നിലത്തുവീണ തിരുവോസ്തി തിരുശരീരമായി മാറിയ സോകോല്‍കയിലെ അത്ഭുതം
ജോര്‍ജ് .കെ. ജെ - ജൂലൈ 2019
ബലിവേദിയില്‍ അപ്പവും വീഞ്ഞും സത്യത്തില്‍ ഈശോയുടെ ശരീരവും രക്തവുമായി മാറുന്നുണ്ടോ? അതോ അതൊക്കെ വെറും അടയാളങ്ങള്‍ മാത്രമോ? ഇങ്ങനെ ഒരിക്കലെങ്കിലും ചിന്തിക്കാത്ത ഒരു ക്രൈസ്തവന് പോലും ലോകത്തിലുണ്ടാകില്ല. എങ്കില്‍ ഇനി നിങ്ങള്‍ക്ക് അത്തരമൊരു സംശയത്തിന് വകയില്ല. കാരണം പോളണ്ടിലെ സോകോല്‍കയില്‍ നടന്ന ദിവ്യകാരുണ്യാത്ഭുതം നമ്മുടെ സംശയങ്ങളെ ഇല്ലാതാക്കുന്നു. നിലത്തുവീണുപോയ ഓസ്തിയില് പ്രത്യക്ഷപ്പെട്ട രക്തക്കറ മരണാസന്നനായ ഒരു വ്യക്തിയുടെ ഹൃദയത്തിന്റെ ഭാഗമാണെന്ന് ഗവേക്ഷകര്‍ തെളിയിച്ചിരിക്കുന്നു.
സോകോല്‍കയിലെ അത്ഭുതം
2008 ഒക്ടോബര്‍ 12 നായിരുന്നു സോകോല്‍കയിലെ ദിവ്യകാരുണ്യാത്ഭുതം നടന്നത്. സോകോല്‍കയിലെ സെന്റ് ആന്റണി ദേവാലയത്തില്‍ രാവിലെ 8.30 നുള്ള കുര്‍ബാന നടന്നുകൊണ്ടിരിക്കുന്നു. വിശ്വാസികള്‍ക്ക് ദിവ്യകാരുണ്യം നല്കിക്കൊണ്ടിരിക്കെ ഒരു തിരുവോസ്തി വൈദികന്റെ കൈയില്‍ നിന്നും അറിയാതെ താഴെ വീണു. വൈദികന് പെട്ടെന്നുതന്നെ കുനിഞ്ഞ് ആ ദിവ്യോസ്തി തിരികെയെടുത്തു. സാധാരണ ചെയ്യാറുള്ളതുപോലെ, നിലത്തുവീണ തിരുവോസ്തി വൈദികന് വെള്ളം നിറച്ചുവെച്ചിട്ടുള്ള ചെറിയൊരു പാത്രത്തില്‍ നിക്ഷേപിച്ചു. അവിടെയുള്ള ദേവാലയങ്ങളില്‍ സക്രാരിക്കു സമീപം അത്തരത്തിലൊരു പാത്രം സാധാരണമായിരുന്നു. നിലത്തുവീണുപോകുന്ന തിരുവേസ്തി അതില്‍ നിക്ഷേപിച്ച് അലിഞ്ഞുകഴിയുമ്പോള്‍ പരിപാവനതയോടെ ഒഴിവാക്കുകയായിരുന്നു അവിടുത്ത രീതി. ദിവ്യകാരുണ്യസഭാംഗമായ സി. ജൂലിയ ഡുബോസ്കയായിരുന്നു ആ ദേവാലയത്തിലെ സാക്രിസ്റ്റിയന്. കുര്ബാനയക്കുശേഷം, വികാരിയായ ഫാ. സ്റ്റനിസ്ലാവുസ് ഗ്നെയ്ഡിസ്കോയുടെ നിര്‍ദ്ദേശമനുസരിച്ച് സിസ്റ്റര്‍ ജൂലിയ ആ ദിവ്യകാരുണ്യം മറ്റൊരു പാത്രത്തിലേക്ക് മാറ്റി. തിരുവോസ്തി അലിഞ്ഞുപോകുവാന് സമയമെടുക്കുമെന്നറിയാമായിരുന്നതുകൊണ്ട് സങ്കീര്‍ത്തിയിലെ സുരക്ഷിതമായൊരു ലോക്കറില്‍ ആ പാത്രം വെച്ച് ലോക്ക് ചെയ്തു. വികാരിയച്ചന്റെയും സി. ജൂലിയയുടെയും കൈയില്‍ മാത്രമേ അതിന്റെ താക്കോല്‍ ഉണ്ടായിരുന്നുള്ളു.
ഒരാഴ്ചയ്ക്കുശേഷം ഒക്ടോബര്‍ 19 ന് മിഷന് സണ്േഡേയായിരുന്നു. വികാരിയച്ചന് സിസ്റ്ററിനെ ആ ഓസ്തിയുടെ കാര്യം ഓര്‍മ്മിപ്പിച്ചു. സിസ്റ്റര്‍ ചെന്ന് ആ മുറി തുറന്നു. മുറി തുറന്നപ്പോള്‍ തന്നെ പുളിക്കാത്ത അപ്പത്തിന്റെ നറുമണം. ലോക്കര്‍ തുറന്ന് പാത്രം തുറന്നുനോക്കിയപ്പോള്‍ അതാ ദിവ്യകാരുണ്യം അലിയാതെ വെളളത്തില്‍ പൊങ്ങിക്കിടക്കുന്നു. മാത്രമല്ല, ഓസ്തിയുടെ നടുവിലായി രക്തക്കറയും, അതൊരു മാംസക്കഷണം പോലെ തോന്നിച്ചു. എന്നാല്‍ പാത്രത്തിലെ വെള്ളത്തിന് യാതൊരു നിറമാറ്റവും ഉണ്ടായിരുന്നില്ല.
സിസ്റ്റര്‍ വികാരിയച്ചനെ വിവരം അറിയിച്ചു. അദ്ദേഹം മറ്റ് വൈദികരോടും അവിടെയുണ്ടായിരുന്ന ഒരു മിഷനറി വൈദികനോടുമൊപ്പം സങ്കീര്‍ത്തിയിലെത്തി. ദിവ്യകാരുണ്യത്തിലെ രക്തപ്പാടുകള്‍ കണ്ട് അവര്‍ ആശ്ചര്യപ്പെട്ടു. എങ്കിലും വളരെ വിവേകത്തോടെ ഇക്കാര്യം അവര്‍ കുറെക്കാലം രഹസ്യമായി സൂക്ഷിച്ചു. കാരണം ദിവ്യോസ്തിയിലുണ്ടായ മാറ്റം ഓര്‍ഗാനിക് വളര്‍ച്ചയോ, കെമിക്കല്‍ റിയാക്ഷനോ മറ്റെന്തെങ്കിലുമോ ആയിരിക്കാമെന്ന് അവര്‍ സംശയിച്ചിരുന്നു. എങ്കിലും വിവരം അവര്‍ മെട്രോപോളിറ്റന്‍ ആര്‍ച്ച്ബിഷപ് ബിയാലിസ്റ്റോക് ഒസ്റോവിസ്കിയെ അറിയിച്ചു. അദ്ദേഹം ചാന്സലറിനോടൊപ്പം സോകോല്‍കെയിലെത്തി. അവിടെ കണ്ട കാഴ്ച അവരെയെല്ലാം അത്ഭുതപ്പെടുത്തി. അദ്ദേഹം ആ ഓസ്തി സുരക്ഷിതമായി തന്നെ സൂക്ഷിക്കുവാനും ഇനി എന്ത് സംഭവിക്കുമെന്ന് നിരീക്ഷിക്കുവാനും അവരോട് നിര്‍ദ്ദേശിച്ചു. ഒക്ടോബര്‍ 29 ന് ദിവ്യോസ്തി ഡിവൈന്‍ മേഴ്സി ചാപ്പലിലേക്ക് മാറ്റി. അവിടുത്തെ സക്രാരിയില്‍ പ്രതിഷ്ഠിച്ചു. പിറ്റേദിവസം ആര്‍ച്ചുബിഷപ്പിന്റെ നിര്‍ദ്ദേശാനുസരണം തിരുവോസ്തി ചെറിയ കുസ്തോതിയിലാക്കി സക്രാരിയില്‍ തന്നെ തിരികെവെച്ചു. 3 വര്‍ഷത്തോളം തിരുവോസ്തി അവിടെ സൂക്ഷിച്ചു. 2011 ഒക്ടോബര്‍ രണ്ടിന് അത് ആഘോഷമായി ദേവാലയത്തിലേക്ക് കൊണ്ടുവന്നു. ആദ്യത്തെ ഒരു വര്‍ഷം അത് രഹസ്യമായി സൂക്ഷിച്ചു. ആ സമയത്ത് സഭാധികൃതര്‍ അത് എന്തുചെയ്യണമെന്നതിനെപ്പറ്റി വിശകലനം ചെയ്തു. ദൈെവത്തില് നിന്നുള്ള അടയാളമാണതെന്ന് അവര്‍ സംശയിച്ചുതുടങ്ങി.
ശാസ്ത്രം തെളിയിച്ച സത്യം
2009 ജനുവരിയില്‍ ദിവോയസ്തിയിലെ രക്തപ്പാടുകള്‍ സ്വഭാവികമായി ഉണങ്ങി, അതൊരു രക്തക്കറപോലെ, രക്തം കട്ടിപിടിച്ചപോലെ തോന്നിച്ചു. അതേ മാസം തന്നെ ആര്‍ച്ചുബിഷപ് ആ തിരുവോസ്തിയില്‍ ഹിസ്റ്റോ പത്തോളജിക്കല്‍ പഠനം നടത്തുവാന്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് 30 ന് അതിനുവേണ്ടി ഒരു എക്ലേസിയല്‍ കമ്മീഷന് സ്ഥാപിച്ചു. ആ തിരുവോസ്തിയില്‍ നിന്നുള്ള ഒരോ കഷണമെടുത്ത് പ്രഫ. മരിയ സൊബാനിക് ലോട്ടോവിസ്ക എം.ഡി, പ്രഫ. സ്റ്റനിസ്ലാവോസ് സുള്‍ക്കോവിസ്കി എം.ഡി എന്നീ ഡോക്ടര്‍മാരെ ഏല്പിച്ചു.
അവര്‍ രണ്ടുപേരും ബിയാലിസ്റ്റോക് യുനിവേഴ്സിറ്റിയിലെ ഹിസ്റ്റോപത്തോളജിസ്റ്റുമാരായിരുന്നു. യുനിവേഴ്സിറ്റിയിലെ പത്തോമോര്‍ഫോളോജി ഡിപ്പാര്‍ട്ട്മെന്റിലായിരുന്നു പഠനം നടത്തിയത്. രണ്ടുപേരും സ്വതന്ത്രമായിട്ടായിരുന്ന പഠനം നടത്തിയത്. പോളിഷ് അക്കാദമി ഓഫ് സയന്‍സസിലെ സയന്റിഫിക് എത്തിക്സ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയമായ നിയമങ്ങളും രീതിയുമനുസരിച്ചായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്. പരീക്ഷണത്തിന്റെ ഓരോ ഘട്ടവും റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അതിനുശേഷം സുവ്യക്തമായ ഡോക്യുമെന്റേഷനോടുകൂടി ബിയാലിസ്റ്റോകിലെ മെത്രാപോലീത്തയ്ക്ക് റിപ്പോര്‍ട്ട് നല്കി.
തിരുവോസ്തിയില്‍ നിന്നു പരീക്ഷണത്തിനായി അടര്‍ത്തിയെടുത്ത കഷ്ണം തുണിയില്‍ ഒട്ടിപ്പിടിച്ചു രക്തക്കറ വളരെ വ്യക്തമായിരുന്നു. രണ്ടുപേരും വ്യത്യസ്തമായിട്ടാണ് പഠനം നടത്തിയതെങ്കിലും കണ്ടെത്തല്‍ ഒന്നുതന്നെയായിരുന്നു. മരണാസന്നനായ ഒരു വ്യക്തിയുടെ ഹൃദയത്തിന്റെ ഭാഗമാണ് അടര്‍ത്തിയെടുത്ത അപ്പക്കഷണമെന്നായിരുന്നു രണ്ടുപേരും കണ്ടെത്തിയത്. ഹൃദയത്തിലെ മസിലിന്റെ അംശമാണ് അപ്പത്തിലുണ്ടായിരുന്നത്. അത് മനുഷ്യന് അസാധമ്യമായ കര്യമാണെന്നു പ്രഫ. മരിയ സോബിക് പ്രഖ്യാപിച്ചു. പുറത്തുന്ന് ഒരു പദാര്‍ത്ഥവും ആ തിരുവേസ്തിയില്‍ ചേര്‍ന്നിട്ടില്ലെന്നും മറിച്ച് ആ അപ്പത്തിന്റെ ഒരു ഭാഗം മരണാസന്നനായ ഒരു വ്യക്തിയുടെ ഹൃദയത്തിന്റെ ഒരംശമായി മാറുകയാണ് ചെയ്തെതെന്നും അവര്‍ അവര്‍ സ്ഥാപിച്ചു. അത് ശാസ്ത്രത്തിന് അതീതമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2009 ജനുവരി 21 ന് നടത്തിയ ഹിസ്റ്റോപത്തോളജിക്കല്‍ പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ച് കൂരിയ ഇങ്ങനെ പറയുന്നു. സോകോള്കയിലെ അത്ഭുതം സഭയുടെ പഠനത്തിന് എതിരല്ല, മറിച്ച് അത് സഭയുടെ വിശ്വാസത്തെ സാധൂകരിക്കുകയാണ് ചെയ്യുന്നത്. കൂദാശവചനങ്ങള്‍ ചൊല്ലിക്കഴിയുമ്പോള്‍ അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവുമായി മാറുമെന്ന് സഭ പഠിപ്പിക്കുന്നു. പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ അപ്പം ക്രിസ്തുവിന്റെ ശരീരവും വീഞ്ഞ് ക്രിസ്തുവിന്റെ രക്തവുമായി മാറുന്നു.
അനുദിനം ലോകത്തെങ്ങുമുള്ള അള്‍ത്താരകളില്‍ ദിവ്യകാരുണ്യം ക്രിസ്തുവിന്റെ ശരീരവും രക്തവുമായി മാറുന്നുവെന്ന് സോകോല്കോയിലെ അത്ഭുതം സാക്ഷ്യപ്പെടുത്തുന്നു.
Send your feedback to : onlinekeralacatholic@gmail.com