വേളാങ്കണ്ണി-കിഴക്കിന്റെ ലൂര്‍ദ്ദ്
ജോര്‍ജ് .കെ. ജെ - മേയ് 2019
ജീവിതത്തിലൊരിക്കലെങ്കിലും വേളാങ്കണ്ണിയിലേക്കൊരു തീര്‍ത്ഥാടനം നടത്താത്ത ക്രൈസ്തവര്‍ കേരളത്തിലുണ്ടാവില്ല. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ഓരോ വര്‍ഷവും അമ്മയെ വണങ്ങുവാന് കിഴക്കിന്റെ ലൂര്‍ദ്ദ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വേളാങ്കണ്ണിയില്‍ എത്തുന്നത്. 1960ല്‍ നടന്ന മരിയന്‍ ദര്‍ശനമാണ് ഈ ദേവാലയ ചരിത്രത്തെ കൂടുതല്‍ വര്‍ണാഭമാക്കുന്നത്.
മരിയഭക്തി അത്രയൊന്നും പ്രചാരം നേടാതിരുന്ന പതിനാറാം നൂറ്റാണ്ടില്‍ പരിശുദ്ധ അമ്മ ഭാരതസഭയക്ക് നല്കിയ പ്രത്യക്ഷീകരണമാണ് വേളാങ്കണ്ണി എന്ന പുണ്യഭൂമിയെ ധന്യമാക്കുന്നത്. പരി. അമ്മയെ വണങ്ങുവാനും ദിവ്യകാരുണ്യനാഥനെ ആരാധിക്കുവാനുമായി ഓരോ വര്‍ഷവും ജനകോടികളാണ് ഈ കൊച്ചു ഒഴുകിയെത്തുന്നത്.
ഇടയബാലന് ദര്‍ശനം
1960 കാലഘട്ടം. തമിഴ്നാട്ടിലെ വേളാങ്കണ്ണി എന്ന ഗ്രാമത്തില്‍ നിന്നും പത്തുകിലോമീറ്റര്‍ ദൂരെയുള്ള നാഗപട്ടണത്തെ ഒരു സമ്പന്നന് പാലുമായി പോകുന്ന ഒരു കൊച്ചു ഇടയച്ചെറുക്കനുണ്ടായിരുന്നു. വഴിമധ്യേ ഒരു കുളവും കുളത്തിന്റെ കരയില്‍ ഒരു വലിയ ആല്‍മരവുമുണ്ടായിരുന്നു. ഒരു വേനല്‍ക്കാലത്ത് അവന് പതിവുപോലെ പാലുമായി പോകുകയായിരുന്നു. അസാധാരണമായ ക്ഷീണം തോന്നിയതുകൊണ്ട് ആ ബാലന് കുളത്തില്‍നിന്നും അല്പം വെള്ളം കോരികുടിച്ച് ആ ആല്‍മരത്തിന്റെ ചുവട്ടിലിരുന്ന് ഉറങ്ങിപ്പോയി. ഉറക്കത്തില്‍ അവന് ഒരു ദര്‍ശനമുണ്ടായി. അമ്മ ദിവ്യശിശുവിനെയും കൈയിലേത്തി അവന് പ്രത്യക്ഷപ്പെട്ടു. അമ്മ ബാലനെ പതുക്കെ വിളിക്കുകയും തന്റെ കുഞ്ഞിന് ദാഹിക്കുന്നവെന്നും. കൈയിലുള്ള അല്പം പാല് തരാമോ എന്നും ചോദിച്ചു. ബാലന് യജമാനന് പാല് കൊടുക്കാനുള്ളതിനാല്‍ ആദ്യം വിസമ്മതിച്ചുവെങ്കിലും അമ്മയ്ക്ക് പാത്രത്തില്‍ നിന്നും പാല് ഊറ്റിക്കൊടുത്തു.
പരിഭ്രമത്തോടെ അവന് യജമാനന്റെ അടുത്തെത്തി, താമസിച്ചതിനും പാല് കുറവായതിനാലും ക്ഷമചോദിച്ചു. പാല്കുടം തുറന്നപ്പോള്‍ അത്ഭുതമെന്ന് പറയട്ടെ പാല്പാത്രം നിറഞ്ഞിരിക്കുന്നതായി കണ്ടു. ഉടനെ ആ മനുഷ്യന് ബാലനെയും കൂട്ടി അത്ഭുതം നടന്ന നടന്ന ആല്ത്തറയിലെത്തിച്ചേര്ന്നുപ്പോള് പരി അമ്മയും ഈശോയും വീണ്ടും അവര്‍ക്ക് ദിവ്യ ദര്‍ശനമേകി. ഈ ദര്‍ശനം നടന്ന കുളവും പരിസരവും വലിയ മരിയന്‍ പ്രത്യക്ഷീകരണ സ്ഥലമായി മാറി. അവിടെ ഒരു ദേവാലയവും പിന്നീട് പണികഴിപ്പിക്കപ്പെട്ടു. ഈൗ കുളം ഇന്ന് മാതാവിന്റെ കുളം എന്ന് അറിയപ്പെടുന്നു.
മുടന്തനായ ബാലന് സൗഖ്യം
16-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ വീണ്ടും പരി. അമ്മയും ഈശോയും ആ പ്രദേശത്ത് മോര് വിറ്റുകൊണ്ടിരുന്ന ഒരു മുടന്തനായ ബാലന് പ്രത്യക്ഷപ്പെട്ടു. ഒരു പാവപ്പെട്ട വിധവയുടെ മകനായിരുന്ന അവന് ജന്മനാ മുടന്തനായിരുന്നു. അവനെ അവന്റെ അമ്മ ഓരോ ദിവസവും എടുത്തുകൊണ്ട് വന്ന് നാടു തിട്ട് എന്ന ഒരു ഉയര്‍ന്ന സ്ഥലത്ത് ഇരുത്തുമായിരുന്നു. വഴിയാത്രക്കാര്‍ക്ക് മോരും വെള്ളം വിറ്റകിട്ടുന്ന പണമായിരുന്നു അവന്റെ കുടുംബത്തിന്റെ ഏക വരുമാനം. ഒരു ചൂടേറിയ ദിവസം ആരെയും കാണാതെ വിഷമിച്ചിരിക്കുമ്പോള്‍, അസാധാരണ പ്രഭയോടെ തൂവെള്ളം വസ്ത്രം ധരിച്ച, ഒരു കുഞ്ഞിനെ കൈയിലേന്തിയ ഒരു സ്ത്രീ അവന്റെ മുമ്പിലെത്തി. തന്റെ കുഞ്ഞിന് അല്പം മോര് നല്‍കണമെന്നും അവന് ദാഹിക്കുന്നുവെന്നും അമ്മ പറഞ്ഞു. ബാലന് സന്തോഷത്തോടെ മോര് പകര്ന്നുനല്കുകയും ആ അമ്മ തന്റെ കുഞ്ഞിന് അത് നല്‍കുകയും ചെയ്തു. ഉടനെ തന്നെ അവന്റെ തളര്‍ന്നുപോയ രണ്ടുകാലുകളും സുഖപ്പെട്ടു. ഈ സ്ഥലത്ത് ഒരു ദേവാലയം പണികഴിപ്പിക്കണമെന്ന് നാഗപട്ടണത്തുള്ള ഒരു വ്യക്തിയോട് പറയണമെന്ന ദൗത്യവും ആ അമ്മ ആ ബാലനെ ഏല്പിച്ചു. തലേദിവസം മാതാവ് ഇക്കാര്യം നാഗപട്ടണത്തെ സമ്പന്നനായ ആ കത്തോലിക്കനോട് സ്വപ്നത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഈ സംഭവമറിഞ്ഞ ജനങ്ങള്‍ ഒന്നുചേര്‍ന്ന് അവിടെ ഒരു ദേവാലയം പണികഴിപ്പിച്ചു.
കടല്‍ക്ഷോഭത്തില്‍ പോര്‍ച്ചുഗീസുകാര്‍ക്ക് രക്ഷ.
മൂന്നാമത്തെ ദര്‍ശനം ഇവിട ലഭിച്ചത് പോര്ച്ചൂഗീസുകാരായാ കച്ചവടക്കാര്‍ക്കായിരുന്നു. മക്കാവോയില്‍ നിന്നും ശ്രീലങ്കയിലേക്കുള്ള അവരുടെ യാത്രയില്‍ വലിയ കടല്ക്ഷോഭമുണ്ടാകുകുയം കപ്പല്‍ കേടുവരികയും അവര്‍ വലിയ വലിയ ആപത്തില്പ്പെടുകയും ചെയ്തു. മരിയഭക്തരായിരുന്ന പോര്‍ച്ചുഗീസുകാര്‍ മാതാവിന്റെ മദ്ധ്യസ്ഥ്യം നേര്‍ന്നു. രക്ഷപ്പെട്ടാല്‍ അവരടുക്കുന്ന കരയില്‍ ഒരു ദേവാലയം നിര്‍മ്മിച്ചുനല്‍കാമെന്ന് അവര്‍ നേര്‍ച്ചയും നേര്‍ന്നു. ഉടനടി കപ്പല്‍ ഇന്നത്തെ വേളാങ്കണ്ണിക്ക് സമീപം നങ്കൂരമിട്ടു. അവര്‍ അവിടുത്തെ പഴയ ദേവാലയത്തില്‍ പ്രവേശിച്ചു.അമ്മയെ വണങ്ങി, നന്ദി പറഞ്ഞു. അപ്പോള്‍ അമ്മ അവര്‍ക്ക് മുമ്പില്‍ വലിയ സാന്നിധ്യമരുളി. ദേവാലയം നിര്മ്മിക്കുവാനള്ള അവരുടെ ലക്ഷ്യം മനസ്സിലാക്കിയ അമ്മ അതിനുള്ള സ്ഥലം അവര്‍ക്ക് കാണിച്ചുകൊടുത്തു. ഇന്നുകാണുന്ന ഗോഥിക് രീതിയിലുള്ള ദേവാലയം പോര്‍ച്ചുഗീസുകാര്‍ പണിതതാണ്.
കപ്പല്‍ക്കാരുടെ പള്ളി
1771 ല്‍ ഇടവകയായി പ്രഖ്യാപിക്കപ്പെട്ട ഈ ദേവാലയം 1962 ജോണ്‍ ഇരുപത്തി മൂന്നാമന് മാര്‍പ്പ ബസിലിക്കായായി പ്രഖ്യാപിച്ചു. ഭൂഗോളത്തിനുമുകളില്‍ ഉണ്ണിയെ കൈയിലേന്തിനില്ക്കുന്ന അമ്മയുടെ തിരുസ്വരൂപം അനേകര്‍ക്ക് ഇന്നും ശാന്തി നല്കുന്നു.
അല്‍ത്താരയ്ക്ക് മുകളില്‍ കാണുന്ന കളിമണ്‍ പെയ്ന്റിംഗുകള്‍ ചൈനയില്‍നിന്നും നാവികര്‍ കൊണ്ടു വന്നതാണ്. മൈലാപ്പൂര് രൂപതയിലെ വൈദികര്‍ തീര്‍ത്ഥാടനകേന്ദ്രത്തിന്റെ ഭരണം ഏറ്റെടുക്കുന്നതുവരെ ഫ്രാന്‍സിസ്കന്‍ സന്യാസികളുടെ മേല്‍നോട്ടത്തിലായിരുന്നു ഈ തീര്‍ത്ഥാടനകേന്ദ്രം.
കപ്പല്‍ക്കാരുടെ പള്ളി എന്നറിയപ്പെട്ടിരുന്ന ഈ ദേവാലയം പില്ക്കാലത്ത് 70 അടി നീളവും 22 അടി വീതിയുമുള്ള വലിയ പള്ളിയാക്കി മാറ്റി. 1920 ല്‍ ഇത് പുതുക്കിപ്പണിതു. 1933 ല്‍ രണ്ട് വിംഗുകളാക്കി വീണ്ടും പുതുക്കി നിര്‍മ്മിച്ചു.
2004 ഡിസംബര്‍ 26ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്ന് ഉയര്‍ന്ന സുനാമിത്തിരമാല ചുറ്റുമള്ളവയൊക്കെ നക്കിത്തുടച്ചെങ്കിലും, ദേവാലയത്തില്‍ ഒരു തുള്ളി വെള്ളം പോലും കയറിയില്ല. ആരോഗ്യ മാതാവ് എന്നറിയപ്പെടുന്ന ഇവിടുത്തെ അമ്മയുടെ സാന്നിധ്യം വലിയ അനുഗ്രഹമാണ് വിശ്വാസികള്‍ക്ക് നല്‍കുന്നത്.
നേര്‍ച്ചയായി തലമുണ്ഡനം ചെയ്യുന്ന വിശ്വസികള്‍ അമ്മയ്ക്കുമുമ്പില്‍ അടിമയിരിക്കുന്നതും, മുട്ടിലിഴയുന്നതും ഇവിടുത്തെ ആചാരമാണ്. ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 10 വരെയാണ് ഇവിടുത്തെ ആഘോഷപൂര്‍വ്വമായ തിരുന്നാള്‍. അനേകലക്ഷം ജനങ്ങള്‍ അമ്മയുടെ തിരുരൂപം വണങ്ങുവാനും പുത്രനെ ആരാധിക്കുവാനും ഇവിടെ എത്തിച്ചേരുന്നു.
ആനേകര്ക്ക് വിശ്വാസത്തിന്റെ ജ്വാല നല്‍കിയും ആശ്വാസത്തിന്റെ കുളിര് കാറ്റേകിയും ഈ മരിയന്‍ പ്രത്യക്ഷദേവാലയം ഇന്നും നിലകൊള്ളുന്നു. ഇവിടുത്തെ സക്രാരിയെ വണങ്ങുവാന് വിശ്വാസികള്‍ കൂട്ടംകൂട്ടമായി എത്തുന്നു. വലിയ ഒരു മാതൃ ഭക്തിതന്നെ ഇവിടെ നിന്നും ഉടലെടുത്തു. ഭാരതത്തില്‍ മരിയഭക്തിക്ക് ആക്കം കൂട്ടുന്ന ഒരു ദേവാലയമാണ് വേളാങ്കണ്ണി. വിവിധ ഭാഷകളില്‍ ഇവിടെ ബലിയര്‍പ്പിക്കപ്പെടുന്നു. കേരളത്തില്‍നിന്നും അനേകം വിശ്വാസികള്‍ വര്‍ഷത്തോറും തീര്‍ത്ഥാടനം നടത്തുന്നു.
നമ്മുടെ അമ്മ അനേകം ഇടപെടലുകളാല്‍ വിശ്വാസസമൂഹങ്ങളെ ഉജ്ജ്വലിപ്പിക്കുന്ന സാന്നിധ്യമാണ്. മരിയന്‍ യുഗം അതിനാല്‍ തന്നെ മഹത്വമേറിയതാകുന്നു. അത് സ്വര്‍ഗ്ഗത്തിന്റെ വലിയ പദ്ധതിയാകുന്നു.
ഇനിയുള്ള കാലഘട്ടത്തില്‍ മരിയന്‍ ഭക്തിയില്ലാതെ തിന്മയെ തകര്‍ക്കുവാന്‍ വേറൊരായുധം സ്വര്‍ഗ്ഗം നല്‍കുന്നില്ല. കാരണം തിന്മ ഏറ്റവും ഭയപ്പെടുന്നതും ആ സ്വര്ഗ്ഗീയരാജ്ഞിയെയാകുന്നു. അതുകൊണ്ടു തന്നെ അമ്മയുടെ ഭക്തരെ തിന്മ ഏറ്റവും ഭയക്കുന്നു.
മരിയ ഭക്തി തകര്‍ക്കുവാന്‍ അവന് നിരന്തരം ശ്രമിക്കുന്നു. മരിയ ഭക്തി അനാവശ്യമെന്ന് പ്രചരിപ്പിക്കുന്നു. തിരുവചനത്തിലെ അമ്മയെക്കുറിച്ചുള്ള പരമാര്‍ശങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നു. ജപമാല ഭക്തി അനാവശ്യമമെന്ന് അവകാശപ്പെടുന്നു.
ലോകവാസാനം പോലുള്ള മനുഷ്യരെ ഭീതിയിലാഴ്ത്തുന്ന കാര്യങ്ങള്പറഞ്ഞ് അവര്‍ ആളുകളെ വഴിതെറ്റിക്കുന്നു. കൂദാശകളില്‍നിന്നും മനുഷ്യമക്കളെ അകറ്റുക എന്ന തന്ത്രം അങ്ങനെ അവന് നിര്‍വഹിക്കുന്നു.
ലോകമെങ്ങും മാതൃഗീതങ്ങള് മുഴങ്ങട്ടെ. ദിവ്യകാരുണ്യത്തിലേക്ക് ജനകോടികളെ അമ്മ ആനയിക്കുന്ന കാഴ്ചകള്‍ പ്രചരിക്കപ്പെടട്ടെ. തിരുസഭയുടെ കൂദാശകളെ മഹത്വത്തോടെ നാം കാണുന്നതിനായി അമ്മയോടുള്ള ഭക്തി ലോകമെങ്ങും പ്രചരിക്കപ്പെടട്ടെ.
Send your feedback to : onlinekeralacatholic@gmail.com