അബോര്‍ഷന്റെ ഭീകരതയില്‍നിന്ന് സത്യത്തിന്റെ വെളിച്ചം കണ്ടെത്തിയ മനുഷ്യന്
ജിയോ ജോര്‍ജ് - ഫെബ്രുവരി 2019
സ്റ്റാന്‍ഡ്ഫോര്‍ഡ് യുനിവേഴ്സിറ്റി സോഷ്യല്‍ റിസേര്‍ച്ചര്‍ ആയ സ്റ്റീവ് മോഷറുടെ അസത്യത്തില്‍ നിന്നും സത്യത്തിലേയ്ക്കുള്ള യാത്ര വിസ്മയകരമാണ്. അബോര്‍ഷനുള്ള അവകാശവും സ്വാതന്ത്ര്യവും ലോകമെങ്ങും ചര്‍ച്ചചെയ്യപ്പെടുന്ന കാലം. 1980-ല്‍ ചൈനയിലെ ഗ്രാമങ്ങളില്‍ രാഷ്ട്രീയമാറ്റത്തിന്റെ പ്രതിദ്ധ്വനികളെക്കുറിച്ച് പഠിക്കാനും നിര്‍ബന്ധിത അബോര്‍ഷനെക്കുറിച്ച് ഡോക്യമെന്റ് ചെയ്യാനും നിയോഗിക്കപ്പെട്ട ആദ്യത്തെ അമേരിക്കന്‍ സോഷ്യല്‍ സയന്റിസ്റ്റായിരുന്നു സ്റ്റീവ് മോഷര്‍. അബോര്‍ഷനെക്കുറിച്ച് പഠിക്കുവാന്‍ പോയി, അതിന്റെ വിമര്‍ശകനായി, പിന്നെ പ്രോലൈഫ് പ്രവര്‍ത്തകനായി ഒടുവില്‍ കത്തോലിക്കവിശ്വാസിയായി മാറിയ മോഷറിന്റെ കഥ ഒരു സിനിമാക്കഥപോലെ സംഭവബഹുലമാണ്.
നിര്‍ബന്ധിത അബോര്ഷന് സെന്ററുകള്‍
ചൈനയില്‍ ഒരു കുട്ടിമാത്രം മതിയെന്ന നിയമം ഭരണകൂടം നിഷ്ഠൂരമായ അടിച്ചേല്പിക്കുന്ന പശ്ചാത്തലം. നിര്‍ബന്ധിത അബോര്ഷന് ക്ലിനിക്കുകളിലേയ്ക്ക് ഗര്‍ഭിണികളെ പിടിച്ചുവലിച്ചുകൊണ്ടുപോകുന്ന കാഴ്ചകള്‍ അവിടെ സാധാരണമായിരുന്നു. ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കുവാന്‍ വലിച്ചിഴച്ചുകൊണ്ടുപോകുന്ന അമ്മമാരുടെ കണ്ണീരും വിലാപവും കൊല്ലപ്പെടുവാന്‍ പോകുന്ന ഉദരത്തിലെ കുഞ്ഞിനുവേണ്ടിയുള്ള അവരുടെ നിലവിളികളും പ്രാര്‍ത്ഥനകളും മോഷറുടെ ഉറക്കം കെടുത്തി. അബോര്‍ഷനെ ലാഘവത്വത്തോടെ കാണുന്ന അമേരിക്കക്കാരന്റെ മനോഭാവത്തോടെ അദ്ദേഹം അതിന് സാക്ഷ്യം വഹിച്ചുപേന്നു. എങ്കിലും ഏതോ ഒരു ദുസ്വപ്നം പോലെ ധാര്‍മ്മിക അപേക്ഷികവാദത്തിന്റെ വാക്താവായിരുന്ന മോഷറുടെ മനസ്സിനെ അലട്ടിത്തുടങ്ങി. ഒടുവില്‍ അത് അദ്ദേഹത്തെ വിശ്വാസത്തിലേയ്ക്കും പ്രോലൈഫ് പ്രസ്ഥാനങ്ങളിലേയ്ക്കും നയിച്ചു.
നരകം തുറന്നുവെച്ചതുപോലെയായിരുന്നു ചൈനയിലെ നിര്‍ബന്ധിത അബോര്ഷന് സെന്ററുകള്‍. ഒരു പക്ഷേ, ആ ദുരിതപൂര്‍ണമായ കാഴ്ചകളാണ് തന്നെ ദൈവത്തിലേക്കും ക്രൈസ്തവവിശ്വാസത്തിലേയ്ക്കും നയിച്ചതെന്ന് അദ്ദേഹം അനുസ്മരിക്കുന്നു. അമ്മമാരുടെ ഉദരത്തിലെ ഓരോ ജീവനും എത്രയോ വിലപ്പെട്ടതാണെന്ന സത്യം തിരിച്ചറിയാന്‍ ആ അമ്മമാരുടെ രോദനങ്ങള്‍ അദ്ദേഹത്തെ സഹായിച്ചു. അല്ലാതെ, സ്ത്രീസ്വാതന്ത്ര്യത്തിന്റെ പേരില്‍ ബലികഴിക്കുവാനുള്ള ചാപിള്ളകളല്ല അമ്മമാരുടെ ഉദരങ്ങളിലുറങ്ങുന്നതെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് ഇന്ന് അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച പ്രോലൈഫ് പ്രവര്‍ത്തകനായി വാര്‍ത്തെടുത്തു.
വിലാപങ്ങളില്‍ നിന്നും വിശ്വാസം
ദേവാലയങ്ങളില്‍ നിന്നല്ല അബോര്ഷന് ക്ലിനിക്കുകളിലെ വിലാപങ്ങളില്‍ നിന്നായിരുന്നു അദ്ദേഹം വിശ്വാസം കണ്ടെത്തിയത്. അബോര്ഷന് ക്ലിനിക്കുകളിലെ വിലാപങ്ങള്‍ക്കു സാക്ഷ്യം വഹിക്കാന്‍ അവസരം ലഭിച്ചില്ലായിരുന്നെങ്കില്‍ മോഷര്‍ ഇന്നും അബോര്ഷന് സ്ത്രീകളുടെ അവകാശമെന്ന് വാദിക്കുന്നവരുടെ വാക്താവായി നിലകൊള്ളുമായിരുന്നു. മറ്റുള്ളവരുടെ സഹനങ്ങളാണ് അദ്ദേഹത്തിന്റെ ആത്മാവില്‍ വിശ്വാസത്തിന്റെ വിത്ത് മുളപ്പിച്ചത്. ലോകത്തില്‍ തിന്മ ഉണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത് ചൈനയിലെ അബോര്ഷന് ക്ലിനിക്കില്‍ വെച്ചായിരുന്നു. തിന്മ ഉണ്ടെങ്കില്‍ എന്തുകൊണ്ട് നന്മ ഉണ്ടായിക്കൂട എന്ന ചിന്ത അദ്ദേഹത്തെ വേട്ടയാടാന്‍ തുടങ്ങി. അത് ആത്യന്തിക സത്യത്തിലേക്ക് അദ്ദേഹത്തെ നയിച്ചു.
നന്മ അന്വേഷിച്ചാല്‍ നീ ദൈവത്തെ കണ്ടെത്തുമെന്നും ദൈവമാണ് പ്രപഞ്ചത്തിലെ എല്ലാ നډകളുടെയും ഉറവിടമെന്നുമാണ് അദ്ദേഹത്തിന്റെ ദര്‍ശന.
ജീവന്റെ മഹത്വത്തെ ഉത്ഭവനിമിഷം മുതല്‍ സ്വഭാവിക മരണം വരെ സംരക്ഷിക്കുന്ന ഒരേയൊരു പ്രസ്ഥാനം കത്തോലിക്കസഭ മാത്രമാണ്. അതാണ് സത്യത്തിന്റെ പൂര്‍ണത.അതുകണ്ടെത്തിയ മോഷര്‍ പിന്നെ അമാന്തിച്ചില്ല. കത്തോലിക്ക സഭയില്‍ അംഗമായി.
നിര്‍ബന്ധിത അബോര്‍ഷനെക്കുറിച്ച് പഠിക്കാന്‍ പോയി. ചൈനീസ് ഗവണ്മെന്റിന്റെ നിഷ്ഠൂരമായ അബോര്‍ഷനെക്കുറിച്ച് പേപ്പറുകള്‍ അവതരിപ്പിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന് വളരെയധികം എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. സ്റ്റാന്‍ഡ്ഫോര്‍ഡ് യുനിവേഴ്സിറ്റിയുമായുള്ള ബന്ധം വരെ വിച്ഛേദിക്കുവാന്‍ അവര്‍ സമ്മര്‍ദ്ദം ചെലുത്തി. അതോടെ, അദ്ദേഹവും ഭാര്യയും പ്രോലൈഫ് പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു. കാരണം
പ്രോലൈഫ് പാതയില്‍
എന്തൊക്കെ സമ്മര്‍ദ്ദമുണ്ടായിട്ടും സത്യത്തെ അബോര്‍ട്ട് ചെയ്യുവാന്‍ അദ്ദേഹം തയാറായില്ല. പ്രോലൈഫ് ചിന്തകളുമായി മുന്നേറുമ്പോഴായിരുന്നു ഹ്യൂമന്‍ ലൈഫ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ബെനഡിക്ടൈന്‍ ഫാദര്‍ പോള്‍ മാര്‍ക്സ് അദ്ദേഹത്തെ ഒരു പ്രോലൈഫ് കോണ്ഫ്രന്സില് സംസാരിക്കുവാന്‍ ക്ഷണിച്ചത്. അത് വലിയ വഴിത്തിരിവായി. ഫാദര്‍ മാര്‍ക്സ് അദ്ദേഹത്തിന്റെ ആത്മീയ ഗുരുവായി. കത്തോലിക്കസഭയുടെ മതബോധനവും കാര്യങ്ങളും മനസ്സിലാക്കിക്കൊടുത്തു. പ്രോലൈഫ് പ്രസ്ഥാനത്തിന് ശക്തി പകരാന്‍ അദ്ദേഹം തനിച്ചല്ല. വാക്കുകളില്‍ മാത്രം പ്രോലൈഫ് അല്ല മറിച്ച് പ്രവര്‍ത്തിയിലും അദ്ദേഹം ഫോര്‍ ലൈഫ് തന്നെയാണ്. ജീവന്റെ മാഹാത്മ്യം കണ്ടെത്തിയ അദ്ദേഹത്തിന്റെ പ്രോലൈഫ് പ്രസ്ഥാനത്തിന് പിന്തുണയുമായി അദ്ദേഹത്തോടൊപ്പം വേദികള്‍ പങ്കിടാന്‍ അദ്ദേഹത്തിന്റെ ഒമ്പതു മക്കളുമുണ്ട്. ഇതിലും വലിയെ സാക്ഷ്യമെന്തിനാണ്.
മരണസംസ്ക്കാരത്തിന്റെ വിമര്ശകന്
ഇന്ന് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പോരാട്ടം മരണസംസ്ക്കാരത്തിനെതിരെയാണ്. അമിതമായ ജനസംഖ്യാവര്‍ദ്ധനവ് എന്ന മിത്തിനെ വെളിപ്പെടുത്തുവാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം. ജനനനിയന്ത്രണത്തിന്റെ പേരില്‍ നടത്തുന്ന കൂട്ടക്കുരുതികള്‍ക്ക് അറുതിവരുത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. മനുഷ്യനാണ് ലോകത്തിന്റെ ഏറ്റവും വലിയ മൂലധനം. പോപ്പുലേഷന്‍ കണ്ട്രോള്: റിയല്‍ കോസ്റ്റസ് ആന്റ് ഇല്യൂസറി ബെനഫിറ്റ്സ് എന്ന അദ്ദേഹത്തിന്റെ പുസ്തകം അടുത്തകാലത്ത് വളരെയധികം ശ്രദ്ധനേടിയിരുന്നു. നീ വലിയ പദവികള്‍ സ്വന്തമാക്കിയാലും ആത്മാവിനെ നഷ്ടമാക്കിയാല്‍ എന്തുനേട്ടം എന്ന തിരിച്ചറിവാണ് അദ്ദേഹത്തെ സ്റ്റാന്‍ഫോര്‍ഡ് യുനിവേഴ്സിറ്റിയിലെ ഉന്നതപദവികള്‍ വലിച്ചെറിഞ്ഞ് പ്രോലൈഫ് പ്രവര്‍ത്തകനാക്കി മാറ്റിയത്.
Send your feedback to : onlinekeralacatholic@gmail.com