അനുദിന ജീവിതത്തിലെ പ്രതിസന്ധികളില്‍ പിടിച്ചു നില്ക്കാന്
വി. പാദ്രെ പിയോ പറഞ്ഞ 8 ഉദ്ധരണികള്‍ മതിയാകും
ജെയ്സണ്‍ പീറ്റര്‍ - ഫെബ്രുവരി 2022
വിശുദ്ധ പാദ്രെ പിയോയെക്കുറിച്ച് കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. പഞ്ചക്ഷതധാരിയായ ഫ്രാന്‍സിസ്കന്‍ വൈദികനായിരുന്നു അദ്ദേഹം. പഞ്ചക്ഷതങ്ങളുടെ ശാരീരികമായ വേദനയും തെറ്റിദ്ധാരണകളുടെ മാനസികമായ വേദനയും സഹനങ്ങളും അദ്ദേഹത്തിന്റെ 81 വര്‍ഷത്തോളം നീണ്ട ജീവിതം നരകതുല്യമാക്കിയിരുന്നു. 1968 സെപ്തംബര്‍ 23 നായിരുന്നു അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്.
എന്നാല്‍ അത്ഭുതകരമെന്നു പറയട്ടെ, ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും അഗ്നിപരീക്ഷകളെയും വേദനകളെയും അദ്ദേഹം പുഞ്ചിരിയോടെ നേരിട്ടു, ദൈവം നല്കിയതെല്ലാം അദ്ദേഹം രണ്ടുകൈയും നീട്ടി സ്വീകരിച്ചു. ഈശോയോടുള്ള അദ്ദേഹത്തിന്റെ അതിരുകാണാത്ത സ്നേഹം ദൈവം തനിക്ക് നല്കിയതെല്ലാം സന്തോഷത്തോടെ സ്വീകരിക്കുന്നതിന് അദ്ദേഹത്തെ സഹായിച്ചു. ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറത്തും കൂടുതല്‍ പ്രസക്തമാണ്. ദൈവപ്രേരിതമായ വിശുദ്ധ പാദ്രെ പിയോയുടെ വാക്കുകള്‍ നമ്മെപ്പോലെയുള്ള വിശ്വാസികള്‍ക്ക് ശക്തിപകര്ന്നുകൊണ്ടേയിരിക്കുന്നു. ഇതാ അദ്ദേഹം പറഞ്ഞ എട്ട് ഉദ്ധരണികള്‍. ചിന്തോദ്ദീപകമായ ഈ വാക്യങ്ങള്‍ ഈ ലോകത്തിലൂള്ള നമ്മുടെ ജീവിതയാത്രയില്‍ വലിയ മുതല്‍ക്കൂട്ടാകും.
നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും നമ്മുടെ വിഷമങ്ങള്‍ അകറ്റുകയും ചെയ്യുന്ന അമാനുഷരായിട്ടാണ് പലപ്പോഴും നാം വൈദികരെ കാണുന്നത്. അവര്‍ക്കും നമ്മുടെ പ്രാര്‍ത്ഥന വേണമെന്ന് നാം എന്നെങ്കിലും പ്രാര്‍ത്ഥിച്ചിട്ടുണ്ടോ. ബലി മധ്യേ വൈദികന് തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് യാചിക്കുമ്പോഴെല്ലാം നാം അത് ശ്രദ്ധിക്കാതെ പോകുന്നു. ദൈവത്തോട് അടുത്തുനില്ക്കുന്ന വൈദികര്ക്കെന്തിനാണ് നമ്മുടെ പ്രാര്‍ത്ഥന എന്നായിരിക്കാം പലരും ചിന്തിക്കുന്നത്.
1. ഇന്നത്തെ സമൂഹം പ്രാര്‍ത്ഥിക്കുന്നില്ല. അതുകൊണ്ടാണ് പരാജയപ്പെട്ടുപോകുന്നത്.
2. നീ അധരം കൊണ്ടുമാത്രമല്ല, ഹൃദയം കൊണ്ടും ഈശോയോട് സംസാരിക്കണം. തീര്‍ച്ചയായും ചില കാര്യങ്ങളില്‍ നീ ഹൃദയം കൊണ്ടു മാത്രം സംസാരിക്കണം.
3. എന്റെ ഭൂതകാലം, ഓ കര്‍ത്താവേ, അങ്ങയുടെ കരുണയ്ക്കും, എന്റെ വര്‍ത്തമാനകാലം അങ്ങയുടെ സ്നേഹത്തിനും, എന്റെ ഭാവി കാലം അങ്ങയുടെ പരിപാലനയ്ക്കും സമര്‍പ്പിക്കുന്നു.
4. നമ്മുടെ കൈയിലുള്ള ഏറ്റവും നല്ല ആയുധം പ്രാര്‍ത്ഥനയാണ്, അതുകൊണ്ടാണ് നാം ദൈവത്തിന്റെ ഹൃദയം തുറക്കുന്നത്.
5. പ്രാര്‍ത്ഥിക്കുക, പ്രതീക്ഷിക്കുക, ആകുലപ്പെടാതിരിക്കുക. ആകുലപ്പെട്ടതുകൊണ്ട് ഒരു കാര്യവുമില്ല. നമ്മുടെ കരുണാമയനായ കര്‍ത്താവ് നിന്റെ പ്രാര്‍ത്ഥന കേള്‍ക്കും.
6. ആത്മീയ ജീവിതത്തില്‍ മുന്നോട്ടു പോകാത്തവര്‍ പിന്നോട്ട് പോകും. മുന്നോട്ടു പോയിക്കൊണ്ടിരിക്കേണ്ട ഒരു ബോട്ട് പോലെയാണ് അത്. അത് നിന്നു പോയാല്‍ കാറ്റ് അതിനെ പിന്നോട്ടു കൊണ്ടുപോകും.
7. ഭയപ്പെടേണ്ട. ഈശോ നരകത്തെക്കാളും ശക്തനാണ്. ഈശോയുടെ നാമം വിളിച്ചപേക്ഷിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിലും, ഭൂമിയിലും നരകത്തിലുമുള്ളവര് മുട്ടുമടക്കും.
8. നിനക്ക് സ്വര്‍ഗ്ഗത്തില്‍ ഒരു പിതാവ് മാത്രമല്ല, ഒരു മാതാവും ഉണ്ടെന്ന് നീ ഓര്‍ക്കണം.അതുകൊണ്ട് നമുക്ക് മേരിയുടെ പക്കലേക്ക് പോകാം. അവള് മാധുര്യമുള്ളവളും, കരുണാമയിയും നന്മപൂര്ണയും നമ്മോട് സ്നേഹമുള്ളവളുമാണ്, കാരണം അവള് നമ്മുടെ അമ്മയാണ്.
Send your feedback to : onlinekeralacatholic@gmail.com