ടൊറ്റാനിക് മുങ്ങുമ്പോള്‍ പ്രാര്‍ത്ഥനയും കുമ്പസാരവുമായി ഓടിനടന്ന ടൈറ്റാനിക് വൈദികന്
ജോര്‍ജ് .കെ. ജെ - ജൂണ്‍ 2020
ലോകമനസ്സില് നിന്ന് ഇന്നും മായാതെ കിടക്കുന്ന ദുരന്തമാണ് 1912 ലെ ടൈറ്റാനിക് ദുരന്തം. ലോകപ്രശസ്തമായ ദ ടൈറ്റനിക് എന്ന ചിത്രം സൃഷ്ടിക്കപ്പെട്ടത് ആ ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. അനശ്വരമായ പ്രണയത്തിന്റെ കഥ പറയുന്ന ആ ചിത്രം ഇന്നും ലോകത്തെ പ്രകമ്പനം കൊള്ളിക്കുന്നു. എന്നാല്‍, അതിനേക്കാള്‍ നമ്മെ അതിശയിപ്പിക്കുന്നത് ടൈറ്റാനിക് എന്ന കപ്പലിലെ യാത്രക്കാരിലൊരാളായിരുന്ന ഫാ. തോമസ് ബൈല്‍സ് എന്ന വൈദികന്റെ കഥയാണ്. ലൈഫ് ബോട്ടില്‍ കയറി രക്ഷപ്പെടുവാന്‍ മൂന്ന് പ്രാവശ്യം അവസരം ലഭിച്ചിട്ടും അത് നിരസിച്ചുകൊണ്ട് നിര്ഭാഗ്യവാന്മാരായ 1500 യാത്രക്കാര്‍ക്കൊപ്പം കടലിന്റെ അടിത്തട്ടിലേയ്ക്ക് മറഞ്ഞുപോയ ധീരനായ ഒരു വൈദികന്. അനശ്വരമായ മനുഷ്യസ്നേഹത്തിന്റെയും ദൈവസ്നേഹത്തിന്റെയും വീരോചിതമായ വിശ്വാസത്തിന്റെയും കഥയായി മാറിയ ഫാ. ബൈല്‍സ്. പോപ്പ് പീയൂസ് പത്താമന്‍ അദ്ദേഹത്തെ സഭയുടെ രക്തസാക്ഷിയെന്ന് വിളിച്ചു. അദ്ദേഹത്തിന്റെ വിശുദ്ധപദവിയിലേയ്ക്കുള്ള കപ്പല്‍ യാത്ര ആരംഭിച്ചുകഴിഞ്ഞു.
ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നിന്നും ന്യൂയോര്‍ക്കിലേയ്ക്ക് യാത്ര തിരിച്ച ആഡംബര കപ്പലായ ടൈറ്റാനിക്കില്‍ രണ്ടാം ക്ലാസ് ടിക്കറ്റും കൈയില്‍ കൊണ്ടുനടക്കാവുന്ന ചെറിയ ഒരു അള്ത്താരശിലയുമായി എത്തിയ ഒരു യാത്രക്കാരനായിരുന്നു 42 കാരനായ ഫാ. തോമസ് ബൈല്‍സ്. കപ്പലില്‍ അദ്ദേഹത്തെ കൂടാതെ, മറ്റൊരു ജര്‍മ്മന്‍ വൈദികനും ഉണ്ടായിരുന്നു. ക്യാപ്റ്റന്‍ എഡ്വേഡ് സ്മിത്തിനോട് പറഞ്ഞ് കപ്പലില്‍ ബലിയര്‍പ്പിക്കുവാനുള്ള സ്ഥലവും അദ്ദേഹം ഏര്‍പ്പാടാക്കിയിരുന്നു. പ്രൊട്ടസ്റ്റന്റ് സഭയില്‍ നിന്നും കത്തോലിക്ക സഭയിലേക്ക് ചേക്കേറി ഒടുവില്‍ വൈദികനായ വ്യക്തിയായിരുന്നു ബൈല്‍സ്. തന്റെ കത്തോലിക്ക വിശ്വാസത്തെ അത്ഭുതകരമായ സമ്മാനം എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. തന്റെ സഹോദരനായ വില്യമിന് അദ്ദേഹം ഒരിക്കല്‍ എഴുതി തികച്ചും അത്ഭുതകരവും അതീന്ദ്രിയമായ സഹായവും ലഭിക്കുന്നതാണ് തന്റെ കത്തോലിക്ക വിശ്വാസമെന്ന്. ന്യൂയോര്‍ക്കിലുള്ള ആ സഹോദരന്റെ വിവാഹത്തിന് കാര്‍മ്മികത്വം വഹിക്കുവാനായിരുന്നു ടൈറ്റാനിക്കിന്റെ അറ്റ്ലാന്റിക് ട്രിപ്പില്‍ അദ്ദേഹവും ടിക്കറ്റെടുത്തത്.
പ്രൊട്ടസ്റ്റന്റ് സഭയിലെ ഒരു വൈദികനായിരുന്ന ആല്‍ഫ്രഡ് ഹോള്ഡന് ബൈല്‍സിന്റെ ഏഴു മക്കളില്‍ മൂത്ത മകനായി 1870 ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പഠനശേഷം കത്തോലിക്കസഭയിലെത്തിയ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. ബ്രിട്ടീഷ്കാരനായ ഈ വൈദികന് ഇംഗ്ലണ്ടിലെ സെന്റ് ഹെലന് എന്ന ഇടവകയിലെ വികാരിയായിരുന്നു. ഒരു ദശാബ്ദത്തോളം അവിടെ വൈദികനായി സേവനമനുഷ്ഠിച്ചു. അദ്ദേഹം ഇടവകകാര്ക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു. അതുകൊണ്ടാവാം 13 പൗണ്ട് നല്കി ഇടവകക്കാര് ടൊറ്റാനിക് യാത്രയ്ക്ക് ടിക്കറ്റെടുത്തുകൊടുത്തത്.
സുന്ദരനും സുമുഖനുമായ അദ്ദേഹം പെട്ടെന്നു തന്നെ കപ്പലിലുള്ളവര്‍ക്ക് സുപരിചിതനായിത്തീര്ന്നു. കുമ്പസാരവും കുര്‍ബാനയും അദ്ദേഹം അവര്‍ക്കുവേണ്ടി നടത്തി. കപ്പല്‍ തകര്‍ന്ന അന്ന് അദ്ദേഹവും കപ്പലിലുണ്ടായിരുന്ന ജര്‍മ്മന്‍ വൈദികനും ചേര്‍ന്ന ബലിയര്‍പ്പിച്ചു. യാദൃശ്ചികമായി അദ്ദഹം അന്നത്തെ സന്ദേശത്തില്‍ പറഞ്ഞത്. ആത്മീയമായ കപ്പല്ച്ഛേദത്തെക്കുറിച്ചായിരുന്നു. പ്രാര്‍ത്ഥനയും കൂദാശകളുമാകുന്ന ലൈഫ് ബോട്ടുകളായിരിക്കണം ആത്മീയമായ കപ്പല്‍ച്ഛേദത്തില്‍ നിങ്ങള്‍ക്ക് കൂട്ടായിരിക്കേണ്ടെതെന്ന് യാത്രക്കാരോട് അദ്ദേഹം പറഞഞു.
അന്നു രാത്രി 11.40 ന് ടൈറ്റാനിക് മഞ്ഞുമലയില്‍ തട്ടിയപ്പോള്‍ അദ്ദേഹം യാമപ്രാര്ത്ഥനയിലായിരുന്നു. പിന്നീടുള്ള മൂന്നു മണിക്കൂര്‍ അദ്ദേഹം തന്റെ വൈദികജീവിതത്തിലെ സകല പരിചയസമ്പന്നതയും ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ആത്മീയമായ ശുശ്രൂഷകള്‍ നല്കി. ശാന്തരാകു എന്നുപറഞ്ഞുകൊണ്ട് അദ്ദേഹം കപ്പലില്‍ നിന്ന് സ്ത്രീകളെയും കുട്ടികളെയും ലൈഫ് ബോട്ടുകളിലേയ്ക്ക് മാറ്റുന്നതിന് നേതൃത്വം നല്കി. അലറിക്കരഞ്ഞവരെ അദ്ദേഹം ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
അവസാനത്തെ ലൈഫ് ബോട്ടിലും കയറുവാന്‍ അദ്ദേഹത്തോട് പലരും ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് സമ്മതിച്ചില്ല. ബാക്കിയുള്ളവരെ മരണത്തിന് ഒരുക്കുന്നതിനായി അദ്ദേഹം തന്റെ സമയം മാറ്റിവെച്ചു. സഹയാത്രികരെ ജീവിതത്തിലെ ഏറ്റവും ആവശ്യമുള്ള സമയത്ത് ഉപേക്ഷിച്ചുപോകുവാന്‍ അദ്ദേഹം തയാറായില്ല. കുമ്പസാരവും ആശിര്‍വാദവും നല്കി, അവദ്ദേഹം അവരോടൊപ്പം കൊന്തചൊല്ലി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഒടുവില്‍ അദ്ദേഹവും 1500 യാത്രക്കാര്‍ക്കൊപ്പം കടലിന്റെ അടിത്തട്ടില്‍ വിലയം പ്രാപിച്ചു. സഭയക്ക് പുതിയൊരു വിശുദ്ധന് ജനിച്ചു.
ഇന്നും അദ്ദേഹത്തിന്റെ ജീവിതകഥ ടൈറ്റാനിക്ക് ദുരന്തത്തിലെ മായ്ക്കപ്പെടാനാവാത്ത ഏടായി നിലകൊള്ളുന്നു. ലോകം അദ്ദേഹത്തിന്റെ ജീവത്യാഗത്തെക്കുറിച്ച് അറിഞ്ഞത് പിന്നീടായിരുന്നു. ഇംഗ്ലണ്ടില്‍ ഇന്നും ധീരനായ ആ വൈദികന്റെ ജീവത്യാഗം അനുസ്മരിക്കപ്പെടുന്നു.
Send your feedback to : onlinekeralacatholic@gmail.com