന് വിശ്വസിക്കാനാകുമോ
ബോബന് എബ്രാഹം - ഏപ്രില്‍ 2021
ബ്രദര്‍ ആന്‍ട്രെ ബെസാറ്റ - കൃശഗാത്രനും ദുര്‍ബലനുമായിരുന്നു. സെന്റ് ജോസഫിനോടുള്ള അദ്ദേഹത്തിന്റെ അപാരമായ സ്നേഹവും ഭക്തിയും കൊണ്ട് അദ്ദേഹം ചെയ്തതുകണ്ടാല്‍ ആരും ഞെട്ടിപ്പോകും. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ദേവാലയങ്ങളിലൊന്നായ സെന്റ് ജോസഫ് ഓറട്ടറി പണിതതിനുപിന്നില് വിശുദ്ധനും യൗസേപ്പിതാവിന്റെ ഭക്തനുമായിരുന്ന ബ്രദര്‍ ആന്‍ട്രെ ആയിരുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കുവാന്‍ പലര്‍ക്കും പ്രയാസമാണ്. വിശുദ്ധ ആന്‍ട്രെ ഓഫ് മോണ്ട്റിയല്, അല്ലെങ്കില്‍ ബ്രദര്‍ ആന്‍ട്രെ എന്ന് വിളിക്കപ്പെട്ടിരുന്നു അദ്ദേഹം കോണ്ഗ്രിഗേഷന് ഓഫ് ഹോളിക്രോസ് അംഗമായിരുന്നു.
ബ്രദര്‍ ആന്‍ട്രെ
ചെറിയ ഒരു കുടുംബത്തിലായിരുന്നു ആന്ട്രെയുടെ ജനനം. ഒരു കാര്പന്ററായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. 12 മക്കളായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നതെങ്കിലും അതില്‍ ഏട്ടുപേര് മാത്രമെ ശൈശവത്തെ അതിജീവിച്ചുളളു. ജനനസമയത്ത് ആന്ട്രെയുടെ ആരോഗ്യം പരിതാപകരമായിരുന്നു. അവനും അധികകാലം ആയുസില്ലെന്ന് എല്ലാവരും കരുതി. രോഗം കൂടപ്പിറപ്പായി വന്ന ആ കുഞ്ഞ് അധികകാലം ജീവിക്കില്ല എന്ന് കരുതിയ മാതാപിതാക്കള്‍ ഉടനെ തന്നെ മാമ്മോദീസ നല്കി. രോഗത്തിന്റെ കെടുതികളില്‍ നിന്ന് അദ്ദേഹം അവസാനവിനാഴിക വരെ മോചിതനായില്ലെങ്കിലും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആന്‍ട്രെ 91 വയസുവരെ ജീവിച്ചു.
വീട്ടിലെ ദാരിദ്ര്യവും ആരോഗ്യക്കുറവും നിമിത്തം അവന് സ്കൂള്‍ വിദ്യാഭ്യാസം ലഭിച്ചില്ല. അമ്മയായിരുന്നു അവന്റെ പള്ളിക്കൂടം. പിതാവ് അവന് 9 വയസ്സുള്ളപ്പോള്‍ മരിച്ചു. മൂന്ന് വര്‍ഷത്തിനു ശേഷം അമ്മയും. അതോടെ അവന്റെ അറിവിന്റെ പള്ളിക്കൂടം അടച്ചു.
ശാരീരികമായി ദുര്‍ബലനായിരുന്നുവെങ്കിലും ആന്‍ട്രെ ആത്മാവില്‍ സമ്പന്നനായിരുന്നു. സന്യാസജീവിതമായിരുന്നു അവന്റെ സ്വപ്നം. ആദ്യമൊക്കെ വിദ്യാഭ്യാസയോഗ്യതകള്‍ അവന്റെ സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായി. സന്യാസസഭകളൊന്നും അവനായി വാതില്‍ തുറന്നില്ല. ഒടുവില്‍ വികാരിയച്ചന് ഇടപെട്ടു..ഒരു വിശുദ്ധനെ ഇതാ ഞാന്‍ അയക്കുന്നുവെന്ന കത്തുമായി അദ്ദേഹം അവനെ ഹോളി ക്രോസ് സഭയിലേക്ക് അയച്ചു. അവനായി അവര്‍ വാതില്‍ തുറന്നു. 28-ാമത്തെ വയസില്‍ ആന്‍ട്രെ നിത്യവ്രതം ചെയതു. ഒരു ബ്രദറായി സഭയില്‍ നിത്യാംഗത്വം നേടി.
ഗോ ടു ജോസഫ്
ഹോളിക്രോസ് സഭയുടെ പ്രവര്‍ത്തനമേഖല വിദ്യാഭ്യാസമായിരുന്നു. ബ്രദര്‍ ആന്ട്രെയ്ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ യോഗ്യത ഇല്ലാത്തതുകൊണ്ട് ആ മോണ്ട്റിയലിലെ സ്കൂളിലെ ഡോര്മാന് ആയി അദ്ദേഹം നിയമിതനായി. എളിയവരില്‍ എളിയവനായ അദ്ദേഹം ആ എളിയ ജോലി സ്വീകരിച്ചു. കുട്ടികള്‍ക്കും ടീച്ചര്‍മാര്‍ക്കുമായി സ്കൂളിന്റെ കവാടം തുറന്നുകൊടുത്തു. എങ്കിലും വെറുതെ കിട്ടുന്ന സമയത്ത് അദ്ദേഹം ആ കവാടത്തില്‍ നിന്നും സ്കൂളിന്റെ എതിര്‍വശത്ത് കിടക്കുന്ന തരിശുഭൂമിയിലേക്ക് നോക്കി സ്വപ്നങ്ങള്‍ കണ്ടുകൊണ്ടിരുന്നു. അവിടെ യൗസേപ്പിതാവിന് ഒരു വലിയ ദേവാലയം പണിയണമെന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.
ബ്രദറിന് സെന്റ് ജോസഫിനോട് വലിയ ഇഷ്ടമായിരുന്നു. ഈശോയുടെ വളര്ത്തുപിതാവായിരുന്നുവെങ്കിലും യൗസേപ്പിതാവിന് വേണ്ട പരിഗണന ലോകം നല്‍കിയിട്ടില്ലെന്ന ഒരു പരിഭവം എപ്പോഴും അദ്ദേഹത്തിന്റെ മനസില്‍ ഉണ്ടായിരുന്നു. ബ്രദര്‍ ആന്ട്രെയെ സംബന്ധിച്ച് സെന്റ് ജോസഫ് പൗരഷത്വത്തിന്റെയും ധീരതയുടെയും ഈശോയോടുള്ള സ്നേഹത്തിന്റെയും പ്രതീകം ആയിരുന്നു. അതുകൊണ്ട് ഈശോയുടെ വളര്‍ത്തുപിതാവായ ജോസഫിന് അര്‍ഹമായ ആദരവ് നേടിക്കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
ഒടുവില്‍ അദ്ദേഹം കണ്ണുവെച്ച ആ സ്ഥലം വാങ്ങുവാനും ചെറിയൊരു ദേവാലയം പണിയുവാനും പ്രാവിന്ഷ്യാള് അനുവാദം നല്കി. അദ്ദേഹം സ്വപ്നം കണ്ടത് ചെറിയ ഒരു ദേവാലയമായിരുന്നില്ല. അതില്‍ വളരെ കുറിച്ച ആളുകളെ കൊള്ളുമായിരുന്നുള്ളു. അതുകൊണ്ട് അദ്ദേഹം വലിയ ഒരു പള്ളിപണിയുന്നതിന് പരിവാരംഭിച്ചു. പിരിവെടുത്ത് അദ്ദേഹം പണിതത് നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ പള്ളളിയായിരുന്നു. അതും സെന്റ് ജോസഫിന്റെ നാമത്തില്‍.
1924ല്‍ സെന്റ് ജോസഫ് ഓറട്ടറി എന്ന ആ ദേവാലയം പൂര്‍ത്തിയായി. പിന്നീട് ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഓരോ വര്‍ഷവും ആങ്ങോട്ട് ഓഴുകിയെത്തിക്കൊണ്ടിരുന്നത്. ദേവാലയത്തോടൊപ്പം നമ്മുടെ ബ്രദര്‍ ആന്ഡ്രെയയും പ്രശ്സതനായി. വാതില്കാവല്ക്കാരനെ കാണാന്‍ ആളുകള്‍ തടിച്ചുകൂടി. ആകുലതകളും പരിഭവങ്ങളും വേദനകളുമായി തന്നെ കാണാനെത്തിയവരോട് അദ്ദേഹം പറഞ്ഞു ഗോ ടു ജോസഫ്. അവര്‍ ജോസഫിന്റെ പക്കലേക്ക് പോയി. ജോസഫ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു.
അത്ഭുതപ്രവര്‍ത്തകനായ ഡോര്‍ കീപ്പര്‍
വാതില്‍ കാവല്ക്കാരനായിരുന്നതിനാല് കുട്ടികളും അദ്ധ്യാപകരുമായി അദ്ദേഹത്ത്ിന് നല്ല ബന്ധമുണ്ടായിരുന്നു. അവരുടെ പ്രശ്നങ്ങള്‍ അദ്ദേഹത്തിന് മറ്റാരെക്കാളും നന്നായി മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. രോഗങ്ങള്‍, ആകുലതകള്‍, കുടുംബപ്രശ്നങ്ങള്‍ അങ്ങനെ വിവിധ പ്രശ്നങ്ങളുമായി അദ്ദേഹത്തെ തേടിയെത്തിയവര്ക്കായി അദ്ദേഹം പ്രാര്‍ത്ഥിച്ചു. അവരെയെല്ലാം ജോസഫിന്റെ പക്കലേക്ക് അയച്ചു. തിരക്കേറിയപ്പോള്‍ അധികാരികള്‍ അദ്ദേഹത്തിന് ഓഫീസ് സമയം നിര്‍ദ്ദേശിച്ചു. ആളുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അദ്ദേഹത്തിന് കൂടുതല്‍ സമയം കിട്ടി. യൗസേപ്പിതാവിന്റെ നാമത്തില്‍ അത്ഭുതങ്ങള്‍ പെരുകിയപ്പോള്‍ ബ്രദര്‍ ആന്ട്രെയും പ്രശസ്തനായി. ആ ദേവാലയം അത്ഭുതങ്ങളുടെ കേദാരമായി. നൂറുക്കണക്കിന് സ്ട്രെച്ചറുകളാണ് ദേവാലയമുറ്റത്ത് ഉപേക്ഷിക്കപ്പെട്ടിട്ടുള്ളതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
മോണ്ട്റിയലിലെ വിശുദ്ധന്
91 മത്ത വയസില്‍ യൗസേപ്പിതാവിന്റെ തീക്ഷ്ണമതിയായ ആ ഭക്തന് നിത്യത പുല്കിയപ്പോള് പത്തുലക്ഷത്തോളമാളുകളായിരുന്ന കനത്ത മഞ്ഞിനെ അവഗണിച്ച് അദ്ദേഹത്തെ യാത്രയയ്ക്കാനെത്തിയത്. യൗസേപ്പിതാവിനോടുള്ള അപാരമായ ഭക്തി ഒന്നുകൊണ്ടുമാത്രം യൗസേപ്പിതാവിനെപ്പോലെ ലാളിത്യത്തിന്റെ നിറകുടമായിരുന്ന അദ്ദേഹവും വിശുദ്ധനായി മാറി.
1982 ല്‍ വി ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവന്‍ എന്നു വിളിച്ചു. ബെനഡിക്ട് പതിനാറാമമന് മാര്‍പാപ്പ 2010 ല്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
Send your feedback to : onlinekeralacatholic@gmail.com