രഹസ്യങ്ങളുടെ ചുരുളഴിക്കാനാവാത്ത സാന്റഫെയിലെ സെന്റ് ജോസഫ് സ്റ്റെയര്‍കെയ്സ്
ബോബന് പാരിയ്ക്കാപ്പള്ളി - മാര്‍ച്ച് 2021
ന്യൂ മെക്സിക്കോയിലെ സാന്റ ഫെയിലെ ലൊറേറ്റോ ചാപ്പലില്‍ അത്ഭുതകരമായ ഒരു സ്റ്റെയര്‍കെയ്സ് ഉണ്ട്. അസാമാന്യമായ കരവിരുതിന്റെ അത്ഭുതത്തിന്റെയും പ്രതീകമായ ആ സ്റ്റെയര്‍കെയ്സ് സെന്റ് ജോസഫ് സ്റ്റെയര്‍കെയ്സ് എന്ന് അറിയപ്പെടുന്നു. ആ സ്റ്റെയര്‍കെയ്സിനെ ചുറ്റിപ്പറ്റിയുള്ള രഹസ്യങ്ങള്‍ ഇന്നും അഴിയാക്കുരുക്കായി തുടരുന്നു. സാന്റാഫെ ലൊറേറ്റോ ചാപ്പലിലെ ആ സ്റ്റെയര്‍കെയ്സ് പണിത ആശാരി ആരായിരുന്നു, മരം ഏതായിരുന്നു, എവിടെനിന്ന് കൊണ്ടുവന്നു, 33 പടികളുള്ളതും 360 ഡിഗ്രിയില്‍ രണ്ട് വളവുകളുള്ളതും യാതൊരു സെന്‍ട്രല്‍ സപ്പോര്‍ട്ടും ഇല്ലാത്തതുമായ ഈ സ്പൈറല്‍ സ്റ്റെയര്കെയസിന്റെ ഫിസിക്സ് എന്താണ്. ഈ മൂന്ന് കാര്യങ്ങളാണ് ഇന്നും രഹസ്യമായി നിലകൊളളുന്നത്. നിരവധി പുസ്തകങ്ങളും ടെലിവിഷന്‍ പ്രോഗ്രാമുകളും സിനിമകളും സെന്റ് ജോസഫ് സ്റ്റെയര്‍കെയ്സിനെ ചുറ്റിപ്പറ്റിയിറങ്ങിയിട്ടുണ്ട്.
20 അടി ഉയരമുളള ഈ സ്റ്റെയര്‍കെയ്സിന്റെ ഭാരം മുഴുവന്‍ താഴത്തെ കാലില്‍ മാത്രമാണ് താങ്ങിനിര്‍ത്തുന്നത്. യാതൊരു സെന്‍ട്രല്‍ സപ്പോര്‍ട്ടും ഇല്ലാതെ അതെങ്ങനെ നിന്നുപോകുന്നുവെന്നതാണ് അതിശയം.
1852 ല്‍ സാന്റ ഫെയിലെ ബിഷപ്പിന്റെ കല്പന പ്രകാരം ജീന്‍ ബാപ്റ്റിസ്റ്റ ലാമി എന്ന ആര്‍ക്കിടെക്ട് ചാപ്പല്‍ ഓഫ് ഔര്‍ ലേഡി ഓഫ് ലൈറ്റ് പണിതത്. തന്റെ രൂപതയില്‍ സ്കൂളുകള്‍ തുടങ്ങുവാനെത്തിയ സിസ്റ്റേഴ്സ് ഓഫ് ലോറെറ്റോ എന്ന സന്യാസസഭയ്ക്കുവേണ്ടിയാണ് ആ ചാപ്പല്‍ പണിതത്. ദേവാലയം പണികഴിഞ്ഞപ്പോള്‍, പരിഹരിക്കാനാവാത്ത ഒരു പ്രശ്നം അവശേഷിച്ചു. ദേവാലയത്തിന്റെ മദ്ധ്യഭാഗത്ത് നിന്നും 20 അടി ഉയരത്തിലുളള കൊയര്‍ റൂമിലേക്ക് കയറുവാന്‍ സ്റ്റെയര്‍കെയ്സ് ഇല്ല. ഡിസൈനില്‍ വന്ന വലിയ ഒരബദ്ധം. ചാപ്പല്‍ പണികഴിഞ്ഞപ്പോഴേക്കും അത് പണിത ആര്‍ക്കിടെക്ട് മരിച്ചുപോകുകയും ചെയ്തു. സാധാരണരീതിയിലുള്ള ഒരു സ്റ്റെയര്‍കെയ്സ് പണിതാല്‍ ചാപ്പലില്‍ പിന്നെ ചുരുക്കം പേര്‍ക്കെ ഇരിക്കാനിടമുണ്ടാവു. പിന്നെയുള്ള ഒരു മാര്‍ഗ്ഗം കൊയര്‍ റൂം പൊളിച്ചുകളയുകയാണെന്നും ബില്‍ഡര്‍മാര്‍ സിസ്റ്റേഴിസിനെ അറിയിച്ചു.
എന്തൊക്കെയാണെങ്കിലും സിസ്റ്റര്മാര് കൊയര്‍ റൂമിലേക്ക് ഒരു സ്റ്റെയര്‍കെയ്സ് വേണമെന്ന് നിര്‍ബന്ധം പിടിച്ചു. ഒരു മാര്‍ഗ്ഗം കണ്ടെത്താനാവാതെ എല്ലാവരും കൈയൊഴിഞ്ഞപ്പോള്‍ കന്യാസ്ത്രികള്‍ കാര്പന്റര്മാരുടെ മദ്ധ്യസ്ഥനായ സെന്റ് ജോസഫിന്റെ നൊവേന ചൊല്ലാനാരംഭിച്ചു.
നൊവേന തീര്‍ന്ന ദിവസം ചാപ്പലിനുമുന്നില്‍ ഒരു മനുഷ്യന് എത്തി. സിസ്റ്റര്‍മാരോട് പറഞ്ഞു സ്റ്റെയര്‍കെയ്സ് ഞാന്‍ പണിയാം. പക്ഷേ, ഒരു നിബന്ധനമാത്രം പണികഴിയുന്നതുവരെ അത് രഹസ്യമായിരിക്കും. ആരും ചാപ്പലിനുള്ളിലേക്ക് വരരുത്. എന്തായാലും സിസറ്റര്മാര് സമ്മതം മൂളി.
ആ അപരിചിതനായ മനുഷ്യന് ദേവാലയത്തില്‍ കടന്നു വാതിലടച്ചു. ഒരു വാളും സ്ക്വയറും മറ്റ് ഏതാനും ചെറിയ ടൂളുകളും മാത്രമേ അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നുള്ളു.. മൂന്ന് മാസം കഴിഞ്ഞു പണിപൂര്‍ത്തിയാക്കി ഒരു പൈസപോലും കൂലി വാങ്ങാതെ ആ മനുഷ്യന് അപ്രത്യക്ഷനായി.
ആ സ്റ്റെയര്‍കെയ്സ് പണിയുവാന്‍ മരം എവിടെ നിന്ന് കൊണ്ടുവന്നുവെന്നാ, തന്റെ കൂലി ഇത്രയാണെന്നോ ഒന്നും പറയാതെ ആശാരി മുങ്ങി. ആ സ്റ്റെയര്‍കെയ്സ് പണിയുവാന്‍ ആണിയോ, പശയോ ഒന്നും ഉപയോഗിച്ചിട്ടുമില്ല. ആ കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന നിര്മ്മാണരീതിയായിരുന്നില്ല അത്. മനുഷ്യന് അസാധ്യമായ ഒരു കാര്യമാണ് അതെന്ന് എല്ലാവരും പെട്ടെന്ന് തിരിച്ചറിഞ്ഞു. അത് ആരാണ് പണിതതെന്ന് കണ്ടുപിടിക്കാന്‍ സിസ്റ്റേഴ്സിനോ മറ്റുള്ളവര്‍ക്കോ ആയില്ല. ആളെ കണ്ടെത്താന്‍ പത്രത്തില്‍ പരസ്യം വരെ ചെയ്തു. ഞാനാണ് അത് ചെയ്തതെന്ന് പറഞ്ഞ് പണം വാങ്ങാന്‍ ആരുമെത്തിയില്ല.
ഐതീഹ്യമനുസരിച്ച് 33 ചവിട്ടുപടികളുള്ളതും കരവിരുതിന്റെ അങ്ങേത്തലയുമായ ആ സ്റ്റെയര്‍കെയ്സ് പണിതത് വി. യൗസേപ്പാണെന്ന് വിശ്വസിക്കപ്പെടുന്നു. തങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് പ്രത്യുത്തരമായിട്ടാണ് യൗസേപ്പിതാവ് ആ സ്റ്റെയര്‍കെയ്സ് പണിതുതന്നതെന്ന് അന്നും ഇന്നും ലൊറേറ്റ സിസ്റ്റേഴ്സ് വിശ്വസിച്ചുപോരുന്നു.
Send your feedback to : onlinekeralacatholic@gmail.com