ശുദ്ധീകരണ സ്ഥലത്തെ കള്ളന് എന്നു വിളിച്ചിരുന്ന വിശുദ്ധനെക്കുറിച്ച് കേട്ടിട്ടുണ്ടോ?
സി. അര്‍പ്പണ - നവംബര്‍ 2023
വിശുദ്ധ ജോണ്‍ മാക്കിയാസിനെ ശുദ്ധീകരണസ്ഥലത്തെ കള്ളന് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. കാരണം എന്തായിരുന്നെന്നോ. അദ്ദേഹം നിരന്തരം ജപമാല ചൊല്ലി ശുദ്ധീകരണസ്ഥലത്ത് വേദനയനുഭവിക്കുന്ന അനേകം ആത്മാക്കളെ മോചിപ്പിച്ചു. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി കൊന്ത ചൊല്ലി സമര്‍പ്പിക്കാത്ത ഒരു ദിവസം പോലും അദ്ദേഹത്തിന്റെ ജീവിതത്തിലില്ലായിരുന്നു. അതുകൊണ്ടാകാം അദ്ദേഹത്തിന്റെ ചിത്രം വരക്കുന്നവര്‍ അദ്ദേഹത്തെ ജപമാല കൊണ്ട് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ മോചിപ്പിക്കുന്ന ഒരു വ്യക്തിയായി ചിത്രീകരിച്ചിരിക്കുന്നത്.
അദ്ദേഹം 16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഡൊമിനിക്കന്‍ സഭാംഗമായിരുന്നു. വി. മാര്ട്ടിന് ഡി പോറസിന്റെ സുഹൃത്തുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അമ്മ ഈ ലോകത്തില്‍ അവശേഷിപ്പിച്ചുപോയ ഒരു ജപമാല എപ്പോഴും അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നു. പൈതൃകമായി കിട്ടിയ ഒരു അമൂല്യനിധി പോലെ അമ്മയുടെ കൊന്ത അദ്ദേഹം കാത്തുസൂക്ഷിച്ചു. ഓരോ രാത്രിയിലും വിശുദ്ധന് 3 കൊന്ത ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രത്യേകം കാഴ്ചവെച്ചിരുന്നു. കൂടാതെ, ജോലിസമയത്തും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി അദ്ദേഹം ചെറിയ ചെറിയ പ്രാര്‍ത്ഥനകള്‍ ചൊല്ലിയിരുന്നു. ദിവ്യബലിയില്‍ അദ്ദേഹം അവര്‍ക്കായി നിരന്തരം പ്രാര്‍ത്ഥിച്ചു.
ആശ്രമത്തില്‍ സഹായം തേടി എത്തിയിരുന്നവരെ കൈയയച്ച് സഹായിക്കുന്ന ഒരു വൈദികനായിരുന്നു അദ്ദേഹം. പലപ്പോഴും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തോട് പ്രാര്‍ത്ഥന യാചിച്ചിരുന്നുവത്രെ. താങ്കള്‍ ആശ്രമത്തിലെത്തുന്ന പാവപ്പെട്ടവരുടെയും രോഗികളുടെയും സഹായിക്കുന്ന അവരുടെ സുഹൃത്താണല്ലോ.. ഞങ്ങളെക്കൂടി സ്വീകരിക്കൂ... ദൈവത്തോടും അവിടുത്തെ വിശുദ്ധരോടുമൊത്തായിരിക്കുവാന് ഞങ്ങളെക്കൂടി സഹായിക്കുവെന്ന് ശുദ്ധീകരണസ്ഥലത്ത് വേദനയനുഭവിക്കുന്ന ആത്മാക്കള്‍ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തോട് യാചിച്ചിരുന്നവത്രെ.
നവംബര്‍ മാസം ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനായി സഭ മാറ്റിവെച്ചിരിക്കുന്നു. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ നമ്മുടെ പ്രാര്‍ത്ഥനകൊണ്ട് മോചിപ്പിക്കാനാകും എന്നാണ് സഭ പഠിപ്പിക്കുന്നത്.
ദൈവത്തിന്റെ അതിരില്ലാത്ത കരുണയുടെ പാരമ്യമാണ് ശുദ്ധീകരണസ്ഥലം. ദൈവകരുണയുടെ ഭാഗമായി അനുതപിക്കുന്ന പാപികള്‍ക്ക് പറുദീസായില്‍ പ്രവേശിക്കാന്‍ സജ്ജമാക്കുന്ന സ്ഥലമായി വേണം ശുദ്ധീകരണസ്ഥലത്തെ കാണാന്‍ അല്ലാതെ അത് ഒരു ശിക്ഷാവിധിയുടെ സ്ഥലമല്ല. സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് ആത്മാവിനെ ശുദ്ധീകരിക്കുന്ന സ്ഥലമാണ് ശുദ്ധീകരണസ്ഥലം. സഭ പറയുന്നു...ദൈവത്തിന്റെ സ്നേഹത്തിലും കൃപയിലും മരിക്കുന്നവരാണെങ്കിലും പരിപൂര്‍ണമായി ശുദ്ധീകരിക്കപ്പെട്ടിട്ടില്ലാത്തവര്ക്കും ദൈവം നിത്യരക്ഷ ഉറപ്പാക്കുന്നു. പക്ഷേ, സ്വര്‍ഗ്ഗത്തിന്റെ സന്തോഷത്തിലേക്ക് പ്രവേശിക്കുന്നതിന് അനിവാര്യമായി വിശുദ്ധി നേടുന്നതിന് മരണശേഷം അവര്‍ക്ക് ശുദ്ധീകരണത്തിന് വിധേയമാകേണ്ടിവരും (സിസിസി 1030).
Send your feedback to : onlinekeralacatholic@gmail.com