ആഫ്രിക്കയില്‍ പൊലിഞ്ഞ ഏദേല്‍ ക്വിന്‍ ലീജിയന് ഓഫ് മേരിയുടെ പുണ്യസൂനം
ജെയ്സണ്‍ പീറ്റര്‍ - സെപ്തംബര്‍ 2020
എദേല് മേരി ക്യൂന്‍. ഇരുപതാം നൂറ്റാണ്ടിലെ കത്തോലിക്കവനിതകളില് വിശുദ്ധിയുടെ പരിമളം വിതറിയ അസാധാരണ ചൈതന്യമുള്ള മിഷനറിയായിരുന്നു അവള്. ഏദേലിന്റെ ജനനം അയര്‍ലണ്ടിലെ ഗ്രീന്നയിനില് ആയിരുന്നു. പിതാവ് നാഷണല്‍ ബാങ്ക് മാനേജരായിരുന്നതിനാല്‍ പിതാവിന്റെ സ്ഥലമാറ്റമനുസരിച്ച് കുടുംബത്തിനും നഗരങ്ങളില്‍നിന്ന് നഗരങ്ങളിലേയ്ക്ക് ചേക്കേറേണ്ടിയിരുന്നു. ഏദേലിന്റെ അമ്മ തീക്ഷണമതിയായ കത്തോലിക്കയായിരുന്നു. എല്ലാദിവസവും അമ്മ ദിവ്യബലിയില്‍ പങ്കെടുത്തിരുന്നു. അത് കുഞ്ഞുനാളിലെ തന്നെ ഏദേലിനെയും സ്വാധീനിച്ചിരുന്നു. ഏദേല്‍ ചെറുപ്പത്തിലെ വളരെ സുന്ദരിയും ബുദ്ധിമതിയും സന്തോഷവതിയുമായ കുട്ടിയായിരുന്നു.
1916 ലായിരുന്നു ഏദേല്‍ ആദ്യ കുര്‍ബാന സ്വീകരിച്ചത്. അതില്പിന്നെ ദിവ്യബലി അവളുടെ ആത്മീയവിശുദ്ധിയുടെ ആണിക്കല്ലായി മാറി. അവളുടെ വിശുദ്ധിയെ മറച്ചുവെക്കുന്നതരത്തില് അതീവ സുന്ദരിയായിരുന്നു അവള്. ടെന്നീസ് കളിക്കുന്നതിലും അത്ലറ്റിക്സിലും ഗോള്‍ഫിലും നീന്തലിലും, പിയാനോ, വയലിന് എന്നീ സംഗീതോപകരണങ്ങള്‍ വായിക്കുന്നതിലും പാടുന്നതിലും അഭിനയിക്കുന്നതിലും അവള് ഒരുപോലെ മാറ്റ് തെളിയിച്ചിരുന്നു. വളരെ മനോഹരമായും ആകര്‍ഷണീയവുമായിരുന്നു അവളുടെ വസ്ത്രധാരണരീതി. ആകര്‍ഷകമായ വ്യക്തിത്വവും, ആത്മാര്‍ത്ഥയും നിസ്വാര്ത്ഥമനോഭാവവും തുറവിയും ഹ്യൂമര്‍ സെന്‍സും അവളിലേയ്ക്ക് അനേകരെ ആകര്‍ഷിച്ചു.
അവളുടെ സ്കൂള്പഠനത്തിന്റെ അവസാന വര്‍ഷങ്ങള്‍ ബോര്‍ഡിംഗ് സ്കൂളിലായിരുന്നു. അപ്റ്റണിലെ എഫ്.സി.ജെ സിസ്റ്റേഴ്സായിരുന്നു സ്കുളിലെ നടത്തിപ്പുകാര്‍. അവിടെ കൂട്ടികളുടെ ഹീറോയായിരുന്നു ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന അവള്. ഇംഗ്ലണ്ടിലായിരിക്കുമ്പോഴായിരുന്നു അവള് ശരിക്കും സന്യാസജീവിത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടത്. സന്യാസിനികളുടെ ജീവിതവും ആവൃതിയും നിശബ്ദതയും അവളെ വല്ലാതെ കൊതിപ്പിച്ചു. സ്കൂള്‍പഠനം കഴിഞ്ഞ് മടങ്ങി അയര്ലണ്ടിലെത്തിയപ്പോഴും കന്യാസ്ത്രിയാകുക എന്ന സ്വപനം അവള് മനസ്സില്‍ സൂക്ഷിച്ചു.
പതിനേഴാമത്തെ വയസ്സില്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി നാട്ടിലെത്തിയ അവള്‍ക്ക് കന്യാമഠത്തില്‍ ചേരുക എന്ന ആഗ്രഹം കുറെക്കാലത്തേയ്ക്ക് മാറ്റിവെക്കേണ്ടിവന്നു. കാരണം കുടുംബം വളരെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലായിരുന്നു. ഷോര്‍ട്ട്ഹാന്‍ഡും ടൈപ്പിംഗും പഠിച്ച് നല്ലൊരു കമ്പനിയിലെ സെക്രട്ടറിയായി ജോലിയില്‍ പ്രവേശിച്ചു. അവളുടെ ബോസിന്റെ പ്രശംസപിടിച്ചു പറ്റി. അവള് ജോലിയില്‍ പ്രവേശിച്ച് 12 മാസംകഴിഞ്ഞപ്പോള്‍ ബോസ് വൈകിവന്ന ദൈവവിളി സ്വീകരിച്ച് റോമിലെ സെമിനാരിയില്‍ പ്രവേശിച്ചു. പിന്നീട് വന്ന ബോസ് പിയറെ എന്ന ഫ്രഞ്ചുകാരനായിരുന്നു. ചെറുപ്പക്കാരനായ അദ്ദേഹം ഏദേലിനൊപ്പം ടെന്നീസ് കളിക്കുകയും ഡാന്‍സ് ചെയ്യുകയും ചെയ്തിരുന്നു. കത്തോലിക്കവിശ്വാസം ഉപേക്ഷിച്ചിരുന്ന അദ്ദേഹം വൈകാതെ അവളുടെ സ്വാധീനത്തില്‍ വിശ്വാസത്തിലേയ്ക്ക് തിരിച്ചുവന്നു. എങ്കിലും അവളെ വിവാഹം കഴിക്കണമെന്ന അദ്ദേഹത്തിന്റെ പ്രോപ്പസല്‍ അവള് താന്‍ പുവര്‍ ക്ലയേര്‍സ് സഭയില്‍ ചേരുവാന്‍ പോകുകയാണ് എന്ന വെളിപ്പെടുത്തതിലൂടെ അകറ്റിനിര്‍ത്തി.
1927 ല്‍ ഏദേല്‍ ലൊറേറ്റോ കോണ്‍വെന്റ് സോഡാലിറ്റിയില് അംഗമായി. അതിലെ പാവപ്പെട്ട കുട്ടികളുടെ ക്ഷേമത്തിനുവേണ്ടിയുളള സോഷ്യല്‍ ക്ലബില്‍ അംഗമായതോടെ അവളുടെ കഴിവുകള്‍ പ്രകടിപ്പിക്കുവാന്‍ കുടുതല്‍ അവസരവും ലഭിച്ചു. അവിടെവെച്ചാണ്, അതിലെ ഒരംഗമായ ടിയര്നെ അടുത്തകാലത്ത് സ്ഥാപിച്ച ലീജിയന് ഓഫ് മേരി എന്ന സംഘടനയിലേയ്ക്ക് അവളെ ക്ഷണിച്ചത്. വൈകാതെ, ലീജിയന് ഓഫ് മേരി സ്ഥാപകനായ ഫ്രാങ്ക് ഡഫ് ഏദേലിനെ ക്ഷണിച്ചു. ഡ്യൂബ്ലിനിലെ വേശ്യകളുടെ പുനുരുദ്ധാരണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുവാന് അഭ്യര്‍ത്ഥിച്ചു. ലീജിയന് ഓഫ് മേരി അംഗമായി പ്രവര്‍ത്തിക്കുന്ന കാലത്ത് വി. കൊച്ചുത്രേസ്യായുടെ പുസ്തകങ്ങള്‍ അവളെ വളരെയധികം സ്പര്‍ശിച്ചു. എല്ലാദിവസവും അരമണിക്കൂര്‍ ദിവ്യകാരുണ്യസന്നിധിയില്‍ കഴിഞ്ഞ അവള് ദിവസവും മൂന്ന് കൊന്തവീതം ചൊല്ലിയിരുന്നു.
1932 ല്‍ അവളുടെ കുടുംബം സാമ്പത്തികപ്രശ്നങ്ങളില്‍ നിന്ന് കരകയറിയതോടെ, ഏദേല്‍ തീരുമാനിച്ചു ഇതാണ് മഠത്തില്‍ ചേരുവാനുള്ള സമയമെന്ന്. പക്ഷേ, അവളുടെ പദ്ധതിയ്ക്കുമേല് കരിനിഴല്‍ വീഴ്ത്തി കഠിനമായ ക്ഷയരോഗം ബാധിച്ചു. പിന്നീടുള്ള 18 മാസം അവള് പ്രത്യേകപുനരധിവാസ ക്യാമ്പില്‍ രോഗത്തെ മല്ലിട്ടുതോല്പിച്ചു. സാമ്പത്തികപ്രതിസന്ധിമൂലം ചികിത്സ പൂര്‍ത്തീകരിക്കാനാവാതെ അവള് ചികിത്സകേന്ദ്രത്തില്‍ നിന്നും മടങ്ങി. ചെറിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തുകൊണ്ട് സംഘടനയില്‍ സജീവമായി. ഈ സമയം കൊണ്ട് ലീജിയന് ഓഫ് മേരി അയര്‍ലണ്ടിലും ലോകമെമ്പാടും വ്യാപിച്ചുകഴിഞ്ഞിരുന്നു. 1936 ല്‍ ലീജിയന് ഓഫ് മേരിയുടെ ആസ്ഥാനത്ത് നിന്ന് അവളെ ഈസ്റ്റ് ആഫ്രിക്കയിലേയ്ക്ക് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ എത്തിക്കുന്നതിന് ക്ഷണിച്ചുകൊണ്ടുള്ള കത്ത് വന്നു.
ഏദേല്‍ ആ വെല്ലുവിളി സന്തോഷത്തോടെ സ്വീകരിച്ചു. 1936 ഒക്ടോബര്‍ 24 ന് ആഫ്രിക്കയിലേയ്ക്ക് പോയി. പോകും മുമ്പേ ഏദേല്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഞാന്‍ മടങ്ങിവരില്ല. പിന്നീടുള്ള 8 വര്‍ഷം നെയ്റോബിയിലും കെനിയയിലും അവള് പ്രവര്‍ത്തനനിരതയായി. മോശമായ ആരോഗ്യസ്ഥിതിയെ അവഗണിച്ചുകൊണ്ട് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അവള് സഞ്ചരിച്ചു. ഇന്നത്തെ ഉഗാണ്ടയിലും ടാന്‍സാനിയയിലും, മാലാവിയിലും സിംബാവേയിലും അവള് എത്തി. അവിടെയെല്ലാം ലീജിയന് ഓഫ് മേരി എന്ന സംഘടനയ്ക്ക് വിത്തുപാകി. അത്ഭുതമെന്നുപറയെട്ടെ പുതിയ അംഗങ്ങള്‍ ഇരണ്ടുപേര് വീതം ഗ്രാമങ്ങളായ ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ചു. രോഗീസന്ദര്‍ശനവും മതബോധനവുമായി വീടുകള്‍ തോറും ചെന്നെത്തി. കൂടുതല്‍ അംഗങ്ങളായതോടെ ലീജിയന് ഓഫ് മേരി സംഘടനയുടെ ബ്രാഞ്ചുകള്‍ ധാരാളം സ്ഥാപിച്ചു. വൈകാതെ, സംഘടന അവള്‍ക്ക് ഒരു ചെറിയ കാര്‍ സമ്മാനിച്ചു. പിന്നീട് കാറിലായി യാത്രകള്‍. അവളുടെ സാന്നിധ്യം എല്ലാവരിലും സന്തോഷവും പ്രതീക്ഷയും നിറച്ചു. അവളെ വിശ്രമിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. അവള് ഈശോയ്ക്കുവേണ്ടി നിരന്തരം ഒടിക്കൊണ്ടിരുന്നു. തനിക്ക് വളരെയധികം കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അതിന് വളരെ കുറച്ച് സമയം മാത്രമേ അനുവദിച്ചിട്ടുള്ളുവെന്നും തിരിച്ചറിഞ്ഞതുപോലെയായിരുന്നു അവളുടെ ജീവിതം.
മലേറിയും ന്യുമോണിയയും ക്ഷയരോഗവും അവളുടെ ശരീരത്തെ കാര്‍ന്നുതിന്നുകൊണ്ടിരുന്നു. പക്ഷേ, അവളുടെ മനശക്തിക്കുമുമ്പില് അവയെല്ലാം ക്ഷയിച്ചുപോയി. 1941 ല്‍ ഏദേല്‍ മാലാവിയിലെത്തിയപ്പോള് വളരെ പരിക്ഷീണിതയായിരുന്നു. മഠത്തിലെത്തിയ അവളെ സന്യാസിനികള്‍ പിടിച്ചുകിടത്തി. അവള് മരണത്തോട് മല്ലിടുകയാണെന്ന് സിസ്റ്റര്മാര് കരുതി. രാത്രി മുഴുവന്‍ അവര്‍ അവള്‍ക്കരികെ ഉറക്കമിളച്ചിരുന്നു. അവരോട് ഏദേല്‍ പറഞ്ഞു. ഞാന്‍ മരിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് നിങ്ങള്‍ കരുതുന്നത് എന്ന് എനിക്കറിയാം. എന്നെക്കുറിച്ച് പേടിക്കണ്ട. മാതാവ് എന്നോട് പറഞ്ഞത് മാതാവിനുവേണ്ടി മൂന്ന് വര്‍ഷംകൂടി പ്രവര്‍ത്തിക്കുവാനുണ്ട് എന്നാണ്.
1943 ആയപ്പോഴേയ്ക്കും ഏദേലിന്റെ പ്രവര്‍ത്തനങ്ങള്‍ ആഫ്രിക്ക മുഴുവനെത്തി. ലീജിയന് ഓഫ് മേരി സഭയുടെ നവമുകുളമായി വിശ്വാസവും പുതുജീവനും ഇടവകകള്‍തോറും നിറച്ചു. അവളുടെ സ്വാധിനത്തില് അനേകം മാനസാന്തരങ്ങളും നടന്നു.
1944 മാര്‍ച്ച് 6. സൂദീര്‍ഘമായ യാത്രയിലായിരുന്നു അവള്. നെയ്റോബിയില്‍ നിന്നും കിസുമുവിലേയ്ക്ക് 18 മണിക്കൂര്‍ യാത്രയിലായിരുന്നു അവള്. മോശമായ അരോഗ്യം ആ യാത്ര വെട്ടിച്ചുരുക്കുന്നതിന് പ്രേരിപ്പിച്ചു. മെയ് 12 ന് അവള് ഈശോ, ഈശോ എന്ന് ഉച്ചരിച്ചുകൊണ്ട് അവള് ജീവിതയാത്ര പൂര്‍ത്തിയാക്കി. അവള്‍ക്ക് 36 വയസ്സായിരുന്നു. നെയ്റോബിയിലെ വൈദികര്‍ക്കും കന്യാസ്ത്രികള്‍ക്കും മാത്രമുള്ള ഒരു ചെറിയ സെമിത്തേരിയില്‍ അവള് അന്ത്യവിശ്രമം കൊള്ളുന്നു. സഭയ്ക്ക് മഹത്തായ സേവനമാണ് അവള് ചെയ്തതെന്ന് അവളുടെ കബറിടത്തില്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. 1963 ല്‍ നാമകരണനടപടികളാരംഭിച്ചു. 1994 ല്‍ ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പ അവളെ വണങ്ങപ്പെട്ടവള് എന്ന് വിളിച്ചു. ഏദേലിന്റെ മദ്ധ്യസ്ഥയില്‍ അനേകം അത്ഭുതങ്ങള്‍ അരങ്ങേറുന്നു.
Send your feedback to : onlinekeralacatholic@gmail.com