സത്യത്തില്‍ യൗസേപ്പിതാവ് വെറുമൊരു ആശാരിയായിരുന്നോ?
ജെയ്സൺ ആക്കാമറ്റത്തില്‍ - മാര്‍ച്ച് 2021
കത്തോലിക്കസഭയിലെ ഏറ്റവും പോപ്പുലറായ വിശുദ്ധരിലൊരാളാണ് സെന്റ് ജോസഫ് അഥവാ യൗസേപ്പിതാവ്. അദ്ദേഹം പറഞ്ഞ ഒരു വാക്കുപോലും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അദ്ദേഹം നയിച്ചത് അനിതരസാധാരണമായ ഒരു ജീവിതമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം ഇന്നും അനേകരെ സ്വാധീനിക്കുന്നു, ലക്ഷോപലക്ഷം വിശ്വാസികള്‍ക്ക് പ്രചോദനമേകുന്നു, ആവശ്യനേരങ്ങളില്‍ വ്യാകുലപ്പെടുന്ന ആത്മാക്കള്‍ സഹായത്തിനായി യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥ്യം യാചിക്കുന്നു.
അദ്ദേഹം ഒരു നീതിമാനായിരുന്നുവെന്നതിലുപരി അദ്ദേഹത്തെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം നമുക്ക് ബൈബിളില്‍ കാണാന്‍ കഴിയുന്നില്ല. എന്നാല്‍ അദ്ദേഹം ഒരു തച്ചനായിരുന്നു അല്ലെങ്കില്‍ ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ആശാരി ആയിരുന്നുവെന്നതാണ് ബൈബിള്‍ വായിച്ചാല്‍ നമുക്ക് കിട്ടുന്ന ഒരു ഏകദേശ ചിത്രം. മാത്രമല്ല, അനുഗ്രഹീത കലാകാരന്മാര് ആശാരിപ്പണി ചെയ്യുന്ന യൗസേപ്പിതാവിന്റെയും സഹായഹസ്തവുമായി നില്ക്കുന്ന ഉണ്ണിയേശുവിന്റെയും അനശ്വരമായ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ യൗസേപ്പിതാവ് ഒരു ആശാരിയായിരുന്നുവെന്ന് വിശ്വസിക്കാനാണ് നമുക്കിഷ്ടം.
ബൈബിളില്‍ യൗസേപ്പിതാവിനെ വിശേഷിപ്പിക്കുന്നത് തച്ചന് എന്ന വാക്കിലാണ്. അവനാ തച്ചന്റെ മകനല്ലേ എന്ന് യേശുവിനെക്കുറിച്ച് ആളുകള്‍ അത്ഭുതം കൂറുന്നതായി നാം ബൈബിളില്‍ കാണുന്നു. തച്ചന് എന്ന വിശേഷണം എപ്പോഴും തന്റെ മരപ്പണിശാലയില്‍ നിരന്തരം അദ്ധ്വാനിക്കുന്ന ഒരു വ്യക്തിയായി യൗസേപ്പിതാവിനെ ചിത്രീകരിക്കുന്നതിന് കാരണമായിട്ടുണ്ട്. അദ്ദേഹം വെറുമൊരു കാര്‍പന്റര്‍ ആയിരുന്നോ. അതുക്കും മേലെയെന്നാണ് പുതിയ വാദം. അദ്ദേഹം വെറുമൊരു ആശാരിയായിരുന്നില്ല നലം തികഞ്ഞ ഒരു കലാകാരനായിരുന്നുവെന്നാണ് അഭിപ്രായം.
കാര്‍പന്റര്‍ എന്ന ഗ്രീക്ക് വാക്കിന്റെ കിറുകൃത്യമല്ലാത്ത പരിഭാഷയായിരിക്കാം അദ്ദേഹത്തെ വെറുമൊരു തച്ചനായി മാറ്റിയതെന്നാണ് ഒരു വാദം. ബൈബിളിലെ വാക്കുകള്‍ അന്യഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ അര്‍ത്ഥം വളരെ കണിശമായിരിക്കണമെന്നില്ല.
ഒറിജിനല്‍ ഗ്രീക്ക് പാസേജില്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ടെക്ടോണ്‍ എന്ന വാക്കുകൊണ്ടാണ്. ആ വാക്കിനാകട്ടെ വളരെ വിശാലമായ അര്‍ത്ഥമാണുള്ളത്. ചില പണ്ഡിതന്മാര് പറയുന്നത് പദോല്പത്തിശാസ്ത്രമനുസരിച്ച് ടെക്ടോണ്‍ എന്ന വാക്കിനര്‍ത്ഥം കോടാലി കൊണ്ട് കട്ട് ചെയ്യുകയോ, സൗന്ദര്യപ്പെടുത്തുകയോ ചെയ്യുന്നയാള്‍ എന്നാണ്. നെയ്യുക, നിര്‍മ്മിക്കുക, ഫാബ്രിക്കേറ്റ് ചെയ്യുക, ജോയിന്‍ ചെയ്യുക എന്നീ കര്‍മ്മങ്ങളെ സൂചിപ്പിക്കുവാനും ഈ വാക്ക് ഉപയോഗിച്ചിരുന്നവത്രെ. മാത്രമല്ല, ഇല്യാഡ്, ഒഡിസി എന്നീ ഗ്രീക്ക് ഗ്രന്ഥങ്ങളിലും ടെക്ടോണ്സ് എന്നുവിളിക്കുന്നത് എല്ലാ തരത്തിലുള്ള മെറ്റീരിയലുകളും ടൂളുകളും ഉപയോഗിക്കുന്നതില്‍ വിദഗ്ദ്ധരായിരുന്നവരെയാണ്.
ടെക്ടോണ്സ് എല്ലാതരത്തിലുമുള്ള ജോലികളും ചെയ്യുന്ന കരകൗശലവിദഗ്ദ്ധരായിരുന്നു. മറ്റൊരു കമന്റേന്റര്‍ പറയുന്നത്, ടെക്ടോണ്‍, ഒരു കാര്പന്ററോ, ഒരു കരകൗശലവിദഗ്ദ്ധനോ, മരത്തിലോേ കല്ലിലോ പണിയെടുക്കുന്ന കൊത്തുപണികള്‍ ചെയ്യുന്നതിന് നൈപുണ്യമുള്ള വ്യക്തിയോ ആകാം എന്നാണ്.
ഒരു ടെക്ടോണ്‍ എന്നാല്‍ ഓരോ വില്ലേജിലെയും ജനങ്ങള്‍ അവരുടെ വീടിന്റെ അടിത്തറ ശരിയാക്കുവാന്‍, അല്ലെങ്കില്‍ വാതിലുകള്‍ കൃത്യമായി പിടിപ്പിക്കുവാന്‍ തേടിയെത്തുന്ന വ്യക്തി ആയിരുന്നുവത്രെ. അന്നത്തെ കാലത്ത് അറിയപ്പെട്ടിരുന്ന ടെക്ടോണായിരുന്നു ജോസഫ്. ആ ഗ്രാമത്തിലെ കരകൗശല വിദഗ്ദ്ധനായിരുന്നിരിക്കാം അദ്ദേഹമെന്നും അവിടുത്തെ ചെറുതും വലുതുമായ എല്ലാ പ്രോജക്റ്റുകളും മനോഹരമായി പൂര്‍ത്തിയാക്കിയിരുന്ന വ്യക്തിയുമായിരുന്നിരിക്കാം അദ്ദേഹം.
ഈ വാദം ജോസഫിന്റെയും പുത്രന്റെയും തൊഴിലിലേക്ക് കൃത്യമായി വെളിച്ചം വീശുന്നു. കാരണം വീട് കൃത്യമായി ഫിക്സ് ചെയ്യുന്നതില്‍ വൈദഗ്ദ്ധ്യമുള്ള വ്യക്തികളായിരുന്നു രണ്ടുപേരും എന്നാണ്. അതുകൊണ്ടാണ് നസ്രത്തില്‍ ഈശോ തച്ചന്റെ മകനായി അറിയപ്പെട്ടിരുന്നത്.
ജോസഫ് ഒരു കാര്പന്ററായിരിക്കാം നാം ചിന്തിക്കുന്നതുപോലെ, എന്നാല്‍ അദ്ദേഹം അനുഗ്രഹീതനായ ഒരു കരകൗശലവിദദ്ധനുമായിരുന്നിരിക്കാം എന്നാണ് പണ്ഡിതര്‍ പറയുന്നത്.
Send your feedback to : onlinekeralacatholic@gmail.com