ഫ്രാന്‍സിലെ സെന്റ് ജോസഫിന്റെ നീരുറവ
ജെയ്സണ്‍ പീറ്റര്‍ - മാര്‍ച്ച് 2021
പരിശുദ്ധ ദൈവമാതാവ് ലോകത്തിന് നല്കിയ അസംഖ്യം പ്രത്യക്ഷീകരണങ്ങളും വെളിപാടുകളുമായി തുലനം ചെയ്യുമ്പോള്‍,
സഭ അംഗീകരിച്ച യൗസേപ്പിതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ വളരെ കുറവാണ്. എന്നാല്‍, ഫ്രാന്‍സിലെ കോട്ടിജ്നാക് എന്ന സ്ഥലത്തെ യൗസേപ്പിതാവിന്റെ പ്രത്യക്ഷീകരണവും തുടര്‍ന്ന് അവിടെ ഉണ്ടായ നീരുറവയും യൗസേപ്പിതാവിന്റെ അംഗീകരിക്കപ്പെട്ട അത്ഭുതങ്ങളിലൊന്നാണ്. കോട്ടിജ്നാകിലെ ആ നീരുറവ ഇന്ന് അത്ഭുതങ്ങളുടെ കേദാരമാണ്. ലോകത്തിലെ അറിയപ്പെടുന്ന തീര്‍ത്ഥാടനകേന്ദ്രമായി മാറിയ ജോസഫിന്റെ നീരുറവ ആത്മീയവും ശാരിരികവുമായ സൗഖ്യത്തിന്റെ നീരുറവയായി നിലകൊള്ളുന്നു.
1660 ജൂണ്‍ 7. സമ്മര്ക്കാലത്തെ ചുട്ടുപൊള്ളുന്ന ചൂടില്‍ ദാഹിച്ചവശനായിരിക്കുകയായിരുന്നു ഗാസ്പാര്‍ഡ് റിക്കാര്‍ഡോ എന്ന ഇടയന്. കാലികളെ മേയിക്കാന്‍ പോയ അദ്ദേഹത്തിന്റെ കൈയില്‍ കരുതിയിരുന്ന വെള്ളം കാലിയായി. ഒരു നീരുറവയോ, അരുവിയോ ഇല്ല. ദാഹിച്ചവശനായ അദ്ദേഹം തൊട്ടടുത്തുകണ്ട പുല്‍ത്തകിടിയില്‍ അല്പനേരം ഇരുന്നു.
ദാഹിച്ച് പരവശനായി ഇരിക്കുന്ന റിക്കാര്‍ഡോ. അദ്ദേഹത്തിന്റെ സമീപത്ത് ഒരു അപരിചിതനായ മനുഷ്യന് പ്രത്യക്ഷപ്പെട്ടു. തൊട്ടടുത്തുള്ള ഒരു പാറക്കല്ല് ചൂണ്ടിക്കാണിച്ചിട്ട് പറഞ്ഞു-അതെടുത്തുമാറ്റുക. വെള്ളം കുടിക്കുക.
ആ മനുഷ്യന് ചൂണ്ടിക്കാണിച്ച് കല്ല് ഏതായാലും തന്നെക്കൊണ്ട് എടുത്തുമാറ്റാനാകില്ല എന്നാണ് റിക്കാര്‍ഡോ കരുതിയത്. എങ്കിലും ഉപദേശം അദ്ദേഹം നിരസിച്ചില്ല. കല്ലെടുത്തുമാറ്റാന്‍ അദ്ദേഹത്തിന് വളരെ നിഷ്പ്രയാസം സാധിച്ചു. റിക്കാര്‍ഡോയ്ക്ക് കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അതാ ആ കല്ലിനടിയില്‍ ഒരു നീരുറവ.
സന്തോഷം കൊണ്ട് മതിമറന്ന റിക്കാര്‍ഡോ ആ മനുഷ്യനോട് നന്ദിപറയാനായി തിരിഞ്ഞു. പക്ഷേ ആ സമയം കൊണ്ട് ആ അപരിചിതന് അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. ആ അപരിചിതന് വിശുദ്ധ യൗസേപ്പിതാവായിരുന്നുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
ഈ കാഴ്ച അധികനേരം നോക്കിനില്ക്കാന് സാധുവായ ആ ഇടയന് കഴിഞ്ഞില്ല. അദ്ദേഹം വേഗം തന്റെ ഗ്രാമത്തിലേക്ക് ഓടിച്ചെവന്ന് അത്ഭുതകരമായ ഉറവയെക്കുറിച്ച് പറഞ്ഞു. ആളുകള്‍ വെള്ളം ലവലേശമില്ലാത്ത ആ സ്ഥലത്ത് പ്രത്യക്ഷപ്പെട്ട അത്ഭുത ഉറവ കണ്ടു. പെട്ടെന്നുതന്നെ ആ നീരുറവ അത്ഭുതങ്ങളുടെ ഉറവായി മാറി, ആത്മീയവും ശാരീരികവുമായ സൗഖ്യം അനേകര്‍ക്ക് ലഭിച്ചു. വൈകാതെ കോട്ടിജനാകിലെ സെന്റ് ജോസഫിന്റെ നീരുറവ കാണാന്‍ തീര്ത്ഥാടകപ്രവാഹമായി.
Send your feedback to : onlinekeralacatholic@gmail.com