മാന്നാനം കുന്നിലുയര്ന്ന പുണ്യദീപം
ജോര്‍ജ് .കെ. ജെ - ഒക്ടോബർ 2019
അയിത്തവും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞുനിന്നിരുന്ന കാലത്ത് 1805 ഫെബ്രുവരി മാസത്തില്‍ കുട്ടനാട്ടിലെ കൈനകരിയ കുട്ടമംഗലത്തെ ചാവറഭവനത്തില് ഒരു ആണ്കുഞ്ഞു പിറന്നു. മാതൃകാദമ്പതികളായിരുന്ന കുര്യാക്കോസിന്റെയും മറിയത്തിന്റെയും ആറാമത്തെ സന്താനമായിരുന്നു അത്. കുര്യാക്കോസ് എന്ന് ആ കുഞ്ഞിനെ അവര്‍ പേരു ചൊല്ലി വിളിച്ചു. എല്ലാ ജാതിക്കാരെയും ഒരേ പോലെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത കുലീനയും ഗുണവതിയുമായിരുന്നു കുര്യാക്കോസിന്റെ അമ്മ മറിയം. പ്രാര്‍ത്ഥനയുടെ വിശുദ്ധിയില്‍ ജീവിച്ചിരുന്ന അവര്‍ മകനെ വെച്ചുര്‍ പള്ളിയിലെ മാതാവിന് അടിമവെച്ചു. ഞാന്‍ ദൈവത്തിന്റേതാകുന്നു എന്നാണ് കുര്യാക്കോസ് എന്ന സുറിയാനി വാക്കിന്റെ അര്‍ത്ഥം.
ശാന്തസ്വഭാവക്കാരനായിരുന്നു കുര്യാക്കോസ്. കളരിയില്‍ ഒപ്പം പഠിക്കുന്ന കളിക്കൂട്ടുകാരുമായിപ്പോലും വഴക്കുകൂടാത്ത പ്രകൃതം. ഒരിക്കല്‍ അമ്മയ്ക്കൊപ്പം പള്ളിയിലെ പെരുന്നാള്‍ കൂടാന്‍ പോയപ്പോള്‍ കയ്യും കാലും കണ്ണുമൊന്നുമില്ലാതെ ഭിക്ഷ യാചിക്കാനെത്തിയ ഒരുപാടു പേരെ കാണാന്‍ കുര്യാക്കോസിന് ഇടവന്നു. അത് ആ കുഞ്ഞുമനസ്സിനെ അലട്ടാന്‍ തുടങ്ങി. അംഗവൈകല്യമൊന്നുമില്ലാതെ തന്നെ ജനിപ്പിച്ച ദൈവത്തോടുള്ള നന്ദി അടിയുറച്ച ദൈവവിശ്വാസമായി പിന്നീട് അവന്റെ ആത്മാവില്‍ വളര്‍ന്നു പന്തലിച്ചു.
പള്ളിപ്പുറം സെമിനാരിയിലെ പാലയ്ക്കല്‍ തോമാ മല്പ്പാന് ഒരു ദിവസം വീട്ടിലെത്തി. കുര്യാക്കോസിനെ സെമിനാരിയില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ചേന്നങ്കരി പള്ളിയിലെ വികാരിയച്ചനൊപ്പം ഒരു വര്‍ഷം താമസിച്ച് വേദപഠനം നടത്തിയ ശേഷമാണ് സെമിനാരിയില്‍ ചേര്‍ന്നത്. അക്കാലത്ത്, കുട്ടനാട്ടില്‍ കോളറ പടര്‍ന്നുപിടിച്ചു. രേഗം ശമിക്കുന്നതുവരെ ആരും വീടുകളില്‍ നിന്നു പുറത്തിറങ്ങരുതെന്ന കല്പന വന്നു. അതുകൊണ്ടു മാതാപിതാക്കളും ഏക സഹോദരനും രോഗം വന്നു മരിച്ച വിവരം ഏറെ നാളുകള്‍ക്കുശേഷമാണ് ബന്ധുക്കളെത്തി കുര്യാക്കോസിനെ അറിയിച്ചത്. കുടുംബം അന്യം നിന്നുപോകാതിരിക്കാന്‍ വൈദികപഠനം അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പക്ഷേ, തീക്ഷണമതിയായ കുര്യാക്കോസ് പുരോഹിതനാകുവാനുള്ള തീരുമാനത്തില്‍ നിന്നും അണിവിട വ്യതിചലിച്ചില്ല.
തന്റെ ചുമതലകള്‍ക്കൊപ്പം അവകാശങ്ങളും സഹോദരിയെയും ഭര്‍ത്താവിനെയും ഏല്‍പ്പിച്ച ശേഷമാണ് കുര്യാക്കോസ് വീണ്ടും സെമിനാരിയിലേക്ക് മടങ്ങിയത്. സെമിനാരിയില്‍ പാലയ്ക്കല്‍ തോമാ മല്പ്പാന് തന്നെയായാരുന്നു. കുര്യാക്കോസ് ശെമ്മാശന്റെ ആത്മീയഗുരുവും കുമ്പസാരക്കാരനും. സഹപാഠികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ബഹുമാനം തോന്നുന്നവിധം പ്രതിഭാശാലിയും സൗമ്യനുമായിരുന്ന കുര്യാക്കോസ് ശെമ്മാശന് ലത്തീന്‍, സുറിയാനി, പോര്‍ച്ചുഗീസ് ഭാഷകളിലും പ്രാവീണ്യം നേടി 24ാം വയസ്സില്‍ അര്‍ത്തുങ്കല്‍ പള്ളിയില്‍ വച്ച് വരാപ്പുഴ മെത്രാന് മൗറേലിയൂസ് സ്തബിലീനി പിതാവില്‍ നിന്ന് പട്ടം സ്വീകരിച്ചു.
അക്കാലത്ത്, ഇന്ത്യയിലെ കത്തോലിക്കാ സഭയ്ക്ക തനതെന്നു പറയാവുന്ന ഒരു സന്യാസസഭ ഇല്ലായിരുന്നു. മാന്നാനത്ത് സന്യാസമന്ദിരം സ്ഥാപിക്കുക എന്ന ചാവറയച്ചന്റെ ആശയത്തിനു ഗുരുവായ പാലയ്ക്കലച്ചനും പോരൂക്കര തോമ്മാച്ചന് എന്ന വൈദികനും പിന്തുണ നല്കി. പള്ളികളും ജനങ്ങളും പണം നല്കി സഹായിച്ചു. അങ്ങനെ കോട്ടയത്തിനുടത്തുള്ള മാന്നാനം കുന്നില്‍ ആശ്രമം പണിതു. ഭാരതത്തിലെ ആദ്യ തദ്ദേശീയ സഭയായി (സി.എം.ഐ) പിറവിയെടുത്തു.
ചാവറയച്ചന് ആരംഭിച്ച സംസ്കൃത കളരിയായിരുന്നു സി.എം.ഐ സഭയുടെ ആദ്യവിദ്യാഭ്യാസ സ്ഥാപനം. ജനങ്ങളില്‍ നിന്ന് പിടിയരി ശേഖരിച്ചാണു സ്കൂള്‍ തുടങ്ങാനുള്ള വക കണ്ടെത്തിയത്. ജാതിയും മതവും അയിത്തവും കണക്കാക്കാതെ എല്ലാ വിഭാഗങ്ങളില്‍പ്പെട്ട കുട്ടികളെയും സ്കൂളിലെത്തിച്ചു. അവര്‍ക്കായി ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചു. പുസ്തകങ്ങളും സൗജന്യമായി നല്കി.
1864 ലാണ് ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന് ചാവറയച്ചന് കല്പനയിറക്കിയത്. എല്ലാ പള്ളികള്‍ക്കൊപ്പവും വിദ്യാലയങ്ങള്‍ ആരംഭിച്ചു. പള്ളിക്കൂടങ്ങള്‍ അങ്ങനെ പിറവിയെടുത്തു. വാര്‍ധക്യത്തിന്റെ തളര്‍ച്ചയിലും ചാവറയച്ചന് കര്‍മ്മനിരതനായിരുന്നു.
ഒരിക്കല്‍ ഒരു യാത്രകഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ വാതപ്പനി പിടിപെട്ടു കിടപ്പിലായി. രോഗം ഏറിവന്നപ്പോള്‍ മരണം അടുത്തെത്തിയതായി അച്ചനു മനസ്സിലായി. തനിക്ക് അന്ത്യക്കുദാശ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിങ്ങിക്കരഞ്ഞ് അടുത്തുനിന്നവരെ ആശ്വസിപ്പിക്കുക കൂടി ചെയ്തിട്ടാണ് അദ്ദേഹത്തിന്റെ ബോധം മറഞ്ഞത്. 1871 ജനുവരി 3 ന് സംഭവബഹുലമായ ഇഹലോഹവാസത്തിന് വിരാമമിട്ടുകൊണ്ട് ചാവറയച്ചന് അമര്‍ത്യതയിലേക്ക് കടന്നുപോയി.
Send your feedback to : onlinekeralacatholic@gmail.com