കാന്‍സറിനെ പുഞ്ചിരിയോടെ നേരിട്ട വിശുദ്ധ ബാലന്
ജെയ്സണ്‍ പീറ്റര്‍ - സെപ്റ്റംബര്‍ 2019
നിക്കോളോ പെരിന് എന്നായിരുന്നു അവന്റെ പേര്. ക്രൈസ്തവവിശ്വാസത്തിന് ധീരോചിതമായ സാക്ഷ്യം നല്കിയ ചിയാര ലൂസ് ബഡാനോയോടും പരിശുദ്ധിയുടെ പരിമളം പരത്തി കടന്നുപോയ കാര്‍ലോ അക്യൂട്ടിസിനോടും അവനെ താരതമ്യം ചെയ്യാനാണ് എല്ലാവര്‍ക്കുമിഷ്ടം. അടുത്ത വീട്ടിലെ പയ്യന് എന്നൊക്കെ പറയുന്നതുപോലെ അടുത്തവീട്ടിലെ വിശുദ്ധ ബാലനായിട്ടാണ് നിക്കോളോയെ എല്ലാവരും കണക്കാക്കുന്നത്. കാരണം സാധാരണക്കാരില്‍ സാധാരക്കാരനായിരുന്നു നിക്കോളോ. അത്ലറ്റായിരുന്നു. മീന്‍പിടുത്തവും ഔട്ട്ഡോര്‍ ആക്റ്റിവിറ്റികളുമൊക്കെയായി അടിച്ചുപൊളിച്ചു നടന്ന ന്യൂജന്‍ പയ്യന്. ജീവിച്ചിരുന്നപ്പോള്‍ അവനെ അധികമാര്‍ക്കും അറിയില്ലായിരുന്നുവെങ്കിലും അകാലത്തില്‍ പൊലിഞ്ഞ ഈ പുണ്യസൂനം ഇപ്പോള്‍ അനേകരെ തന്റെ കബറിടത്തിലേക്കും ചൈതന്യത്തിലേക്കും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. സഭയാകട്ടെ ഒരു ന്യൂജന്‍ പുണ്യവാനെകൂടി ലഭിക്കുമെന്ന പ്രതീക്ഷയിലും.
റഗ്ബി, ഫിഷിംഗ്, സ്കൂള്‍
1998 ഫെബ്രുവരി 2 നായിരുന്നു ജനനം. അഡ്രിയാനയും റോബര്‍ട്ടോ പെരിനുമായിരുന്നു മാതാപിതാക്കള്‍. ആറ് വയസ്സുള്ളപ്പോള്‍ തന്നെ അവന് റഗ്ബി കളിക്കാന്‍ തുടങ്ങി. വൈകാതെ ഇറ്റലിയിലെ റോവിഗോയിലെ ജൂനിയര്‍ ടീമില്‍ അംഗവുമായി. ഫിഷിംഗും ഔട്ട് ഡോര്‍ ആക്റ്റിവിറ്റികളും അവന് ഹരമായിരുന്നു. കളികളില്‍ മാത്രമല്ല ക്ലാസ് റൂമിലും പുലിയായിരുന്നു അവന്. പഠനത്തില്‍ മികച്ചുനിന്നതോടൊപ്പം തന്നെ കുട്ടൂകാരുടെയും ടീച്ചര്‍മാരുടെയും വാത്സല്യഭാജനമായി മാറി നിക്കോള.
ഹൈസ്കൂളിലെത്തിയപ്പോള്‍ എല്ലാവരും വിചാരിച്ചു അവന് ശോഭനമായ ഒരു ഭാവിയുണ്ടെന്ന്. പക്ഷേ അവന് മാതാപിതാക്കളോട് തനിക്ക് ഭയങ്കര ക്ഷീണമാണെന്ന് പറയാറുണ്ടായിരുന്നു. ഒടുവില്‍ മാതാപിതാക്കള്‍ അവനെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി. നിരവധി പരിശോധനകള്‍ക്കുശേഷം 2013 ല്‍ അവന് ലുക്കേമിയ ആണെന്ന് തിരിച്ചറിഞ്ഞു. അപ്പോള്‍ അവന് 15 വയസ്സായിരുന്നു.
സഹനത്തിലെ വിശ്വാസം
തനിക്ക് ലുക്കേമിയ ആണെന്ന് അറിഞ്ഞപ്പോള്‍ നിക്കോള കാണിച്ച ആത്മധൈര്യം അപാരമായിരുന്നു. അവന് ആത്മീയ നിര്‍ദ്ദേശങ്ങള്‍ക്കായി ലഭിച്ച കപ്പുച്ചിന്‍ വൈദികന് ഫാ. ജിയാന്‍ലൂയിജി പാസ്കുലെ മരണം വരെ അവന്റെ കുമ്പസാരക്കാരനും ആത്മനിയന്താവുമായിരുന്നു. മാതാവിനോടും വി. പാദ്രെ പിയോയോടും അവന് വലിയ ഭക്തിയായിരുന്നുവെങ്കിലും അവന്റെ ഏറ്റവും ഇഷ്ടപ്പെട്ട പ്രാര്‍ത്ഥന സ്വര്‍ഗ്ഗസ്ഥനായ പിതാവേ തന്നെയായിരുന്നുവെന്ന് അവന്റെ അമ്മ സാക്ഷ്യപ്പെടുത്തുന്നു.
രോഗാതുരമായപ്പോള്‍ നിരന്തരം ടെസ്റ്റുകള്‍ക്കും തെറാപ്പികള്‍ക്കും വിധേയനായിക്കൊണ്ടിരുന്നുവെങ്കിലും അവന് അതെല്ലാം വളരെ ശാന്തതയോടും സ്നേഹത്തോടും അതിനെ നേരിട്ടത്. അവന്റെ പെരുമാറ്റം എല്ലാവരെയും അതിശയിപ്പിച്ചുകളഞ്ഞിരുന്നു. എന്റെ മകന് എപ്പോഴും ചിരിയായിരുന്നു. അവനായിരുന്നു ഞങ്ങളെയും കൂട്ടി ഡോക്ടറെ കാണാന്‍ പോകുന്നതും ഡോക്ടര്‍മാരോട് സംസാരിച്ചിരുന്നതുമെന്ന് അവന്റെ അമ്മ അനുസ്മരിക്കുന്നു. അതിഭീകരമായ സഹനമായിരുന്നുവെങ്കിലും അവന് വളരെ ശാന്തതയോടും സമാധാനത്തോടും കൂടി അതെല്ലാം സഹിച്ചു. ഒരിക്കല്‍ പോലും പരാതി പറഞ്ഞില്ല. മാത്രമല്ല, ഒപ്പമുണ്ടായിരുന്ന രോഗികളെ അവന് ആശ്വസിപ്പിക്കുകയും അവരോടൊപ്പം കളിക്കുകയും ചെയ്തിരുന്നു.
അവന് മാതാവിന്റെ വലിയ ഭക്തനായിരുന്നു. പ്രാര്‍ത്ഥനയില്‍ കൂടുതല്‍സമയം ചിലവഴിക്കാന്കഴിയാത്തതിന് അവന് മാതാവിനോടും ഈശോയോടുമൊക്ക മാപ്പു ചോദിക്കുന്ന വാക്കുകള്‍ അവന് പലപ്പോഴും ഡയറിയില്‍ കുറിച്ചിരുന്നു. ദൈവവുമായി അവന് വളരെ ദൃഡമായ ബന്ധമായിരുന്നു.
മറ്റുള്ളവരെക്കുറിച്ചുള്ള ചിന്തകള്‍
മരണക്കിടക്കയിലും അവന്റെ ചിന്ത മറ്റുള്ളവരെക്കുറിച്ചായിരുന്നു. തന്റെ രോഗം എങ്ങനെയാണ് ജീവിതത്തിലെ ഓരോ നിമിഷത്തിനും നന്ദിപറയേണ്ടതെന്ന് തന്നെ പഠിപ്പിച്ചുവെന്നും ഓരോ ദിവസവും നമ്മുടെ അവകാശമല്ല, ദൈവം നല്കുന്ന സമ്മാനമാണ് അവന് ഡയറിയില്‍ കുറിച്ചിരുന്നു. ഞാന്‍ എന്റെ ജീവിതത്തെ ഇഷ്ടപ്പെടുന്നു. ഞാന്‍ സന്തോഷവാനാണ്. ഞാന്‍ എന്റെ പ്രിയപ്പെട്ടവരോട് വളരെ കടപ്പെട്ടിരിക്കുന്നു. ഏത്ര കാലം ജീവിക്കുമെന്ന് എനിക്കറിയില്ല, അതുകൊണ്ട് ദുഖിച്ചിരുന്നുകൊണ്ട് എന്റെ സമയം കളയുവാന്‍ എനിക്കിഷ്ടമില്ല അവന് ഡയറിയില്‍ എഴുതി.
തന്നെ പ്രതി തന്റെ മാതാപിതാക്കള്‍ക്കുണ്ടായ സഹനങ്ങള്‍ക്ക് അവന് മാപ്പുചോദിച്ചു. കാന്‍സര്‍ വാര്‍ഡില്‍ മറ്റുകുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ട് അവന് എല്ലാവരേയും സന്തോഷിപ്പിച്ചു. ഒരു ദിവസം അവന് മാതാപിതാക്കള്‍ ഒരു ഐപാഡ് സമ്മാനിച്ചപ്പോള്‍, അവന് പറഞ്ഞു, എനിക്കിതുവേണമെന്നില്ല, നമുക്കിത് വിറ്റ് മറ്റു കുട്ടികളെയും അവരുടെ കുടുംബത്തെയും സഹായിക്കാം.
രണ്ടുപ്രാവശ്യം മജ്ജ മാറ്റിവെച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. അവന് അതിന്റെ ഗൗരവത്തെക്കുറിച്ച് നല്ല ബോധമുണ്ടായിരുന്നു. പക്ഷേ, ഒരിക്കലും അവന് പ്രതീക്ഷ വെടിഞ്ഞില്ല. കാന്‍സര്‍ വാര്‍ഡില്‍ കിടന്നുകൊണ്ടുതന്നെ, സ്കൈപ് വഴി അവന് സ്കൂള്‍ പഠനം തുടര്‍ന്നു. ആദ്യത്തെ ട്രാന്‍സ്പ്ലാന്റിനുശേഷം എഴുതിയ പരീക്ഷയില്‍ അവന് സ്കോളര്‍ഷിപ്പും നേടി.
കുരിശ്-അവസാനത്തെ അടയാളം.
കാന്‍സര്‍ അവനെ കാര്‍ന്നുതിന്നുകൊണ്ടിരുന്നു. ഒടുവില്‍ ആരോഗ്യം ക്ഷയിച്ചു. ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായി. മരണത്തിന് രണ്ടുദിവസം മുമ്പ് അവന് പിതാവിനോട് കുരിശുവരയക്കാന് തന്നെ ഒന്നു സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. പിതാവ് അവനെ സഹായിച്ചു. അതായിരുന്നു അവന്റെ അവസാനത്തെ അടയാളം. 2015 ഡിസംബര്‍ 24 ന് 17 വയസ്സായിരിക്കെ അവന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. അവന്റെ സഹനം അവന് സന്തോഷത്തോടെ അതിന്റെ അവസാനം വരെ സ്വീകരിച്ചു.. അവന്റെ അമ്മ പറയുന്നു.
അവന്റെ വിയോഗത്തിനുശേഷം രണ്ടുവര്‍ഷമാകുമ്പോഴേക്കും അവന്റെ വിശുദ്ധിയുടെ പരിമളം പരന്നു തുടങ്ങി. ഇന്ന് അവന്റെ കബറിടത്തില്‍ അനേകരാണ് പ്രാര്‍ത്ഥിച്ചുമടങ്ങുന്നത്. പലര്‍ക്കും അത്ഭുതങ്ങള്‍ ലഭിക്കുന്നു.
Send your feedback to : onlinekeralacatholic@gmail.com