വിശ്വാസത്തിന്റെ കാവൽക്കാരൻ
ജോര്‍ജ് .കെ. ജെ - ജനുവരി 2019
പോളണ്ടിലെ ഏറ്റവും ജനപ്രിയനും ധീരനുമായ ബിഷപ്പായിരുന്നു ഇഗ്നാസി തൊക്കാര്സുക്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയോടൊപ്പം പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെ തറപറ്റിക്കുന്നതിൽ വലിയ പങ്കുവഹിച്ച മഹത് വ്യക്തിയായിരുന്നു അദ്ദേഹം. 1918 ഫെബ്രുവരി 1ന് ജനിച്ചു. 1942ല്‍ വൈദീകനായി. 1966 ല്‍ ബിഷപ്പായി.
ജീവിതത്തിലൂടനീളം കമ്മ്യൂണിസത്തിന് എതിരെ പോരാടുകയും ചെറുത്തുതോൽപ്പിക്കുന്നതിന് കുടപിടിക്കുകയും ചെയ്ത അദ്ദേഹം രണ്ടാം ലോകമഹായുദ്ധക്കാലത്ത് ലുവെളിലും ലുവേവിലും കാറ്റൊവീസിലും ജുതന്മാരെ സഹായിച്ചു. കാത്തലിക് യൂണിവേഴ്സിറ്റികളിൽ ഫിലോസ്ഫി, തിയോളജി അദ്ധാപകനായിരുന്നുവെങ്കിലും പൊതുജീവിതത്തിൽ നിന്ന് ദൈവത്തെ മാറ്റിനിർത്തിയ ഭരണകൂടത്തിനെതിരെ ആരുമറിയാതെ അദ്ദേഹം പടപൊരുതികൊണ്ടിരുന്നു. കാത്തോലിക്കാസഭയുടെ നിലപാടുകളിൽ ഉറച്ചുനിന്നതിന്റെ പേരിൽ അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് രഹസ്യപൊലീസ് പീഡിപ്പിച്ചു. 2012 ഡിസംബറിൽ വിടവാങ്ങുമ്പോൾ അദ്ദേഹത്തിന് 94 വയസ്സായിരുന്നു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയായിത്തീർന്ന വോയിറ്റിവ, സ്റ്റീഫൻ വൈസിൻസ്കി തുടങ്ങിയവര്‍ക്കൊപ്പം കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായിരുന്നു അദ്ദേഹവും.
കിരാതമായ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് അദ്ദേഹം ദേവാലയങ്ങള്‍ പണിതത് വളരെ കൗശലപൂര്‍വമായിരുന്നു. ഫാം ഹൗസ് പണിയുന്നതിനുള്ള അനുവാദം സമ്പാദിച്ച് അദ്ദേഹം അത് ആരുമറിയാതെ ദേവാലയമാക്കിമാറ്റുകയായിരുന്നു പതിവ്. അങ്ങനെ ക്രൈസ്തവസമൂഹത്തെ ശക്തിപ്പെടുത്തുകയും പിൽക്കാലത്ത് പോളണ്ടിന്റെ പതനത്തിലേയ്ക്ക്ക് നയിച്ച സോളിഡാരിറ്റി പ്രസ്ഥാനത്തിന് വിത്തുവിതയക്കുകയും ചെയ്തു. കമ്മ്യൂണിസം വൈകാതെ തകർന്നുവീഴുമെന്ന അദ്ദേഹത്തിന്റെ വാക്കുകൾ പിന്നീട് ശരിയാണെന്നു തെളിഞ്ഞു. ഈ നൂറ്റാണ്ടിന്റെ അന്ത്യത്തോടെ കമ്മ്യൂണിസം കൂപ്പുകുത്തുമെന്ന് 1970ൽ ആർച്ചൂബിഷപ്പ് ഇഗ്നാസി പ്രവചിച്ചപ്പോൾ ആരും വിചാരിച്ചില്ല അദ്ദേഹത്തിന്റെ വാക്കുകൾ അറംപറ്റുമെന്ന്. കമ്മ്യൂണിസം കാര്യക്ഷമമല്ലെന്നും ജനങ്ങൾക്ക് വേണ്ടത് ദൈവത്തെയാണെന്നും ജീവിതവും അനുഭവവും തന്നെ പഠിപ്പിച്ചുവെന്നുമുള്ള വാക്കുകൾ ഇന്നും അർത്ഥവത്താണ്.
തീയിൽ കുരുത്ത പൗരോഹിത്യും
രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ ഇഗ്നാസി ലാവോവിലെ ജാൻ കാസിമിഴേസ് സെമിനാരിയിൽ പഠിക്കുകയായിരുന്നു. യുദ്ധം സെമിനാരിയുടെ പ്രവർത്തനത്തെ ബാധിച്ചു. സോവിയേറ്റ് യൂണിയനും പിന്നീട് ജർമ്മനിയും പോളണ്ടിനെ കിഴടക്കിയതോടെ ജീവിതം ദുഷ്ക്കരമായി. ആ സമയത്ത് ഇഗ്നാസി സെമിനാരിയിൽ രണ്ടാം വർഷവിദ്യാർത്ഥിയായിരുന്നു. ജനങ്ങളെ വെടിവെച്ചുകൊല്ലുകയും അറസ്റ്റ് ചെയുകയും ചെയ്യുന്ന കാലം. അനേകരെ സൈബീരിയയിലേക്കും കസാഖ്സ്ഥാനിലേക്കും നാടുകടത്തി. റെഡ് ആർമിയിൽ അംഗമാകാൻ ഭയന്ന് അദ്ദേഹം ഒളിവിൽ കഴിഞ്ഞു. സാവധാനം സെമിനാരി അടച്ചുപൂട്ടി, യൂണിവേഴ്സിറ്റിയിൽ നിന്ന് തിയോളജി പഠിച്ചെടുത്തു. എന്നാൽ റെക്ടര്‍ അണ്ടർഗ്രൗണ്ട് ക്ലാസുകൾ സംഘടിപ്പിച്ചു. ഈ കാലഘട്ടത്തിലായിരുന്നു ഇഗ്നാസി പൗരോഹിത്യും സ്വീകരിച്ചത്. ജൂൺ 21, 1942 ൽ ലാവോവിലെ യൂജിനിയസ് ബാസിയാക് എന്ന ബിഷപ്പായിരുന്നു പട്ടം നൽകിയത്. ഭീകരതയുടെയും പട്ടിണിയുടെയും നടുവിൽ ആ ചെറുപ്പക്കാരനായ വൈദീകന് തന്റെ മിനിസ്ട്രിയ്ക്ക് തുടക്കം കുറിച്ചു. ജർമ്മൻകാരും സോവിയേറ്റ് പടയാളികളും പോളണ്ടിലെ ജനതയോടും ഉക്രേനിയൻ ജനതയോടും ബദ്ധവൈരം പുലർത്തിയിരുന്നു. തുടർന്നു നടന്ന കൂട്ടകുരുതിയിൽ അദ്ദേഹത്തിന് തന്റെ രണ്ടു കസിൻസിനെ നഷ്ടമായി. അത്ഭുതമെന്നു പറയട്ടെ, ഇഗ്നാസിയെ ദൈവം കാത്തുരക്ഷിച്ചു.
1945 മെയ് മാസത്തിൽ ലാവോവിലെ ഫാ. ഇഗ്നാസി സെന്റ് മേരി മഗ്ദാലനാ ദേവാലയത്തിൽ ജോലിചെയ്യുകയായിരുന്നു. പിന്നീട് അവിടുന്ന് കറ്റോവീസിലെ വികാരിയായി മാറിപ്പോയി. അദ്ദേഹം കുടിയേറ്റജനതയെ വേദപാഠം പഠിപ്പിക്കുവാൻ തുടങ്ങി. പോളണ്ടിലെ ടോട്ടാലിറ്റേറിയൻ ഭരണത്തിനെതിരാണ് താനെന്ന സത്യം അദ്ദേഹം ഒരിക്കലും മറച്ചുവെക്കാൻ ശ്രമിച്ചില്ല. അദ്ദേഹത്തിന് അറിയാമായിരുന്നു കമ്മ്യൂണിസ്റ്റ് അനുഭാവികൾ അദ്ദേഹത്തിന്റെ നിലപാടുകൾക്കെതിരാണ് എന്ന്. ഡോക്ടറേറ്റ് പൂർത്തിയാക്കിയ അദ്ദേഹം ലുബ്ലിനിലെ മേജർ സെമിനാരിയിൽ ലക്ചററായി നിയമിതനായി.കമ്മ്യൂണിസ്റ്റുകാർ സെമിനാരിയുടെ റെക്ടര്‍ ഫാ. ആന്റോണിയെ അറസ്റ്റ് ചെയ്തു അതോടെ അദ്ദേഹം യൂണിവേഴ്സിറ്റി വിട്ടു. 1952 ൽ അദ്ദേഹം വാർമിയ എന്ന സ്ഥലത്ത് തന്റെ മാതാപിതാക്കളുടെ ഫാമിനോട് ചേർന്ന് താമസമാക്കി. ഈ കാലഘട്ടത്തിൽ അദ്ദേഹം മേജർ സെമിനാരിയിൽ പഠിപ്പിച്ചു. അദ്ദേഹം അനേകം വൈദികർക്ക് പരിശീലനം നൽകി പുറത്തേയ്ക്കയച്ചു. അവിടുത്തെ ലേബർ ക്യാമ്പുകളും തടവറകളും എതിരാളികളെകൊണ്ട് നിറഞ്ഞു. അധികാരികൾ പ്രൈവറ്റ് ഓണർഷിപ്പ് നിഷേധിച്ചു. വില്ലേജുകളിൽ കളക്റ്റീവ് ഫാമിംഗ് ആരംഭിച്ചു. പോളണ്ട് കമ്മ്യൂണിസ്റ്റ് റഷ്യ പോലെ ആക്കാനായിരുന്നു അവരുടെ ശ്രമം.
1965 ഡിസംബർ ഫാ. ഇഗ്നാസിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലായിരുന്നു. ഡിസംബർ 3ന് പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ പ്രസിംമിസിലെ ബിഷപ്പായി ഉയർത്തി. കമ്മ്യൂണിസം എന്നത് നിയമത്തിന്റെ മൂടുപടമണിഞ്ഞ അരാജകത്വമാണെന്ന് അദ്ദേഹം വെട്ടിത്തുറന്നു. അദ്ദേഹത്തിന് ആരെയും കൂസലില്ലായിരുന്നു. രഹസ്യപോലീസ് ബിഷപ്പിനെതിരെ പ്രചരണം അഴിച്ചുവിട്ടു. അദ്ദേഹം ഉക്രേനിയന്‍ പൗരനാണെന്ന് കിംവദന്തി പരത്തി. അവരുടെ ഭീഷണിയ്ക്ക് അദ്ദേഹം വഴങ്ങിയില്ല. അദ്ദേഹം തന്റെ ഇടവകകളും ദേവാലയങ്ങളും സന്ദർശിച്ച് ദിവ്യബലിയർപ്പിച്ചുകൊണ്ടിരുന്നു. അദ്ദേഹം എല്ലാ കാത്തോലിക്കരുടെയും ഭവനകൾ സന്ദർശിച്ചു. ബിഷപ്പിനെതിരെ ജനങ്ങളെ തിരിച്ചുവിടാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു.
ഞാൻ പ്രസിംസില് രൂപതയുടെ ബിഷപ്പായി ചാര്ജെജടുക്കുമ്പോള് പോളണ്ടിൽ കുമ്മ്യൂണിസം 20 വയസ്സുപൂർത്തിയാക്കിയിരുന്നു. അനേകം ചെറുപ്പക്കാർ വിശ്വാസം നഷ്ടപ്പെട്ട് ഭൗതികവാദത്തിലേക്ക് തിരിഞ്ഞു. പലപ്പോഴും അത് മടികൊണ്ടോ, ജോലി നഷ്ടപെടുമെന്നുള്ള പേടികൊണ്ടായിരുന്നു. അതുകൊണ്ട് തന്റെ പ്രധാന ദൗത്യം പേടിയുടെ മാറ തകർക്കുകയായിരുന്നുവെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു.
കമ്മ്യൂണിസ്റ്റുകാരെ കളിപ്പിച്ച് ദേവാലയം പണിത ബിഷപ്
ഭീഷണികൾക്ക് നടുവിലും ബിഷപ് ഇഗ്നാസി വൈദികര്‍ക്ക് ധീരമായ പിന്തുണ നൽകി. ദൈവത്തിന്റെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരോട് അദ്ദേഹത്തിന് വലിയ ഇഷ്ട്ടമായിരുന്നു. അദ്ദേഹം കമ്മ്യൂണിസ്റ്റുകാരെ കളിപ്പിച്ച് അനേകം ദേവാലയങ്ങൾ പണിതുകൊണ്ടിരുന്നു. അദ്ദേഹം അവരെ കൂസാതെ 25 വർഷം കൊണ്ട് 220 പുതിയ ഇടവകകൾ ഉണ്ടാക്കി. 400ലധികം ദേവാലയങ്ങൾ നിർമ്മിച്ചു. ദേവാലയം തങ്ങളുടെ വീടാണു എന്ന് ജനങ്ങളെ ഓർമിപ്പിക്കുകയായിരുന്നു ലക്ഷ്യം. അവർ അദ്ദേഹത്തെ നിരന്തരം പീഡിപ്പിച്ചു. അനേകരെ തടവറയിലേക്കും മരണത്തിലേക്കും അയച്ചെങ്കിലും ഭരണകൂടത്തിന് അദ്ദേഹത്തെ തൊടുവാൻ പോലും കഴിഞ്ഞില്ല. മരണം വരെ അദ്ദേഹം കമ്മ്യൂണിസത്തിനെതിരെ നിലകൊണ്ടു. ജീവിച്ചിരുന്ന ഹീറോയായിട്ടാണ് വിശ്വസികള്‍ അദ്ദേഹത്തെ ദർശിച്ചത്. കമ്മ്യൂണിസത്തിന്റെ പതനത്തിന് വഴിതെളിച്ച പ്രമുഖരില്‍ ഒരാളായിരുന്നു ബിഷപ് ഇഗ്നാസി.
Send your feedback to : onlinekeralacatholic@gmail.com