ഹെഡ് ലൈൻ മാറി, പത്രപ്രവര്ത്തകന് അഭിക്ഷിക്തനായി
ജിയോ ജോര്‍ജ് - ഓഗസ്റ്റ് 2019
ഒരു തലക്കെട്ട് മതി ഒരു ജീവിതം മാറ്റിമറിക്കാന്‍. അതിന് ഒരുപാട് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനും കഴിയും. പത്രവാര്‍ത്തയിലെ ഒരു തലക്കെട്ടില്‍ വന്ന മിസ്റ്റേക്ക് ഒരു പ്രമുഖ പത്രപ്രവര്‍ത്തകന്റെ തലേവര മാറ്റിയെഴുതിയ കഥയാണ് അമേരിക്കയിലെ പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റായിരുന്ന ആന്റണി ഫെഡറിക്കോയുടേത്.
പ്രമുഖ സ്പോര്‍ട്സ് പേപ്പറായിരുന്ന ഇ.എസ്.പി.എന്നിലെ ഊര്‍ജ്ജസ്വലനുമായ സ്പോര്‍ട്സ് ജേണലിസ്റ്റായിരുന്നു ഫെഡറിക്കോ. അദ്ദേഹമെഴുതിയെ ഒരു വാര്‍ത്തയുടെ കാപ്ഷന്‍ അദ്ദേഹത്തിന്റെ ജീവിതം മാറ്റിയെഴുതി അദ്ദേഹത്തെ പുരോഹിതനാക്കിമാറ്റിയ കഥ രസകരമാണ്. 2012 ലാണ് സംഭവം. ന്യൂയോര്‍ക്ക് നിക്സ്, ന്യൂ ഓര്‍ലിയന്‍സ് ഹോര്ണറ്റ്സ് എന്നീ രണ്ടു ടീമുകള്‍ തമ്മിലുള്ള വാശിയേറിയ ബാസ്ക്കറ്റ് ബോള്‍ മത്സരം റിപ്പോര്‍ട്ട് ചെയ്യാനുള്ള നിയോഗം ലഭിച്ചത് കഴിവുതെളിയിച്ച സ്പോര്‍ട്സ് ലേഖകനായ ഫെഡറിക്കോയ്ക്കായിരുന്നു. തുടര്‍ച്ചയായ ഏഴ് മത്സരങ്ങള്‍ക്ക് ശേഷം, ടീമിലെ സൂപ്പര്‍ താരത്തിന്റെ പിഴവുമൂലം ന്യൂയോര്‍ക്ക് നികസ് ന്യൂഓര്‍ലിയന്‍സ് ടീമിനോട് ദയനീയമായി പരാജയപ്പെട്ടു. വാര്‍ത്ത ഫെഡറിക്കോ വളരെ ആത്മാര്‍ത്ഥതയോടെ റിപ്പോര്‍ട്ടുചെയ്തു. ആ വാര്‍ത്തയക്ക് അദ്ദേഹം കൊടുത്ത ഹെഡ് ലൈൻ എ ചിങ്ക് ഇന്‍ ദ ആര്‍മര്‍ എന്നായിരുന്നു. എന്തായാലും കാപ്ഷന്‍ പിറ്റേ ദിവസത്തെ പത്രത്തില്‍ അടിച്ചുവന്നു. അത് അമേരിക്കയിലെങ്ങും ചര്‍ച്ചയായി. ആ കാപ്ഷനില്‍ വംശീയ അധിക്ഷേപം ഉണ്ടായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആക്ഷേപം. അധികാരികള്‍ അദ്ദേഹത്തോട് കാരണം ചോദിച്ചു. അദ്ദേഹം അതിന് വ്യക്തമായി ഉത്തരം നല്കി. പ്രമുഖതാരം പ്രതീക്ഷിക്കൊത്തുയര്ന്നില്ല, ആവനാഴിയിലെ ഒരമ്പ് ദുര്‍ബലമായിപ്പോയി എന്നുമാത്രമേ താന്‍ ഉദ്ദേശിച്ചൊള്ളു എന്ന് അദ്ദേഹം വ്യക്തമാക്കി. പക്ഷേ, അദ്ദേഹത്തിന്റെ വാക്കുകള്‍ ആരും ചെവിക്കൊണ്ടില്ല. അതീവദുഖത്തോടെ, 28 കാരനായ ആ പത്രപ്രവര്ത്തകന് വീട്ടിലേക്കുമടങ്ങി. വിവാദം ഉടനെ കത്തിത്തീരുമെന്നും സാരമില്ലെന്നും മാതാപിതാക്കള്‍ ആശ്വസിപ്പിച്ചെങ്കിലും വിവാദത്തിന്റെ തീ അടങ്ങിയില്ലെന്നുമാത്രമല്ല, ഫെഡറിക്കോ എന്ന കുതിച്ചുയരുന്ന സ്പോര്‍ട്സ് ലേഖകന്റെ കരിയറിലേക്കും വിവാദം കത്തിപ്പടര്‍ന്നു. പത്രക്കാര് അദ്ദേഹത്തെ മാത്രമല്ല മാതാപിതാക്കളെയും വെറുതെ വിട്ടില്ല. ഒടുവില്‍ അദ്ദേഹത്തിന് ഇ.എസ്.പി.എന്നിലെ സ്വപ്നതുല്യമായ ജോലി രാജിവെക്കേണ്ടിവന്നു. പിന്നീട് അദ്ദേഹം അതിനെക്കുറിച്ച് പറഞ്ഞത് ജീവിതത്തിലെ ഏറ്റവും മോശമായ മാസം എന്നായിരുന്നു.
പണിപോയെങ്കിലും അദ്ദേഹത്തിന് വീട്ടിലിരിക്കേണ്ടിവന്നില്ല. കണക്റ്റിക്കട്ടിലെ ലിവ്ക്ലിപ്സ് എന്ന സ്ഥാപനത്തില്‍ കണ്‍സള്‍ട്ടന്റായി പുതിയ ഒപ്പണിംഗ് കിട്ടി. അതിനിടയില്‍ തന്റെ വിവാദപരമാര്ശത്തിനിരയായ ലിന് എന്ന താരവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അതോടെ, ലിന്നിന് ഫെഡറിക്കോയുടെ നിരപരാധിത്വം വ്യക്തമായി.
പുതിയ ജോലിയുടെ ഒരു സവിശേഷത അദ്ദേഹത്തിന് വിശ്രമസമയവും ജോലിസമയവും കൃത്യമായി കിട്ടാന്‍ തുടങ്ങി എന്നതായിരുന്നു. ഉണുകഴിക്കാന്‍ കൃത്യമായ ഇടവേളയും ഒത്തുകിട്ടി. ഒരു ദിവസം ഊണുകഴിക്കാന്‍ പോയപ്പോള്‍, പോകുന്ന വഴിയിലുള്ള സെന്റ് ജോണ്‍ ദ ഇവാഞ്ചലിസ്റ്റ് ബസിലിക്കയിലേക്ക് ഒന്നെത്തിനോക്കി. കാരണം സ്ഥിരമായി പള്ളിയില്‍ പോകുന്ന ശീലം അദ്ദേഹത്തിനില്ലായിരുന്നു. ഏതായാലും മൂന്നാമത്തെ ദിവസം അദ്ദേഹത്തിന് സ്വയം കണ്ട്രോള് ചെയ്യാന്‍ കഴിഞ്ഞില്ല, അറിയാതെ പള്ളിയിലൊന്നു കേറി നോക്കി. സംഗതി കൊള്ളാമല്ലോ അദ്ദേഹം മനസ്സില്‍ പറഞ്ഞു. അതൊരു തുടക്കം മാത്രമായിരുന്നു.
ഫെഡറിക്കോ വീണ്ടും പതിവില്ലാത്ത കാര്യങ്ങളിലേക്ക് വഴുതിവീണുകൊണ്ടിരുന്നു. വെറുതെ ദേവാലയത്തില്‍ ചെന്നു തുടങ്ങിയ അദ്ദേഹം എല്ലാ ദിവസവും ഊണിനുപോകുന്ന സമയത്ത് ദിവ്യബലിയില്‍ പങ്കെടുത്തുതുടങ്ങി. നിങ്ങള്‍ എവിടെപോകുന്നുവെന്നു ചോദിച്ച സഹപ്രവര്‍ത്തകരോട് അദ്ദേഹം വന്നുകാണുവിന്‍ എന്നു മാത്രം പറഞ്ഞു. പിന്നാലെ, അവരെയും കൂട്ടി. കത്തോലിക്കസഭയെക്കുറിച്ച് അവരുടെയിടയില്‍ ചര്‍ച്ചകള്‍ പതിവായി. ചര്‍ച്ചകള്‍ ഫെഡറിക്കോയുടെ വൈകുന്നേരങ്ങള്‍ കവര്‍ന്നെടുത്തു. ഏതായാലും സഭയെക്കുറിച്ചറിയാന് കൂടുതല്‍ വായിക്കാന്‍ തുടങ്ങി.
ഒരിക്കല്‍ ദേവാലയത്തില്‍ ചെന്നപ്പോള്‍, ഒരു പാട് പേര് കുമ്പസാരിക്കാന്‍ കാത്തുനില്ക്കുന്നു, ഒരു വൈദികനും. അദ്ദേഹത്തിനാണെങ്കില്‍ ഉച്ചയ്ക്കത്തെ ദിവ്യബലിയ്ക്കു സമയവുമായി. അപ്പോള്‍ ഫെഡറിക്കോ ഓര്‍ത്തു എനിക്കും ഒരു വൈദികനായാലെന്താ. 18 മാസം കടന്നുപോയി, അപ്പോഴേക്കും അദ്ദേഹത്തിന് ഉള്ളില്‍ നിന്നും ഒരു വിളി- ദൈവവിളി.
വൈദികനാകാന്‍ എന്തുചെയ്യണമെന്നൊന്നും അദ്ദേഹത്തിനറിയില്ലായിരുന്നു. എല്ലാ ചെറുപ്പക്കാരെയും പോലെ അദ്ദേഹവും ഗുഗിളില്‍ പരതി. ഗുഗിള്‍ ഹാര്‍ട്ട്ഫോര്‍ഡ് അതിരൂപതയിലെ വൊക്കേഷന്‍സ് ഡയറക്ടറുടെ നമ്പര്‍ കണ്ടുപിടിച്ചുകൊടുത്തു. അതിനൊപ്പം തന്നെ തന്റെ വിളിയെക്കുറിച്ച് അദ്ദേഹം സ്വന്തം അമ്മയോടും ചോദിച്ചു. സെമിനാരിയിലേക്ക് പോകാന്‍ പേടിയാണെന്ന് അദ്ദേഹം അമ്മയോട് പറഞ്ഞു. അമ്മ പറഞ്ഞു. നിനക്ക് പേടിയാണെങ്കിലും പോയി നോക്ക്. കുറഞ്ഞപക്ഷം ആ പേടിയെങ്കിലും മാറുമല്ലോ. അമ്മ പറഞ്ഞത് പോലെ അവന് ചെയ്തു. സെമിനാരിയില്‍ ചേര്‍ന്നു.
ഫെഡറികോ വാഷിംഗ്ടണ്‍ ഡി.സി.യിലെ സെമിനാരിയില്‍ ആറു വര്‍ഷം പഠിച്ചു. 2019 ലെ ജൂണ്‍ മാസത്തില്‍ വൈദികനായി, കണക്റ്റിക്കട്ടിലെ ചെഷയറില്‍ ഇടവക വികാരിയായി നിയമിതനുമായി.
അതോടെ ഫെഡറിക്കോയ്ക്ക് ഒരു കാര്യം മനസിലായി, തന്റെ ജീവിതത്തിലെ കറുത്ത മാസത്തില്‍ ദൈവം പ്രതീക്ഷയുമായി തന്റെ പിന്നിലുണ്ടായിരുന്നുവെന്ന്. ദൈവം ആഗ്രഹിച്ചിടത്തേക്ക് തന്നെ നയിക്കുന്നതിനായിരുന്നു, കൈപ്പിഴയെന്ന്. ഏതായാലും താന്‍ എത്തേണ്ടിടത്ത് എത്തിയതിനാല്‍ വളരെ സന്തുഷ്ടനാണ് ഇപ്പോള്‍ ഫാ. ഫെഡറികോ.
Send your feedback to : onlinekeralacatholic@gmail.com